UPDATES

വായന/സംസ്കാരം

ഓർമ്മയുടെ ഇന്ദ്രിയം കണ്ണായിത്തീർന്നാൽ അതെങ്ങനെയിരിയ്ക്കും; പ്രളയവും കടന്നതിനൊരു മുഖമൊഴി

കാർത്തികേയന്റെ ലോകം പക്ഷേ, അത്തരം അധികാരത്തിന്റെ വ്യാപനം അടയാളപ്പെടുത്തുന്ന പ്രവിശ്യ അല്ല. മറിച്ച് അത് ഋതുക്കളുടെ അധികാരം അടയാളപ്പെടുത്തുന്ന ഇടരാശിയാണ്.

                       

ഒക്ടാവിയോ പാസിനെ അനുകരിച്ച് പറഞ്ഞാൽ ” ഒരു ഭൂമിയും രണ്ടു ലോകങ്ങളും ” ആണ് കാർത്തികേയന്റെ പ്രമേയം. സ്ഥലവും ഇടവും .ഭൂമി എന്നാൽ സർവ്വേ നമ്പർ കൊണ്ട് അടയാളപ്പെടുത്താനാകാത്ത , വില്ലേജ് ,താലൂക്ക് ,ജില്ലകളില്ലാത്ത ഒരു തുടർച്ചയാണ്. ദേശ രാഷ്ട്രങ്ങൾക്ക് പിടിച്ചു വയ്ക്കാൻ കഴിയാത്ത ഒന്ന്. ലോകം എന്നാൽ അധികാരത്തിന്റെ അതിർത്തികൾക്ക് മറ്റെന്തിനേക്കാളും ശക്തിയുള്ള ഇടമാണ്. ഗ്രാമം എന്നാൽ അതിർത്തിയാണ്. രാജ്യം എന്നാൽ അതിർത്തിയാണ്.

കാർത്തികേയന്റെ ലോകം പക്ഷേ, അത്തരം അധികാരത്തിന്റെ വ്യാപനം അടയാളപ്പെടുത്തുന്ന പ്രവിശ്യ അല്ല. മറിച്ച് അത് ഋതുക്കളുടെ അധികാരം അടയാളപ്പെടുത്തുന്ന ഇടരാശിയാണ്. കേരളം , ഋതുക്കളുടെ അടിസ്ഥാനത്തിൽ രണ്ടായ് പിളർക്കപ്പെട്ട ഇടം ആണ് എന്നത് വെറുതെ പറഞ്ഞു പോകേണ്ട ഒന്നല്ലെന്ന് 2018 കാണിച്ചു തന്നു. ജലം കേരളത്തെ ഭരിച്ച ആ നാളുകളെ തന്റെ നാട്ടിൽ നിന്ന് ഓർക്കുകയാണ് കാർത്തികേയൻ . ഓർമ്മയുടെ ഇന്ദ്രിയം കണ്ണായിത്തീർന്നാൽ അതെങ്ങനെയിരിയ്ക്കും എന്നതിന് ഒരു ഉദാഹരണപ്പുസ്തകം ആണിത്

