ഈ വര്‍ഷം നിങ്ങള്‍ പുതിയ യാത്രകള്‍ ആസൂത്രണം ചെയ്യുന്നുണ്ടോ? എങ്കില്‍ ഈ സ്ഥലങ്ങള്‍ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തുക. ഈ വര്‍ഷം ഏഷ്യയില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട 10 സ്ഥലങ്ങളുടെ പട്ടികയാണ് ലോണ്‍ലി പ്ലാനറ്റ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് പശ്ചിമഘട്ടവും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
1. ബുസാന്‍
ദക്ഷിണ കൊറിയയിലെ ബുസാനാണ് പട്ടികയില്‍ ഒന്നാമത്. സിയോളിന്റെ പ്രശസ്തി മങ്ങിയതാണ് കടലും കുന്നുകളും അതിരിടുന്ന തുറമുഖ നഗരമായ ബുസാന്‍ മുന്നില്‍ എത്താന്‍ കാരണം.
2. ഉസ്‌ബെകിസ്ഥാന്‍
ഉസ്‌ബെകിസ്ഥാനാണ് രണ്ടാമത്. ആകര്‍ഷകമായ പള്ളികള്‍, സ്മാരകമണ്ഡപങ്ങള്‍, പൗരാണിക വ്യാപാര പാതയായ സില്‍ക്ക് റോഡ് എന്നിവ ഇവിടെ കാണാം. വ്യത്യസ്തമായ രുചിയേറിയ ഭക്ഷണങ്ങളും ഇവിടെ നിങ്ങള്‍ക്ക് പരീക്ഷിച്ചു നോക്കാവുന്നതാണ്.
3. ഹോ ചി മിന്‍ നഗരം, വിയറ്റ്നാം
സയ്ഗോണ്‍ എന്ന പേരിലും ഈ സ്ഥലം അറിയപ്പെടുന്നു. ചരിത്ര സമ്പന്നമായ ഒരു നഗരമാണ് ഹോ ചി മിന്‍. വിയറ്റ്നാം യുദ്ധത്തില്‍ ഒരു പ്രധാന പങ്ക് വഹിച്ച് ഒരു നഗരം കൂടിയാണ് ഇത്. ആധുനിക ഹോ ചി മിന് സിടീ വിയറ്റ്നാം സാമ്പത്തിക തലസ്ഥാനമായ, വ്യാപാരം, വാണിജ്യം, അതിന്റെ വ്യാവസായിക കേന്ദ്രമാണ്.
4. പശ്ചിമഘട്ടം, ഇന്ത്യ
ലോകത്തിലെ ജൈവ വൈവിധ്യ കേന്ദ്രങ്ങളുടെ പട്ടികയില്‍ യുനെസ്‌കോ പശ്ചിമഘട്ടത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആനകള്‍, കടുവകള്‍ തുടങ്ങി പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞികളുടെ വരെ കേന്ദ്രമാണ് പശ്ചിമഘട്ട മലനിരകള്‍. മാത്രമല്ല കാപ്പി, തേയില, സുഗന്ധവിള തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളുമൊക്കെ ഇവിടെയുണ്ട്.
5. നാഗസാക്കി, ജപ്പാന്‍
രണ്ടാം ലോകമഹായുദ്ധത്തില്‍ ആണവായുധം പ്രയോഗിച്ച രണ്ടാമത്തെ നഗരം നാഗസാക്കിയാണ്. അതുകൊണ്ട് നാഗസാക്കി എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം നമ്മുടെ മനസില്‍ ബോംബിന്റെ ചിത്രമാണ് വരുന്നത്. എന്നാല്‍ ഇപ്പോള്‍ അങ്ങനെ അല്ല. ഇന്ന് മ്യൂസിയങ്ങള്‍, പഴയ പള്ളികള്‍, ഹൈക്കിങ് പാതകള്‍, കുന്നുകള്‍ എന്നിവ കൊണ്ട് ആകര്‍ഷകമാണ് നാഗസാക്കി.
6. ചിയാങ് മൈ, തായ്‌ലാന്റ്
വടക്കന്‍ തായ്‌ലന്റിലെ ഏറ്റവും വലിയ നഗരമാണ് ചിയാങ് മൈ. ബുദ്ധമതത്തിന് പ്രാധാന്യമുള്ള പ്രദേശം ആയതിനാല്‍ നിരവധി ബുദ്ധക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്. ഒരു നല്ല വാണിജ്യകേന്ദ്രവും വിനോദ സഞ്ചാര കേന്ദ്രവുമാണ് ചിയാങ് മൈ.
7. ലുംബിനി, നേപ്പാള്‍
ബുദ്ധ ദേവന്റെ ജന്മ സ്ഥലമാണ് ലുംബിനി. 1997-മുതല്‍ ലുംബിനി യുനെസ്‌കോയുടെ ലോകപൈതൃക കേന്ദ്രങ്ങളില്‍ ഒന്നാണ്. നിരവധി ബുദ്ധമഠങ്ങളും ബുദ്ധക്ഷേത്രങ്ങളും ഇന്ന് ഇവിടെ കാണപ്പെടുന്നു.
8. അറുഗം ബേ, ശ്രീലങ്ക അറുഗം
ബീച്ച് പ്രേമികള്‍ക്ക് പറ്റിയ സ്ഥലമാണ് ശ്രീലങ്കയിലെ അറുഗം ബേ. ഏഷ്യയിലെ മികച്ച സര്‍ഫിങ് സ്പോട്ട് കൂടിയാണ് അറുഗം ബേ.
9. സിച്വാന്‍ പ്രവിശ്യ, ചൈന
വടക്കുപടിഞ്ഞാറന്‍ ചൈനയിലെ പര്‍വ്വത പ്രദേശമാണ് സിച്വാന്‍ പ്രവിശ്യ. പ്രാചീന ബുദ്ധ കേന്ദ്രം കൂടിയാണ് സിച്വാന്‍ പ്രവിശ്യ. ‘സ്വാദിഷ്ടമായ രുചിയാര്‍ന്ന ഭക്ഷണവും പാണ്ടകളുമാണ്’ ഇവിടുത്തെ പ്രത്യേകതയെന്ന് ലോണ്‍ലി പ്ലാനറ്റ് പറയുന്നു.
10. കൊമോഡോ നാഷണല്‍ പാര്‍ക്ക്, ഇന്തോനേഷ്യ
ലോകത്തെ ഏറ്റവും വലിയ കൊമോഡോ ഡ്രാഗണ്‍ ഇവിടെയുണ്ട്. ഇന്തോനേഷ്യയിലെ ലെസ്സെര്‍ സുന്ദ്ര ദ്വീപില്‍ സ്ഥിതിചെയ്യുന്ന ഒരു ദേശീയ ഉദ്യാനമാണ് കൊമോഡോ നാഷണല്‍ പാര്‍ക്ക്. കൊമോഡോ ഡ്രാഗണുകളുടെ സംരക്ഷണത്തിനായാണ് ഈ ദേശീയ ഉദ്യാനം സ്ഥാപിച്ചത്.