UPDATES

വിദേശം

അറ്റ്‌ലാന്റിക്കിലൂടെ പിന്നെയും ദശാബ്ദങ്ങളോളം അടിമക്കപ്പലുകള്‍ വന്നുപോയിക്കൊണ്ടിരുന്നു

മനുഷ്യന്റെ ഏറ്റവും ഹീനമായ ചെയ്തികളുടെ ചരിത്രത്തെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകള്‍

                       

1867-ല്‍ അവസാനിച്ചെന്നു ചരിത്രകാരന്മാര്‍ പൊതുവില്‍ അനുമാനിച്ചിരുന്ന അറ്റ്‌ലാന്റിക് സമുദ്രം വഴിയുള്ള അടിമക്കച്ചവടം പിന്നെയും ദശാബ്ദങ്ങളോളം തുടര്‍ന്നിരുന്നുതായി പുതിയ പഠനം. ചരിത്രകാരിയും ന്യൂകാസില്‍ സര്‍വകലാശാല മുന്‍ ലക്ചററുമായ ഹന്ന ഡര്‍കിന്‍ കണ്ടെത്തിയ തെളിവുകള്‍ പ്രകാരം 1872-ല്‍ രണ്ട് അടിമക്കപ്പലുകള്‍ ക്യൂബന്‍ തീരത്ത് നങ്കൂരമിട്ടിട്ടുണ്ട്. പത്തു മുതല്‍ 40 വയസുവരെയുള്ള 200 അടിമകളുമായി വന്ന പോര്‍ച്ചുഗീസ് കപ്പല്‍ ആയിരുന്നു ഒന്ന്, മറ്റൊന്ന് 630 അടിമകളെ കുത്തി നിറച്ചൊരു അമേരിക്കന്‍ കപ്പലും. ഈ കപ്പലുകള്‍ തീരമണഞ്ഞ വര്‍ഷത്തിലുള്ള അമേരിക്കന്‍ പത്രങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളുണ്ടെന്നാണ് ഡര്‍കിന്‍ പറയുന്നത്. ‘മോഷ്ടിക്കപ്പെട്ട മനുഷ്യജീവിതങ്ങള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുന്നില്ല’ എന്നും ഡര്‍കിന്‍ അടിവരയിടുന്നു.

1872-ലെ ഹന്‍സാര്‍ഡ് പാര്‍ലമെന്ററി റെക്കോര്‍ഡ്(ബ്രിട്ടന്റെയും മറ്റ് കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെയും പാര്‍ലമെന്ററി ചര്‍ച്ചകളുടെ ട്രാന്‍സ്‌ക്രിപ്റ്റുകളാണ് ഹന്‍സാര്‍ഡ് റെക്കോര്‍ഡ്) പ്രകാരം, കഴിഞ്ഞ വര്‍ഷങ്ങളിലൊന്നും തങ്ങളുടെ അടിമ കപ്പല്‍ ക്യൂബയിലെത്തിയിട്ടില്ലെന്ന സ്‌പെയിനിന്റെ അവകാശവാദത്തെ ഒരു ബ്രിട്ടീഷ് രാഷ്ട്രീയ നേതാവ് വെല്ലുവിളിക്കുന്നുണ്ട്. സ്‌പെയ്ന്‍ ഔദ്യോഗികമായി അടിമക്കച്ചവടം അവസാനിപ്പിച്ചത് 1867-ല്‍ ആണെന്നു പറയുമ്പോഴും, 1873-ല്‍ പര്യവേഷകനായ സര്‍ ഹെന്റി മോര്‍ട്ടണ്‍ സ്റ്റാന്‍ലി ബെനിന്‍-ല്‍ ഉള്ള ഒയ്ദ അടിമ തുറമുഖം സന്ദര്‍ശിച്ചിരുന്നുവെന്നാണ് ഡര്‍കിന്‍ പറയുന്നത്(അറ്റ്‌ലാന്റിക് സമുദ്രം വഴിയുള്ള അടിമക്കടത്തില്‍ പാശ്ചാത്യ രാജ്യങ്ങളിലേക്ക് കൊണ്ടുവരാനായി ആഫ്രിക്കന്‍ അടിമകളെ കപ്പലില്‍ കയറ്റിയിരുന്ന പ്രധാന തുറമുഖങ്ങളിലൊന്ന് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബെനിനിലെ ഒയ്ദ തുറമുഖമായിരുന്നു). സര്‍ ഹെന്റി എഴുതുന്നത്, തുറമുഖത്തെ കാരഗൃഹത്തില്‍ 300 അടിമകളെ പൂട്ടിയിട്ടിരിക്കുന്നതു താന്‍ കണ്ടെന്നാണ്. അടുത്തിടെ രണ്ട് അടിമക്കപ്പലുകള്‍ തുറമുഖം വിട്ടിരുന്നതായും ഹെന്റി കുറിച്ചിട്ടുള്ളതായി ഡര്‍കിന്‍ ചൂണ്ടിക്കാണിക്കുന്നു.

ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ രണ്ടാമത്തെ പ്രധാന അടിമ തുറമുഖമായിരുന്നു ഒയ്ദ. അംഗോളയിലെ ലുവാണ്ടയായിരുന്നു ഒന്നാം സ്ഥാനത്ത്. ഈ പ്രദേശത്തിന് യൂറോപ്യന്മാര്‍ നല്‍കിയിരുന്ന പരിഹാസ പേര് ‘ അടിമ തീരം’ എന്നായിരുന്നു. 17 ആം നൂറ്റാണ്ടിനും 19 ആം നൂറ്റാണ്ടിനുമിടയില്‍ ഇവിടെ നിന്നും നിരവധി മനുഷ്യരെയാണ് അടിമകളായി പിടിച്ചു കൊണ്ടു പോയത്. ഏകദേശം 20 ലക്ഷം മനുഷ്യരെ! അടിമകളിലെ ആറില്‍ ഒരാളും എത്തപ്പെട്ടത് അമേരിക്കയുടെ കൈകളിലായിരുന്നു. ബെനിന്‍ ഉള്‍ക്കടലില്‍ നിന്നായിരുന്നു അമേരിക്കയിലേക്കുള്ള അടിമക്കപ്പലുകളുടെ യാത്ര ആരംഭം എന്നാണ് ഡര്‍കിന്‍ പറയുന്നത്. സര്‍ ഹെന്റിയുടെ വിവരണം അക്കാലത്ത് ന്യൂയോര്‍ക്ക് ഹെറാള്‍ഡില്‍ വന്നിരുന്നതാണെങ്കിലും, തന്റെ പഠനത്തിന്റെ ഭാഗമായി കണ്ടെത്തിയൊരു സുപ്രധാന തെളിവാണിതെന്നും ഡര്‍കിന്‍ പറയുന്നതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അടിമത്വം അവസാനിപ്പിച്ചതിനുശേഷവും അടിമക്കപ്പലുകള്‍ അറ്റ്‌ലാന്റിക്കിലൂടെ വന്നുപോയിക്കൊണ്ടിരുന്നതിനെക്കുറിച്ച് പിന്നെയും ഊഹാപോഹങ്ങള്‍ പലതുമുണ്ടെങ്കിലും, മേല്‍പ്പറഞ്ഞ തെളിവുകള്‍ 1870-കള്‍ വരെ അടിമ വ്യാപാരം നടന്നിരുന്നുവെന്ന ക്യൂബന്‍ ചരിത്രകാരന്മാരുടെ കണ്ടെത്തലുകളെ സാധൂകരിക്കുന്നവയാണ് എന്നാണ് ഡര്‍കിന്‍ ചൂണ്ടിക്കാണിക്കുന്നത്.

അക്കാലത്തെ പത്രങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ചരിത്രകാരന്മാര്‍ക്ക് അത്തരം ഉറവിടങ്ങള്‍ പരിശോധിക്കുന്നതില്‍ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. 19 ആം നൂറ്റാണ്ടിലെ പത്രങ്ങള്‍ ഇപ്പോള്‍ ഡിജിറ്റലൈസ് ചെയ്തതുകൊണ്ടാണ് തനിക്ക് ആ തെളിവുകള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞതെന്നാണ് ഡര്‍കിന്‍ സമ്മതിക്കുന്നത്. ഡര്‍കിന്റെ ഇറങ്ങാനിരിക്കുന്ന പുസ്തകമായ ‘സര്‍വൈവേഴ്‌സ്; ദ ലോസ്റ്റ് സ്‌റ്റോറീസ് ഓഫ് ദ ലാസ്റ്റ് കാപ്റ്റീവ്‌സ് ഓഫ് ദ അറ്റ്‌ലാന്റിക് സ്ലേവ് ട്രേഡ്’-ലാണ് ഈ ഗവേഷണ പഠനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വില്യം കോളിന്‍സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം ജനുവരി 18 ന് പ്രകാശനം ചെയ്യും.

