Continue reading “ചരിത്രത്തെ കീറിമുറിച്ച 20 ഗോളുകള്‍”

" /> Continue reading “ചരിത്രത്തെ കീറിമുറിച്ച 20 ഗോളുകള്‍”

"> Continue reading “ചരിത്രത്തെ കീറിമുറിച്ച 20 ഗോളുകള്‍”

">

UPDATES

സാംബ- 2014

ചരിത്രത്തെ കീറിമുറിച്ച 20 ഗോളുകള്‍

Avatar

                       

ഇഷാന്‍ തരൂര്‍
(വാഷിങ്ങ്ടണ്‍ പോസ്റ്റ്)

മൈതാനത്തെ കളി മാത്രമല്ല ഫുട്ബോള്‍ ലോകകപ്പ്. 2014-ലെ പന്തുകളി ലോകകപ്പിന് ജൂണ്‍ 12-നു ബ്രസീലില്‍ പന്തുരുളുമ്പോള്‍ ഈ മാമാങ്കത്തിന് പൊടിച്ച അനാവശ്യച്ചെലവിന്റെ പേരില്‍ പതിനായിരക്കണിന് ബ്രസീലുകാര്‍ പ്രതിഷേധിക്കുകയായിരിക്കും. ഭൂലോകം മുഴുവന്‍ കണ്ണുനട്ടിരിക്കുന്ന ഈ സമയത്തെക്കാള്‍ തങ്ങളുടെ നിലപാട്  പറയാന്‍ മികച്ച മറ്റൊരവസരമുണ്ടോ?

ലോകത്തിന്റെ ഹൃദയത്തെ പിടിച്ചുവാങ്ങിയ ഈ കളിയില്‍ നടക്കുന്നതെന്തും ചരിത്രത്തിലും കാലത്തിലും അലകളും ഒലികളുമായി നിലനില്ക്കും. ഇതിലടിച്ച ഗോളുകള്‍ കളിയിലെ ജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കുക മാത്രമല്ല ചെയ്തത്: അത് ദേശാഭിമാനത്തിന്റെയും, നാണക്കേടിന്റെയും ചിഹ്നങ്ങളായി. സാംസ്കാരിക പ്രഖ്യാപനങ്ങളുടേയും, രാഷ്ട്രീയ പ്രതിരോധത്തിന്റെയും സൂചകങ്ങളായി. ലോകകപ്പിലെ ഗോളുകള്‍ക്ക് ചരിത്രം മാറ്റാനാകും. അങ്ങനെയുള്ള20 എണ്ണമാണ് ചുവടെ. (ബാക്കിയുള്ളത് നിങ്ങള്‍ കൂട്ടിച്ചേര്‍ക്കണം!)

അല്‍സിഡെസ് ഘിഗ്ഗിയ,ഉറുഗ്വേബ്രസീല്‍,1950

രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികള്‍ക്കും ദുരിതത്തിനും ശേഷം ലോകം വീണ്ടും 1950-ലെ ലോകകപ്പില്‍ പന്തുകളിക്കാനിറങ്ങി. ലോകകപ്പിനായി പണിത പുത്തന്‍ മൈതാനം റിയോ ഡി ജെനീറോയിലെ മരക്കാനായിലാണ് കലാശക്കളി. രണ്ടുലക്ഷം കാണികള്‍ക്കിരിക്കാവുന്ന അന്നത്തെ ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയം. ബ്രസീലിന്റെ അഭിമാനം. അയല്‍പക്കത്തെ കൊച്ചുരാജ്യം ഉറുഗ്വേയെ തോല്‍പ്പിക്കുന്നത് വെറുമൊരു ഔപചാരികത മാത്രമായ നിസ്സാരകാര്യമെന്ന് ബ്രസീലുകാര്‍ മുഴുവന്‍ വിശ്വസിച്ചു. പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്. കളി തീരാന്‍ 11 മിനിറ്റ് ബാക്കിനില്‍ക്കേ അല്‍സിഡെസ് ഘിഗ്ഗിയ വലതു വശത്തു നിന്നും തൊടുത്തു വിട്ട പന്ത് ബ്രസീലിന്റെ ഹൃദയം പിളര്‍ന്നു. “ഘിഗ്ഗിയയുടെ ഗോള്‍ വീണപ്പോള്‍ മരക്കാനായിലെ നിശ്ശബ്ദത മുഴങ്ങുകയായിരുന്നു, ഒരുപക്ഷേ പന്തുകളിയുടെ ചരിത്രത്തിലെ ഏറ്റവും മുഴക്കമുള്ള നിശ്ശബ്ദത,” ഉറുഗ്വേ എഴുത്തുകാരന്‍ എഡ്വാര്‍ഡോ ഗാലിയാണോ കുറിച്ചിട്ടു. 2-1ന്റെ ആ തോല്‍വി ഏല്‍പ്പിച്ച ആഘാതം പിന്നീട് അവരുടെ രാജ്യം സമാനതകളില്ലാത്ത നേട്ടങ്ങള്‍ ലോകകപ്പുകളില്‍ സ്വന്തമാക്കിയിട്ടും ബ്രസീലുകാരെ ഇപ്പോഴും വേട്ടയാടുന്നു. ഇത്തവണ, പുതുക്കിപ്പണിത മരക്കാനായില്‍ തങ്ങളുടെ ടീം 1950-ലെ പ്രേതത്തെ ഗോള്‍വലയില്‍ കുരുക്കിയിടും എന്നാണ് ബ്രസീലുകാരുടെ പ്രാര്‍ത്ഥനയും പ്രതീക്ഷയും.

