Continue reading “പ്രളയം: മറയ്ക്കുന്നതും മറക്കുന്നതും”

" /> Continue reading “പ്രളയം: മറയ്ക്കുന്നതും മറക്കുന്നതും”

"> Continue reading “പ്രളയം: മറയ്ക്കുന്നതും മറക്കുന്നതും”

">

UPDATES

ഇന്ത്യ

പ്രളയം: മറയ്ക്കുന്നതും മറക്കുന്നതും

                       
സ്വാമി സംവിദാനന്ദ്
വികസനം എന്നത് സുന്ദര ചിത്രമാണ്. സുന്ദരത കൊണ്ട് വരാന്‍ പോകുന്ന പല ദുരന്ത ദൃശ്യങ്ങളെയും മറച്ച് വെയ്ക്കാം. പക്ഷേ ഒടുവില്‍ മലയെ മേഘം മറച്ചു വെച്ചാലും മറിച്ചിടുവാന്‍ സാധിക്കാത്ത പോലെ, ദുരന്തങ്ങളുടെ മലയെ സുന്ദരമായ മേഘം കൊണ്ട് മറയ്ക്കുന്ന രാഷ്ട്രീയക്കാരും കുത്തകമുതലാളിമാരും ചേര്‍ന്ന കൊള്ളക്കാരുടെ സംഘം പ്രകൃതിയെ കൊള്ളയടിച്ചു ജീവിക്കുമ്പോള്‍ എത്ര തകര്‍ത്തെരിഞ്ഞാലും യാഥാര്‍ത്ഥ്യത്തിന്റെ മരണമല തെളിഞ്ഞു വരും.
ഉത്തരാഖണ്ഡില്‍ പ്രളയ ശേഷം എത്രയും പെട്ടെന്ന് ക്ഷേത്രവും മറ്റും തുറന്നു കൊടുക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കാര്യങ്ങള്‍ നടക്കുകയാണ്. പക്ഷേ മറന്നു പോകുന്നത് പ്രദേശവാസികളായ സാധു മനുഷ്യരെയാണ്. ഇവരെയൊക്കെ പറ്റിച്ച് കാലകാലങ്ങളിലുണ്ടായ ‘സുന്ദര വികസനം’ വരുത്തിവെച്ച ദുരന്ത മിഠായി നുണയാന്‍ നല്കിയ രാഷ്ട്രീയക്കാരെയും വന്‍ കിട കമ്പനി മുതലാളിമാരെയൊന്നും ഈ വഴി കാണാനില്ല.
മരിച്ചവരില്‍ അധികവും തീര്‍ത്ഥയാത്രികളെന്ന ആള്‍ക്കൂട്ടമായതിനാലും പല സംസ്ഥാനങ്ങളില്‍ പല ജില്ലകളില്‍ പടര്‍ന്നു കിടക്കുന്നത് കൊണ്ടും മരണം സത്യത്തില്‍ അത്ര ഭീകരതയായ് സര്‍ക്കാരിന് തോന്നില്ല. നഷ്ടപരിഹാരത്തുകയായ് ആഗോളതലത്തില്‍ കോടാനുകോടികള്‍ പിരിഞ്ഞു കിട്ടിയ സ്ഥിതിക്ക് ഇനി ഈ പണം വെച്ചുള്ള മുതലെടുപ്പിനുള്ള യുദ്ധമാണ് വരാനുള്ളത്. അതിനിടയില്‍ മറയ്ക്കുന്ന ഒരു സത്യമുണ്ട്. ഈ മേഖലയില്‍ എന്ത് പാരിസ്ഥിതിക അനുമതിയാണ് ഡാമുകള്‍ക്കായ് ലഭിച്ചത്? അങ്ങനെ എല്ലാത്തരത്തിലും ഡാമുകള്‍ പണിയുവാന്‍ ഉള്ള പാരിസ്ഥിതിക ശേഷിയുണ്ടോ ഈ പ്രദേശത്ത്? അങ്ങനെ ഇവയ്ക്ക് എല്ലാത്തരം സംരക്ഷണവും ഉണ്ടെങ്കില്‍ പിന്നെയെങ്ങനെ ഇവ തകര്‍ന്നു പോയ്? ചോദ്യങ്ങള്‍ അനേകമുണ്ട്. 
