ദീപാവലി അടുത്തെത്താറായി. കുടുംബത്തോടൊപ്പം ആഘോഷങ്ങള്‍ക്കായി ഏല്ലാവരും തയ്യാറെടുക്കുകയാണ്. ദീപാവലി ആഘോഷിക്കാന്‍ പുറത്തെവിടെയെങ്കിലും പോകാന്‍ ഉദ്ദേശമുണ്ടോ? ദീപാവലി ആഘോഷിക്കുന്നവരുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളിലൊന്നായി ദുബായ് ഇപ്പോള്‍ മാറിയിരിക്കുകയാണ്. ഡെസേര്‍ട്ട് സഫാരി, ഷോപ്പിംഗ്, കുടുംബസമേതം പങ്കെടുക്കാവുന്ന വിവിധ പരിപാടികള്‍ എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ദുബായിലുണ്ട്.
സൂപ്പര്‍ഹീറോകളെ കണ്ടുമുട്ടാം
ലോകത്തെ ഏറ്റവും വലിയ താപനില നിയന്ത്രിത ഇന്‍ഡോര്‍ എന്റര്‍ടെയിന്മെന്റ് സെന്റര്‍ ആണ് ഐഎംജി വേള്‍ഡ്സ് ഓഫ് അഡ്വെഞ്ചര്‍. റോളര്‍കോസ്റ്ററുകള്‍, റൈഡുകള്‍, കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്കിലെ കഥാപാത്രങ്ങള്‍, മാര്‍വെല്‍ സൂപ്പര്‍ഹീറോകള്‍, ദിനോസറുകള്‍ തുടങ്ങിയവയെല്ലാം ഈ പാര്‍ക്കിലെ പ്രധാന ആകര്‍ഷണങ്ങളാണ്. ഒരു ദിവസം ശരാശരി 20,000 സന്ദര്‍ശകരാണ് ഇവിടെ എത്തുന്നത്. ഷോപ്പിംഗ് ചെയ്യാനും രുചിയേറിയതും വൈവിധ്യമുള്ളതുമായ ഭക്ഷണം കഴിക്കാനും ഇവിടെ അവസരമുണ്ട്.
റൈഡുകളും ഷോപ്പിംഗ് കേന്ദ്രങ്ങളും മാത്രമല്ല ലോകപ്രശസ്ത സൂപ്പര്‍ ഹീറോകളും കാര്‍ട്ടൂണുകളും മുഖ്യ തീം ആക്കിയ കുറെ മികച്ച റെസ്റ്റോറെന്റുകളും കഫേകളും ഇവിടെയുണ്ട്. പവര്‍പ്പഫ് ഗേള്‍സ് ഐസ് ക്രീം പാര്‍ലര്‍ മുതല്‍ ടോണീസ് സ്‌കൈഡെക്ക് വരെ സന്ദര്‍ശകരെ ആകര്‍ഷിക്കാനായി ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകും ഈ സ്ഥലങ്ങള്‍.
ബോളിവുഡ് പ്രേമികള്‍ക്ക്
ആക്ഷന്‍, അഡ്വെഞ്ചര്‍, റൊമാന്‍സ്, കോമഡി, സംഗീതം, നൃത്തം, ഭക്ഷണം തുടങ്ങിയ എല്ലാം ദുബായിലെ ബോളിവുഡ് പാര്‍ക്‌സിലുണ്ട്. എല്ലാം തന്നെ ബോളിവുഡ് സ്‌റ്റൈലിലാണ്. ദുബായ് ആണ് ലോകത്ത് ബോളിവുഡ് പ്രമേയം ആക്കി ആദ്യ പാര്‍ക്ക് ആരംഭിക്കുന്നത്. ലൈവ് സ്റ്റേജ് ഷോകളും, ആകര്‍ഷകമായ സിനിമാറ്റിക് റൈഡുകളും ഇവിടെയുണ്ട്.
1. രുചിയേറിയ പഞ്ചാബി വിഭവങ്ങള്‍ കഴിക്കാനായി സ്പൈസി ധാബയിലേക്ക് പോകാം. തന്തൂരി വിഭവങ്ങള്‍, കറികള്‍, പലതരം അച്ചാറുകള്‍ എന്നിവ ഇവിടെ കിട്ടും. കുടുംബമായി വന്നു ഭക്ഷണം കഴിക്കാന്‍ പറ്റിയ ഇടമാണിത്.
2. രാത്രിയിലെ ആകാശ കാഴ്ചകള്‍ ആസ്വദിച്ചു ഭക്ഷണം കഴിക്കാം: ദുബായിലെ ഏറ്റവും പ്രശസ്തമായ ഇടമാണ് ലാ മെര്‍. ബീച്ച് ഹട്ടുകള്‍, കടകള്‍, റെസ്റ്റോറെന്റുകള്‍ കൂടാതെ മറ്റു അനേകം പരിപാടികളും ഇവിടെയുണ്ട്. ഇന്ത്യന്‍ വിഭവങ്ങള്‍ ഇവിടെ സുലഭമാണ്. 130 റെസ്റ്റോറെന്റുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. രാത്രിയിലെ മനോഹരമായ ആകാശ കാഴ്ചകള്‍ ആസ്വദിച്ച് കുടുംബത്തോടൊപ്പം ഇവിടെ ഭക്ഷണം കഴിക്കാം.
