വീട് പണി തുടങ്ങിയപ്പോള്‍ തന്നെ വീടിനു ചുറ്റും ബാക്കിയായ സ്ഥലത്ത് പറ്റുന്നത്ര വൃക്ഷത്തൈകള്‍ തട്ടു.
കുറെക്കുറെ തെങ്ങുകള്‍, ഒരു ചാമ്പ, ഒരു മുരിങ്ങ (ഒന്നിലധികം വച്ചിരുന്നു – ഒന്ന് മാത്രം പിടിച്ചു നിന്നു ) മൂന്ന് മാവ്, ഇരുമ്പന്‍ പുളികള്‍ -അങ്ങനെങ്ങനെ.
അതില്‍ മുരിങ്ങ മരം അടുക്കള ജനാലയ്ക്ക് വെളിയില്‍ കൈയ്യെത്തും ദൂരത്ത് എന്ന മട്ടിലായിരുന്നു. ആവശ്യം വരുമ്പോള്‍ ആവശ്യമുള്ളത്ര മാത്രം പറിച്ചെടുക്കാന്‍ പറ്റുക എന്നൊരു സാധ്യതയിലായിരുന്നു അതിന്റെ സ്ഥാനം. പക്ഷെ വളര്‍ന്നു തുടങ്ങിയപ്പോള്‍ അത് ആകാശത്തെ തൊടാനാണെന്ന മട്ടില്‍ വളര്‍ന്നു പൊങ്ങി. ശിഖരങ്ങള്‍ എല്ലാം ജനാലയില്‍ നിന്നും ഏറെ ഉയരത്തിലായി.
ഒരു അവധിക്കാലത്ത് അത്രയ്ക്കങ്ങു വളരേണ്ട നീയെന്ന് പറഞ്ഞ് അതിന്റെ നല്ല ശിഖരങ്ങള്‍ നിര്‍ത്തി ബാക്കി വെട്ടിക്കളഞ്ഞു. മേലേക്കുള്ള വളര്‍ച്ച തുടര്‍ന്നെങ്കിലും പ്രതിഷേധ സൂചകമായാവണം, പിറ്റേ വര്‍ഷം അത് കായ്ച്ചു. ഞങ്ങള്‍ ചെല്ലും മുന്നേ അവസാന കായും മുതിര്‍ന്ന് ഉപയോഗശൂന്യമായി നിന്നു.
തെങ്ങുകള്‍ ആവട്ടെ കൃത്യവും ആവശ്യമുള്ളതുമായ അകലത്തില്‍ നടാഞ്ഞതിനാല്‍ വേരുകളും ഇലകളും തമ്മില്‍ വിരല്‍ കോര്‍ത്തും പരസ്പര സ്‌നേഹത്തിന്റെ അടയാളം കണക്കെ ഒന്ന് മറ്റൊന്നിലേക്ക് ചാഞ്ഞും ചരിഞ്ഞും നിന്നു .
ആരും കായ്ക്കാന്‍ തയ്യാറായില്ല. കായ്ച്ചു കാണിക്കാന്‍ വീട്ടുകാര്‍ സ്ഥലത്തില്ലാഞ്ഞതിനാല്‍ ആണെന്ന് ഇപ്പോള്‍ തോന്നുന്നു. കുട്ടികള്‍ വീട്ടില്‍ സ്ഥിരമായി തിരികെ എത്തിയ വര്‍ഷം ആദ്യത്തെ തെങ്ങു കായ്ച്ചു. പിന്നാലെ രണ്ടാമത്തെ തെങ്ങും. ഭാഗ്യമോ നിര്‍ഭാഗ്യമോ, തെങ്ങുകളുടെ പ്രതിഷേധമോ ഒരു തേങ്ങ (കരിക്കു) പോലും എന്റെ അവധിക്കാലങ്ങളില്‍ പറിക്കുവാന്‍ പാകമായിട്ടില്ല.