മുംബൈ ദുരന്തം കഴിഞ്ഞ് ആറ് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ കൂട്ടക്കൊല നടന്ന സ്‌റ്റേഷനില്‍ ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിച്ചു. മരിച്ചവരില്‍ ആരെങ്കിലുമൊരാള്‍ നേതാവായിരുന്നെങ്കില്‍ ഒരു പക്ഷേ രണ്ട് ദിവസം അതു നിലച്ചേനെ. പക്ഷേ മരിച്ചത് ആരക്കൊയോ ആയിരുന്നു. ആള്‍ക്കൂട്ടങ്ങളുടെ മരണം ആര്‍ക്കും അത്ര ഭാരമായ് മാറാറില്ല. ഉത്തരാഖണ്ഡ് ദുരന്തം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് പ്രാദേശിക ഗ്രാമീണരെയാണ്. ദുരന്തത്തില്‍ മരിച്ച അവരുടെ ബന്ധുക്കളുടെയൊക്കെ മൃതശരീരങ്ങള്‍ കേദാര്‍ നാഥില്‍ നിന്നും ത്രിയുഗി നാരായണിലേക്കും ഗൗരിക്കുണ്ഡിലേക്കുമുള്ള വഴിയില്‍ അലിഞ്ഞു തീരാറായിട്ടുണ്ടാവും. രക്ഷപെടാന്‍ മലയിലേക്ക് ഓടിക്കയറിയ പാവങ്ങളായിരുന്നു ഏറെയും. കഠിനമായ മഴയിലും വിശപ്പിലും ശ്വാസം കിട്ടായ്മയിലുമാണ് ഇവരൊക്കെ മരിച്ചു വീണത്. ദുരന്തം എങ്ങനെ ഉണ്ടായി എന്നതിന് നിരവധി പഠനങ്ങള്‍ വരും. ഈ പഠന റിപ്പോര്‍ട്ടുകളിലൊക്കെ മറച്ചു വെയ്ക്കാനുള്ളവയെന്തൊക്കെയാവും ?
തീര്‍ച്ചയായും ഉണ്ട്; പാഠം പഠിച്ചവരെന്നും പഠിക്കാത്തവരെന്നും രണ്ടു കൂട്ടര്‍
പാഠം പഠിച്ചവരാരൊക്കെയാവും? മരങ്ങള്‍ വെട്ടി കാടു വെളുപ്പിക്കുന്നതിനെതിരെ ഇവിടെ ഒരു ഹിമാലയന്‍ ഗ്രാമത്തില്‍ തുടങ്ങിയതാണ് ചിപ്കോ പ്രസ്ഥാനം. മരങ്ങളെ വെട്ടുവാന്‍ വിട്ടുകൊടുക്കാതെ കെട്ടി പിടിച്ച് പ്രതിരോധിക്കുന്നതിനെ (ചിപ്‌കോ എന്നാല്‍ ഒട്ടിച്ചേര്‍ന്നു നില്ക്കുക) അന്തര്‍ ദേശീയ പ്രാധാന്യമുള്ള ഒരു മൂവ്മെന്റായി വളര്‍ത്തിയെടുത്തു. പിന്നീട് അത്തരം വിജയഗാഥകള്‍ ആ മേഖലയില്‍ നിന്നും ഉണ്ടായില്ല. സുന്ദര്‍ ലാല്‍ ബഹുഗുണയെപ്പോലുള്ളവര്‍ തെഹ് രി ഡാം പ്രൊജക്ടിനെതിരായിട്ടു പോലും പ്രോജക്റ്റ് ഗംഭീരമായി പൂര്‍ത്തിയാക്കി. പില്ക്കാലത്തുള്ള എല്ലാ ഡാം പ്രൊജക്ടുളിലും പ്രാദേശികമായുള്ള എതിര്‍പ്പുകളെ പരാജയപ്പെടുത്തുവാന്‍ ഇത് ഒരു മാതൃകയായ് അതാത് കുത്തക മുതലാളിമാര്‍ അനുവര്‍ത്തിച്ചു പോന്നു.
