UPDATES

സയന്‍സ്/ടെക്നോളജി

ബഹിരാകാശത്തെ സിഗററ്റ് വാല്‍നക്ഷത്രം

ഹവായിയില്‍ സ്ഥാപിച്ചിരിക്കുന്ന ഒരു ടെലിസ്‌കോപ്പിലൂടെയാണ് ഈ വാല്‍നക്ഷത്രത്തെ തിരിച്ചറിഞ്ഞത്. ഹവായിയിലെ സന്ദേശവാഹകന്‍ എന്നാണ് Oumuamuaയുടെ അര്‍ത്ഥം.

                       

ബഹിരാകാശത്ത് കഴിഞ്ഞ മാസം പ്രത്യക്ഷപ്പെട്ട സിഗററ്റിന്റെ രൂപത്തിലുള്ള പാറക്കഷ്ണം മറ്റൊരു സൗരയൂഥത്തില്‍ നിന്നും വന്നതാണെന്ന് ജ്യോതിശാസ്ത്രജ്ഞര്‍ തിങ്കളാഴ്ച സ്ഥിരീകരിച്ചു. ജ്യോതിശാസ്ത്ര രംഗത്ത് പുതിയ വെളിച്ചം പകരാവുന്ന കണ്ടെത്തലാണിതെന്നും അവര്‍ പറഞ്ഞു. മറ്റ് സൗരയൂഥങ്ങള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നതിനെ കുറിച്ച് പുതിയ വിവരങ്ങള്‍ ലഭിക്കാന്‍ ഈ കണ്ടെത്തല്‍ സഹായിക്കുമെന്ന് നേച്ചര്‍ എന്ന ബ്രിട്ടീഷ് മാസിക പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

Oumuamua എന്ന് പേരിട്ടിരിക്കുന്ന ഈ വാല്‍നക്ഷത്രത്തിന് 400 മീറ്റര്‍ നീളമുണ്ട്. ഈ രൂപമാണ് ഇത് നമ്മുടെ സൗരയൂഥത്തില്‍ നിന്നുള്ളതല്ല എന്ന് ഉറപ്പിക്കാനുള്ള കാരണം. നമ്മുടെ സൗരയൂഥത്തില്‍ നിന്നും രൂപംകൊണ്ട 7,50,00 ഓളം വാല്‍നക്ഷത്രങ്ങളുടെയും ധൂമകേതുക്കളുടെയും രൂപത്തില്‍ നിന്നും വ്യത്യസ്തമാണ് പുതിയ വാല്‍നക്ഷത്രത്തിന്റെ രൂപം.

വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് മറ്റ് സൗരയൂഥങ്ങളില്‍ നിന്നുള്ള വാല്‍നക്ഷത്രങ്ങള്‍ നമ്മുടെ സൗരയൂഥത്തില്‍ പ്രവേശിക്കുന്നത്. എന്നാല്‍ ഇവരെ കണ്ടെത്താനും തിരിച്ചറിയാനും പലപ്പോഴും സാധിക്കാറില്ല. എന്നാല്‍ അതിശക്തമായ ടെലിസ്‌കോപ്പുകളുടെ സഹായത്തോടെയാണ് ഇപ്പോള്‍ ഇതിനെ കണ്ടെത്താന്‍ സാധിച്ചത്. ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി ഇത് നമ്മുടെ നക്ഷത്രസമൂഹമായ ക്ഷീരപഥത്തില്‍ ഏതെങ്കിലും നക്ഷത്ര സംവിധാനത്തിന്‍റെ ഭാഗമല്ലാതെ ചുറ്റിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും ഒടുവിലാണ് അത് സൗരയൂഥത്തിലേക്ക് പ്രവേശിച്ചതെന്നുമാണ് ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നത്.

ഇത്തരത്തിലുള്ള നക്ഷത്രാന്തര വസ്തുക്കള്‍ ഉണ്ടെന്ന് നേരത്തെ തന്നെ സിദ്ധാന്തങ്ങള്‍ നിലവിലുണ്ടായിരുന്നുവെങ്കിലും ഇപ്പോഴാണ് അതിന് തെളിവ് ലഭിക്കുന്നതെന്നും നാസയുടെ സയന്‍സ് മിഷന്‍ ഡയറക്ടറേറ്റിലെ അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ തോമസ് സുര്‍ബുച്ചെന്‍ പറഞ്ഞു. നമ്മുടെത് ഉള്‍പ്പെടെയുള്ള സൗരയൂഥങ്ങള്‍ രൂപം കൊണ്ടതിനെ കുറിച്ച് കൂടുതല്‍ പഠിക്കുന്നതിന് ചരിത്രപരമായ ഈ കണ്ടുപിടിത്തം സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹവായിയില്‍ സ്ഥാപിച്ചിരിക്കുന്ന ഒരു ടെലിസ്‌കോപ്പിലൂടെയാണ് ഈ വാല്‍നക്ഷത്രത്തെ തിരിച്ചറിഞ്ഞത്. ഹവായിയിലെ സന്ദേശവാഹകന്‍ എന്നാണ് Oumuamuaയുടെ അര്‍ത്ഥം.

Share on

മറ്റുവാര്‍ത്തകള്‍