UPDATES

സയന്‍സ്/ടെക്നോളജി

കുത്തുവാക്കുകള്‍ കണ്ടെത്താന്‍ സോഫ്റ്റ്വയര്‍

Avatar

                       

കാറ്റീ സെസിമാ  
(വാഷിംഗ്ടണ്‍ പോസ്റ്റ്)

സോഷ്യല്‍ മീഡിയയില്‍ വരുന്ന കുത്തുവാക്കും വ്യാജസ്തുതിയുംപരിഹാസവുമൊക്കെ കണ്ടെത്താന്‍ ഒരു സോഫ്റ്റ്വെയര്‍ വാങ്ങാനൊരുങ്ങുകയാണ് അമേരിക്കയിലെ രഹസ്യാന്വേഷണ ഏജന്‍സി.

ഒറ്റനോട്ടത്തില്‍ മനസ്സിലാകാത്ത നിന്ദാസ്തുതി കലര്‍ന്ന ഭാഷ മനസ്സിലാക്കാനാണ് ഏജന്‍സി സോഫ്റ്റ്വെയര്‍ തേടുന്നത്. ജനങ്ങളെ സ്വാധീനിക്കാനും തങ്ങളുടെ സന്ദേശങ്ങള്‍ അറിയിക്കാനുമായി സര്‍ക്കാര്‍ ഏജന്‍സികളും കോര്‍പ്പറേഷനുകളും സോഷ്യല്‍ മീഡിയയെ ഉപയോഗിക്കുമ്പോള്‍ അന്വേഷണ ഏജന്‍സികള്‍ എന്തെങ്കിലും കണ്ടുപിടിക്കാനാണ് ഇവയെ നിരീക്ഷിക്കുന്നത്.

പക്ഷേ ആക്ഷേപഹാസ്യവും ഭാഷയിലെ സങ്കീര്‍ണ്ണതയുമൊക്കെ കണ്ടെത്താന്‍ ഒരു കമ്പ്യൂട്ടര്‍ കിട്ടുകഅത്ര എളുപ്പമല്ല. മാത്രമല്ല ആളുകളെ അറസ്റ്റ് ചെയ്യാന്‍ അധികാരമുള്ള ഒരു സര്‍ക്കാര്‍ ഏജന്‍സി ഇങ്ങനെ ശ്രമിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തെ ഭീഷണിയിലാഴ്ത്തും. “ഇത് ഒരു വ്യാപക നിരീക്ഷണ സംവിധാനമാകാനാണ് സാധ്യത. അഭിപ്രായ സ്വാതന്ത്രത്തിന് തടയിടാനുള്ള സാധ്യതയുമുണ്ട്. ഓണ്‍ലൈനില്‍ അഭിപ്രായം പ്രകടിപ്പിക്കുന്നതിന് മുമ്പ് ആളുകള്‍ രണ്ടുവട്ടം ചിന്തിക്കും എന്നാണ് കാര്യം. ഇത് ഭിന്നാഭിപ്രായങ്ങളെ അടിച്ചമര്‍ത്തും,”ഇലക്ട്രോണിക് പ്രൈവസി ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ (EPIC) അസ്സോസിയേറ്റ് ഡയറക്ടര്‍ ജിഞ്ചര്‍ മക്കാള്‍ പറയുന്നു.

ഏജന്‍സിയുടെ ആവശ്യങ്ങള്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ സ്വാധീനമുള്ളവരെ കണ്ടെത്തുക, തത്സമയം വിവരങ്ങള്‍ വിശകലനം ചെയ്യുക, പഴയ ട്വിറ്റര്‍ ഡാറ്റാ പ്രാപ്യമാക്കുക,ഹിറ്റ് മാപ് ഉപയോഗിക്കുക എന്നിങ്ങനെ പോകുന്നുഅവ.

ട്വിറ്റര്‍ നിരീക്ഷിക്കാന്‍ സ്വന്തം സംവിധാനം സൃഷ്ടിക്കാന്‍ ഈ പരിപാടിക്ക് കഴിയുമെന്നാണ് രാഹസ്യാന്വേഷണ  ഏജന്‍സി വക്താവ് എഡ് ഡോനോവന്‍ പറയുന്നത്. പരിഹാസം കണ്ടെത്തുന്നത് അതിലെ ചെറിയൊരു കാര്യം മാത്രമാണെന്നും അദ്ദേഹം പറയുന്നു. “അത് ഞങ്ങളുടെ 16-18 ആവശ്യങ്ങളില്‍ എണ്ണത്തില്‍ ഒന്നു മാത്രമാണ്.”

ട്വിറ്ററില്‍ ഏജന്‍സിക്ക്  താത്പര്യമുള്ള വിഷയങ്ങള്‍ കണ്ടെത്താന്‍ ഈ സോഫ്റ്റ്വെയര്‍ ഉപയോഗിക്കും. 2009-ല്‍ പ്രസിഡണ്ട്  അധികാരമേറ്റെടുക്കുന്ന ചടങ്ങിന് വന്ന ചിലര്‍ അവിടെ ഒരു തുരങ്കത്തില്‍ കുടുങ്ങിപ്പോയതും മറ്റും ഡോനോവന്‍ ഉദാഹരിക്കുന്നു. നിലവില്‍ ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്‍റ് ഏജന്‍സി ഉപയോഗിയ്ക്കുന്ന പ്രോഗ്രാമാണ് തങ്ങളുപയോഗിക്കുന്നതെന്നും ഇത് മാറ്റി സ്വന്തമായൊന്ന് വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

