UPDATES

യാത്ര

യേര്‍ക്കാട്; പാവങ്ങളുടെ ഊട്ടി

സേലത്ത് നിന്ന് ഏകദേശം 32 കിലോമീറ്റര്‍ അകലെയാണ് യേര്‍ക്കാട്

                       

ഔദ്യോഗിക ആവശ്യത്തിനായി സേലത്ത് എത്തിപ്പെട്ടു. പനിയും പണിയും കുറച്ച് കൂടുതല്‍ ആയിരുന്നു ആദ്യ ദിവസം. പിറ്റേന്ന് പോകാമെന്ന് വച്ച യേര്‍ക്കാട് യാത്ര നടക്കുമോയെന്ന് തന്നെ സംശയമായിരുന്നു. അതിനിടയില്‍ അപ്രതീക്ഷീതമായി മീറ്റിംഗ് ഉച്ചക്ക് മുന്‍പേ അവസാനിച്ചു, പക്ഷെ വേറെ ഒരു കുഴപ്പം ഉണ്ടായി, പിറ്റേന്ന് അത്യാവശ്യമായി നാമക്കല്‍ വരെ ചെല്ലാമോ എന്ന് ഒരു ചോദ്യം ഉണര്‍ത്തി ഇവിടുള്ളവര്‍, സംഭവം ഔദ്യോഗികം ഒന്നും അല്ല, പക്ഷെ പണ്ടാരോ പറഞ്ഞ പോലെ വേണ്ടപ്പെട്ടവര്‍ കയ്യില്‍ കേറി പിടിക്കുമ്പോ നോ എന്ന് പറയാന്‍ എനിക്ക് വളരെ ബുദ്ധിമുട്ടാണ്. അപ്പൊ എന്റെ യേര്‍ക്കാട് യാത്ര സ്വാഹ ആകാന്‍ ചാന്‍സ് ഉണ്ട്. ഹൈദരാബാദ് നിന്ന് ഡയറക്ടര്‍ വിളിച്ച് സുഖാന്വേഷണം നടത്തിയപ്പോ എന്റെ പനിയും ചുമയും പുരണ്ട ശബ്ദം കേട്ട് അതിയാന്‍ ഇന്ന് നന്നായി റസ്റ്റ് എടുത്തോളാന്‍ പറഞ്ഞു. ബള്‍ബ് ചെറുതായി മിന്നി, എങ്കി ഇപ്പൊ തന്നെ വെച്ച് പിടിപ്പിച്ചേക്കാം യേര്‍ക്കാട്! ഡ്രസ് മാറി അടുത്ത ബസിന് കേറി സേലം ബസ് സ്റ്റാന്റിലേക്ക്…

പാവങ്ങളുടെ ഊട്ടി അതാണ് യേര്‍ക്കാട്. സേലത്ത് നിന്ന് ഏകദേശം 32 കിലോമീറ്റര്‍ ഉണ്ട് അവിടേക്ക്. ബസില്‍ കേറി 17 രൂപക്ക് ടിക്കറ്റ് എടുത്താല്‍ നമ്മള്‍ സ്ഥലത്ത് എത്തും. സേലത്ത് നിന്ന് ഏകദേശം 10 കിലോമീറ്റര്‍ കഴിയുമ്പോള്‍ മുതല്‍ കുന്നുകള്‍ അകലെ നിന്ന് ദൃശ്യമായി തുടങ്ങും. ഹെയര്‍പിന്‍ വളവുകള്‍ നിറഞ്ഞ റോഡ്, 22 ഹെയര്‍പിന്‍ ഉണ്ട്. ഹെയര്‍പിന്‍ തുടങ്ങുന്നതിനു മുന്‍പുള്ള റോഡും അരികിലുള്ള കാഴ്ചകളും മനോഹരം തന്നെ, ചെങ്കുത്തായ ഒരു വശം, തൊലിയുരിഞ്ഞ് നില്‍ക്കുന്ന മരങ്ങള്‍, ശിശിരം കുരങ്ങന്‍മാരോടും എന്തോ ചെയ്‌തെന്നു തോന്നുന്നു, അവരില്‍ നിരാശമായ മുഖഭാവം ആണ് കണ്ടത്. ഞാന്‍ യെര്‍ക്കാട് എത്തി, ഒരു ചെറിയ ടൗണ്‍ഷിപ്പ് ഉണ്ടവിടെ. ടൗണിന്റെ മധ്യത്തിലായി ഒരു തടാകം. അവിടെ ബോട്ട് സൗകര്യം ഉണ്ട്, എങ്കില്‍ ഒന്ന് സവാരിച്ചേക്കാം എന്ന് കരുതി.