അറ്റ്‌ലാന്റിക് അടിമ വ്യാപാരത്തിന്റെ അവസാന കപ്പലായി കരുതപ്പെടുന്ന യു എസ് കപ്പല്‍ ക്ലോറ്റില്‍ഡ-യുടെ കഥയും പുസ്തകത്തില്‍ പറയുന്നുണ്ട്. ക്ലോറ്റില്‍ഡയിലുണ്ടായിരുന്ന 110 അടിമകളില്‍ ഭൂരിഭാഗത്തെയും തിരിച്ചറിയുകയും അവരുടെ പിന്‍ഗാമികളെ കണ്ടെത്താനും ആദ്യമായി ഡര്‍കിനാണ് സാധിച്ചതെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. അലബാമ തോട്ടത്തില്‍ പണിയെടുത്തിരുന്ന ആമി ഗ്രീന്‍വുഡ് ഫിലിപ്‌സ് എന്ന കൗമരക്കാരി അടിമയുടെ കൊച്ചുമകന്റെ 1984-ല്‍ എടുത്തൊരു പ്രസിദ്ധീകരിക്കപ്പെട്ടില്ലാത്തൊരു അഭിമുഖവും പുസ്‌കതത്തില്‍ ചേര്‍ത്തിട്ടുണ്ട്. പേഴ്‌സി ഫിലിപ് മറിനോ എന്നാണ് ആമിയുടെ കൊച്ചുമകന്റെ പേര്. അയാള്‍ ഡര്‍കിനോട് പറയുന്നത്, ഗ്രീന്‍ഫീല്‍ഡ് എന്നായിരുന്നു ആമിയുടെ ഉടമയുടെ പേര്, അയാളൊരു നല്ല മനുഷ്യനായിരുന്നു. പക്ഷേ, അയാള്‍ ആമിയെ മറ്റൊരു സംസ്ഥാനത്തുള്ള അജ്ഞാതരായ വേറെ ചില ഉടമകള്‍ക്ക് വിറ്റു. അവര്‍ ആമിയെ ക്രൂരമായി ഉപദ്രവിച്ചിരുന്നു. ഇതറിഞ്ഞ് ഗ്രീന്‍ഫീല്‍ഡ് ആമിയെ തിരികെ വാങ്ങിക്കുകയായിരുന്നു. പക്ഷേ, അപ്പോഴേക്കു പിന്നീടൊരിക്കലും ഉണങ്ങാത്തവിധം ആമിയുടെ കാലുകളില്‍ മര്‍ദ്ദനത്തിന്റെ വടുക്കള്‍ പതിഞ്ഞിരുന്നുവെന്നാണ്. മറ്റ് ചില കുടുംബങ്ങള്‍ തങ്ങളുടെ പൂര്‍വികര്‍ നേരിട്ടിരുന്ന ലൈംഗിക അടിമത്വങ്ങളെക്കുറിച്ചും ഡര്‍കിനോട് പറയുന്നുണ്ട്. അത്തരത്തിലൊരു വിവരണം ഡര്‍കിന്‍ കേട്ടത് 13 വയസില്‍ അടിമയാക്കപ്പെട്ട ഒരു പെണ്‍കുട്ടിയെ കുറിച്ചായിരുന്നു. അഫ്രിക്കന്‍-അമേരിക്കനായ പുരുഷന്മാര്‍ക്കൊപ്പവും തദ്ദേശിയരായ അമേരിക്കന്‍ പുരുഷന്മാരോടൊപ്പവും ലൈംഗികവേഴ്ച്ചയ്ക്ക് അവള്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നു, അതിലൂടെ അവള്‍ക്ക് കുട്ടികള്‍ ജനിക്കുകയും അവരെയും അടിമകളാക്കാനു വേണ്ടിയായിരുന്നു ആ പീഢനങ്ങള്‍.

‘ അടിമ കുട്ടികളെ’ സൃഷ്ടിക്കാന്‍ ഉടമകള്‍ ശ്രമിച്ചിരുന്നതുമായി ബന്ധപ്പെട്ട നിരവധി തെളിവുകള്‍ ഉണ്ടെന്നാണ് ഡര്‍കിന്‍ പറയുന്നത്. അത്തരം കുട്ടികള്‍ തങ്ങളെ കൂടുതല്‍ ധനികരാക്കാന്‍ സഹായിക്കുമെന്നായിരുന്നു ഉടമകളുടെ തന്ത്രം. ക്യൂബയിലെ പഞ്ചസാര തോട്ടങ്ങളിലായാലും അമേരിക്കയുടെ തെക്കന്‍ ഭാഗങ്ങളിലെ പരുത്തി തോട്ടങ്ങളിലായാലും നിലനിന്നിരുന്ന അടിമത്വം മനുഷ്യത്വരഹിതമായി നടന്നിരുന്ന പ്രാകൃതാവസ്ഥയായിരുന്നുവെന്നാണ് ഡര്‍കിന്‍ പറയുന്നത്. ഡര്‍കിന്റെ ഗവേഷണ കണ്ടെത്തല്‍ പ്രകാരം ക്ലോട്ടില്‍ഡ അതിജീവിതര്‍ ഇന്നത്തെ നൈജീരിയയുടെ തെക്ക്-പടിഞ്ഞാറന്‍ ഭാഗത്ത് നിന്നുള്ള യോറൂബ(നൈജീരയിലെ മൂന്നു പ്രധാന ഭാഷകളിലൊന്ന്) സംസാരിക്കുന്നവരായിരുന്നുവെന്നാണ്. ബെനിനിന്റെയും നൈജീരയുടെയും വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരായിരുന്നു അവരെന്ന മുന്‍ അവകാശവാദങ്ങളെ വെല്ലുവിളിക്കുന്നതാണ് ഡര്‍കിന്റെ പഠനങ്ങള്‍.

Share on

മറ്റുവാര്‍ത്തകള്‍