ജോ ഗെയ്ടെന്‍സ്, യു.എസ്ഇംഗ്ലണ്ട്,1950

പോര്‍ടെ ആലേഗ്രെയില്‍ കരുത്തന്‍മാരായ ഇംഗ്ലണ്ടിനെ അമേരിക്കയില്‍ നിന്നും വന്ന കുഞ്ഞന്‍മാര്‍ 1-0ന് വീഴ്ത്തിയപ്പോള്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ചരിത്രത്തിലെ മലയിറക്കം തുടങ്ങുകയായിരുന്നു. അന്നാ ഗോളടിച്ച ഹെയ്തിയന്‍-അമേരിക്കന്‍, ഗെയ്ടന്‍സ് പിന്നീട് കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം ഹെയ്തിയിലെ ഏകാധിപതി ഫ്രാങ്കോ ‘പാപ ഡോക്’ സള്ളിവറുടെ കൊലപാതക സംഘത്തിന് ഇരയായി. ആ വിജയം അന്ന് അമേരിക്കയില്‍ വലിയ ഇളക്കമൊന്നും ഉണ്ടാക്കിയില്ല. ഇന്നത്തെപ്പോലെയല്ല, 1950-ലെ അമേരിക്കയില്‍ പന്തുകളിയൊന്നും ആര്‍ക്കും വേണ്ടായിരുന്നു. ദാവീദുമാര്‍ ആരുമറിയാതെ വീടുകളിലേക്ക് മടങ്ങി.

പെലെ,ബ്രസീല്‍സ്വീഡന്‍,1958

1958-ലെ കലാശക്കളിയില്‍ ആതിഥേയരായ സ്വീഡനെ ഒരു ബ്രസീലുകാരന്‍ പയ്യന്‍ വെട്ടിനിരപ്പാക്കുന്നത് സ്വീഡനിലെ രാജാവ് കണ്ടിരുന്നു. 5-2നാണ് ബ്രസീല്‍ സ്വീഡന്റെ പണികഴിച്ചത്. പെലെ രണ്ടുതവണ ഗോള്‍വല കുലുക്കി. പെലെയുടെ ആദ്യഗോള്‍ തന്നെ മാന്ത്രികതയുടെ പ്രകടനമായിരുന്നു. പന്തൊന്നു നെഞ്ചുകൊണ്ടു തട്ടിയിട്ട്, എതിര്‍നിരയിലെ പ്രതിരോധക്കാരന്റെ തലക്ക് മുകളിലൂടെ മറിച്ച്, പിന്നെ വെടിപൊട്ടുമ്പോലെ ഗോളിയെ കാഴ്ച്ചക്കാരനാക്കി ഒരു കിടിലന്‍ അടി. “ഞാന്‍ പന്തയാളുടെ തലക്ക് മുകളിലൂടെ മറിച്ചു, അത് യൂറോപ്യന്‍മാര്‍ക്ക് പിടിയില്ലാത്ത അടവായിരുന്നു,”പെലെ ഓര്‍ക്കുന്നു. “എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഗോളുകളിലൊന്ന്.” വെള്ളക്കാരുടെ രാജ്യങ്ങള്‍ അടക്കിവാണിരുന്ന കാല്‍പ്പന്തുകളിയില്‍, പേലെയെപ്പോലുള്ള കറുത്ത വര്‍ഗ്ഗക്കാരുമായി ബ്രസീല്‍ പുതിയ ചരിത്രം സൃഷ്ടിക്കുകയായിരുന്നു. പിന്നീട് ആഫ്രിക്കയില്‍ വെച്ചു കിട്ടിയ സ്വീകരണത്തെക്കുറിച്ച് പറയവെ പെലെ ഇങ്ങനെ ഓര്‍മ്മിച്ചു,“എവിടേയും എന്നെ ഒരു ദൈവത്തെപ്പോലെയാണ് കൊണ്ടാടിയത്. അവിടുത്തെ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് ഒരു കറുത്ത വംശജന് എന്തൊക്കെ നേടാനാകും എന്നതിന്റെ പ്രതീകമായിരുന്നു ഞാന്‍.”പെലെയുടെ നേതൃത്വത്തില്‍ ബ്രസീല്‍ 1962ലും 1970ലും രണ്ടു ലോകകപ്പുകള്‍ കൂടി ജയിച്ചു. ലോകത്തെ ദരിദ്രരുടെ സ്വന്തം പന്തുകളി ടീം !