ചാമ്പയും കഴിഞ്ഞ വര്‍ഷമാണ് കായ്ച്ചത്. അവരില്‍ ചിലര്‍ കഴിഞ്ഞ അവധിക്കാലത്ത് മക്കള്‍ക്കൊപ്പം കടല്‍ കടന്നു വന്നു. മാവുകള്‍ ആവട്ടെ തളര്‍ന്നും പരിരക്ഷകളോട് പ്രതിഷേധിച്ചും നില്‍ക്കുന്നു.
കഴിഞ്ഞ വര്‍ഷമാണ് എന്ന് തോന്നുന്നു. ഇ. സന്തോഷ് കുമാറിന്റെ ‘നാരകങ്ങളുടെ ഉപമ’ എന്ന കഥ വായിക്കുമ്പോള്‍ അതിലെ ഒരു ചോദ്യവും അതിന്റെ ഉത്തരവും കായ്ക്കാത്ത മരങ്ങളോട് ഉള്ള, ജീവിതത്തോടും മനുഷ്യരോടുമുള്ള എന്റെ മനോഭാവത്തെ ചെറുതായി ഒന്ന് മാറ്റി എന്ന് പറയാതെ വയ്യ.
നാരകങ്ങളുടെ ഉപമ എന്ന കഥയിലെ നായകന്‍ നട്ട ഏതാനും ഓറഞ്ചു കുരുക്കളില്‍ നിന്ന് വളരാന്‍ ഭാഗ്യം ലഭിച്ച ഒരു നാരകം ഒരില, രണ്ടില എന്നിങ്ങനെ മെല്ലെ ധ്യാനിച്ച് ധ്യാനിച്ച് വളര്‍ന്നു വരുന്നത് കണ്ട ഒരാള്‍ പറയുകയാണ് – അതിനെ പറിച്ചു കളഞ്ഞ് ഒട്ടു ചെടികള്‍ വച്ചാല്‍ നാലോ അഞ്ചോ വര്‍ഷത്തില്‍ കായ്ഫലം കിട്ടും.
നായകന്‍ / എഴുത്തുകാരന്‍ – എല്ലാ മരങ്ങളും നമ്മുടെ ജീവിതകാലത്തു തന്നെ കായ്ക്കണം എന്ന് എന്താണിത്ര വാശി?
ആ നാരകം ആദ്യം കായ്ച്ച വേളയില്‍ അയാള്‍ ആ കുരുക്കള്‍ യാദൃശ്ചികമായി തന്റെ കയ്യിലെത്താന്‍ (അതോ നിയോഗമോ) കാരണമായ തമാനെയെ ഓര്‍ക്കുകയാണ്.
ഒരു ബസ്സില്‍ വച്ച് വലത്തെ കയ്യില്‍ ആറു വിരലുകള്‍ ഉള്ള തമാനെ ( എന്റെ ഒരു സുഹൃത്തിനു തള്ള വിരലോടു ചേര്‍ന്നായിരുന്നു ആറാം വിരല്‍, ഹൃതിക് റോഷന് ഒരു കയ്യില്‍ ആറു വിരല്‍ ഉണ്ട് എന്നത് കുട്ടികള്‍ക്ക് അത്ഭുതകരമായ കണ്ടെത്തലായിരുന്നു.) കഴിഞ്ഞ കാലങ്ങളെ ചില സ്ഥലങ്ങളില്‍ നിന്നും കുഴിച്ചെടുക്കുന്ന പണിയില്‍ നിന്ന് വിരമിച്ചു വരുന്ന വഴിക്കാണ് കാണുന്നത്. ഒന്നും അടക്കം ചെയ്യാനല്ല, എന്നാല്‍ കാലങ്ങളെ തിരിച്ചെടുക്കുന്നതിനായി കുഴി വെട്ടുന്ന പണി. പതിയെ പതിയെ ഓരോ ഇഞ്ചും ക്ഷമയോടെ കണ്ടെടുക്കുന്ന അയാളെ സംബന്ധിച്ച് എല്ലായിടത്തും നിര്‍ത്തുന്നതു കാരണം വളരെ പതിയെ പോകുന്നതായി നായകന് തോന്നുന്ന ബസ്സിന്റെ സഞ്ചാരം പോലും വേഗത്തിലാണ്. അയാളുടെ മണ്ണിനടിയിലേക്കുള്ള ഓരോ അടിയും നൂറ്റാണ്ടുകളിലേക്ക് ഉള്ള യാത്രയാവുന്നത് സ്വാഭാവികം.
