Continue reading “പ്രവാസവും പ്രസവവും”

" /> Continue reading “പ്രവാസവും പ്രസവവും”

"> Continue reading “പ്രവാസവും പ്രസവവും”

">

UPDATES

പ്രവാസം

പ്രവാസവും പ്രസവവും

                       
ഒരു സ്ത്രീ തന്റെ ഭര്‍ത്താവിന്റെ സാമീപ്യം ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന സമയമാണ് അവളുടെ ഗര്‍ഭ കാലം. നിര്‍ഭാഗ്യവശാല്‍ ഭൂരിപക്ഷം പ്രവാസികള്‍ക്കും ആ ആഗ്രഹം നിറവേറ്റി കൊടുക്കാന്‍ കഴിയാറില്ല. നാട്ടീന്ന് അവധി കഴിഞ്ഞു വന്നിട്ട് ആറോ ഏഴോ മാസമേ ആയിട്ടുണ്ടാകൂ എന്നത് തന്നെയാണ് അതിനൊരു പ്രധാന കാരണം. 
 
നാട്ടില്‍ അടിച്ചു പൊളിച്ചു ജീവിച്ച കടം ഒരു വിധമൊന്നു വീട്ടി കഴിയുന്നേ ഉണ്ടാകൂ പലരും. ഇനി കാശ് എങ്ങിനെയെങ്കിലും സംഘടിപ്പിച്ചാലും അവധി കിട്ടണമെന്നില്ല. ഒരു വര്‍ഷം പോലുമാകാതെ ആരു കൊടുക്കും ലീവ്.
 
ഭാര്യയുടെ പ്രസവ തിയ്യതി അടുത്ത് വരുന്നതിനനുസരിച്ച് മനസ്സിലൊരു വിങ്ങലായിരിക്കും എല്ലാവര്‍ക്കും. അസമയത്തൊരു ഫോണ്‍ കോള്‍ എപ്പോഴും പ്രതീക്ഷിച്ചുകൊണ്ടാണ് അവര്‍ നടക്കുക. നാട്ടിലുള്ള ഒരു ഭര്‍ത്താവിനു ഭാര്യയെ പ്രസവ വാര്‍ഡിലേക്ക് കയറ്റിയതിനു ശേഷമേ വിഷമിച്ചു പുറത്തു കാത്തു നില്‌ക്കേണ്ടി വരുന്നുള്ളൂ. എന്നാല്‍ ഒരു പ്രവാസി ഭര്‍ത്താവ് ആഴ്ചകളോ ദിവസങ്ങളോ ഒക്കെ ഈ ഒരു അവസ്ഥയില്‍ കഴിയേണ്ടാതായി വരുന്നു.സമയത്തിന് അവര്‍ ആശുപത്രിയില്‍ എത്തുമോ ? വാഹനം കിട്ടുമോ എന്തെല്ലാം ചിന്തകളാണ് മനസ്സില്‍ കടന്നു വരുക.
 

                                                                                                                           @fotosister
 
 
തീര്‍ച്ചയായും ഒരു കുഞ്ഞിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ത്യാഗം സഹിക്കുന്നതും, വേദന അനുഭവിക്കുന്നതും, ഉറക്കമോഴിവാക്കുന്നതും, എല്ലാം അമ്മമാര്‍ തന്നെ. ഇക്കാര്യങ്ങളിലെല്ലാം രണ്ടാം സ്ഥാനം മാത്രമേയുള്ളൂ അച്ഛന്മാര്‍ക്ക്. പക്ഷെ സങ്കടകരമെന്നു പറയട്ടെ അച്ഛന്മാരുടെ ആ രണ്ടാം സ്ഥാനത്തിനെ കുറിച്ച് നമ്മള്‍ എവിടെയും പറഞ്ഞു കേള്‍ക്കുന്നില്ല, ഒരു കഥയും വായിക്കുന്നില്ല, എന്തിനു അമ്മ പോലും തന്റെ മക്കളെ അവരുടെ അച്ഛന്റെ സ്‌നേഹത്തെ കുറിച്ച് ബോധവാന്മാര്‍ ആക്കുന്നില്ല. അമ്മക്കന്നും ഇന്നും പറയാനുള്ളത് താന്‍ ചുമന്ന പത്തു മാസത്തിന്റെ കഥ മാത്രം.
 