ഗാരിഞ്ച, ബ്രസീല്‍ഇംഗ്ലണ്ട്,1962

വിശ്വാസികളും പുരോഹിതരും പെലെ എന്ന പന്തുകളി ദൈവത്തെ കണ്ടെത്തിയതിന്റെ ഉന്‍മാദത്തിലായിരുന്നെങ്കിലും വലതു വശത്ത് പിരിയന്‍ നീക്കങ്ങളുമായി എതിരാളികളെ വലച്ച ഗാരിഞ്ചയും ഒട്ടും പിന്നിലായിരുന്നില്ല. 1962-ല്‍ ബ്രസീല്‍ ജേതാക്കളായ ചിലി ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ മനോഹരമായി കളിച്ചു രണ്ടു ഗോള്‍ നേടിയത് ഗാരിഞ്ചയായിരുന്നു. ‘കൊച്ചു പക്ഷി’ എന്നറിയപ്പെട്ട ഗാരിഞ്ചയെ കുറിച്ചു ഗാലിയാണോ എഴുതുന്നു: “പന്തുകളിയുടെ ഇത്രയും കാലത്തെ ചരിത്രത്തില്‍ ആളുകളെ ഇത്രയും സന്തോഷിപ്പിച്ച ഒരാളില്ല. അയാള്‍ കളിക്കുമ്പോള്‍ മൈതാനം ഒരു സര്‍ക്കസ് കൂടാരമാകും, പന്തൊരു മെരുക്കിയ മൃഗമാകും, കളി ഒരു വിരുന്നിനുള്ള ക്ഷണമാകും. തന്റെ ഓമനമൃഗത്തെ ഒരു കുട്ടി സംരക്ഷിക്കുന്നതുപോലെ, ഗാരിഞ്ച പന്തിനെ കളയുകയേ ഇല്ല, ആ പന്തും അയാളും കൂടി പിന്നെ ആളുകളെ വിഭ്രമത്തിലാഴ്ത്തുന്ന മന്ത്രവാദങ്ങള്‍ കാണിച്ചുകൊണ്ടേയിരിക്കും.”

പാക് ഡോ ഇക്, വടക്കന്‍ കൊറിയഇറ്റലി,1966

പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ വടക്കന്‍ കൊറിയക്ക് ആരാധകരുള്ള ഒരു കാലമുണ്ടായിരുന്നു. 1966-ല്‍ കൊറിയന്‍ നാടോടിക്കഥകളിലെ ചിറകുകളുള്ള കുതിര ചോല്ലിമയെ പോലെ തകര്‍ത്ത് കളിച്ച വടക്കന്‍ കൊറിയ, ഇറ്റലിയെ ഞെട്ടിച്ചു കളഞ്ഞു. അമ്പരന്ന ഇറ്റലിക്കാരില്‍നിന്നും തട്ടിയെടുത്ത പന്ത് ഒരു സഹകളിക്കാരന്‍ പാക് ഡോ ഇകിന് നല്കിയപ്പോള്‍ ആ കളിയിലെ ഏക ഗോള്‍ അയാള്‍ നേടി. ക്വാര്‍ട്ടറില്‍ അവര്‍ പോര്‍ടുഗലിനോടു തോറ്റു. പക്ഷേ ഇറ്റലിയുമായുള്ള കളിനടന്ന മിഡില്‍സ്ബര്‍ഗില്‍ നിന്നും കൊറിയയെ പിന്തുണക്കാന്‍ അടുത്ത കളി നടന്ന ലിവര്‍പൂളിലേക്ക് 3000 ആരാധകരാണ് പോയത്. 2010-ലാണ് വ.കൊറിയ പിന്നെ ലോകകപ്പിനെത്തുന്നത്. അന്ന് ഒട്ടും ആവേശത്തിരയില്ലാതെ, കളിച്ച 3 കളിയും തോറ്റ വ.കൊറിയന്‍ ടീം തിരിച്ചു നാട്ടിലെത്തിയപ്പോള്‍ 6 മണിക്കൂര്‍ നീണ്ട വിചാരണയായിരുന്നു കാത്തിരുന്നത്.

ജിയോഫ് ഹെഴ്സ്റ്റ്, ഇംഗ്ലണ്ട്പശ്ചിമ ജര്‍മ്മനി 1966

ഇംഗ്ലണ്ടിന്റെ ഏക ലോക കിരീടം തങ്ങളുടെ ചിരപുരാതന രികള്‍ക്കെതിരെയായിരുന്നു. അതും കടുത്ത വിവാദത്തിലും. ജിയോഫ് ഹെഴ്സ്റ്റ്  നേടിയ ഗോള്‍ വാസ്തവത്തില്‍ ഗോള്‍വര കടന്നില്ലായിരുന്നു എന്നാണ് കരുതുന്നത്. കളി തീരാറുകുമ്പോള്‍ ഹെഴ്സ്റ്റ് ഒരു ഗോള്‍ കൂടി അടിച്ചു. ആ കളിയില്‍ ആകെ 3 ഗോള്‍ അയാള്‍ നേടി. ലോകകപ്പ് കലാശക്കളിയില്‍ ഹാട്രിക് നേടിയ ഏക കളിക്കാരനായി ഹെഴ്സ്റ്റ്.