ഗ്രാമീണരെ ഭിന്നിപ്പിക്കുക എന്നത് എളുപ്പത്തില്‍ സാധിക്കുന്ന ഒന്നാണ്. നിലവില്‍ സമരമായ് ബന്ധപ്പെട്ടും അല്ലാതെയും മിക്കവാറും ഡാമിന്റെ പരിസര പ്രദേശങ്ങളിലെ ഗ്രാമങ്ങളിലെല്ലാം സഞ്ചരിച്ച ഒരാളെന്ന നിലയില്‍ ഗ്രാമീണരെ എങ്ങനെ വിഭജിച്ചു എന്നതിനു ചില ഉദാഹരണങ്ങള്‍ പറയാം. ഇപ്പോള്‍ ഏറ്റവും വിവാദമായ ശ്രീനഗര്‍ ഡാം, ദാരീദേവി ക്ഷേത്രം മുക്കുന്നതിനെതിരെ 3000ല്‍ അധികം ദിവസമായ് സമരം നടന്നു വരുന്നു. സുശീല ദേവിയെപ്പോലുള്ള പ്രാദേശിക ഗ്രാമീണ വനിതകളാണ് ഇതിന്റെ നെടുംതൂണ്‍. സുശില ദേവിയൊടൊപ്പം ഇവിടെ പണിയുന്ന മറ്റ് മൂന്ന് ഡാം കൂടി സന്ദര്‍ശിക്കാന്‍ പ്രാദേശിക വനിതാ പ്രതിരോധ സമിതി അംഗങ്ങള്‍ക്കൊപ്പം പോകും വഴി കേദാര്‍നാഥ് എം എല്‍ എ ആയ ശ്രീമതി ശൈലാ റാണിയുമായ് വഴിയില്‍ വെച്ച് ഗംഭീര വഴക്ക് നടന്നിരുന്നു. വാഗ്വാദങ്ങള്‍ക്കൊടുവില്‍ അവര്‍ എന്റെ ഫോണ്‍ നമ്പരൊക്കെ വാങ്ങി ഇനി ഈ നാട്ടിലെ വികസനം, റോഡില്ലായ്മ, കറന്റില്ലായ്മ തുടങ്ങിയ കാര്യങ്ങളില്‍, ഗ്രാമീണരെ സഹായിക്കുന്ന വികസനത്തിനെതിരായി നില്ക്കരുതെന്ന് ഉപദേശിച്ചിരുന്നു. പ്രളയദുരന്ത ശേഷം ശൈലാറാണിയെ കാണാന്‍ മുഖ്യമന്ത്രിക്ക് സമയം ഇല്ലാത്തതില്‍ – അതും ഏറ്റവും കൂടുതല്‍ മരണം നടന്നത് അവരുടെ മണ്ഡലത്തില്‍ ആയിട്ടും – പ്രതിഷേധിച്ച് ക്യാമറകള്‍ക്ക് മുന്നില്‍ സമര ഭീഷണിയും കരച്ചിലും ഒക്കെ അരങ്ങേറിയത് പിന്നീട് ലോകം കണ്ടു. രണ്ട് പേരും കോണ്‍ഗ്രസ് പാര്‍ട്ടിക്കാരാണെന്നതാണ് ഇതിലെ തമാശ.