പത്തു മാസം അമ്മ കുഞ്ഞിനെ ഗര്‍ഭപാത്രത്തിലാണ് ചുമന്നതെങ്കില്‍ അത്രയും കാലം തന്നെ അച്ഛന്‍ തന്റെ കുഞ്ഞിനെ തന്റെ ഹൃദയത്തില്‍ ചുമന്നു കൊണ്ട്‌നടക്കുന്നുണ്ട്. പിറക്കാന്‍ പോകുന്ന കുഞ്ഞിനോടുള്ള വാല്‍സല്യം കൊണ്ടാവാം ഇടയ്ക്കിടയ്ക്ക് അച്ഛന്മാര്‍ തങ്ങളുടെ ഭാര്യമാരോട് കുഞ്ഞിന്റെ ചലനങ്ങളെ പറ്റി അന്വേഷിക്കുന്നത്.
 
എന്നോടവള്‍ പറഞ്ഞത് പുഴയില്‍ നിന്നും നമ്മള്‍ ജീവനോടെ പിടിച്ച മീന്‍ നമ്മുടെ കയ്യില്‍ കിടന്നു പിടച്ചുകൊണ്ടിരിക്കുന്നതുപോലെ ഒരു അനുഭവമാണ് കുഞ്ഞ് ഇളകുമ്പോള്‍ തോന്നുന്നത് എന്നാണ്. ഞാന്‍ കുറെ സങ്കല്‍പ്പിച്ചു നോക്കി ആ രംഗം. ഞാനവളോട് പറഞ്ഞു കുഞ്ഞ് അതിന്റെ ഉപ്പാന്റെ അടുത്തേയ്ക്ക് എത്രയും പെട്ടെന്ന് എത്താനുള്ള ശ്രമം നടത്തുകയായിരിക്കുമെന്ന്. അവള് സമ്മതിച്ചു തന്നില്ല. കുഞ്ഞിന് അതിന്റെ ഉമ്മാനെ കാണാനുള്ള ധൃതിയാണ് എന്നവള്‍ പറഞ്ഞു.
 
 
 
 
പറഞ്ഞു വരുന്നത് അച്ഛന്മാരെ കുറിച്ച് തന്നെയാണ്. പ്രസവ മുറിയുടെ വാതിലിനു പിറകില്‍ അക്ഷമനായി കാത്തിരിക്കുന്ന ഓരോ മിനിറ്റിനും ഒരു മണിക്കൂറിന്റെ ദൈര്‍ഘ്യമുണ്ടാകും. ഇടനെഞ്ചിലെവിടെയോക്കെയോ ഒരു വലിച്ചില്‍ അനുഭവപ്പെടും. മുറിയുടെ വാതില്‍ തുറന്നു ഏതെങ്കിലും ഒരു നേഴ്സ് പുറത്തിറങ്ങിയാല്‍ അവരുടെ പിറകെ ഒരു നാലഞ്ചടി നടന്നു നോക്കും. അവര് ചായ കുടിക്കാനായി പുറത്തിറങ്ങിയതാണെന്നു കണ്ടാല്‍ വീണ്ടും പഴയ സ്ഥലത്ത് തന്നെ പോയി നില്‍ക്കും.
 
ഇത് നാട്ടിലെ ഒരാള്‍ അച്ഛനാവാന്‍ പോകുന്നതിനു തൊട്ടുമുന്നേയുള്ള രംഗം. പ്രവാസിക്ക് ആദ്യം ഫോണ്‍ വരുന്നത് അവന്റെ ഭാര്യയെ ആശുപത്രിയിലേക്ക് കൊണ്ട് പോയി എന്നറിയിക്കാനായിരിക്കും. പിന്നീടുള്ള ഓരോ നിമിഷങ്ങളും നാട്ടീന്നുള്ള ശുഭ വാര്‍ത്തയും പ്രതീക്ഷിച്ചു തള്ളി നീക്കും. കാള്‍ ഒന്നും വാരുന്നില്ലാന്നു കണ്ടാല്‍ പിന്നെ അങ്ങോട്ട് വിളിച്ചു നോക്കും. തൃപ്തികരമായ ഒരു മറുപടി നല്‍കാന്‍ സാധാരണയായി ആര്‍ക്കും കഴിയാറില്ല.
 
