മെയ് 24 ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഫൈനല്‍ ലിസ്ബണില്‍ നടക്കുക സ്‌പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡ് നഗരത്തിലെ രണ്ടു തുല്യ ശക്തികള്‍ മാറ്റുരച്ചു കൊണ്ടാവും; അത്‌ലെറ്റിക്കൊ മാഡ്രിഡ് – റിയല്‍ മാഡ്രിഡ് . ചാമ്പ്യന്‍സ് ലീഗ് ഫുട്ബാള്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഡെര്‍ബി (ഒരേ പട്ടണത്തില്‍ നിന്നുമുള്ള രണ്ടു ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആണ് അതിനെ ഡെര്‍ബി എന്ന് വിളിക്കുക). സ്‌പെയിനിന്റെ തന്നെ മറ്റു ക്ലബ് ഫാന്‍സ്, എന്തിന് യൂറോപിലെ തന്നെ മറ്റു ക്ലബ് ഫാന്‍സ് ഈ കളിയെ അസൂയയോടെയാണ് കാണുന്നത് . ഫൈനലില്‍ ആര് തോറ്റാലും ജയിച്ചാലും കപ്പ് മാഡ്രിഡ് നഗരത്തിലെത്തും.
സാന്തിയാഗോ ബെര്‍ണബെയു എന്ന പ്രസിദ്ധവും സുന്ദരയുമായ റിയല്‍ മാഡ്രിഡിന്റെ ഹോം ഗ്രൌണ്ടുമായി ബന്ധമുള്ള, എന്നാല്‍ ആരും അറിയാതെ പോയ (അല്ലെങ്കില്‍ അറിഞ്ഞില്ലെന്നു നടിച്ച) ഒരു സമരം ഇപ്പോഴും നടക്കുന്നുണ്ട് ഇവിടെ സ്‌പെയിനില്‍. ആ സമരത്തെ കുറിച്ച് പറയാന്‍, ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഒരു നല്ല പശ്ചാത്തലം തന്നെയാണ്. സ്പെയിനിന്റെ പ്‌ളാച്ചിമട സമരം എന്ന് വേണമങ്കില്‍ വിളിക്കാം. അമേരിക്കന്‍ ബെവറെജ്ജ് വമ്പന്മാരായ കൊക്ക കോളയുടെ നിരവധി ബോട്ട്‌ലിംഗ് പ്ലാന്റ്റുകള്‍ ഇവിടെ സ്‌പെയിനിലുണ്ട്; അവയില്‍ ആയിരക്കണക്കിന് പേര്‍ വര്‍ഷങ്ങളായി ജോലി എടുക്കുന്നുണ്ട് . ഈ കഴിഞ്ഞ സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും രക്ഷപെടാനും രാജ്യത്തിന്റെ സമ്പദ് ഘടന ബലപെടുത്താനും എന്ന പേരില്‍ 2012-ല്‍ ലേബര്‍ നിയമങ്ങള്‍ ലഘൂകരിച്ച്, അവയില്‍ തൊഴിലാളികളെ വളരെയെളുപ്പം ജോലിക്കെടുക്കാനും അതിലും വേഗം പുറത്താക്കാനും കഴിയുന്ന പുതിയ വ്യവസ്ഥ കൊണ്ടുവന്നു. ഈ നിയമത്തില്‍ ഊന്നി 2014 ജനുവരിയില്‍ കൊക്ക കോള ഏകദേശം 1250 പേരെ പിരിച്ചുവിടാന്‍ തീരുമാനിക്കുന്നു. തൊഴിലാളി ട്രേഡ് യൂണിയന്‍ സംഘടനകളായ CCOO, UGT എന്നിവര്‍ അന്നുമുതല്‍ തുടങ്ങിയ സമരം ഇന്നും തുടരുന്നു. പ്ലാന്റുകള്‍ ലാഭത്തിലായിരുന്നിട്ടും പൂട്ടാന്‍ ഉറച്ച് അമേരിക്കന്‍ കമ്പനി മുന്നോട്ടു തന്നെ; പുതിയനിയമത്തിന്റെ പൂര്‍ണ സംരക്ഷണത്തില്‍ അവര്‍ മുന്നോട്ടു പോവും എന്നതില ഒരു സംശയവും വേണ്ട. ‘സ്പാനിഷ് സംസ്‌കാരത്തില്‍ കൊക്ക കോളക്ക് ഒരു സ്ഥാനം പണ്ടുമില്ല, ഇപ്പൊഴുമില്ല. പക്ഷെ ഇത്തരം കമ്പനികളുടെ ലക്ഷ്യം ലാഭം മാത്രമാണ് എന്ന് ഈ സംഭവത്തോട് കൂടി പുതിയ തലമുറ മനസിലാക്കട്ടെ’ റാമോന്‍ ഗൊറി എന്ന CCOO ലേബര്‍ യൂണിയന്‍ നേതാവ് തന്റെ വികാരനിര്‍ഭരമായ പ്രസംഗത്തില്‍ പറഞ്ഞു.
