ഫിലിപ് റക്കര്‍
(വാഷിങ്ങ്ടണ്‍ പോസ്റ്റ്)
സിലിക്കണ്‍ വാലിയില്‍ സാങ്കേതികവിദ്യ വ്യവസായ ഭീമന്‍മാര്‍ സാമ്പ്രദായിക ഡെമോക്രാറ്റ് രാഷ്ട്രീയ ശ്രേണിയില്‍ അട്ടിമറി സൃഷ്ടിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നു.
സാങ്കേതികവിദ്യയുടെ ഈ തറവാട് താഴ്വരയില്‍ മുതിര്‍ന്ന രാഷ്ട്രീയക്കാരന്‍ മൈക്കല്‍ ഹോണ്ടയെ തോല്‍പ്പിക്കാന്‍ 37 കാരനായ പേറ്റന്‍റ് അഭിഭാഷകന്‍ റോ ഖന്നയെ കളത്തിലിറക്കിയിരിക്കുന്നു ടെക്കീ കുത്തകകള്‍. വാഷിംഗ്ടണില്‍ തങ്ങളുടെ പ്രതിനിധിയാകാനുള്ള കുശാഗ്രതയോ, ശേഷിയോ ഹോണ്ടക്കില്ലെന്നാണ് ഇവരുടെ ആരോപണം.
രാഷ്ട്രീയത്തില്‍ കൂടുതല്‍ താത്പര്യം പ്രകടിപ്പിക്കുന്ന ഒരു ധനിക വ്യവസായത്തിന്റെ സാഹസികമായൊരു നീക്കമാണിത്. ഹോണ്ടയും ഖന്നയും തമ്മില്‍ 17-ആം ജില്ലയില്‍ നടക്കുന്ന പോരാട്ടം രാജ്യത്തെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ ഏറ്റവും ചെലവേറിയ മത്സരമാകും. ചൊവ്വാഴ്ച്ചത്തെ പ്രൈമറിക്ക് മുമ്പായി ഖന്ന പിരിച്ചെടുത്തത് 2.6 ദശലക്ഷം ഡോളറാണ്; ഹോണ്ട 2.1 ദശലക്ഷവും.
പക്ഷേ മറ്റ് പ്രൈമറികളില്‍ നിന്നും വ്യത്യസ്തമായി ആപ്പിള്‍, ഇന്‍റല്‍, യാഹൂ എന്നീ ഭീമന്‍മാരുടെ കേന്ദ്രകാര്യാലയങ്ങളുള്ള ഇവിടെ പ്രത്യയശാസ്ത്ര പോരാട്ടങ്ങളൊന്നുമില്ല. ഹോണ്ടയും ഖന്നയും താരതമ്യേന പുരോഗമനവാദികളുമാണ്.
ശൈലിയിലും കാമ്പിലുമാണ് രണ്ടുപേരും വ്യതിരിക്തരാകുന്നത്. ഈ മാസം 73 തികയുന്ന ഹോണ്ടക്ക് ആഗോള സാമ്പത്തികരംഗമോ, തങ്ങളുടെ ആവശ്യങ്ങളോ മനസ്സിലാക്കാനുള്ള ശേഷിയില്ലെന്ന് ടെക്കീ ഭീമന്‍മാര്‍ ആക്ഷേപിക്കുന്നു. റിപ്പബ്ലിക്കന്‍മാരെപ്പോലെ ഡെമോക്രാറ്റുകളും ഉള്‍പ്പോരില്‍ വലയുന്നു എന്നാണ് മത്സരം കാണിക്കുന്നത്.