തങ്ങളുടെ ഏജന്‍റുമാരുടെ കയ്യിലിരിപ്പ്, പ്രത്യേകിച്ചും വിദേശങ്ങളില്‍ രഹസ്യാന്വേഷണ ഏജന്‍സിയെ വെട്ടില്‍ ചാടിക്കാറുണ്ട്. 2012-ല്‍ കൊളംബിയയില്‍ കാര്‍ടജെനയില്‍ ഒരു രഹസ്യാന്വേഷകനെ വ്യഭിചാരക്കുറ്റത്തിന് പിടിച്ചിരുന്നു. തങ്ങള്‍ക്ക് മാധ്യമങ്ങളുമായി സംസാരിക്കാന്‍ അവസരം ഉണ്ടാക്കണമെന്ന് മാധ്യമ ഉപദേഷ്ടാക്കളോട് ഏജന്‍സി ആവശ്യപ്പെടുകയും ചെയ്തു.

ഫ്രഞ്ച് സ്ഥാപനമായ സ്പോട്ടര്‍ ബ്രിട്ടീഷ് ആഭ്യന്തര കാര്യാലയവും, യൂറോപ്യന്‍ കമ്മീഷനും അടക്കമുള്ള തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഇത്തരത്തിലുള്ള ഒരു സോഫ്റ്റ്വെയര്‍ നല്‍കിയതായി കഴിഞ്ഞ വര്‍ഷം അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഭാഷകളുടെ സൂക്ഷ്മപ്രയോഗങ്ങള്‍ മനസ്സിലാക്കാന്‍ കംപ്യൂട്ടറുകള്‍ക്ക് കഴിയാത്തതിനാല്‍ ഈ ശ്രമം വിജയിക്കാന്‍ പോകുന്നില്ല എന്നു വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നുണ്ട്.

പരിഹാസം നിങ്ങളെ കുഴപ്പത്തില്‍ ചാടിച്ചേക്കാം
‘നിറയെ കുട്ടികളുള്ള ഒരു സ്കൂളില്‍’ വെടിവെപ്പ് നടത്തുന്നതിനെക്കുറിച്ച് തമാശയായി ഫെയ്സ്ബുകില്‍ പോസ്റ്റിട്ട ഒരു ടെക്സാസുകാരന്‍ കൌമാരക്കാരന്‍ കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്യപ്പെട്ടു. അമേരിക്കന്‍ എയര്‍ലൈന്‍സിന് ‘തമാശ ബോംബ്’ വെച്ച ഒരു ട്വിറ്ററുകാരിയെ നെതര്‍ലാണ്ട്സില്‍ ഈ ഏപ്രില്‍ മാസം പോലീസ് പിടികൂടി.

2012-ല്‍ അമേരിക്കയെ തകര്‍ക്കാന്‍ താന്‍ ഉദ്ദേശിക്കുന്നു (Destroy America) എന്നു ട്വീറ്റ് ചെയ്ത ഒരു ഐറിഷ് പുരുഷനെയും ബ്രിട്ടീഷുകാരിയെയും ലോസ് ആഞ്ചലസ് വിമാനത്താവളത്തില്‍ പോലീസ് പിടിച്ചു. ‘Destroy’ എന്നാല്‍ അടിച്ചുപൊളിക്കുക എന്നാണ് താന്‍ ഉദ്ദേശിച്ചത് എന്നായി ഐറിഷ് തമാശക്കാരന്‍.

സോഷ്യല്‍ മീഡിയയിലെ നിരീക്ഷണത്തിനെതിരെ രേഖകള്‍ക്കായി EPIC 2011-ല്‍ ഹോംലാണ്ട് സെക്യൂരിറ്റി വകുപ്പിനെതിരെ കേസ് കൊടുത്തിരുന്നു. നയ നിര്‍ദ്ദേശങ്ങളും, വകുപ്പിനെ സംബന്ധിച്ചതും പോലെ ‘താത്പര്യമുള്ള ചില വിഷയങ്ങളില്‍’ വിശകലന റിപ്പോര്‍ട് തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിരുന്നതായി രേഖകള്‍ വെളിപ്പെടുത്തി.

ഗ്വാണ്ടനാമോ തടവറയിലെ അന്തേവാസികളെ മിച്ചിഗനിലെ ഒരു തടവറയിലേക്ക് മാറ്റുന്നത് സംബന്ധിച്ച ജനവികാരം മനസ്സിലാക്കാന്‍ ഫെയ്സ്ബുക്കും, മറ്റ് സാമൂഹ്യ മാധ്യമങ്ങളും വിശകലനം ചെയ്തു എന്ന ആക്ഷേപത്തെ തുടര്‍ന്ന് ഒരു സഭാ സമിതി തെളിവെടുപ്പ് നടത്തിയിരുന്നു.

ട്വിറ്റര്‍ ഒരു പൊതു വേദിയായി ആളുകള്‍ കാണുമ്പോള്‍ ഫെയ്സ്ബുകിനെ കൂട്ടുകാര്‍ക്കും, വീട്ടുകാര്‍ക്കും വേണ്ടിയാണ് ആളുകള്‍ കാണുന്നതെന്ന് അഭിപ്രായമുണ്ട്. നിങ്ങളുടെ തമാശകളുടെ കെട്ടുപൊട്ടുന്നതും നോക്കി ഒരു പോലീസുകാരന്‍ എപ്പോളും കൂടെയുണ്ടാകുന്നത് മോശം കാര്യമാണോ?

Share on

മറ്റുവാര്‍ത്തകള്‍