ജിയാനി റിവേര, ഇറ്റലിപശ്ചിമ ജര്‍മ്മനി,1970

എല്ലാക്കാലത്തും എന്തൊക്കെ പ്രതികൂല ഘടകങ്ങളുണ്ടെങ്കിലും ഇറ്റലിയും ജര്‍മ്മനിയും അവസാനഘട്ടങ്ങള്‍ വരെ കളിച്ചെത്തും. അതവരുടെ കളിയിലെ സ്ഥിരതയെയാണ് കാണിക്കുന്നത്. 1970-ല്‍ ജര്‍മ്മനിയും ഇറ്റലിയും തമ്മില്‍ നടന്ന സെമി ഫൈനല്‍ നൂറ്റാണ്ടിന്റെ കളിയായാണ് അറിയപ്പെട്ടത്. ഒടുവില്‍ അധികസമായത് പകരക്കാരനായി വന്ന ജിയാനി റിവേര നേടിയ ഗോളില്‍ ഇറ്റലി വിജയിച്ചു. തങ്ങളുടെ ഊര്‍ജ്ജം മുഴുവന്‍ ഈ കളിയില്‍ ചൊരിഞ്ഞതുകൊണ്ടാകാം ബ്രസീലിനെതിരെ അടുത്ത കളിയില്‍ ഇറ്റലിക്കാര്‍ക്ക് കാര്യമായൊന്നും ചെയ്യാനായില്ല.


കാര്‍ലോസ് ആല്‍ബെര്‍ടൊ
, ബ്രസീല്‍ഇറ്റലി, 1970

‘ജോഗോ ബോനിറ്റോ’ അഥവാ ‘മനോഹരമായി കളിക്കുക’ എന്ന മന്ത്രം നെഞ്ചേറ്റിയ ഒരു കൂട്ടം ബ്രസീല്‍ കളിക്കാരുടെ അവസാന ലോകകപ്പായിരുന്നു അത്. പെലെ നല്കിയ പന്ത് കാര്‍ലോസ് ആല്‍ബെര്‍ടോ ഇറ്റലിയുടെ വലയില്‍ കുരുക്കിയപ്പോള്‍ അതവരുടെ വിടവാങ്ങല്‍ കൂടിയായി.

ഗെര്‍ഡ്  മുള്ളര്‍, പശ്ചിമ ജര്‍മ്മനി ഹോളണ്ട്,1974

1970കളിലെ ഡച്ച് ടീം മാസ്മരിക കളിക്കാരന്‍ യൊഹാന്‍ ക്രൈഫിന്റെ  നേതൃത്വത്തില്‍ ‘ടോട്ടല്‍ ഫുട്ബോള്‍’ എന്ന ഉടോപ്യന്‍ പൂര്‍ണ്ണതയിലുള്ള ശൈലിയുടെ ഉത്തമരൂപമായിരുന്നു. കുഴപ്പിക്കുന്ന മുന്നേറ്റങ്ങള്‍, ചടുലമായ പന്തുകൈമാറ്റം,നിലക്കാത്ത സമ്മര്‍ദ്ദം. 1974-ല്‍ ബെക്കന്‍ബോവറുടെ ജര്‍മ്മനിക്കെതിരായ കിരീടപ്പോരാട്ടത്തില്‍ ഹോളണ്ട് ജേതാക്കളാകും എന്ന കാര്യത്തില്‍ അത്ര സംശയം ഉണ്ടായിരുന്നില്ല. പക്ഷേ സ്വന്തം നാട്ടില്‍ കളിക്കുന്ന ജര്‍മ്മനി എന്നത്തേയും പോലെ വികാരരഹിതവും എണ്ണയിട്ടതുമായ കൃത്യതയില്‍ ഡച്ചുകാരെ വരച്ചവരയില്‍ നിര്‍ത്തി. കളി ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിലായി. ഓരോ ഗോള്‍ വീതം നേടി തുല്യനില. രണ്ടുഗോളും പെനാല്‍റ്റി കിക്കിലൂടെ. ലോകകപ്പ് ഫൈനലില്‍ അതും ആദ്യം. അപ്പോളാണ് 43-ആം മിനിറ്റില്‍ ഗോള്‍മുഖത്തുവെച്ചു പന്ത് കിട്ടിയ മുള്ളര്‍ ഒന്നു കുത്തിത്തിരിഞ്ഞു വലയിലാക്കിയത്. ജര്‍മ്മനി ലോകകപ്പ് ജേതാക്കളായി. രണ്ടാം ലോക മഹായുദ്ധത്തിന്റെ മുറിവുണങ്ങാത്ത ഡച്ചുകാര്‍ക്കാ തോല്‍വി താങ്ങാനായില്ല. പുറത്തെ രാഷ്ട്രീയം കളിക്കളത്തില്‍ പന്തിന് പിന്നാലേ പാഞ്ഞുനടന്നു. (1988-ല്‍ ഹോളണ്ട് യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ ജര്‍മ്മനിയെ തോല്‍പ്പിച്ചപ്പോള്‍ 1940-ലെ നാസി അധിനിവേശത്തിനുള്ള മറുപടിയെന്ന് ഡച്ചുകാര്‍ കാഴ്ച്ചതട്ടിലിരുന്ന് പാട്ടുപാടി.) മുള്ളര്‍ ആ ലോകകപ്പോടെ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിച്ചു. പന്തുകളിയിലെ രാജകിരീടം ഹോളണ്ടിനെ കലാശക്കളികളില്‍ പിന്നേയും രണ്ടുതവണകൂടി വിട്ടൊഴിഞ്ഞു. കളിയും ഹോളണ്ടിന്റെ കാത്തിരിപ്പും തുടരുകയാണ്.

