UPDATES

വിദേശം

സയണിസത്തെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്നാണോ?

സക്കര്‍ബര്‍ഗിന് കത്തയച്ച് അന്താരാഷ്ട്ര സംഘടനകള്‍

                       

ഗാസയിലെ ഇസ്രയേല്‍ ആക്രമണം നിയന്ത്രണങ്ങളില്ലാതെ തുടരുന്ന സാഹചര്യത്തില്‍, സമൂഹമാധ്യമ ലോകം അടക്കി വാഴുന്ന മെറ്റക്ക് 73 അന്താരാഷ്ട്ര സംഘടനകളുടെ കൂട്ടായ്മ കത്തയച്ചിരിക്കുകയാണ്. തങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് സയണിസത്തിനെതിരെ വിമര്‍ശിക്കുന്നവരുടെ അകൗണ്ടുകള്‍ നീക്കം ചെയ്യുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്യരുതെന്ന ആവശ്യമാണ് കത്തിലൂടെ അന്താരാഷ്ട്ര സംഘടനകള്‍ മെറ്റയെ അറിയിച്ചിരിക്കുന്നത്. മാര്‍ക്ക് സക്കര്‍ബര്‍ഗിനെ അഭിസംബോധന ചെയ്തുകൊണ്ട് തുടങ്ങുന്ന കത്തില്‍ സയണിസ്റ്റ്, സയണിസം എന്നീ വാക്കുകള്‍ ഉപയോഗിക്കുന്നതിനെ പൂര്‍ണമായി വിലക്കുന്നത് പല ഗുരുതര പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്നും പറയുന്നുണ്ട്.

‘സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും സുരക്ഷിതവും ന്യായയുക്തവുമായ ഓണ്‍ലൈന്‍ ഇടങ്ങള്‍ പ്രോത്സാഹിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് ഈ കത്ത് ഞങ്ങള്‍ മെറ്റക്ക് എഴുതുന്നത്. ഐക്യരാഷ്ട്രസഭ നിഷ്‌കര്‍ഷിച്ചിരിക്കുന്നത് പോലെ ‘ജനങ്ങള്‍ക്ക് ഓഫ്ലൈനില്‍ ലഭിക്കേണ്ട അതേ അവകാശങ്ങള്‍ ഓണ്‍ലൈനിലും ലഭിക്കുകയും സംരക്ഷിക്കപ്പെടുകയും വേണം. ലോകത്ത് നടക്കുന്ന സംഭവങ്ങളെ പറ്റി അറിയാന്‍ ജനങ്ങള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളെ ആശ്രയിക്കുന്നതിനാല്‍ കൃത്യമായ വിവരങ്ങള്‍ ലോകത്തിലേക്ക് എത്തിക്കുന്നതില്‍ മെറ്റക്ക് വലിയ ഉത്തരവാദിത്തമുണ്ട്. അതിനാല്‍ തന്നെ മെറ്റയുടെ ഉടമസ്ഥതയിലുളള ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം തുടങ്ങിയ മാധ്യമങ്ങളിലൂടെ പലസ്തീനിലും ഇസ്രയേലിലുമുള്ള ആര്‍ക്കും ഉപദ്രവങ്ങളും അക്രമങ്ങളും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ കടുത്ത നടപടികള്‍ ഉറപ്പാക്കാന്‍ ഞങ്ങള്‍ മെറ്റയോട് അഭ്യര്‍ത്ഥിക്കുന്നു. പ്രത്യേകിച്ച് ഇസ്രയേലിനെതിരായ ദക്ഷിണാഫ്രിക്കന്‍ കേസിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ സമീപകാല വിധിയുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് അഗാധമായ ഉത്കണ്ഠയുണ്ട്’- സംഘടനകള്‍ കത്തിലൂടെ വ്യക്തമാക്കുന്നു.

സയണിസ്റ്റ്, സയണിസം എന്ന പദങ്ങളുമായി ബന്ധപ്പെട്ട് മെറ്റ കൈകൊണ്ടിരിക്കുന്ന നയത്തില്‍ തങ്ങള്‍ക്ക് അതീവ ആശങ്കയുണ്ടെന്നും സയണിസ്റ്റ് എന്ന പദം ഉപയോഗിക്കുന്ന അകൗണ്ടുകളും വ്യക്തികളെയും തടയാന്‍ തുടങ്ങിയാല്‍ അത് രാഷ്ട്രീയപരമായി സംസാരിക്കാനും സംവാദങ്ങള്‍ നടത്താനുമുള്ള ജനങ്ങളുടെ കഴിവിനെ ഗുരുതരമായി പരിമിതപ്പെടുത്തും. യഥാര്‍ത്ഥ്യത്തില്‍ സയണിസം എന്ന വാക്ക് യഹൂദരില്‍ നിന്നും ഇസ്രയേലില്‍ നിന്നും വ്യത്യസ്തമാണ് എന്നും കത്തില്‍ പ്രതിപാദിക്കുന്നുണ്ട്. മെറ്റയുടെ ഈ നീക്കം ഇസ്രയേലിന് അനാവശ്യ പ്രോത്സാഹനം നല്‍കുന്നതാണെന്നും കത്തില്‍ പറയുന്നു.