എന്നും ചെയ്യുന്ന ജോലിയും അതിനിടക്ക് ചെയ്തുകൊണ്ടിരിക്കണം. നാട്ടിലെ ജനനമായാലും മരണമായാലും പ്രവാസി അത് ഉള്‍കൊള്ളേണ്ടത് അന്നത്തെ ജോലിക്കിടയില്‍ തന്നെയാണ്. അവസാനം താന്‍ ഒരച്ഛനായി എന്നറിഞ്ഞാല്‍ ഉണ്ടാകുന്ന സന്തോഷം അതല്‍പ്പനേരമേ കാണൂ. കാരണം ഇളം റോസ് നിറത്തിലുള്ള ടവ്വലില്‍ പൊതിഞ്ഞൊരു മാലാഖ കുട്ടിയുടെ മുഖം എങ്ങിനെയായിരിക്കുമെന്നു അറിയാതെ അവനൊരു സമാധാനവുമുണ്ടാകില്ലാ.
 
 

                                                                                                         @ Kat Braman
 
ആധുനിക സംവിധാനങ്ങള്‍ ഒക്കെയുള്ള ഇക്കാലത്ത് ഒന്നോ രണ്ടോ മണിക്കൂറു കഴിഞ്ഞാല്‍ കുട്ടിയുടെ ഫോട്ടോ നമ്മുടെ കയ്യിലെത്തും. പക്ഷെ ഫോട്ടോയ്ക്ക് കൊടുക്കുന്ന ചുംബനത്തിനാ സ്വാഭാവിക ചൂട് കിട്ടില്ലല്ലോ. ഇത്രയും കാലം നെഞ്ചിനുള്ളില്‍ കാത്തുവെച്ചൊരു സ്‌നേഹ ചുംബനം ഫോട്ടോയ്ക്ക് കൊടുക്കേണ്ടി വരുന്ന ഗതികേട് അനുഭവിച്ചു തന്നെയറിയണം.
 
എത്ര വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ ഉണ്ടെങ്കിലും തന്റെ ഭര്‍ത്താവ് പുറത്തു കാത്തു നില്ക്കുന്നുണ്ട് എന്ന ഒരറിവ് മാത്രം മതി ഒരു ഗര്‍ഭിണിക്ക് അവളുടെ പ്രസവത്തെ ധൈര്യ പൂര്‍വ്വം നേരിടാന്‍. ആ ഒരു സമയത്ത് വേറെ ആരുണ്ടായിട്ടും കാര്യമില്ല. 
 
ഞാനേതായാലും അവളുടെ അടുത്തേയ്ക്ക് പോവുകയാണ്. നെറ്റിയിലൊരു ചുംബനം കൊടുത്തിട്ട് വേണം എനിക്കവളെ ലേബര്‍ റൂമിലേക്കയക്കാന്‍. ഓരോ തവണ വാതില്‍ തുറക്കുമ്പോഴും ആകാംഷയോടങ്ങോട്ട് ഓടണമെനിക്ക്. സര്‍വ്വ ശക്തന്‍ ആനുഗ്രഹിച്ചാല്‍ എന്റെ കൈ കൊണ്ട് തന്നെ ഏറ്റു വാങ്ങണമെനികെന്റെ കുഞ്ഞിനെ. അവന്റെ ചെവിയിലാദ്യമായി ലോക സൃഷ്ടാവിന്റെ മഹത്വം വിളിച്ചോതേണ്ടതും ഞാന്‍ തന്നെ.
 
എല്ലാത്തിലുമുപരി നേരിട്ടറിയണമെനിക്കെന്റെ അച്ഛന്‍ അച്ഛനായ വേദന…
 

 

Share on

മറ്റുവാര്‍ത്തകള്‍