UPDATES

സയന്‍സ്/ടെക്നോളജി

‘അപകടകാരികളായ മനുഷ്യരെ’ ഫേസ്‌ബുക്കും ഇൻസ്റ്റഗ്രാമും കൈയൊഴിയുന്നു

വെറുപ്പ് പരത്തുന്ന ഇത്തരം ആളുകളെ നിരോധിച്ചുവെങ്കിലും ഇവർക്ക് ഫേസ്ബുക് കമ്പനി മുൻകൂട്ടി നോട്ടീസ് നൽകിയതിനെതിരെ ഒരുകൂട്ടമാളുകൾ കടുത്ത ഭാഷയിൽ വിമർശിക്കുന്നുണ്ട്.

                       

അപകടകാരികളായ ആളുകൾ എന്ന് ഫേസ്ബുക് അൽഗോരിതം വിധിയെഴുതിയതിനെ തുടർന്ന് ചില പ്രമുഖ വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കും ഫേസ്‌ബുക്കിലും ഇൻസ്റ്റാഗ്രാമിലും വിലക്ക്. നേഷൻ ഓഫ് ഇസ്ലാം നേതാവ് ലൂയിസ് ഫറാഖാൻ ഉൾപ്പടെയുള്ളവരെയാണ് ഫേസ്ബുക് അത്യാപകടകാരികളായ മനുഷ്യർ എന്ന് കണ്ടെത്തുന്നത്. സെമിറ്റിക് വിരുദ്ധരെയും തീവ്ര വലതുപക്ഷ, തീവ്ര ഇസ്ലാമിക് ആശയങ്ങൾ പേറുന്നവരെയൊക്കെയാണ് ഫേസ്ബുക് ഇത്തരത്തിൽ സൈബറിടത്തിൽ നിന്നും നിരോധിക്കുന്നത്. ഈ മാധ്യമത്തിലൂടെ വെറുപ്പ് പരത്താമെന്ന് വ്യാമോഹിക്കുന്ന ഒരാളെപ്പോലും ഫേസ്‌ബുക്കിലും ഇൻസ്റ്റയിലും വെച്ചുപൊറുപ്പിക്കില്ലെന്നാണ് ഫേസ്ബുക് കമ്പനി വ്യാഴാഴ്ച വ്യക്തമാക്കിയത്.

തീവ്ര വെള്ളദേശീയവാദിയായ പോൾ നെഹ്‌ലനെയും സൈബർ ഇടങ്ങൾ വഴി മുസ്‌ലിം വിരുദ്ധ സന്ദേശങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ട് ലോറ ലൂമറിനെ പോലുള്ള ആക്ടിവിസ്റ്റുകളെയും നിരോധിക്കുകയാണ് ഇപ്പോൾ ഫേസ്ബൂക്. ഏതുതരത്തിലുള്ള പ്രത്യയശാസ്ത്രമായാലും അത് വെറുപ്പ് പ്രചരിപ്പിക്കുന്നതാകാൻ പാടില്ലെന്നും കാലാകാലങ്ങളായി ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുന്നവരെ ഫേസ്ബുക് വിലക്കാറുണ്ടെന്നും കമ്പനി വക്താവ് അഭിപ്രായപ്പെട്ടു. വളരെ ദീർഘമായ ഒരു പ്രക്രിയയിലൂടെയാണ് കമ്പിയുടെ നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ലംഖിക്കുന്നവരെ കണ്ടെത്തിയതെന്നും ഇവരെ അടിയന്തിരമായി ഈ പ്ലാറ്റുഫോമുകളിൽ നിന്നും പുറത്താക്കുന്നുവെന്നുമാണ് കമ്പനി വ്യക്തമാക്കിയത്.

വെറുപ്പ് പരത്തുന്ന ഇത്തരം ആളുകളെ നിരോധിച്ചുവെങ്കിലും ഇവർക്ക് ഫേസ്ബുക് കമ്പനി മുൻകൂട്ടി നോട്ടീസ് നൽകിയതിനെതിരെ ഒരുകൂട്ടമാളുകൾ കടുത്ത ഭാഷയിൽ വിമർശിക്കുന്നുണ്ട്. ഈ നോട്ടീസ് നൽകിയ കാലാവധി കൊണ്ട് ഈ വ്യക്തികൾക്കും പേജ് അഡ്മിന്മാർക്കും തങ്ങളുടെ ഫോളോവെഴ്സിനെ മറ്റ് സൈബർ ഇടങ്ങളിലേക്ക് ക്ഷണിക്കാനുള്ള സമയം കൊടുത്തുകൊണ്ടുള്ള ഫേസ്‌ബുക്കിന്റെ ഈ നടപടി അർത്ഥശൂന്യമാണെന്നായിരുന്നു ഇവരുടെ വിമർശനം. നിങ്ങൾ എന്തുകൊണ്ട് നിരോധിക്കപ്പെടുന്നുവെന്ന് ഇ -മെയിൽ സന്ദേശത്തിലൂടെ വ്യക്തമാക്കിക്കൊണ്ടായിരുന്നു ഫേസ്‌ബുക്കിന്റെ നോട്ടീസ്.

Share on

മറ്റുവാര്‍ത്തകള്‍