ഭൂതകാലത്തോട് കാമുകിയോട് എന്നവണ്ണം കരുതല്‍ കാട്ടേണ്ട അയാളുടെ തൊഴില്‍ ജീവിതത്തില്‍ ( ആ ജീവിതം അയാളെ ഭാര്യയെ കെട്ടിപ്പിടിക്കുന്നതു പോലും ഉടഞ്ഞു പോകുമോ എന്ന ഭയത്തില്‍ അത്രയേറെ പതിയെയാണ്) ഒരിക്കല്‍ അയാള്‍ ഒരു വലിയ മണ്‍ഭരണിയില്‍ ഇരുത്തിയ നിലയില്‍ കണ്ടെത്തുന്ന ഒരാളുടെ അസ്ഥികൂടത്തിന്റെ വലതു കയ്യിലും ആറു വിരലുകളാണ്. ആ ഭരണിയാവട്ടെ മറ്റാര്‍ക്കും പിടികൊടുക്കാതെ അയാള്‍ കണ്ടെത്താനെന്ന മട്ടില്‍ കാത്തിരിക്കുകയാണ്.
ആ കണ്ടെത്തല്‍ അയാളിലെ ആറു വിരല്‍ എന്ന അസ്വാഭാവികതയുടെ അലോസരപ്പെടുത്തലില്‍ നിന്ന് മുക്തനാക്കുകയാണ്. ഒരാള്‍ക്ക് മറ്റൊരാളില്‍ നിന്ന് വ്യത്യസ്തനായിരിക്കാമെന്നും വ്യത്യസ്തനായി ജീവിക്കാമെന്നും വ്യത്യസ്തനായി മരിക്കാമെന്നും ഉള്ള തിരിച്ചറിവാണ് അയാള്‍ക്ക് ആ അനുഭവം സമ്മാനിക്കുന്നത്. കായ്ക്കാത്ത, സ്വാഭാവികമായി വളരാത്ത ഒരു നാരകം പോലെ ആണ് ഓരോ മനുഷ്യനും.
ഓരോ മനുഷ്യനും / വൃക്ഷത്തിനും പക്വമാകാന്‍ അതിന്റേതായ കാലം വേണം എന്ന തിരിച്ചറിവാണ് തമാനെ പങ്കു വയ്ക്കുന്നത്. സമയത്തെ പറ്റിയുള്ള ചിന്ത ഭൂമിയില്‍ ഹൃസ്വകാലം മാത്രം ജീവിച്ചിരുന്നു എന്നു തോന്നുന്നവരുടെ പ്രശ്നമാണ്. ചെറിയ ദൂരം ഓടുന്നവരുടെ പ്രശ്‌നങ്ങള്‍. ഓട്ടം ഒരു തുടര്‍ച്ചയാണെന്നും അഥവാ ഒരാള്‍ വീണ ഇടത്തു നിന്നും തുടര്‍ന്ന് മറ്റൊരാള്‍ ഓടുന്നു എന്ന് കരുതിയാല്‍ തീരുന്ന പ്രശ്നമേ സമയത്തെ പറ്റി വ്യാകുല പെടുന്നവര്‍ക്കുള്ളൂ .എത്ര സത്യം ല്ലേ?
ആനന്ദിന്റെ ഫിക്ഷനുകളും നോണ്‍ ഫിക്ഷനുകളും ഇഷ്ടപ്പെടുന്ന ഒരാളാണ് വായനക്കാരന്‍. സന്തോഷ് കുമാര്‍ ഈ കഥയില്‍ ആനന്ദ് തന്റെ കഥകളില്‍ പുലര്‍ത്തുന്ന എഴുത്തില്‍ എഴുത്തുകാരന്‍ പുലര്‍ത്തുന്ന നിര്‍മമത്വവും ഉന്നതമായ ജീവിത വീക്ഷണവും വായിക്കാനാവുന്നു. നീണ്ട എഴുത്തു ജീവിതത്തില്‍ വൈകി മാത്രം ശ്രദ്ധിക്കപ്പെടുകയും വളരെ കുറച്ച് മാത്രം ആഘോഷിക്കപ്പെടുകയും ചെയ്യുന്ന രണ്ട് എഴുത്തുകാരുടെ സമാനതയോര്‍ക്കുന്നു.