യൊഹാന്‍ ക്രൈഫ്, ഹോളണ്ട് ബ്രസീല്‍, 1974

കളിയുടെ 65-ആം മിനിറ്റില്‍ ക്രൈഫ് നേടിയ ഗോള്‍ ലാറ്റിനമേരിക്കയുടെ കേളീ ശൈലിയുടെ മേല്‍ ‘ടോട്ടല്‍ ഫുട്ബോളിന്റെ’ തേരോട്ടമായിരുന്നു. ആ ഗോളില്‍ ഡച്ച് ഫുട്ബോളിന്റെ എല്ലാമുണ്ടായിരുന്നു, പിടികൊടുക്കാത്ത പാച്ചിലും, പൊടുന്നനെയുള്ള പന്തുകൈമാറ്റവും, പിഴക്കാത്ത അവസാനവും എല്ലാം.

മരിയോ കെംപേസ്, അര്‍ജന്‍റീന പേറു, 1978

അര്‍ജന്‍റീനയുടെ ലോകകപ്പ് കിരീടനേട്ടത്തിന് രണ്ടുവര്‍ഷം മുമ്പ് ആ രാജ്യത്ത് ഒരട്ടിമറിയിലൂടെ പട്ടാളഭരണകൂടം അധികാരത്തില്‍ വന്നു. ലോകകപ്പ് തങ്ങളുടെ ഭരണകൂടത്തിന്റെ കാഴ്ച്ചപ്പെരുന്നാളാക്കണമെന്ന് പട്ടാള മേധാവികള്‍ നിശ്ചയിച്ചു. ന്യൂയോര്‍ക്കില്‍ നിന്നുള്ള പബ്ലിക്ക് റിലേഷന്‍സ് കമ്പനി വന്നു. ദശലക്ഷക്കണക്കിന് ഡോളര്‍ ചെലവിട്ടു പുതിയ മൈതാനങ്ങളും പുത്തന്‍ കളിത്തട്ടുകളും ഒരുങ്ങി. പക്ഷേ, വിദ്യാര്‍ത്ഥികളും, ഇടതുപക്ഷ പ്രവര്‍ത്തകരും, സര്‍ക്കാര്‍ വിരോധികളുമെല്ലാം അപ്രത്യക്ഷരായിക്കൊണ്ടിരുന്നു. രഹസ്യ പീഡന താവളങ്ങളില്‍ അവര്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും, നിരവധിപേര്‍ കൊല്ലപ്പെടുകയും ചെയ്തു.

കലാശക്കളിക്കെത്താന്‍ അര്‍ജന്‍റീനക്ക് പെറുവിനെ 4 ഗോളിന് തോല്‍പ്പിക്കണം. ‘മെരുങ്ങാത്ത കുതിരെയെന്ന്’ വിളിപ്പേരുള്ള കെംപെസ് പെറുവിന്റെ പ്രതിരോധത്തിലെ ചെറിയ തടസ്സങ്ങളെ തട്ടിനീക്കി ആദ്യ ഗോള്‍ നേടി. 6-0 ത്തിന് പെറുവിന്റെ കഥ കഴിച്ചതിന്റെ തുടക്കം മാത്രമായിരുന്നു അത്. എന്നാല്‍ മത്സരം ഒത്തുകളിയായിരുന്നു എന്ന്‍ ആരോപണം ഉണ്ട്. പെറുവിലേക്ക് 35,000 ടണ്‍ ഭക്ഷ്യധാന്യവും ലിമയിലെ പട്ടാള ഭരണകൂടത്തിന് 50 ദശലക്ഷം ഡോളര്‍ വായ്പയും നല്‍കിയാണ് അര്‍ജന്‍റീന സേനാ ഭരണകൂടം കളി ജയിച്ചതെന്ന് ഒരു പതിറ്റാണ്ടിന് ശേഷം ഒരു ബ്രിട്ടീഷ് പത്രം റിപ്പോര്‍ട് ചെയ്തു. പക്ഷേ ലോകകപ്പ് നേടിയതുകൊണ്ടൊന്നും പട്ടാള ഭരണകൂടത്തിന്റെ രക്തക്കറ മായ്ച്ചുകളയാന്‍ ആയില്ല. മറിച്ച് ആ ലോകകപ്പ് ഭരണകൂടത്തിന്റെ നൃശംസനീയതകള്‍ കൂടുതല്‍ വെളിച്ചത്താക്കി. മറ്റൊരു ലോകകപ്പുകൂടി ഡച്ചുകാര്‍ക്ക് മുത്തമിടാനാകാതെ വഴുതിപ്പോയെങ്കിലും അവസാന ചടങ്ങില്‍ സൈനിക ഭരണാധികാരികളെ അഭിവാദ്യം ചെയ്യാന്‍ ഡച്ച് സംഘം വിസമ്മതിച്ചു. സ്വേച്ഛാധിപത്യത്തിന്റെ രാഷ്ട്രീയത്തിനെതിരെ കാല്‍പ്പന്തുകളിയുടെ ജനാധിപത്യ പ്രതിഷേധം.

