UPDATES

വിദേശം

അസന്തുഷ്ട യുവത്വം

യുവ തലമുറ കടന്നു പോകുന്നത് മധ്യവയസ്സിന്റെ മാനസിക സമ്മർദ്ദത്തിലൂടെ

                       

യുവ തലമുറ കടന്നു പോകുന്നത് മധ്യവയസ്സിൽ അനുഭവിക്കുന്ന കടുത്ത മാനസിക സമ്മർദ്ദ അവസ്ഥയായ ‘മിഡ്‌ലൈഫ് പ്രതിസന്ധിക്ക്’ തുല്യമായ അവസ്ഥയിലൂടെയെന്ന് ഞെട്ടിക്കുന്ന ഗവേഷണ റിപോർട്ടുകൾ പുറത്ത്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയുടെ വെൽബീയിംഗ് റിസേർച്ച് സെൻ്റർ, ഗാലപ്പും യുഎൻ സസ്റ്റൈനബിൾ ഡെവലപ്‌മെൻ്റ് സൊല്യൂഷൻസ് നെറ്റ്‌വർക്കും ചേർന്ന് 140 രാജ്യങ്ങളിലെ ക്ഷേമം അളക്കുന്ന ‘വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിലാണ്’ യുവതലമുറക്ക് സന്തോഷം കുറയുന്നതായി കണ്ടെത്തിയത്. പ്രത്യേകിച്ച് വടക്കേ അമേരിക്കയിലും പടിഞ്ഞാറൻ യൂറോപ്പിലും ആശങ്കാജനകമായ ഇടിവും കാണിക്കുന്നുണ്ടെന്നും വെൽബീയിംഗ് റിസർച്ച് സെൻ്റർ ഡയറക്ടറും എഡിറ്ററുമായ പ്രൊഫ. ജാൻ-ഇമ്മാനുവൽ ഡി നെവ് പറഞ്ഞു. യുവ തലമുറ പ്രതിസന്ധിയിലാണെന്ന് പല വിദഗ്ധ മുന്നറിയിപ്പുകളും നിലനിൽക്കെയാണ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.

കുട്ടികളെ സാമൂഹ്യ മാധ്യങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുന്നത് പാർശ്വഫലങ്ങൾ ഇനിയും കണ്ടുപിടിച്ചിട്ടില്ലാത്ത മരുന്ന് നൽകുന്നതിന് തുല്യമാണെന്ന് യുഎസിലെ ശസ്ത്രക്രിയാവിദഗ്ധനായ ഡോ വിവേക് മൂർത്തി വ്യക്തമാക്കി. കൂടാതെ സമീപ വർഷങ്ങളായി സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളെ ഫലപ്രദമായി നിയന്ത്രിക്കുന്നതിലെ സർക്കാരുകളുടെ പരാജയത്തെയും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

വടക്കേ അമേരിക്കയിലുടനീളമുള്ള ചെറുപ്പക്കാർ മുതിർന്നവരേക്കാൾ കുറവ് സന്തുഷ്ടരാണെന്ന പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഡോ വിവേക് മൂർത്തി സംസാരിച്ചത്. 30 വയസ്സിന് താഴെയുള്ളവരുടെ സുസ്ഥിതി കുറയുന്നതിനാൽ ഏറ്റവും സന്തോഷമുള്ള ജനങ്ങളുള്ള ആദ്യ 20 രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് യുഎസ് പുറത്തായതായി 2024 ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

യുഎസിലും ലോകമെമ്പാടും യുവാക്കൾ നേരിടുന്ന വെല്ലുവിളിയുടെ നേര്സാക്ഷ്യമാണ് റിപ്പോർട്ടിലെ കണ്ടെത്തലുകൾ എന്നും, യുവതലമുറയുടെ യഥാർത്ഥ സാമൂഹിക ജീവിത ബന്ധങ്ങളും ചുറ്റുപാടുകളും മെച്ചപ്പെടുത്താൻ അന്താരാഷ്ട്ര നടപടി വേണമെന്നും ഡോ വിവേക് മൂർത്തി പറഞ്ഞു. ലോകത്തിന്റെ പലഭാഗങ്ങളിലും കുട്ടികൾ മിഡ്‌ലൈഫ് പ്രതിസന്ധിക്ക് തുല്യമായ അവസ്ഥയിലൂടെ കടന്നു പോകുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്ന സാഹചര്യത്തിൽ അടിയന്തരമായി നടപടി വേണ്ടുന്ന പ്രാതിസന്ധിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