ഒരു അവധിക്കാലത്ത് ഒരു അടുത്ത ചങ്ങാതി ശബരിമലക്ക് അടുത്ത് വനത്തോട് ചേര്‍ന്ന ഒരിടത്തേക്ക് ഒരു യാത്ര പോകാന്‍ വിളിച്ചു. അവിടെ അവനു ഏറെ വിശ്വാസമുള്ള ഒരു വൈദ്യന്‍ ഉണ്ട്. ഒരു കുടിയേറ്റ കൃസ്ത്യന്‍ കര്‍ഷകനെ വൈദ്യന്‍. എന്തൊക്കെയോ പ്രത്യേകതരം എണ്ണകള്‍ നിര്‍മ്മിച്ച് കൊടുത്തു. എല്ലാം അച്ചിട്ടായി ഫലിച്ചു.അവന്‍ അയാളുടെ ആരാധകനായി.
വൈദ്യരുടെ താമസം വനത്തോട് അടുത്ത ഒരിടത്താണ് ഒരു അരുവി കടന്നു വേണം വീട്ടിലെക്ക് കയറാന്‍.
വഴിയില്‍ മരങ്ങള്‍ വീണു കിടപ്പുണ്ട്. .വീടെന്നു ഒന്നും പറയാനില്ല. അങ്ങനെ വീട് വെയ്ക്കാന്‍ ഫോറെസ്റ്റ് ആപ്പീസര്‍മാര്‍ അനുവദിക്കില്ല.
ഭാര്യയും അയാളും മാത്രം. കൂടെ ഒരു പട്ടി . അതിന്റെ മൂന്നു കുഞ്ഞുങ്ങള്‍. ആടുകള്‍. അയല്‍ക്കാരായി ഒരു വീട് മാത്രം. ബാക്കി മൂന്ന് അതിരും വനമാണ്. അയല്‍ക്കാരുമായി അത്ര അടുപ്പത്തിലല്ല, അതിരിന്റെതായ ചില പ്രശ്‌നങ്ങള്‍.
മൊത്തത്തില്‍ ഒരു പത്മരാജന്‍-ഭരതന്‍ മൂവിയുടെ കളര്‍ ടോണ്‍ .ഒരു പ്രത്യേക നിറം.
വൈദ്യനെ കണ്ടു. മരുന്ന് റെഡിയല്ല . പുള്ളിക്ക് കുറച്ചു കൂടി പൈസ വേണം, അത് കൊടുത്തു. കൂട്ടത്തില്‍ അയാള്‍ക്കായി കരുതിയ ഒരു കുപ്പിയും..
-തിരികെ വരുമ്പോള്‍ ഞാന്‍ പറഞ്ഞു: കുറച്ചു സ്ഥലം വാങ്ങി തങ്ങാന്‍ തോന്നുന്നു. ഇടയ്ക്ക് മൊബൈല്‍ ഒന്നുമില്ലാത്ത ഒരിടത്തേക്ക് ഒളിച്ചോടാമല്ലോ.
അടുത്ത അവധിക്കാലത്ത് ഒരു വൈകുന്നേരം അരണ്ട വെളിച്ചത്തില്‍ ചില തമാശകള്‍ പറഞ്ഞിരിക്കുന്ന മൂഡില്‍ ചങ്ങാതിയോടു വൈദ്യരെ പറ്റി ചോദിച്ചു.
ആ സ്ഥലവും യാത്രയും ഒരു കഥപറയാനുള്ള എന്തോ ചിന്ത അവശേഷിപ്പിച്ചിരുന്നു.
