UPDATES

യുകെ/അയര്‍ലന്റ്

ബ്രെക്സിറ്റ് മന്ത്രിയുടെ പിൻവാങ്ങൽ: കൺസെർവേറ്റീവുകൾക്കിടയിൽ നടക്കുന്നതെന്ത്?

പ്രധാനമന്ത്രിയുടെ ‘നിർബന്ധിതപട്ടാളസേവന പദ്ധതിയിലെ വിമുഖനായ പടയാളി’യാകാൻ താൻ തയ്യാറല്ലെന്ന് പറഞ്ഞാണ് ഡേവിസ് പുറത്തിറങ്ങുന്നത്.

                       

യുകെയിൽ തെരേസ മന്ത്രിസഭയിൽ ബ്രെക്സിറ്റ് കാര്യങ്ങളുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന മന്ത്രി ഡേവിഡ് ഡാവിസ് തൽസ്ഥാനത്തു നിന്നും രാജി വെച്ചത് നൽകുന്ന സൂചനകൾ ലളിതമായി പറഞ്ഞാൽ ഇവയാണ്: 1. മന്ത്രിമാർക്കിടയിൽ പ്രധാനമന്ത്രി തെരേസ മേയ്ക്കെതിരെയുള്ള വികാരം ശക്തമാകുന്നു. 2. പാർട്ടിയിൽ മേയുടെ ‘മൃദു ബ്രെക്സിറ്റ്’ നയത്തോട് എതിർപ്പ് രൂക്ഷമാകുന്നു.

പ്രധാനമന്ത്രിയുടെ ‘നിർബന്ധിതപട്ടാളസേവന പദ്ധതിയിലെ വിമുഖനായ പടയാളി’യാകാൻ താൻ തയ്യാറല്ലെന്ന് പറഞ്ഞാണ് ഡേവിസ് പുറത്തിറങ്ങുന്നത്. തെരേസ മേയെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ തിരിച്ചടിയാണ്. നേരത്തെ മേയുടെ കുടിയേറ്റ നയങ്ങളുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രിക്കും രാജി വെക്കേണ്ടതായി വന്നിരുന്നു. നയങ്ങൾ നടപ്പാക്കാൻ സാധിക്കാതിരിക്കുകയും മന്ത്രിമാരുടെ രാജികൾ മാത്രം നടക്കുകയും ചെയ്യുന്ന സാഹചര്യം പാർട്ടിക്കകത്ത് ഗൗരവമേറിയ ചർച്ചയ്ക്ക് വിധേയമായിട്ടുണ്ട്. തെരേസ മേയുടെ പാർട്ടിയിലെ എതിരാളികളെ ഇത് ആഹ്ലാദിപ്പിക്കുകയും ചെയ്തിരിക്കുന്നു.

ബ്രെക്സിറ്റ് മന്ത്രാലയത്തിലെ ഡേവിസ്സിന്റെ ജൂനിയർ മന്ത്രിയായ സ്റ്റീവ് ബേക്കറും രാജി വെച്ചിട്ടുണ്ട്. ബ്രേക്സിറ്റുമായി ബന്ധപ്പെട്ട് മന്ത്രിമാരുമായുള്ള മേയുടെ വിയോജിപ്പുകൾ അതിന്റെ ഉയർന്ന അവസ്ഥയിലെത്തിയിരിക്കുന്നു എന്നാണ് ഈ സംഭവങ്ങളെല്ലാം തെളിയിക്കുന്നത്.

യൂറോപ്യൻ യൂണിയനുമായി ഒരു ‘പൊതുപ്രമാണം’ സൂക്ഷിക്കാമെന്ന നയത്തിലാണ് തെരേസ മേ നിൽക്കുന്നത്. എന്നാലിത്, ബ്രെക്സിറ്റിൽ വെള്ളം ചേര്‍ക്കലാണെന്ന് പാർട്ടിക്കകത്തും മന്ത്രിമാർക്കിടയിലും ആരോപണമുണ്ട്. യുകെയുടെ സാമ്പത്തികവ്യവസ്ഥയിൽ ചെറുതല്ലാത്ത നിയന്ത്രണം യൂറോപ്യൻ യൂണിയന് വീണ്ടും നൽകലായി ഈ നീക്കം മാറുമെന്ന് മന്ത്രിമാർ പറയുന്നു. യൂറോപ്യൻ യൂണിയനുമായി ഒരു സ്വതന്ത്ര വിപണനമേഖല പങ്കിടണമെന്നാണ് തെരേസ മേ പദ്ധതിയിടുന്നത്. യൂണിയനുമായി ശക്തമായ വ്യാപാരബന്ധം തുടരാന്‍ ഇത് സഹായകമാകുമെന്ന് മേ കരുതുന്നു. എന്നാൽ ഈ വിട്ടുവീഴ്ചയ്ക്ക് താൻ തയ്യാറല്ലെന്ന് ഡേവിസ് വ്യക്തമാക്കി.

Share on

മറ്റുവാര്‍ത്തകള്‍