ഇവ വിട്ടുപോകരുത്: മസ്തിയില്‍ ദീവാലി ഭക്ഷണം കഴിക്കാന്‍ മറക്കരുത്. ഒരുപാട് ഇന്ത്യന്‍ വിഭവങ്ങള്‍ ഇവിടെ ലഭ്യമാണ്. റെസ്റ്റോറെന്റിന്റെ മേല്‍ക്കൂരയില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. ഫാവ ബീന്‍ ചാറ്റ്, പനീര്‍ ലസാഗനെ, ബട്ടര്‍ ചിക്കന്‍ പിസാ അങ്ങനെ എല്ലാം ഇവിടെ ലഭ്യമാണ്.
ഓര്‍മ്മകള്‍ ചില്ലിട്ടുവെക്കാം
വ്യത്യസ്തമായ സെല്‍ഫി എടുക്കണമെങ്കില്‍ ദുബായ് ഫ്രെമിലേക്ക് പോകാം. കുടുംബത്തോടൊപ്പം ഒരു ഗംഭീര ചിത്രം നിങ്ങള്‍ക്ക് എടുക്കാവുന്നതാണ്. ജനുവരി 2018 -ലാണ് ഇത് പ്രവര്‍ത്തനം ആരംഭിച്ചത്. ഗ്ലാസ് ബ്രിഡ്ജ്, ദുബായുടെ 360 ഡിഗ്രി കാഴ്ച അങ്ങനെ ഒരുപാടുണ്ട് ഇവിടെ.
ദുബായ് ഫ്രെയിം നഗരത്തിന്റെ രണ്ട് വശങ്ങളാണ് കാണിക്കുന്നത്. പഴയ ദുബായിയും പുതിയ ദുബായിയും. വടക്ക് ഭാഗത്തേക്ക് പോകുന്നവര്‍ക്ക് പഴയ ദുബായ് കാണാം. പായ്കപ്പല്‍ കിടക്കുന്ന ദുബായ് ക്രീക്ക് വലിയ കടകളും ഇവിടെ ഉണ്ട്. തെക്ക് ഭാഗത്തേക്ക് പോയാല്‍ അംബരചുംബികളായ കെട്ടിടങ്ങള്‍, മിന്നി തിളങ്ങുന്ന കടലോരങ്ങള്‍ എന്നിവയുള്ള ആധുനിക ദുബായ് കാണാം. കുറെ സെല്‍ഫി ചിത്രങ്ങള്‍ നിങ്ങള്‍ക്ക് ഇവിടെ നിന്ന് എടുക്കാവുന്നതാണ്.
ഇവ വിട്ടുപോകരുത്: മുകളിലെ ഗാലറി സന്ദര്‍ശിക്കാന്‍ മറക്കരുത്. ഓഡിയോ വിഷ്വല്‍ പ്രദര്‍ശനങ്ങള്‍, നഗരത്തിന്റെ ചരിത്രം – എല്ലാം ഈ ഗാലറി സന്ദര്‍ശിച്ച് മനസിലാക്കാം.
ഗോള്‍ഡ് സൂക്കുകളില്‍ ഷോപ്പിംഗ് ചെയ്യാം
ലോകത്തെ ചില ആഡംബര മാളുകള്‍ ദുബായില്‍ ഉണ്ട്, അതുപോലെ തന്നെ ചില പഴയ ഷോപ്പിംഗ് മാര്‍ക്കറ്റുകളും ഇവിടെ കാണാം. സൂക്ക് (souk) എന്നാണ് ഇത് അറിയപ്പെടുന്നത്. സ്വര്‍ണം, സുഗന്ധവ്യജ്ഞന വസ്തുക്കള്‍ ആണ് ഇവിടെ പ്രധാനമായും ഉള്ളത്. അല്‍ റാസ് മെട്രോ സ്റ്റേഷനുകളുടെ അടുത്താണ് ഈ ഗോള്‍ഡ് സൂക്കുകള്‍. എമിറേറ്റിലുള്ള ഗോള്‍ഡ് സൂക്കിലും ഏറ്റവും കൂടുതല്‍ സ്വര്‍ണത്തിന്റെയും രത്‌നകല്ലുകളുടെയും ശേഖരമാണുള്ളത്.
ദുബായ് ഗവണ്‍മെന്റിന്റെ മേല്‍നോട്ടത്തിലാണ് ഇവിടുത്തെ എല്ലാം കടകളും. അതുകൊണ്ടു തന്നെ നിങ്ങള്‍ക്ക് ധൈര്യമായി സാധനങ്ങള്‍ വാങ്ങാവുന്നതാണ്.
ഇവ വിട്ടുപോകരുത്: ലോകത്തെ ഏറ്റവും വലിയ ഗോള്‍ഡ് റിങ്ങുള്ള ഗോള്‍ഡ് സൂക്ക്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് പ്രകാരം 21 ക്യാരറ്റുള്ള നജ്മത് തയിബ മോതിരത്തിന് 64 കിലോ ഭാരമുണ്ട്. അഞ്ചു ലക്ഷം ഡയമണ്ട്, അമൂല്യ രത്നങ്ങളും, 615 സ്വരോസ്‌കി ക്രിസ്റ്റലുകള്‍ കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.