എന്തായാലും ശ്രീനഗര്‍ ഡാമിന്റെ നിര്‍മ്മാണത്തിനെതിരെ നില്ക്കുന്നവരെ പരാജയപ്പെടുത്താന്‍ ഗ്രാമങ്ങളിലെ അത്യാവശ്യം സംഘബലവും വഴക്കിടാന്‍ തയ്യാറുമുള്ള ആള്‍ക്കാരെ പതിനായിരവും ഇരുപതിനായിരവും കൊടുത്ത് വശത്താക്കാന്‍ പ്രൊജക്ട് ഏറ്റെടുത്ത സ്വകാര്യ കമ്പനിക്കു കഴിഞ്ഞു. അതോടെ ഗ്രാമീണര്‍ രണ്ടായി, വികസന വിരോധികളും വികസന അനുകൂലികളും എന്ന തരത്തില്‍. അതേ ശ്രീനഗര്‍ ഡാം പ്രൊജക്ടിനെതിരെ 3000ത്തില്‍ അധികം ദിവസമായ് നടന്നു വരുന്ന സമരത്തെ പ്രാദേശിക ഗ്രാമീണരെയും പോലീസിനെയും പത്ര മാദ്ധ്യമങ്ങളെയും വിലക്കെടുത്ത് പൂര്‍ത്തിയാക്കി. പണം കൊടുത്തും പാര്‍ട്ടിയണികളെക്കൊണ്ടും ഇത് വികസനം ആണ്, ഇത് മാത്രമാണ് വികസനം, ഇതിനെതിരെയുള്ളവര്‍ ഒക്കെയും വികസന വിരോധികളാണ് എന്ന് പത്രമാദ്ധ്യമങ്ങളെക്കൊണ്ടു നിരന്തരം പുറം ലോകത്തെക്കെത്തിക്കുവാന്‍ ഇവര്‍ക്ക് എളുപ്പം കഴിഞ്ഞു പ്രതിരോധ ശബ്ദം തീരെ ദുര്‍ബലവുമാക്കി കാണിച്ചു കൊണ്ടിരുന്നു.
വികസനം വിഭജനമാകുന്ന വഴി
തെഹ് രീ ഡാമിലെ വൈദ്യുതി നിര്‍മ്മാണ ശേഷം ഉള്ള ജലം തടഞ്ഞു നിര്‍ത്തി പുനരുപയോഗത്തിനുതകുന്ന തരത്തില്‍ വീണ്ടും ഒരു ഡാം നിര്‍മ്മിച്ചിരുന്നു, കോടേശ്വര്‍ ഡാം. അവിരള ഗംഗാ ചിന്തന്‍ യാത്ര എന്ന സമര പരിപാടിയുമായി ബന്ധപ്പെട്ട് കോടേശ്വര്‍ ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയായില്‍ ഉള്ള ഗ്രാമങ്ങള്‍ വഴി സന്ദര്‍ശനത്തിനെത്തി. എല്ലായിടത്തും ഗ്രാമീണര്‍ തടഞ്ഞ് നിര്‍ത്തി ഒത്തിരി പരാതികളും അവര്‍ക്കുണ്ടായ ദുരന്ത ചിത്രങ്ങളും വിവരിച്ചു. ഓരോ വീടുകളും  ഇടിഞ്ഞു  വീഴുന്നു, ഭിത്തികള്‍ പൂര്‍ണ്ണമായും വിണ്ടുമാറുന്നു, റോഡുകള്‍ ഇടിഞ്ഞു പോവുന്നു, കിലോമീറ്റര്‍ കണക്കിനാണ് ഈ പ്രതിഭാസം. കൂടെയുണ്ടായിരുന്നു കാണ്‍പൂര്‍ ഐ ഐ ടി പ്രഫസറും സന്യാസിയും നിരവധി ഡാം പ്രൊജക്ടുകളില്‍ സേവനവുമനുഷ്ഠിച്ച പ്രെഫസര്‍ ജെ ഡി അഗര്‍വാള്‍ എന്ന സ്വാമി ജ്ഞാന സ്വരുപ് സാനന്ദിനോട് ഞാന്‍ തിരക്കി. അദ്ദേഹം പറഞ്ഞത് ഇത് പുതിയ പ്രതിഭാസം ഒന്നുമല്ല, ഇപ്പോള്‍ സുന്ദരമായ് നിറഞ്ഞു