UPDATES

സയന്‍സ്/ടെക്നോളജി

വോയ്സ് കോളുകളിലൂടെ ഹാക്ക് ചെയ്യപ്പെട്ടേക്കാം; എത്രയും വേഗം അപ്ഡേറ്റ് ചെയ്യണമെന്ന് വാട്സാപ്പ്

ഇസ്രായേലിലെ എൻ.എസ്.ഒ എന്ന സ്വകാര്യ ഹാക്കിങ് കമ്പനിയാണ് പിന്നിലെന്നാണ് വിവരം.

                       

വാട്‌സ്ആപ്പിലെ പിഴവു മുതലെടുത്ത് വോയ്‌സ് കോളുകളിലൂടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. അതുകൊണ്ട് ആപ്ലിക്കേഷന്‍ എത്രയും വേഗം അപ്‌ഡേറ്റ് ചെയ്യണമെന്ന് വാട്‌സ്ആപ്പ് വക്താവ് പറയുന്നു. മിസ്ഡ് കോൾ വഴിയാണ് ഹാക്കര്‍മാര്‍ നമ്മുടെ ഫോണിലേക്ക് പ്രവേശിക്കുന്നത്. കോള്‍ അറ്റന്‍ഡ് ചെയ്താലും ഇല്ലെങ്കിലും പുതിയ സ്‌പൈവെയര്‍ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ആകും. അതോടെ നമ്മുടെ ഫോണ്‍ കോളുകളും മെസ്സേജുകളും അടക്കമുള്ള എല്ലാ സ്വകാര്യ വിവരങ്ങളും ചോര്‍ത്താന്‍ സാധിക്കും. മാത്രമല്ല, ഫോണിലെ ക്യാമറയും മൈക്രോഫോണും ഓണ്‍ ചെയ്യാനും ഹാക്കര്‍മാര്‍ക്ക് സാധിക്കും.

അതേസമയം, എല്ലാ പ്രശ്നങ്ങളും പരിഹരിച്ചതായി വാട്‌സ്ആപ്പ് വക്താവ് വ്യക്തമാക്കി. മെയ് 10-നു തന്നെ സെർവറുകളില്‍ തകരാർ കണ്ടെത്തിയിരുന്നതായും, എല്ലാം പരിഹരിച്ച ആൻഡ്രോയിഡ്, ഐഒഎസ് ആപ്പുകൾ തിങ്കളാഴ്ച മുതല്‍ നിലവില്‍ വന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ ലോകത്താകമാനം എത്ര ഫോണുകള്‍ ഇത്തരത്തില്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കണക്കാക്കാനായിട്ടില്ല. സുരക്ഷാ ഏജന്‍സികള്‍ക്കും യുഎസ് നീതിന്യായ വകുപ്പിനും ഹാക്കിങ് സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയെന്ന് വാട്‌സ്ആപ്പ് വ്യക്തമാക്കി.

ഇസ്രായേലിലെ എൻ.എസ്.ഒ എന്ന സ്വകാര്യ ഹാക്കിങ് കമ്പനിയാണ് പിന്നിലെന്നാണ് വിവരം. നിലവിലെ വേര്‍ഷനുകളില്‍ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കാത്തതിനാലാണ് പുതിയ പതിപ്പ് അപ്‌ഡേറ്റ് ചെയ്യാന്‍ വാട്‌സ് ആപ്പ് ഉപഭോക്താക്കളോട് ആവശ്യപ്പെട്ടത്. ഫോണുകളിലെ സോഫ്റ്റ്‌വെയറും അപ്‌ഡേറ്റ് ചെയ്യണം. ഫോണുകളിലെ ഒട്ടുമിക്ക സുരക്ഷാ പ്രശ്നങ്ങളും ഇങ്ങനെത്തന്നെ പരിഹരിക്കപ്പെടും. ഉപയോക്താവിന് പരമാവധി ചെയ്യാന്‍ കഴിയുന്ന കാര്യവും അതുമാത്രമാണ്. സോഫ്റ്റ്‌വെയര്‍ പഴകുംതോറും ഹാക്കിങ് സാധ്യത വര്‍ദ്ധിക്കുമെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു.

Share on

മറ്റുവാര്‍ത്തകള്‍