ഒരേ ഇടം ജലത്തിന്റേയും വെയിലിന്റേയും പിടിയിൽ കാണപ്പെടുമ്പോൾ ,എങ്ങനെ വ്യത്യാസപ്പെടുന്നു എന്ന കുട്ടിക്കൗതുകത്തിൽ നിന്നല്ല ,ഇത് ” വായിക്കേണ്ട “ത് . ഋതുക്കളുടെ ജംപ് കട്ടിനിടയ്ക്ക് മനുഷ്യൻ ഉൾപ്പെടെയുള്ള ജീവി കുലത്തിന്റെ സഹനം ഉണ്ട്. ഭൂമിശ്ശാസ്ത്രത്തിന്റെ പരിണാമം ഉണ്ട്. എന്നന്നേയ്ക്കുമായി കാണാതായ എന്തൊക്കെയോ ഉണ്ട്. പുത്തനായി വന്നു ചേർന്നവ ഉണ്ട്. ഇന്നലത്തെ ലോകമല്ല ഇന്നത്തേത് എന്ന തിരിച്ചറിവുണ്ട്. മറക്കരുത് എന്ന താക്കീതുണ്ട്. ഓർമ്മയുടെ കനം ഉണ്ട്. അതിനെത്ര തൂക്കം എന്ന് അന്വേഷിക്കുന്ന ചരിത്രകാരന്റെ ജിജ്ഞാസയുണ്ട്. മരണം ഉണ്ട്. ദു:ഖം ഉണ്ട്. വേദന, ആഴത്തിൽ ഉണ്ട്. നിശബ്ദത ഉണ്ട്. അക്ഷരമാലകളെ ഇടിച്ചിട്ട് പാടുന്ന കരച്ചിൽ ഉണ്ട്. പ്രത്യാശ ഉണ്ട്. നിശ്ചയദാർഢ്യം ഉണ്ട്. ചുരുക്കിപ്പറഞ്ഞാൽ, ഒന്നും ചുരുക്കിപ്പറയാൻ പറ്റില്ല എങ്കിലും ,തന്റെ സ്വന്തം ഗ്രാമത്തിന്റെ സങ്കീർണ്ണചരിത്രത്തിന്റെ അടരുകൾ ആണ് ഈ ചിത്രവൈരുദ്ധ്യങ്ങളുടെ ആകെത്തുക

1926 ലെ വെള്ളപ്പൊക്കം രേഖപ്പെടുത്തിയത് ജലനിരപ്പിന്റെ ഉയരത്തെ എടുപ്പുകളിലും മറ്റും രേഖപ്പെടുത്തിക്കൊണ്ടാണ്. ഉയരം എന്ന ഏക മാനത്തെ ആസ്പദിച്ചാണ് ആ ആലേഖനം നടന്നത്. ഇവിടെ കാർത്തികേയന്റെ ആലേഖനം ദ്വിമാനത്തിലാണ് നടക്കുന്നത്. ഫോട്ടോയ്ക്ക് നീളവും വീതിയും ഉണ്ട്. എന്നാൽ യാദൃശ്ചികതയാലല്ല, ഫ്രെയിമിനുള്ളിൽ ഒരു സ്ഥലക്കഷണം വന്നു പെടുന്നത് എന്നത് കൊണ്ടു തന്നെ അത് ത്രിമാനവും ആണ്. ക്യാമറക്കാരന്റെ നോട്ടം കൂടിയാണ് ഫ്രെയിം എന്നത് കൊണ്ട് .ഒരേ ഫ്രെയിമിന്റെ രണ്ടു ഋതുക്കളിലെ ആവർത്തനം ചതുർമാനമായി സമയത്തേയും ഈ ചിത്രങ്ങളിലേയ്ക്ക് ചേർത്തുവെയ്ക്കുന്നു. അതിനാൽ ഈ ആലേഖനം ചതുർമാനത്തിൽ ഉള്ളതാണ്.

ഇന്നത്തെ കലാസൃഷ്ടികൾ ക്ക് അനുഭവത്തിന്റേയും ആലേഖനനത്തിന്റേയും സൗന്ദര്യ മാനങ്ങളാണ് മാനദണ്ഡം എന്ന് വിചാരിയ്ക്കുന്ന എന്നെപ്പോലുള്ളവർക്ക്‌ , ഈ പുസ്തകം വിലപ്പെട്ടതാണ്. കാർത്തികേയൻ തുടരട്ടെ.

ലിപിയില്ലാത്ത കടപ്പുറം, മുതുവ ഭാഷകളിലെ കവിതകള്‍ സിലബസിലെടുത്ത് കാലിക്കറ്റ് സര്‍വ്വകലാശാല

Share on

മറ്റുവാര്‍ത്തകള്‍