വാഷിംഗ്ടണില്‍ സ്വാധീനം ചെലുത്താന്‍ ആര്‍ത്തിപൂണ്ടിരിക്കുന്ന പുത്തന്‍ ദാതാക്കളാണ് ഖന്നയുടെ പണക്കിഴി നിറക്കുന്നത്. കണക്കുകള്‍ വെച്ച് അടിത്തട്ടിലെ പ്രചരണവും ലക്ഷ്യമിട്ട് പ്രസിഡണ്ട് ബരാക് ഒബാമയുടെ രാഷ്ട്രീയ ദൌത്യ സംഘത്തിലെ ഒരു സംഘത്തെ തനിക്കുവേണ്ടി തയ്യാറാക്കിക്കഴിഞ്ഞു ഖന്ന. കോണ്‍ഗ്രസിലെ തലമൂത്ത ലിബറലുകളുടെ കൂട്ടത്തില്‍പ്പെട്ട ഹോണ്ടയാകട്ടെ തന്നെ എഴുവട്ടം ജയിപ്പിച്ച, മണ്ഡലം കേന്ദ്രീകരിച്ച രാഷ്ട്രീയം തന്നെയാണ് ഇത്തവണയും ആയുധമാക്കുന്നത്. തൊഴിലാളി സംഘടനകളും പരിസ്ഥിതിസംഘങ്ങളുമാണ് ഹോണ്ടയെ പ്രധാനമായും പിന്താങ്ങുന്നത്.
കോണ്‍ഗ്രസില്‍ അത്ര ശക്തമായ പ്രാതിനിധ്യം ഇല്ലെങ്കിലും സാങ്കേതിക വ്യവസായം അത്ര കുഴപ്പമൊന്നുമില്ലാതെ മുന്നോട്ട് പോകുന്നു എന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റിന് നല്കിയ അഭിമുഖത്തില്‍ ശാസ്ത്ര അദ്ധ്യാപകനായിരുന്ന മുന്‍ എലിമെന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞത്. “ജനങ്ങളാണ് ഈ താഴ്വരയെ മുന്നോട്ടുകൊണ്ടുപോകുന്നത്” എന്നും അവര്‍ക്കാണ് കാപ്പിറ്റോളില്‍ ശബ്ദമുണ്ടാകേണ്ടതെന്നും ഹോണ്ട പറയുന്നു.
“സാങ്കേതികവിദ്യ, സുരക്ഷാ, തൊഴിലാളികള്‍, സേവന മേഖല ഇങ്ങനെ പലവിധ മേഖലയിലെ ആളുകളാണ് ഈ താഴ്വരയിലുള്ളത്. സാങ്കേതികവിദ്യ മേഖല മികച്ചതുതന്നെ. എന്നാല്‍ എല്ലാവര്‍ക്കും അതിന്റെ ഗുണം ലഭിച്ചിട്ടില്ല. അതുകൊണ്ടാണ്, സാമ്പത്തിക നേട്ടങ്ങള്‍ സകലര്‍ക്കും ലഭിക്കുന്നു എന്നുറപ്പുവരുത്താന്‍ ഞാനിവിടെയുണ്ടാകേണ്ടതാണ്,” ഹോണ്ട പറഞ്ഞു.
പക്ഷെ ഒബാമയുടെ ഒന്നാം സര്‍ക്കാരില്‍ സഹ വാണിജ്യ സെക്രട്ടറിയായിരുന്ന,‘Entrepreneurial Nation’ എന്ന പുസ്തകമെഴുതിയ ഖന്ന പറയുന്നതു ഹോണ്ട ‘ഒരിയ്ക്കലും സാമ്പത്തിക വിഷയങ്ങള്‍ മുന്നില്‍നിന്നും ഉന്നയിച്ചിട്ടില്ല’ എന്നാണ്.
“സാധാരണക്കാരനെ സഹായിക്കാനുള്ള മൂല്യബോധം മാത്രമുണ്ടായാല്‍ പോര’ എന്നാണ് ഇന്ത്യന്‍ വംശജനായ അമേരിക്കക്കാരന്‍ ഖന്നയുടെ മതം. ‘മാറിയ സാമ്പത്തിക സാഹചര്യത്തില്‍ അയാളെ സഹായിക്കാനുള്ള പരിഹാരങ്ങള്‍ കൂടി ഉണ്ടാകണം. അദ്ദേഹത്തിന്റെ ഫലക്ഷമതയെയാണ് ഞാന്‍ ചോദ്യം ചെയ്യുന്നത്. മധ്യവര്‍ഗ്ഗക്കാരെ മത്സരക്ഷമതയുള്ളവരാക്കാന്‍ പോന്ന എന്തെങ്കിലും ഒരാശയം കഴിഞ്ഞ 20 വര്‍ഷമായി അദ്ദേഹത്തിന്റെ പക്കലുണ്ടെന്ന് എനിക്കു തോന്നുന്നില്ല.”