നില്ക്കുന്ന വെള്ളം കറന്റുല്പാദിപ്പിക്കന്‍ എടുക്കുന്നു, കറന്റ് നിര്‍മ്മിക്കുന്ന സമയം വെള്ളം മുഴുവന്‍ കുറഞ്ഞു പോവും, പിന്നീട് വീണ്ടും വെള്ളം വന്നു നിറയുന്നു, അപ്പോള്‍ സത്യത്തില്‍ ഭൂമിക്ക് ഒരു ചുറ്റികയ്ക്ക് അടിക്കുന്ന പോലെയുള്ള ഭാരമാണ് അനുഭവപ്പെടുക, അതില്‍ പെട്ട് ചുറ്റുവട്ടമുള്ള ഭൂമി സ്വാഭാവികമായും ഇടിയും. അപ്പോള്‍ എന്റെ ചോദ്യം – ഇത് ഗവണ്മെന്റിന് അറിയില്ലെ? ഗവണ്മെന്റിനറിയുമോ എന്നതല്ല, ഇത് നിര്‍മ്മിക്കുന്നവര്‍ക്കറിയാം എന്നതാണു കാര്യം. അതിനാലാണ് ക്യാച്ച്മെന്റ് ഏരിയ എന്നു പറഞ്ഞ് ഒരു വലിയ പ്രദേശം കൂടെ ഏറ്റെടുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്തായാലും പുനരധിവാസ പാക്കേജിലൊന്നും പെടാത്ത ഗ്രാമീണരുടെ വീടുകളും ഗ്രാമങ്ങളും വാസയോഗ്യമല്ലാതെയായിരിക്കുന്നു. അതിലുമുപരി ഈ ഡാമിന്റെ ഏറ്റവും വലിയ നഷ്ടം, തെഹ് രീ ഡാം തുറന്നു വിട്ടാല്‍ താഴെയുള്ള കോടേശ്വര്‍ ഡാം പൂര്‍ണ്ണമായും മുങ്ങിപ്പോവും എന്നതാണ്. അങ്ങനെ തുറന്നു വിട്ടപ്പോഴൊക്കെ ഡാമിലെ ജനറേറ്ററുകള്‍ വെള്ളത്തില്‍ മുങ്ങി നശിക്കുകയുണ്ടായ്. നൂറും ഇരുന്നൂറും കോടി രൂപയൊക്കെ വിലയുള്ള യന്ത്രസാമഗ്രികള്‍ കാലവസ്ഥയുടെ ആനുകൂല്ല്യത്തില്‍ രക്ഷപെടണം എന്നില്ല എന്നത് രണ്ട് പ്രാവശ്യത്തെ നാശനഷ്ടങ്ങളില്‍ നിന്നും ഇവര്‍ പഠിച്ചില്ല എന്നത് നമുക്ക് തോന്നാവുന്ന സംശയം മാത്രം . ഈ വിവരം പൂര്‍ണ്ണമായും ഇത് നിര്‍മ്മിച്ചവര്‍ക്ക് അറിയാം, പക്ഷേ പൊതുജനത്തിനെന്താ ഇതില്‍ കാര്യം? മുഴുവനായ് നോക്കുമ്പോള്‍ ലാഭം ആണ്. ഒരു ഡാം നിര്‍മ്മിച്ചാല്‍ ഒരു വര്‍ഷം കൊണ്ട് തന്നെ അതിന്റെ നിര്‍മ്മാണ തുക വൈദ്യുതി വിറ്റ് നേടാം എന്ന് കണക്കുകള്‍ പറയുന്നു. അപ്പോള്‍ ഇതിനിടയില്‍ ഒന്നോ രണ്ടോ ജനറേറ്റര്‍ പോയാല്‍ അതിന്റെ പണം ജനങ്ങളുടെ നികുതിക്കു മേല്‍ അടിച്ചേല്പിക്കാനുള്ള ചെപ്പടിവിദ്യകള്‍ അറിയാത്തവരല്ലല്ലോ നിര്‍മ്മാണ കമ്പനികള്‍? എങ്ങനെ നോക്കിയാലും നഷ്ടം പൊതുജനത്തിനു തന്നെയാവും എന്ന് നാളിതുവരെയുള്ള ‘വികസന’ രേഖകള്‍ പറയുന്നു.