സോക്രട്ടീസ്, ബ്രസീല്‍ ഇറ്റലി, 1982

പന്തുകളിയുടെ ചരിത്രത്തിലെ ഏറ്റവും പ്രതിഭാസമ്പന്നരായ സംഘം പക്ഷേ കിരീടങ്ങളൊന്നും നേടിയില്ല. 1982-ലെ ലോകകപ്പിനെത്തിയ ബ്രസീല്‍ സംഘം പന്തുകളിയുടെ സുവര്‍ണ്ണ നിലവാരത്തിന്റെ അടയാളങ്ങളായിരുന്നു. പ്രതിഭകൊണ്ടു മൈതാനത്ത് ഉത്സവം കൊഴുപ്പിച്ചവര്‍. സീക്കോ, ഫാല്‍ക്കാവോ, ഏദെര്‍, സോക്രട്ടീസ് ഓരോരുത്തരും പകരം വെക്കാന്‍ ആളില്ലാത്ത കളിക്കാര്‍. നായകന്‍ സോക്രട്ടീസ് പേരുപോലെ തെരുവിലെ ബുദ്ധിജീവിയായിരുന്നു. ചങ്ങല പോലെ സിഗററ്റ് പുകയൂതുന്ന, മദ്യപിക്കുന്ന, തെരുവിലെ ബുദ്ധിജീവി. വൈദ്യ ബിരുദം നേടിയ സോക്രട്ടീസ് ബ്രസീലിലെ സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ വിമര്‍ശകനായിരുന്നു. താന്‍ നായകനായ ടീമുകളില്‍ ജനാധിപത്യ മൂല്യങ്ങള്‍ കൊണ്ടുവരാന്‍ സോക്രട്ടീസ് എപ്പോഴും ശ്രമിച്ചു. 1982-ല്‍ ഇറ്റലിക്കെതിരെ സീക്കോയുമായി ചേര്‍ന്ന് സോക്രട്ടീസ് നേടിയ ഗോള്‍ പന്തുകളിയില്‍ എന്താണ് ബ്രസീല്‍ എന്നു കാണിക്കുന്നതായിരുന്നു. പക്ഷേ ആക്രമണത്തിന്റെ ചാരുതയില്‍ പ്രതിരോധം ദുര്‍ബ്ബലമായപ്പോള്‍ ഇറ്റലി കപ്പ് സ്വന്തമാക്കി. അന്നത്തെ നിരാശ കളിയിലെ ഭംഗി മാത്രമല്ല ജയിക്കാനുള്ള അടവുകൂടി പ്രധാനമാണെന്ന് ബ്രസീലിനെ പഠിപ്പിച്ചു. 1994-ലും 2002-ലും പ്രായോഗികമായ കളി പഠിച്ച ബ്രസീല്‍ ലോകകപ്പ്  നേടി.

ഡീഗോ മറഡോണ, അര്‍ജന്‍റീന ഇംഗ്ലണ്ട്, 1986

1986-ലെ ലോകകപ്പ് വികൃതിയായ ഒരു ജാലവിദ്യക്കാരന്‍റേതാണ്, ഡീഗോ മറഡോണയുടെ. ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനായി പിന്നീട് വാഴ്ത്തപ്പെട്ടു ഈ അര്‍ജന്‍റീനക്കാരന്‍. ഇംഗ്ലണ്ടിനെതിരായ ക്വാര്‍ടര്‍ ഫൈനലിലാണ് മറഡോണയുടെ പ്രശസ്തവും അപ്രശസ്തവുമായ വൈഭവങ്ങള്‍ തെളിഞ്ഞത്. ഗോള്‍വരക്കടുത്തുവെച്ചു പൊന്തിവന്ന പന്തിനെ ഒറ്റ നിമിഷത്തില്‍ വലക്കകത്തേക്ക് കൈകൊണ്ടു തട്ടിയിട്ടു ഡീഗോ. അയാള്‍ പിന്നീട് വിശേഷിപ്പിച്ച ആ ‘ദൈവത്തിന്റെ കൈ’. ദൈവത്തിന്റെ ഗോള്‍ അനുവദിക്കപ്പെട്ടത് ഇംഗ്ലീഷുകാര്‍ അമ്പരപ്പോടെ നോക്കിനിന്നു. 4 വര്‍ഷം മുമ്പ്  ഫോക്ലാന്‍ഡ് ദ്വീപ് തര്‍ക്കത്തില്‍ ഇംഗ്ലണ്ടുമായി അര്‍ജന്‍റീന  ഏറ്റുമുട്ടിയതെ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടാ വിജയം ചരിത്രത്തിന്റെ പ്രതികാരമായി മറഡോണ കണ്ടു. “അതൊരു പ്രതികാരമായിരുന്നു”, മറഡോണ ആത്മകഥയില്‍ എഴുതി. പക്ഷേ ആ ദൈവത്തിന്റെ സഹായം കൊണ്ട് കളി അവസാനിപ്പിച്ചില്ല മറഡോണ. ഇംഗ്ലീഷുകാരെ വെറും കാഴ്ച്ചക്കാരാക്കി വീണ്ടും മറഡോണ ഗോള്‍ നേടി. അത് പക്ഷേ ‘നൂറ്റാണ്ടിന്റെ ഗോളായി’. പശ്ചിമ ജര്‍മ്മനിയെ 3-2നു തോല്പ്പിച്ചു ലോകകപ്പ് നേടാനുള്ള പോക്കായിരുന്നു അത്.