‘ഓ വൈദ്യന്‍ ആത്മഹത്യ ചെയ്തു. മദ്യത്തില്‍ വിഷം കലര്‍ത്തിയായിരുന്നു. ആ മുടിഞ്ഞോന്‍ മരിക്കുന്നതിന് മുന്നേ എനിക്ക് ഫോണ്‍ ചെയ്തു. ആ മരുന്ന് റെഡിയാണെന്നും വന്നു കൊണ്ട് പോകണമെന്നും പറഞ്ഞു. അയാള്‍ ആ ഫോണില്‍ നിന്ന് അവസാനമായി വിളിക്കുന്നത് എന്നെയാണ്’
– ഓ, ആരെങ്കിലും എന്തെങ്കിലും സംശയം ഉന്നയിച്ചെങ്കില്‍ നീ കുറെ പോലീസ് സ്റ്റേഷന്‍ കയറേണ്ടി വരുമായിരുന്നു ല്ലേ?
വീണ്ടും ഭാവനയുടെ മറ്റൊരു അറ തുറന്നതായി തോന്നി. ഞങ്ങളതേ പറ്റി പല കഥകള്‍ സങ്കല്‍പ്പിച്ച് ആ സന്ധ്യ നിറച്ചു.
ഏതാണ്ട് അതെ കാലത്താണ് ഇ. സന്തോഷ് കുമാറിന്റെ ‘പരുന്ത്’ വായിക്കുന്നത്.കുരിയാക്കൂ എന്ന ആളെ ഭൂമി ഏല്‍പ്പിക്കാന്‍ പോവുന്ന നായകന്‍ ചെന്നെത്തുന്ന ഇടം എന്നെ വൈദ്യരിലേക്ക് ഉള്ള യാത്രയെ ഓര്‍മ്മിപ്പിക്കുന്നു. പരുന്ത് പറയുന്നത് മറ്റൊരു കഥയാണ്.
ചില വരികള്‍ അന്ന് വായിച്ചത് ഇപ്പോഴും അതെ കാഴ്ചകളുടെ അനുഭവം പങ്കുവെയ്ക്കുന്നു.
– അപ്പോള്‍ മലമുകളില്‍ നിന്നും ഒരു വരണ്ട കാറ്റ് താഴേക്കു വീശി. വൃക്ഷത്തിന്റെ ഇലകള്‍ താല്‍പര്യമില്ലാത്ത മട്ടില്‍ ഒന്നനങ്ങി നിശ്ചലമാവുകയും ചെയ്തു.
ആടുകളോട് അധികാരം കാണിക്കുന്ന ജിമ്മി എന്ന പട്ടി , നടക്കുന്നതല്ലാതെ ഭൂമിയില്‍ നിന്ന് പുല്ലു തിന്നാത്ത ആടുകള്‍, പാവം മനുഷ്യരോട് അധികാരം കാണുക അധികാരികള്‍, മകന്റെ പേരായ വിന്നി എന്ന് പേരില്‍ വളര്‍ത്തുന്ന സ്വന്തം പ്രതിബിംബത്തെ മാത്രം നോക്കിയിരിക്കുന്ന പരുന്ത് തുടങ്ങിവരുടെ ഇടമാണ് കുരിയാക്കൂവിന്റെ ജീവിത പരിസരം. താങ്ങളെ തിരിച്ചറിയാത്ത നാര്‍സിസ്റ്റുകള്‍ എങ്ങനെയാണ് നിര്‍മ്മിക്കപ്പെടുന്നതെന്നും ആ നിര്‍മ്മിതികളെ മറികടക്കുന്നവരെ അധികാരം എങ്ങനെയാണ് നിശ്ശബ്ദരാക്കുന്നത് എന്നും പരുന്ത് പറയുന്നു. പല അടരുകളില്‍ വായിക്കാനാവുന്ന രാഷ്ട്രീയ കഥയാണ് പരുന്ത്.
നാരകങ്ങളുടെ ഉപമ, പരുന്ത്, വാവ, രാമന്‍-രാഘവന്‍, പണയം , സിനിമ പറുദീസ തുടങ്ങിയ ആറു കഥകളാണ് നാരകങ്ങളുടെ ഉപമ എന്ന സമാഹാരത്തിലുള്ളത്.