വളർത്തു മൃഗങ്ങൾ എപ്പോഴും കൗതുകമുണർത്തുന്ന ഒന്നാണ് അവ ഇല്ലാത്ത വീടുകൾ കുറവായിരിക്കും. മൃഗങ്ങളെ ഓമനിക്കാത്തവരും അവയുടെ കുറുമ്പും കുസൃതികളും ആസ്വദിക്കാത്തവരും വളരെ ചുരുക്കവുമാണ്. എങ്കിലും ചിലരുടെ വളർത്തുമൃഗങ്ങൾ മറ്റുള്ളവരിൽ നിന്ന് വളരെ വ്യത്യസ്തവുമാകാം. ഇപ്പോഴിതാ, വളർത്തുമൃഗമായി സിംഹത്തിനെ കൈവശം വച്ചതിനും തുറന്ന കാറിലൂടെ നഗരത്തിലൂടെ യാത്ര ചെയ്തതിനും അറസ്റ്റിലായിരിക്കുകയാണ് സവാങ്ജിത്ത് എന്ന തായ് ലൻഡുകാരി.
മതിയായ രേഖകളില്ലാതെ അനധികൃതമായണ് സിംഹക്കുട്ടിയെ സവാങ്ജിത്ത് കൈവശം വച്ചത്. തുറന്നിട്ട ബെൻ്റ്‌ലി കാറിൽ സിംഹം യാത്ര ചെയ്യുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലായതിനു പിന്നലെയാണ് തായ് പോലീസ് യുവതിക്കെതിരെ കേസെടുത്തത്. തായ്‌ലൻഡിലെ പാട്ടായയിൽ സിംഹം യാത്രചെയുന്ന വീഡിയോക്ക് 2.6 മില്ല്യണിലധികം കാഴ്ച്ചക്കുണ്ടായിരുന്നു. സംഭവം വലിയ രീതിയിൽ വിവാദമായതിനെ തുടർന്ന് പോലീസ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
അനുമതിയില്ലാതെ സംരക്ഷിത വന്യജീവിയെ കൈവശം വച്ചുവെന്ന പരിസ്ഥിതി പ്രകൃതി വിഭവ നിയമം ലംഗിച്ചതിനാണ് സാവാങ്ജിത്ത് കൊസോഗ്നെർനെതിരെ തായ് പോലീസ് കേസെടുത്തിരിക്കുന്നത് എന്ന് സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി അറിയിച്ചിരുന്നു. വൈൽഡ് അനിമൽ കൺസർവേഷൻ ആൻഡ് പ്രൊട്ടക്ഷൻ ആക്ട് 2019 ഉപയോഗിച്ചാണ് സാവാങ്ജിത്തിനെ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നും പ്രസ്താവനയിൽ പറഞ്ഞിരുന്നു.
തായ്‌ലൻഡിലെ നിയമ പ്രകാരം സവാങ്ജിത്ത് കൊസോഗ്നെർനെതിരെ ചുമത്തിയിരിക്കുന്ന കുറ്റത്തിന് 100,000 ബത്ത്, ഏകദേശം 2,33,290.94 ഇന്ത്യൻ രൂപ പിഴയും ഒരു വർഷം തടവും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. എന്നാൽ താൻ മറ്റൊരു വ്യക്തിയിൽ നിന്ന് 250,000 ബത്തിന് സിംഹത്തെ വാങ്ങിയതാണെന്നും എന്നാൽ സിംഹത്തിൻ്റെ ലിംഗഭേദത്തെ പറ്റിയുള്ള മതിയായ വിവരങ്ങൾ ലഭിക്കാത്തതിനാൽ ഔദ്യോഗിക കൈമാറ്റ രേഖകൾ വാങ്ങാൻ സാധിച്ചിട്ടില്ലെന്നുമാണ് സാവാങ്ജിത്തിന്റെ വാദം. വീഡിയോ ദൃശ്യങ്ങളിൽ കാറോടിക്കുന്ന ശ്രീലങ്കൻ പൗരത്വമുളള വ്യക്തിയുടെ വീട്ടിലാണ് സിംഹത്തിന്റെ പാർപ്പിച്ചിരുന്നത്. ഇയാളെ തിരികെ ശ്രീലങ്കയിലേക്ക് നാടുകടത്തിയതായി തായ് വന്യജീവി വകുപ്പ് അറിയിച്ചു. അതോടപ്പം യുവതിക്ക് സിംഹത്തെ വിറ്റയാൾക്ക് അനുമതിയില്ലാതെ മൃഗത്തെ മറ്റൊരാൾക്ക് കൈമാറ്റം ചെയ്തിനുള്ള ശിക്ഷയും നേരിടേണ്ടിവരും.
തായ് ലാൻഡിൽ സിംഹത്തെ കൈവശം വക്കുന്നത് നിയമപരമാണോ ?
തായ്‌ലൻഡിൽ സിംഹത്തെ സ്വന്തമാക്കുന്നതിനും കൈവശം വക്കുന്നതും നിയമവിരുദ്ധമല്ലെങ്കിലും ഔദ്യോഗികമായി വിവരങ്ങൾ എല്ലാം തന്നെ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ വിവാദമായ വീഡിയോ മൃഗങ്ങളോടുള്ള ക്രൂരതയ്ക്കും പൊതു സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾക്കും ചർച്ചകൾക്കും വഴിവച്ചിരുന്നു. സിംഹങ്ങളെപ്പോലെയുള്ള മൃഗങ്ങളെ വളർത്തുമ്പോൾ വംശനാശഭീഷണി നേരിടുന്ന വന്യമൃഗങ്ങളുടെയും സസ്യജാലങ്ങളുടെയും അന്താരാഷ്ട്ര വ്യാപാര കൺവെൻഷൻ നിയമ പ്രകാരം ജിസ്റ്റർ ചെയ്തിരിക്കണം എന്നാണ് തായ് നിയമം അനുശാസിക്കുന്നത്. സമ്പന്നരായ തായ്‌ലൻഡുകാർക്കും വിദേശികൾക്കിടയിലും വളർത്തുമൃഗങ്ങളായി സിംഹംത്തിനെ കൈവശം വക്കുന്നത് പ്രൗഢിയുടെ ലക്ഷണമായാണ് കണക്കാക്കുന്നത്. ഓരോ സിംഹത്തിനും ഏകദേശം 500,000 ബത്ത് വരും അതായത് 11,66,454.69 ഇന്ത്യൻ രൂപ. നിലവിൽ തായ്‌ലൻഡിൽ നിയമപരമായി 224 സിംഹങ്ങളുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
സംഭവത്തിൽ യുവതിയെയല്ല, കാറോടിച്ചയാളെ അറസ്റ്റ് ചെയ്യുകയാണ് വേണ്ടതെന്നാണ് സമൂഹമാധ്യമങ്ങളിൽ പലരും കുറിച്ചത്. വന്യജീവികൾ എന്നും വന്യജീവികൾ തന്നെയാണെന്നും എത്ര ഇണക്കി വളർത്തിയതാണെങ്കിലും അവ ഏത് നിമിഷവും അപകടകാരികളായേക്കുമെന്നും ചിലർ കൂട്ടിച്ചേർത്തു. സമ്പന്നനാകുന്നത് തെറ്റല്ലെന്നും, പക്ഷേ സാമൂഹ്യ ബോധവും ഉത്തരവാദിത്തവുമില്ലാതെ പെരുമാറുന്നത് ക്ഷമിക്കാവുന്നതല്ലെന്നും ആരോപിച്ചുകൊണ്ട് പലരും രംഗത്തിയിരുന്നു.