റോജര്‍ മില്ല, കാമറൂണ്‍ കൊളംബിയ, 1990

1990ലെ ഇറ്റലി ലോകകപ്പില്‍ കാമറൂണായിരുന്നില്ല ജേതാക്കള്‍. പക്ഷേ ആ ലോകകപ്പിലെ ഏറ്റവും വലിയ സംഭവം അവരായിരുന്നു. ആദ്യമായിട്ടായിരുന്നു, അസാധ്യമെന്ന് തോന്നുന്ന വിജയങ്ങളുമായി ഒരു ആഫ്രിക്കന്‍ ടീം ക്വാര്‍ടര്‍ ഫൈനലിലെത്തുന്നത്. അവിടെ നിര്‍ഭാഗ്യവശാല്‍ ഇംഗ്ലണ്ടിനോട് തോറ്റെങ്കിലും. അവരുടെ കൂട്ടത്തിലെ മായാവി 38 കാരനായ റോജര്‍ മില്ല. കൊളംബിയക്കെതിരെ രണ്ടു ഗോളുകളാണ് മില്ല അടിച്ചത്. അതിലൊന്ന് മറ്റൊരു മന്ത്രവാദിയെ പറ്റിച്ചായിരുന്നു, കൊളംബിയന്‍ ഗോളി ഹിഗ്വിറ്റയെ. ഗോളികളുടെ ചരിത്രാതിര്‍ത്തികളെ മറികടന്നു മൈതാനത്തിന്റെ നടുവിലേക്കു പന്തുമായി വരുന്ന ഹിഗ്വിറ്റ. ഒരു നിമിഷം പാളിയപ്പോള്‍ മില്ല പന്ത് തട്ടിയെടുത്തു ആളൊഴിഞ്ഞ വല കുലുക്കി. അരക്കെട്ട് കുലുക്കി മില്ല നൃത്തം ചെയ്തത് കാണികള്‍ മാത്രമല്ല കൊക്കോകോളയും പിടിച്ചെടുത്തു. ദരിദ്ര രാജ്യത്തിന്റെ ആഘോഷ നൃത്തം കോളയുടെ പരസ്യമായി മാറി. കാമറൂണ്‍ ആഫ്രിക്കയുടെ മാത്രമല്ല ലോകത്തെ ദരിദ്ര രാജ്യങ്ങളുടെ മുഴുവന്‍ ആവേശമായി. അത് ഒട്ടും അയഥാര്‍ത്ഥമായിരുന്നില്ല. കാമറൂണ്‍ ഒടുവില്‍ തോറ്റപ്പോള്‍ ബംഗ്ലാദേശില്‍ ഒരു സ്ത്രീ ആത്മഹത്യ ചെയ്തു. ഇന്നും ആഫ്രിക്കന്‍ ടീമുകള്‍ മില്ലയുടേയും കാമറൂണിന്റെയും നിഴലിലാണ്. ‘പന്തുകളി ഒരു രാജ്യത്തെ മഹത്താക്കി മാറ്റി’ എന്നു മില്ല പിന്നീട് പറഞ്ഞു.

ആന്ദ്രെ എസ്കോബര്‍ ( സെല്‍ഫ് ഗോള്‍), കൊളംബിയയു.എസ്, 1994

1994 ജൂണ്‍ 22-നു കോളംബിയന്‍ കളിക്കാരന്‍ എസ്കോബാര്‍ അബദ്ധത്തില്‍  തട്ടിയ പന്ത് സ്വന്തം ടീമിന്റെ വലയിലെത്തി. യു. എസ് 2-1നു ജയിച്ചു. കൊളംബിയ ആദ്യഘട്ടത്തില്‍ത്തന്നെ പുറത്തായി. രണ്ടാഴ്ച്ചക്കു ശേഷം മെഡെലിനില്‍ ആ കളിയിലെ വാതുവെപ്പില്‍ പണം നഷ്ടപ്പെട്ടെന്ന് കരുതുന്ന ഒരു മയക്കുമരുന്നു സംഘത്തലവന്റെ അംഗരക്ഷകന്‍ എസ്കോബാറിനേ വെടിവെച്ചുകൊന്നു. കൊളംബിയ അതിന്റെ ഭീതിദമായ ആഭ്യന്തര യാഥാര്‍ത്ഥ്യങ്ങളിലേക്ക് കണ്ണുതുറന്ന നിമിഷം കൂടിയായിരുന്നു എസ്കോബാറിന്റെ കൊല. ഇത്തവണ ബ്രസീലിലെത്തുന്ന കൊളംബിയന്‍ സംഘം 94-ലെ നിര്‍ഭാഗ്യം വേട്ടയാടിയ സംഘത്തിനുശേഷമുള്ള ഏറ്റവും മിടുക്കരായ കളിക്കാരാണ്. അവരുടെ രാജ്യത്തിന്റെ വെടിയുണ്ടകളും ചോരപ്പാടുകളും നിറഞ്ഞ നാളുകള്‍ കഴിഞ്ഞെന്നു വിശ്വസിക്കാം.