എന്നാല്‍ എല്ലാവരെയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞ വാര്‍ത്ത ഇതേതുടര്‍ന്ന് വന്നതായിരുന്നു. സാന്തിയാഗോ ബെര്‍ണബെയു ഇനിമുതല്‍ അറിയപപെടുക ‘കൊക്ക കോള സാന്തിയാഗോ ബെര്‍ണബെയു’ എന്നാവും; അതിലേക്കായി സ്‌പോന്‍സര്‍ഷിപ് തുകയായി വര്‍ഷം തോറും 80 മില്യന്‍ യൂറോ (ഏകദേശം 640 കോടി രൂപ ) കൊക്ക കോള സംഭാവന ചെയ്യുന്നു.
‘ക്രൂരമായി വഞ്ചിക്കപെട്ടതായി എനിക്ക് തോന്നുന്നു’ 24 വര്‍ഷം കൊക്ക കോളയുടെ രഹസ്യ ഫോര്‍മുല മിക്‌സ് ചെയ്യുന്ന ജോലിയെടുത്ത ജോണി ഗാര്‍സിയ പറയുന്നു. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇരട്ട സാമ്പത്തിക മാന്ദ്യം നേരിട്ട സ്പെയിനിന്റെ തൊഴിലില്ലായ്മ നിരക്ക് 26 ശതമാനമായി വളര്‍ന്നു, തന്റെ 45 ആം വയസ്സില്‍ നഷ്ടപ്പെട്ട തൊഴിലും, രാജ്യത്തിന്റെ തകര്‍ന്നടിഞ്ഞ തൊഴില്‍രംഗവും കൂടി ഒരുമിച്ചു വന്നപ്പോള്‍ താന്‍ ആകെ തളര്‍ന്നു പോയി എന്ന് ഗാര്‍സിയ പറയുന്നു. ഇന്ന് മാഡ്രിഡ് നഗരത്തില്‍ ‘കൊക്ക കോള വര്‍ജിക്കു’ എന്നര്‍ത്ഥം വരുന്ന ‘നോ ബെബാസ് കൊക്ക കോള’ നോട്ടീസുകള്‍ നിരന്നു കഴിഞ്ഞു.
ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ കളിയായിട്ടുകൂടി കാല്‍പന്തുകളിയില്‍ ചാമ്പ്യന്‍സ് ലീഗ് പട്ടം മാഡ്രിഡ് സുനിശ്ചിതമാക്കി കഴിഞ്ഞെങ്കിലും അവര്‍ മറ്റൊരു യുദ്ധക്കളി ഏറ്റെടുത്തു കഴിഞ്ഞു, ഒരിക്കലും ജയിക്കാന്‍ സാധ്യത ഇല്ലാത്ത സ്‌പെയിനിന്റെ പ്‌ളാച്ചിമട സമരം.