കഴിഞ്ഞ തവണ നന്ദി ഹില്‍സില്‍ പോയപ്പോള്‍ തോന്നിയ അതേ വികാരം, ഈ ലോകം ഇരട്ടകളുടെതാണ്. ഒറ്റക്ക് ബോട്ടില്‍ ചവിട്ടി പോകാനോ തുഴഞ്ഞു പോകാനോ പറ്റില്ലത്രേ. എന്താണ് ലഭ്യം എന്ന് അറിയിക്കുക, അടിയന്‍… എന്ന ഭാവത്തില്‍ നിന്നപ്പോള്‍ അവര്‍ മൊഴിഞ്ഞു- ‘ഒരാള്‍ തോണി തുഴഞ്ഞു തരും, അതില്‍ വേണേല്‍ കേറി പൊയ്‌ക്കോ’ എന്ന്. ടിക്കറ്റും എടുത്ത് തോണിയില്‍ കയറാന്‍ യാത്രയായി ഞാന്‍. ആളുകള്‍ നിറയെ ഇല്ലെങ്കിലും കുറച്ച് ഉണ്ട് തടാകത്തിലും കരയിലും. എന്റെ തുഴച്ചില്‍കാരന്‍ വന്നു, കാര്‍ത്തിക് എന്നാണ് പേര്, 50 രൂപ കൂടുതല്‍ കൊടുത്താല്‍ കൂടുതല്‍ ദൂരം തുഴയാം എന്ന പുള്ളിയുടെ വാഗ്ദാനത്തില്‍ ഞാന്‍ വീണു കൊടുത്തു. സ്പീഡ് ബോട്ടുകള്‍ അരികിലൂടെ പാഞ്ഞ് പോകുമ്പോള്‍ ഉയരുന്ന ഓളത്തില്‍ ഉലയുന്ന വഞ്ചി, അത് അല്‍പം രസമായി തോന്നി എനിക്ക്. ബോട്ട് യാത്ര കഴിഞ്ഞു പുറത്തേക്ക് ഇറങ്ങി. തൊട്ടടുത്ത് തന്നെ ഡിയര്‍ പാര്‍ക്ക് ഉണ്ട് പക്ഷെ കേറിയില്ല, എനിക്ക് സമയം വളരെ കുറവാണ്. ഇനി അല്പം കാഴ്ചകള്‍ കാണാന്‍ പോകണം.

പ്രസിദ്ധമായ ഇടങ്ങള്‍ ലേഡീസ് സീറ്റ്, ജെന്റ്‌സ് സീറ്റ്, ചില്‍ഡ്രന്‍സ് സീറ്റ് എന്നീ വ്യൂ പോയിന്റുകള്‍ ആണ്, ഇവിടെ നിന്നാല്‍ ഇപ്പറയുന്ന ആകൃതിയില്‍ മലകളുടെ ദൃശ്യം ലഭ്യം ആകുന്നതു കൊണ്ടാണ് ഈ പേരിട്ടതെന്നു പറയപ്പെടുന്നു. ആദ്യം ഞാന്‍ പോയത് ചില്‍ഡ്രന്‍സ് സീറ്റ് വ്യൂ കാണാനാണ്. 3 കിലോ മീറ്റര്‍ ദൂരം മാത്രമേയുള്ളൂ തടാകത്തില്‍ നിന്ന് അവിടേക്ക്, പക്ഷെ ഓട്ടോയില്‍ പോകുകയാണെങ്കില്‍ 150 രൂപ കൊടുക്കണം. നടക്കാന്‍ ആരോഗ്യം അപ്പോള്‍ അനുവദിച്ചില്ല, അതുകൊണ്ട് ഓട്ടോയില്‍ പോകാമെന്ന് തന്നെ വെച്ചു. തിരിച്ച് വരാന്‍ നേരം വിളിച്ചാല്‍ മതി എന്ന് ഡ്രൈവര്‍ പറഞ്ഞു. അതിനു അടുത്ത് തന്നെ റോസ് ഗാര്‍ഡന്‍, സില്‍ക്ക് ഫാം എന്നിവ ഉണ്ട്. കാഴ്ചകള്‍ കണ്ടു നടന്നു. തിരക്ക് വളരെ കുറവായി തോന്നി. ലേഡീസ് സീറ്റ് വ്യൂ പോയിന്റില്‍ നിന്നാല്‍ സേലം നഗരം മുഴുവന്‍ കാണാം. രാത്രി കാണാന്‍ വളരെ ഭംഗിയുണ്ട്. ജെന്റ്‌സ് സീറ്റ് അരികെ ഒരു ചെറിയ കടയുണ്ട്. അവിടെ കപ്പലണ്ടി പുഴുങ്ങിയത് കണ്ടപ്പോള്‍ ഒരു രസം തോന്നിയെങ്കിലും വാങ്ങിയില്ല. പനി ഉള്ളത് കൊണ്ട് വായുടെ രുചി പോയിരിക്കുന്നു.