കാലിഫോര്‍ണിയയിലെ പ്രത്യേക തെരഞ്ഞെടുപ്പ് ചട്ടം അനുസരിച്ചു ചൊവ്വാഴ്ച്ചത്തെ തുറന്ന കക്ഷി പ്രൈമറിയില്‍ മുന്നിലെത്തുന്ന രണ്ടു പേര്‍ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കും. ഡെമോക്രാറ്റുകളുടെ ശക്തികേന്ദ്രമായ ഇവിടെ ഹോണ്ടയും ഖന്നയും ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തും എന്നാണ് കരുതുന്നത്. അതായത് അവരുടെ യഥാര്‍ത്ഥ ഏറ്റുമുട്ടല്‍ നവംബറിലായിരിക്കും എന്ന്.
ജപ്പാന്‍ വംശജനായ ഹോണ്ട ഹവായിക്ക് പുറത്ത് അമേരിക്കയിലെ ആദ്യ ഏഷ്യന്‍ അമേരിക്കന്‍ ഭൂരിപക്ഷ ജില്ലയില്‍ വിവിധ വംശീയ വിഭാഗങ്ങള്‍ക്കിടയില്‍ ഏറെ പ്രിയങ്കരനാണ്. ദേശവ്യാപകമായി ഏഷ്യന്‍ അമേരിക്കന്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ഹോണ്ട മുന്‍കൈ എടുത്തിട്ടുണ്ട്.
ഒബാമ ഹോണ്ടക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഒബാമ സംഘത്തിന്റെ ഒത്തുകൂടല്‍ എന്ന് തോന്നിക്കുന്നത് ഖന്നയുടെ പ്രചാരണത്തിലാണ്. ഒബാമയുടെ ഫീല്‍ഡ് ഡയറക്ടര്‍ ജെറെമി ബെര്‍ഗാണ് ഖന്നയുടെ മുഖ്യ ഉപദേഷ്ടാവ്. ഒബാമയുടെ പരസ്യപ്രചാരണത്തിന്റെ ചുക്കാന്‍ പിടിച്ച ലാറി ഗൃസോളാണോ മാധ്യമ ഉപദേഷ്ടാവിന്റെ വേഷത്തില്‍,പിന്നെ ഡേവിഡ് ബ്ലിന്‍സ്റ്റെര്‍,ലീ കോവാന്‍ അങ്ങനെ പലരും.
കടുത്ത ചേരിതിരിവുണ്ടാക്കിയ പ്രചാരണത്തില്‍ പല ഡെമോക്രാറ്റ് നേതാക്കളും അകലം പാലിക്കുകയാണ്. ഇതുപക്ഷേ ഹോണ്ടക്ക് ഗുണം ചെയ്യില്ല. ഹൌസ് ന്യൂനപക്ഷ നേതാവ് നാന്‍സി പെലോസി ഹോണ്ടയെ പിന്തുണച്ചെങ്കിലും കാര്യമായ പ്രചാരണത്തിന് ഇറങ്ങിയിട്ടില്ല. അവരുടെ വലിയ പണദാതാക്കളെല്ലാം ഖന്നക്കൊപ്പമാണ്.
യാഹൂ മേധാവി മറീസ്സ മേയര്‍, ഫെയ്സ്ബുക് എക്സിക്യൂടീവ് ഷെറില്‍ സാണ്ട്ബെര്‍ഗ്, ഗൂഗിള്‍ ചെയര്‍മാന്‍ എറിക് ഷ്മീഡ്ത്, നാപ്സ്റ്റെര്‍ സ്ഥാപകന്‍ സീന്‍ പാര്‍ക്കര്‍, നിക്ഷേപകന്‍ മാര്‍ക് ആന്‍റ്റീസ്സന്‍, ക്ലീന്‍ ടെക് വെഞ്ച്വര്‍ കാപ്പിറ്റലിസ്റ്റ് സ്റ്റീവ് വെസ്റ്റ്ലി തുടങ്ങിയ വന്‍ ടെക്കീ ഭീമന്‍മാര്‍ ഖന്നക്ക് പിന്നില്‍ അണിനിരന്നിട്ടുണ്ട്.
