ഇന്നു ഹരിയാനയിലെ നൂഹില്‍ വിലക്ക് വകവെയ്ക്കാതെ വിഎച്ച്പിയുടെ ജലാഭിഷേക് യാത്രാ നടത്തുമെന്ന പ്രഖ്യാപനം രാജ്യത്തെ തന്നെ മുള്‍ മുനയില്‍ നിര്‍ത്തിയിരിക്കുന്നു. ജൂലൈ 31 നു നടത്തിയ ജലാഭിഷേക് യാത്രയുടെ ഭാഗമായി വ്യാപകമായ അക്രമം ഉണ്ടായ സാഹചര്യത്തില്‍ വീണ്ടും ഒരു യാത്രയ്ക്ക് വിഎച്ച്പി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. വിഎച്ച്പി നടത്തുന്ന ജലാഭിഷേക് യാത്രയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്നാണ് പോലീസും സര്‍ക്കാരും പറയുന്നത്. തങ്ങള്‍ക്ക് അനുമതി വേണ്ടെന്ന് വിഎച്ച്പിയും പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ നൂഹില്‍ ഇന്നു നടക്കുന്ന യാത്ര സംഘര്‍ഷത്തിന് കാരണമാകുമോയെന്ന ഭയമുണ്ട്. ഹരിയാന പൊലീസ് കര്‍ശന നടപടി എടുക്കും എന്നൊക്കെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജൂലൈ 31 ന് പോലീസിനെ നോക്കി നിര്‍ത്തിയായിരുന്നു അക്രമങ്ങള്‍ നടത്തിയത്. സമാനമായ രീതിയില്‍ ഇത്തവണയും വ്യാപകമായ അക്രമങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്ന് ഇന്റലിജന്‍സ് അറിയിപ്പ് നല്‍കി കഴിഞ്ഞു.
ജി 20 യുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയും പരിസരവും കര്‍ശന പൊലീസ് നിരീക്ഷണത്തില്‍ നീങ്ങുന്ന അവസരത്തിലാണ് ഡല്‍ഹിയോട് ചേര്‍ന്ന ഹരിയാനയിലെ നൂഹ് സംഘര്‍ഷഭരിതമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് വിഎച്ച്പി ഘോഷയാത്ര നടത്തുവാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്രവും സംസ്ഥാനവും ബിജെപി ഭരിക്കുന്നതിനാല്‍ വിഎച്ച്പിയുടെ യാത്രയ്ക്ക് തടസമുണ്ടാകാനിടയില്ല. യാത്ര അക്രമാസക്തമാകുമെന്നുള്ള കാര്യത്തില്‍ വലിയ ആശങ്കയാണ് സമൂഹത്തിനുള്ളത്. നൂഹില്‍ താമസിക്കുന്ന ജനങ്ങള്‍ ഭീതിയിലാണ് എന്നുള്ള കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ ജൂലൈ 31ന് നടന്ന ആക്രമത്തില്‍ ഒട്ടേറെ വീടുകളും കടകളും നശിപ്പിക്കപ്പെട്ടു. ആറോളം മനുഷ്യജീവന്‍ നഷ്ടപ്പെട്ടു.
ഗുരുഗ്രാം സെക്ടര്‍ 69 ലെ ഒരു ചേരി പ്രദേശത്ത് തിങ്കളാഴ്ച്ചയ്ക്കുള്ളില്‍ മുസ്ലിം ജനങ്ങള്‍ ഒഴിഞ്ഞു പോകണമെന്ന് പോസ്റ്റര്‍ പതിപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്. ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നുള്ളതാണ് ഗുരുഗ്രാമില്‍ നടക്കുന്ന പോസ്റ്റര്‍ പ്രചാരണത്തിലും ലക്ഷ്യം വെച്ചിരിക്കുന്നത്. മുസ്ലിം സമുദായത്തിലെ ജനങ്ങളെയാണ് ജൂലൈ 31 നും ലക്ഷ്യം വെച്ചിരുന്നത് എന്ന് കാണുവാന്‍ സാധിക്കും. അക്രമം നടത്തിയവര്‍ക്കെതിരേ ഒരു പോലീസ് നടപടി പോലും കാര്യമായി ഉണ്ടായില്ല എന്നുള്ളത് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്. രാജ്യം ഇന്ന് ചര്‍ച്ച ചെയ്യുന്നത് നൂഹില്‍ നടക്കുവാന്‍ പോകുന്ന ഘോഷയാത്രയാണ്. നൂഹില്‍ സംഘര്‍ഷം ഉണ്ടായാല്‍ അത് മറ്റ് പ്രദേശങ്ങളിലേയ്ക്കും വ്യാപിക്കും എന്നത് രാജ്യത്തെ ആശങ്കയിലാക്കുന്നു.