ഏഴു മണി ആയപ്പോഴേക്കും നല്ല ഇരുട്ടായി, ആളുകള്‍ കുറഞ്ഞു തുടങ്ങിയിരുന്നു. എനിക്ക് പിന്നെ പ്രത്യേകിച്ച് വേറെ പണി ഇല്ലാത്തത് കൊണ്ട് മഞ്ഞു മൂടിയ വഴികളിലൂടെ ഞാന്‍ എങ്ങോട്ടെന്ന് അറിയാതെ അവിടേക്കും ഇവിടേക്കും നടന്നു. പനി പക്ഷെ എന്നെ ചെറുതായി അലട്ടുന്നുണ്ടായിരുന്നു. തിരികെ നടന്നു ഞാന്‍ വന്ന വഴി നോക്കിയപ്പോള്‍ ആരെയും കാണുന്നില്ല. തിരിച്ചു പോരാന്‍ ഓട്ടോ ഡ്രൈവറെ വിളിച്ചെങ്കിലും പുള്ളി ഫോണ്‍ എടുക്കുന്നില്ല. ഇനി നടക്കുക തന്നെ ശരണം. ചെറുതായി പേടി തോന്നി, ഇരുട്ടില്‍ ആ വഴിയിലൂടെ, കണ്ണ് മൂടുന്ന മഞ്ഞില്‍ ഒറ്റക്ക് നടന്നപ്പോള്‍, ഇരുട്ടില്‍ നിന്ന് ആരൊക്കെയോ തുറിച്ചു നോക്കുന്നത് പോലെ, ആരോ പുറകെ നടക്കുന്നത് പോലെ. വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടുന്നതാണ് എന്ന് ഞാന്‍ എന്നെ തന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. തിരികെ പോകാന്‍ നടക്കുക അല്ലാതെ വേറെ ഒരു വഴിയില്ലലോ. ഇടക്ക് ചെറിയ വീടുകള്‍ കാണാം ആശ്വാസത്തിന്. ടൗണില്‍ എത്തി, ഒരു ബസ് കിട്ടി, സീറ്റ് ഇല്ലെങ്കിലും കേറി അതില്‍. അങ്ങനെ ഇന്നത്തെ ഒരു ദിവസം പൂര്‍ത്തിയാകുന്നു. ഭാഗ്യവശാല്‍ പനി കഴിഞ്ഞ ദിവസത്തെ പോലെ തന്നെ പിറ്റേന്നും കൂടെയുണ്ടായിരുന്നു..

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ശ്രീനാഥ് പുത്തന്‍പുരയ്ക്കല്‍

ശ്രീനാഥ് പുത്തന്‍പുരയ്ക്കല്‍

യാത്രികന്‍, ഹൈദരാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആറ് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലായി നടക്കുന്ന അനാഥരായ കുട്ടികളോടൊപ്പമുള്ള ഒരു പാര്‍ട്ടിസിപ്പേറ്ററി ആക്ഷന്‍ റിസര്‍ച്ച് ടീമിന്റെ കോ-ഓര്‍ഡിനേറ്റര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