എന്നാല്‍ നെറ്റ് നിഷ്പക്ഷത, ദേശീയ സുരക്ഷാ ഏജന്‍സിയുടെ ചാരപ്പണി, നിയന്ത്രണങ്ങള്‍, നികുതി, വ്യാപാരം എന്നീ വിഷയങ്ങളിലെല്ലാം ഖന്നയുടെ നയമെന്തായിരിക്കുമെന്ന് വെളിവായിട്ടില്ല. ഖന്ന ‘സിലികോണ്‍ വാലി സംഘത്തിന്‍റെ’ വാഷിംഗ്ടണിലെ പാവയായിരിക്കുമെന്ന് ഹോണ്ടയുടെ സഖ്യകക്ഷികള്‍ ആരോപിക്കുന്നു. “യാഹുവോ, ഗൂഗിളോ, അല്ലെങ്കില്‍ സിലികോണ്‍ വാലിയിലെ ആര്‍ക്കെങ്കിലുമോ വേണ്ടത്ര പ്രാതിനിധ്യമില്ലാത്തതിനാല്‍ കഷ്ടപ്പെടുകയാണെന്ന് ഈ രാജ്യത്ത് ആരെങ്കിലും പറയുമെന്ന് തോന്നുന്നില്ല,” ഹോണ്ടയെ പിന്താങ്ങുന്ന ഡെമോക്രസി ഫോര്‍ അമേരിക്കയുടെ നേതാവ് ചാര്‍ള്‍സ് ചേംബര്‍ലൈന്‍ പറഞ്ഞു. “പ്രാതിനിധ്യം കിട്ടാതെ വലയുന്നവരാണ് അവരെന്ന നാടകം സത്യത്തില്‍ ഹോണ്ടയുടെ ജില്ലയിലെ കുറഞ്ഞ കൂലിക്കു പണിയെടുക്കുന്ന തൊഴിലാളികളെ ആക്ഷേപിക്കലാണ്.”
പൌരസ്വാതന്ത്ര്യം, കാലാവസ്ഥ മാറ്റം, കുടിയേറ്റ പരിഷ്ക്കാരം, എന്നീ വിഷയങ്ങളിലെല്ലാം കൃത്യമായ നിലപാടെടുക്കുന്നതുകൊണ്ടാണ് താന്‍ ഹോണ്ടയെ പിന്താങ്ങുന്നതെന്ന് ടെക് സംരംഭകന്‍ ഡിലാവര്‍ സയിദ് പറഞ്ഞു. രണ്ടാം ലോകമാഹായുദ്ധകാലത്തെ ഒരു പ്രവര്‍ത്തന കേന്ദ്രത്തില്‍ നിന്നാണ് പൊതുസേവനത്തിലേക്ക് താന്‍ ആകൃഷ്ടനായതെന്ന് ഹോണ്ട പറഞ്ഞു. “1942-ല്‍ എന്നെ അവിടെക്കു അയച്ചപ്പോള്‍ കോണ്‍ഗ്രസില്‍ ആരും ഒന്നും പറഞ്ഞില്ല. ‘അരുത് ’എന്ന് ആരും പറഞ്ഞില്ല.”
“ശബ്ദം വേണ്ടവര്‍ക്ക് വേണ്ടി ശബ്ദിക്കാനാണ് ഞാനവിടെ പോകുന്നത്. എന്റെ മുന്‍ഗണനകള്‍ ശരിയാണ്. അതെന്റെ മണ്ഡലത്തിലുള്ളവര്‍ക്ക് യോജിക്കാവുന്നതാണ്. സാങ്കേതികവിദ്യ പ്രധാനമാണെന്ന് അവര്‍ക്കറിയാം. എന്നാല്‍ അതുമാത്രമല്ല എല്ലാം എന്നും അവര്‍ക്കറിയാം.”