UPDATES

രംഗണ്ണനും, ജാക്കി പാണ്ഢ്യനും ഒരുമിക്കുന്നു

സ്‌ക്രീനിൽ തീ പാറുമോ?

                       

അങ്ങേയറ്റം ഗൗരവക്കാരായ, ഹൈപ്പർ ആയ വ്യക്തികൾ, അതിനടുത്ത നിമിഷം അതിമനോഹരമായി ആളുകളെ ചിരിപ്പിക്കുകയും ചെയ്യുന്ന രണ്ടു പേർ. ഇരുവരും അടുത്ത നിമിഷം എന്തു ചെയ്യുമെന്നോ പറയുമെന്നോ പ്രവചിക്കുക അസാധ്യം. പറഞ്ഞുവരുന്നത് രംഗണ്ണേനെയും,ജാക്കി പാണ്ട്യനെയും കുറിച്ചാണ്. ഇരുവരും തമ്മിൽ എന്താണ് ബന്ധമെന്നല്ലേ? ‘ഗാങ്സ്റ്റർ ന്നാ ഡിസിപ്ലിങ് വേണോം’ എന്ന് നിർബന്ധമുള്ള ഒരു ഗ്യങ്സ്റ്ററും, ‘ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ’ എന്ന് സഹായിയെ എപ്പോഴും ഓർമിപ്പിക്കുന്ന മറ്റൊരു ഗ്യാങ്സ്റ്ററും എന്നതിൽ കവിഞ്ഞ് ഇവർ തമ്മിൽ ബന്ധവുമില്ല. ജാക്കി പാണ്ട്യനായി എത്തിയ എസ് ജെ സൂര്യയും, ആവേശത്തിലെ രംഗണ്ണനായ ഫഹദ് ഫാസിലും ഒന്നിക്കുന്നുവെന്ന വാർത്തയുടെ കൗതുകത്തിലാണ് ആരാധകർ, മലയാളത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്നതും ആവേശത്തിന്റെ ആക്കം കൂട്ടുന്നുണ്ട്.

ഒരൊറ്റ ഡയലോഗ് കൊണ്ട് കഥാപാത്രങ്ങളെ ഓർത്തുവക്കുന്നത് സർവ്വസാധാരണമാണ്. ഒരൊറ്റ ഡയലോഗിൽ മുഴുവൻ സിനിമയുടെ എനർജിയും വീണ്ടും ഓർമിപ്പിച്ചെടുക്കുന്ന കഥാപാത്രങ്ങളാകട്ടെ അത്ര സുലഭമല്ലതാനും. ആ വാട്ടർ മാർക്ക് എസ് ജെ സൂര്യ എന്ന തമിഴിന്റെ നടിപ്പിൻ നായകന് മാത്രം സ്വന്തമാണ്. ഇനി മുതൽ തമിഴിന്റെ എന്ന് മാത്രം പറയുന്നത് അനുചിതമാണ് താനും. ‘വന്താ, സുട്ടാ, സെത്താ, റിപ്പീറ്റ്’, വാട്ട് ദി ഫിഷ്, തുടങ്ങിയ  ഡയലോഗുകൊണ്ട് തിയ്യറ്റർ പൂരപ്പറമ്പാക്കിയിട്ടുണ്ട് എസ് ജെ സൂര്യ. നിലവിൽ മലയാളത്തിൽ ആ ടൈറ്റിൽ ഏറ്റവും മനോഹരമായി ചേരുക രംഗണ്ണനായിരിക്കും. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഒരു സിറ്റി  അടക്കിഭരിക്കുന്ന ഗുണ്ടാ നേതാവ്. ഉച്ചത്തിൽ കാർക്കശ്യം നിറഞ്ഞ ശബ്ദത്തിൽ സംസാരിക്കുന്ന; നിൽപ്പിലും നടപ്പിലും ധരിക്കുന്ന വസ്ത്രത്തിലും തുടങ്ങി അങ്ങേയറ്റം ഗൗരവം നിറഞ്ഞ ശരീര ഭാഷയുള്ള ഗ്യാങ്സ്റ്റർ. ആ ശരീര ഭാഷ കൊണ്ട് തന്നെ,കണ്ടിരിക്കുന്നവരുടെ ശ്രദ്ധ ഒരിടപോലും തെന്നി പോവാതെ തന്നിലേക്കാവാഹിച്ച് പൊട്ടിച്ചിരിപ്പിക്കുന്ന രംഗണ്ണൻ.