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് പിന്നാലെ പലസ്തീന്‍ അനുകൂല പോസ്റ്റുകള്‍ക്കും ഇസ്രയേലിനെതിരായ പോസ്റ്റുകള്‍ക്കും സെന്‍സര്‍ഷിപ് ഏര്‍പ്പെടുത്തുന്നതായി മെറ്റയ്ക്കെതിരെ വ്യാപക ആരോപണങ്ങളുയര്‍ന്നിരുന്നു. ഇത് നിലനില്‍ക്കെയാണ് ‘സയണിസ്റ്റ്’ എന്ന പദവുമായി ബന്ധപ്പെട്ട് നിലവില്‍ തങ്ങളുടെ വിദ്വേഷ പ്രസംഗ നയം പുനഃപരിശോധിക്കുകയാണെന്ന് 2024 ജനുവരി 30 -ന് മെറ്റാ പോളിസി ഉദ്യോഗസ്ഥര്‍ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍ക്ക് അയച്ച കത്തില്‍ പറയുന്നുണ്ട്(ജൂതന്മാര്‍ തങ്ങളുടെ വാഗ്ദത്തഭൂമിയായി കരുതുന്ന പലസ്തീനില്‍ സ്വതന്ത്ര ജൂതരാഷ്ട്രം സ്ഥാപിക്കുന്നതിന് വേണ്ടി പരിശ്രമിക്കുന്ന രാഷ്ട്രീയ മുന്നേറ്റമാണ് ‘സയണിസം’).

വര്‍ഷങ്ങളായി, മെറ്റയുടെ ലോകമെമ്പാടുമുള്ള മൂന്ന് ബില്യണ്‍ ഉപയോക്താക്കള്‍ക്കും ‘സയണിസ്റ്റ്’ എന്ന പദം ഉപയോഗിക്കാന്‍ അനുവാദമുണ്ടായിരുന്നു. ഇപ്പോള്‍ ഇസ്രയേലിന് പകരം അവരെ വിമര്‍ശിക്കാന്‍ സയണിസ്റ്റ് എന്ന പദം ഉപയോഗിക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പദം നീക്കുന്നതിനെ സംബന്ധിച്ച പുതിയ ആലോചനകള്‍ സജീവമായത്. ഗാസയില്‍ ഇസ്രയേല്‍ തുടരുന്ന ആക്രമണങ്ങള്‍ക്ക് ശേഷമാണ് ഈ പ്രവണത വര്‍ധിച്ചതെന്നാണ് മെറ്റയുടെ വിശദീകരണം. മതത്തെയോ ദേശീയതയെയോ അടിസ്ഥാനമാക്കി ആളുകള്‍ക്കെതിരായ ആക്രമണങ്ങളെ മെറ്റാ പോളിസി നിരോധിക്കുന്നുണ്ട്. എന്നാല്‍ സയണിസ്റ്റ് എന്ന ഉപയോഗം ആളുകളെയാണോ ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തെയാണോ പരാമര്‍ശിക്കുന്നത് എന്ന് വേര്‍തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യം കമ്പനിക്കുണ്ട്, അതുകൊണ്ട് ഈ പശ്ചാത്തലത്തില്‍ നിര്‍ദിഷ്ട വാക്ക് ഉപയോഗിച്ചുള്ള ചര്‍ച്ചകളെ മുഴുവനായി നിരോധിക്കാനാണ് മെറ്റ പദ്ധതിയിടുന്നത് എന്നായിരുന്നു നല്‍കിയ വിശദീകരണം.

പ്രധാനപ്പെട്ട ഒരു പ്രശ്‌നത്തിനുള്ള തെറ്റായ പരിഹരണമാണ് തങ്ങളുടെ പുതിയ നയത്തിലൂടെ മെറ്റ മുന്നോട്ട് വച്ചിരിക്കുന്നതെന്നും, സയണിസ്റ്റ് എന്ന വാക്കിനോടുളള മെറ്റയുടെ നയം മാറ്റിയാലും മറ്റുള്ളവര്‍ ഓണ്‍ലൈനിലൂടെ ജൂത ജനതയോട് മോശമായി പെരുമാറുന്നുവെന്ന പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല. ഗാസയില്‍ എന്താണ് സംഭവിക്കുന്നതെന്ന് പുറംലോകത്തേക്ക് എത്തിക്കുന്നതില്‍ നിന്ന് പലസ്തീനികളെ തടയാന്‍ തക്കതായതാണ് മെറ്റയുടെ ഈ മാറ്റം എന്നും സംഘടനകള്‍ കത്തിലൂടെ പറയുന്നു. 18 മില്യണ്‍ റൈസിംഗ് (18MR), അക്‌സസ്സ് നൗ, ആക്ഷന്‍ സെന്റര്‍ ഓണ്‍ റേസ് ആന്‍ഡ് ദി ഇക്കോണമി (ACRE) തുടങ്ങിയ 73 ഓളം അന്തരാഷ്ട്ര സംഘടനകളാണ് മാര്‍ക്ക് സക്കര്‍ബര്‍ഗിന് കത്തയച്ചിരിക്കുന്നത്. സയണിസ്റ്റ്, സയണിസം എന്നീ വാക്കുകള്‍ ഉപയോഗിക്കുന്നതിനെ പൂര്‍ണമായി വിലക്കുന്നത് സ്വതന്ത്രമായ അഭിപ്രായപ്രകടനത്തെ സാരമായി ബാധിക്കുമെന്ന അഭിപ്രായങ്ങള്‍ മെറ്റ തങ്ങളുടെ നയം വ്യക്തമാക്കിയത് മുതല്‍ തന്നെ ചര്‍ച്ച വിഷയമായിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