30 വയസ്സിന് താഴെയുള്ള ബ്രിട്ടീഷുകാർ റിപ്പോർട്ടിലെ പട്ടികയിൽ 32-ാം സ്ഥാനത്താണ്, മോൾഡോവ, കൊസോവോ തുടങ്ങിയ ലോകത്തിലെ ഏറ്റവും ഉയർന്ന കൊലപാതക നിരക്കുള്ള രാജ്യങ്ങൾക്ക് പിന്നിലാണ് ഇത്. എന്നാൽ, 60 വയസ്സിന് മുകളിലുള്ള ബ്രിട്ടീഷുകാർ ലോകത്തിലെ ഏറ്റവും സന്തുഷ്ടരായ പഴയ തലമുറകളിൽ ആദ്യ 20-ൽ ഇടം നേടി. നിലവിൽ പട്ടികയിൽ യു എസ് 23-ാം സ്ഥാനത്താണുള്ളത്.

റിപ്പോർട്ടിൽ മാറ്റങ്ങളുടെ കാരണങ്ങൾ വെളിപ്പെടുത്തിയിട്ടില്ല, എങ്കിലും വർദ്ധിച്ചുവരുന്ന സാമൂഹ്യ മാധ്യമ ഉപയോഗം, വരുമാന അസമത്വങ്ങൾ, , യുദ്ധത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും കുറിച്ചുള്ള ഭയം എന്നിവ കുട്ടികളുടെയും യുവാക്കളുടെയും സന്തോഷത്തിന്മേലുള്ള ആഘാതം വർദ്ധിപ്പിക്കുന്നുണ്ട് എന്ന വിലയിരുത്തത്തിലാണ് വിദഗ്ധർ. യുഎസിലെ കൗമാരക്കാർ ദിവസത്തിൽ ശരാശരി അഞ്ച് മണിക്കൂറോളം സാമൂഹ്യ മാധ്യമത്തിൽ ചെലവഴിക്കുന്നുണ്ടെന്നും മൂന്നിലൊന്ന് പേർ അർദ്ധരാത്രിവരെ സാമൂഹ്യ മാധ്യമ ഇടങ്ങളിൽ ചെലവഴിക്കുന്നുവെന്നും പഠനങ്ങൾ വെളിപ്പെടുത്തുന്നുണ്ട്.

സുരക്ഷിതവും ശാന്തവുമായ അന്തരീക്ഷം, ഉയർന്ന അവസരങ്ങൾ, താരതമ്യേന തുല്യമായ വരുമാനം എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കാൻ തൻ്റെ രാജ്യത്തിന് കഴിഞ്ഞുവെന്ന് ഫിൻലാൻഡിൻ്റെ അംബാസഡർ പറഞ്ഞു. എല്ലാത്തിന്റെയും ആരംഭം പൗരന്മാരും ഞങ്ങളുടെ സ്ഥാപനങ്ങളും തമ്മിലുള്ള ഉയർന്ന വിശ്വാസത്തിലാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

കോസ്റ്റാറിക്കയും കുവൈറ്റും ആദ്യ 20-ലേക്ക് ആദ്യമായി പ്രവേശിച്ചപ്പോൾ ജർമ്മനി 16-ാം സ്ഥാനത്ത് നിന്ന് 24-ാം സ്ഥാനത്തേക്ക് താഴ്ന്നു. അഫ്ഗാനിസ്ഥാനും ലെബനനും ഏറ്റവും സന്തുഷ്ടരായ രണ്ട് രാജ്യങ്ങളായി തന്നെ തങ്ങളുടെ സ്ഥാനം നില നിർത്തി. വർദ്ധിച്ചുവരുന്ന സന്തോഷം രേഖപ്പെടുത്തിയ രാജ്യങ്ങളിൽ ആഫ്രിക്കൻ രാജ്യങ്ങളും കംബോഡിയയും, റഷ്യയും, ചൈനയും ഉൾപ്പെടുന്നു.

Share on

മറ്റുവാര്‍ത്തകള്‍