ആക്ഷൻ, ഫൈറ്റ്, കോമഡി ഒരേസമയം കൈ കാര്യം ചെയ്യുമെന്ന് തെളിയിച്ചുവച്ച, അസാധ്യമായ സ്ക്രീൻ പ്രസൻസുള്ള രണ്ടുപേരാണ് ഫഹദും എസ്ജെയും. മാനാട്, മാർക് ആന്റണി, ജിഗർതണ്ട ഡബിൾ എക്സ് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം കൊണ്ട് പല വട്ടം ഇത് തെളിയിച്ചിട്ടുമുണ്ട് എസ്ജെ. നായകനെ കടത്തിവെട്ടുന്ന സ്ക്രീൻ പ്രസൻസാണ് മറ്റൊരു ഘടകം. എ ആർ മുരുകദോസ് സംവിധാനം ചെയ്ത സ്പൈഡറിൽ ക്രൂരതയുടെ പര്യായമായ ആ സൈക്കോപാത്ത് തന്നെയാണ് ‘വാട്ട് ദി ഫിഷ്’ എന്ന് ഈണത്തിൽ ചോദിച്ചുകൊണ്ട് പ്രേക്ഷരെ പൊട്ടിച്ചിരിപ്പിക്കുന്ന പാണ്ഡ്യനെന്ന് ആലോചിച്ചാൽ അതിശയപ്പെടും. ഷമ്മിയിൽ നിന്ന് രംഗണ്ണനിലേക്കുള്ള ഫഹദിന്റെ യാത്രയും അക്ഷരാർത്ഥത്തിൽ ഫഫാ മാജിക് എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്. ആക്ഷൻ രംഗങ്ങളിലും, കോമഡി രംഗങ്ങളിലും കൃത്യമായ ടൈമിംഗ് ഉള്ള, വ്യത്യസ്ത കഥാപാത്രങ്ങളെ മാറ്റുരച്ചു നോക്കാൻ ധൈര്യപ്പെടുന്ന ഫഹദും, എസ്ജെയും തമ്മിലുള്ള കോമ്പിനേഷൻ അത്രത്തോളം പ്രേക്ഷരെ പിടിച്ചിരിത്തുമെന്നത് നിസംശയം പറയാം. നായകനെ കടത്തിവെട്ടി, മുഴുവൻ സിനിമയുടെ തന്നെ ആകർഷണ കേന്ദ്രമാകുന്ന ഒരു വില്ലനും, സിനിമയുടെ കഥ എന്താണെന്ന് പോലും ആലോചിക്കൻ ഇടനൽകാത്ത നായക കഥാപാത്രവുമാണ് ഒന്നിക്കാൻ പോകുന്നത്. സ്‌ക്രീനിൽ തീ പാറുമോ?

മലായളത്തിലും, ഇതര ഭാഷകളിലുമായി ഒരുങ്ങുന്ന വിപിൻദാസ് ചിത്രത്തിലാണ് എസ്.ജെ. സൂര്യ കേന്ദ്ര കഥപാത്രത്തെ അവതരിപ്പിക്കുക. മറ്റൊരു കേന്ദ്ര കഥാപാത്രം ഫഹദ് ഫാസിലാണ്. ചിത്രം നിർമ്മിക്കുന്നത് ബാദുഷാ സിനിമാസ് ആണ്. മലയാളത്തിനു പുറമെ, തമിഴ്, കന്നഡ, തെലുഗ് ഭാഷകളിലും ചിത്രം ഒരുക്കുന്നുണ്ട്. നിർമ്മാണ പങ്കാളിയായ ബാദുഷ സാമൂഹമാധ്യമങ്ങളിലൂടെയാണ് എസ്. ജെ. സൂര്യയുടെ മലയാള സിനിമയിലേക്കുള്ള പ്രവേശനം സ്ഥിരീകരിച്ചത്. ഹൈ ബഡ്ജറ്റഡ് ചിത്രമെന്നാണ് വിവരം. ഈ വർഷം ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചനകൾ. ഇവർക്കുപുറമെ സിനിമയിലുള്ള മറ്റ് അഭിനേതാക്കളുടെയും, അണിയറപ്രവർത്തകരുടെയും വിവരങ്ങൾ വരും ദിവസങ്ങളിലായിരിക്കും പുറത്തുവിടുക. ബാദുഷാ സിനിമാസിന്റെ ബാനറിൽ എൻ.എം. ബാദുഷാ, ഷിനോയ് മാത്യു, ടിപ്പു ഷാൻ , ഷിയാസ് ഹസ്സൻ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഹൈദരാബാദിൽ നടന്ന മീറ്റിങ്ങിനു ശേഷമാണ് ചിത്രത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടത്.

Key elements; sj surya’s first malayalam movie with fahad fazil, and directed by vipin das

Share on

മറ്റുവാര്‍ത്തകള്‍