ഡെന്നിസ് ബെര്‍ഗ്കാംപ്, ഹോളണ്ട് അര്‍ജന്‍റീന, 1998

ബെര്ഗ്കാംപിന്റെ അത്ഭുത ഗോള്‍ എത്ര പറഞ്ഞിട്ടും തീരാത്ത ഒരു കഥയായി മാറി.

സിനെദിന്‍ സിദാന്‍, ഫ്രാന്‍സ് ബ്രസീല്‍, 1998

ബ്രസീലിനെ 3-0ത്തിന് ഫ്രാന്‍സ് തോല്‍പ്പിച്ച 1998-ലെ കലാശക്കളിയില്‍ സിദാന്‍ രണ്ടു ഗോളുകളടിച്ചു. അന്നുവരെ ലോകകപ്പ് നേടാത്ത ഫ്രഞ്ച് ടീമിന്റെ അടങ്ങാത്ത മോഹം മുഴുവനുമുണ്ടായിരുന്നു ആദ്യപകുതിയിലെ സിദാന്‍റെ  വെടിയുണ്ട പോലെയുള്ള തലപ്പന്തിന്. കളിമികവ് മാത്രമല്ല സിദാനെ ഒരു പ്രതീകമാക്കിയത്: ഒരു അല്‍ജീരിയന്‍ കുടിയേറ്റക്കാരനായ സിദാന്‍ നയിച്ച ടീമിലെ പല കളിക്കാരും കുടിയേറ്റ വംശജരായിരുന്നു. യൂറോപ്പിന്റെ വംശീയ ഒത്തൊരുമയുടെ അടയാളമായി ആ ടീം. ഫ്രഞ്ച് സമൂഹത്തില്‍ കുടിയേറ്റം ഒരു രാഷ്ട്രീയ തര്‍ക്കവിഷയമായി തുടരുന്നു എന്നത് വേറെക്കാര്യം.

പാപ ബൌബ ദിയോപ്, സെനഗാള്‍ ഫ്രാന്‍സ്, 2002

ജപ്പാന്‍-തെക്കന്‍ കൊറിയ സംയുക്താതിഥ്യ ലോകകപ്പില്‍ വലിയ പ്രതീക്ഷകളുമായാണ് നിലവിലെ ജേതാക്കളായിരുന്ന ഫ്രാന്‍സ് എത്തിയത്. ആദ്യ മത്സരത്തില്‍ എതിരാളികള്‍ സെനഗല്‍.  ഒരു പഴയ ഫ്രഞ്ച് കോളനി. ദരിദ്രര്‍. ലോകകപ്പില്‍ അതാദ്യം. കളിക്കാരൊക്കെ ഫ്രഞ്ച് ലീഗില്‍ കളിച്ചു അന്നം തേടുന്നവര്‍. പാപ ബൌബ ദിയോപ് നേടിയ ഗോളിന് പഴയ യജമാനന്മാരെ സെനഗല്‍ തോല്‍പ്പിച്ചപ്പോള്‍ ഡാകാര്‍ തൊട്ട് പാരീസ് വരെയുള്ള മദ്യശാലകളില്‍ പഴയ അടിമകള്‍ വിജയത്തിന്റെ ഉന്മാദവും ചരിത്രത്തിന്റെ പ്രതികാരവും  ആഘോഷിച്ചു.


ആന്ദ്രെ ഇനിയെസ്റ്റ
, സ്പെയിന്‍ ഹോളണ്ട്, 2010

ജോഹന്നാസ്ബര്‍ഗില്‍ കടുത്ത പോരാട്ടത്തിനുശേഷം കളി അധിക സമയത്തേക്ക് നീണ്ടപ്പോള്‍ ബാര്‍സലോണ മിഡ്ഫീല്‍ഡര്‍ ആന്ദ്രെ ഇനിയസ്റ്റേയുടെ ഒരു ഗോള്‍ സ്പെയിനിന് ആദ്യമായി ലോകകപ്പ് നേടിക്കൊടുത്തു. ഹോളണ്ടിന് ഒരു ലോകകപ്പ് കിരീടത്തിനായുള്ള തങ്ങളുടെ കാത്തിരിപ്പ് വീണ്ടും തുടരാനായിരുന്നു വിധി. യൂറോപ്യന്‍ ജേതാക്കളായ സ്പെയിന്‍ ഏറ്റവും മികച്ച കളിക്കാരുടെ സംഘമായി. ചടുലമായ പന്ത് കൈമാറ്റവും അടങ്ങാത്ത ഓളങ്ങള്‍ പോലെയുള്ള സമ്മര്‍ദ്ദവും 1970-കളിലെ ഡച്ചുകാരുടെ ‘ടോട്ടല്‍ ഫുട്ബോളിനെ’ അനുസ്മരിപ്പിച്ചു. കാലത്തിന്റെ കളികള്‍, ആ കളിയില്‍ തോറ്റതും ഹോളണ്ടായിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