കേദാര്‍ ഘാട്ടിയില്‍
ഓരോ പ്രാവശ്യവും ആ ഡാം സൈറ്റിലേക്കു നോക്കുമ്പോള്‍ കണ്ണുകളെ വിശ്വസിക്കാനായില്ല. ഞങ്ങളുടെ യാത്രയെ ആദ്യമായ് ഗുണ്ടായിസം ഉപയോഗിച്ചു തടഞ്ഞ സ്ഥലം. നാട്ടില്‍ ഭീകരതയുടെ പ്രതീകമെന്ന പോലെ പായുന്ന ടിപ്പര്‍ ലോറികളിലൊന്ന് ഡാമിലേക്കുള്ള കുത്തിറക്കത്തില്‍ അപകടകരമായ് ഓവര്‍ടേക്ക് ചെയ്ത് തടഞ്ഞത് അപ്രതീക്ഷിതമായിരുന്നു. ഇപ്പോള്‍ പ്രളയ ശേഷം പുറം ലോകത്തുനിന്നെത്തിയ ആദ്യ വാഹനങ്ങളില്‍ ഒന്നും എന്റെതായിരുന്നു. ഡാമും അതിന്റെ സൈറ്റും അവിടെയുണ്ടായിരുന്ന താല്കാലിക ബസ് സ്റ്റാന്‍ഡിലെ വാഹനങ്ങള്‍ മുഴുവനും കൂറ്റന്‍ പാറക്കല്ലും മണ്ണും അടിഞ്ഞ് നിറഞ്ഞിരിക്കുന്നു. അപ്പോള്‍ ആ പ്രദേശത്ത് ആകെയുള്ള ഒരു മനുഷ്യ ജീവിയായ എന്നെ പ്രതിരോധിക്കാന്‍ ലാന്‍കോ എന്ന ഡാം നിര്‍മ്മാണ കമ്പനിയുടെ ഗേറ്റ് കാവല്ക്കാരോ ഗുണ്ടകളൊ ആരുമില്ല, വെറും ശവപ്പറമ്പ് മാത്രം.
ഇനിയൊരു പക്ഷേ നിര്‍മ്മിക്കാനാവാത്തവിധം അത് നശിച്ചതില്‍ മറ്റാരെക്കാളും സന്തോഷം ഉണ്ടെങ്കിലും ആ ഡാമിന്റെ ഷട്ടറില്‍ വാഹനങ്ങള്‍ വന്ന് നിറഞ്ഞത് മൂലം ഡാം താല്ക്കാലികമായ് ബന്ധിക്കപെട്ടു. തുടര്‍ന്ന് അരമണിക്കൂറില്‍ നിറഞ്ഞ വെള്ളം കൊണ്ട് ഉണ്ടായ ദുരന്തം താഴെയുള്ള എല്ലാ പ്രദേശങ്ങളെയും വല്ലാതെ നശിപ്പിച്ചു കളഞ്ഞു എന്നത് ഒരു ഞെട്ടലോട് മാത്രമേ ഓര്‍ക്കാന്‍ കഴിയുന്നുള്ളു. സീതപുര്‍ എന്ന സ്ഥലം കേദാര്‍ ഘാട്ടി ഡാമിന്റെ ചരിവിലാണ്. താമസിച്ചിരുന്ന ഗുരുകൃപാ ധാമില്‍ നിന്നാല്‍ നശിച്ചു പോയ ഡാമും വാഹങ്ങളുടെ അവശിഷ്ടങ്ങളും ആര്‍ത്തലച്ചൊഴുകുന്ന മന്ദാകിനിയുടെ ഭയപ്പെടുത്തുന്ന ശബ്ദവും കേള്‍ക്കാം. മൂന്ന് ദിവസം ഉറക്കമില്ലാത്ത രാത്രികള്‍ക്ക് ശേഷം സീതപൂരില്‍ നിന്നും മെഡിക്കല്‍ ക്യാമ്പുമായ് അടുത്ത ഗ്രാമത്തിലേക്ക് പോകുവാനായ് പെട്ടിയുമെടുത്തിറങ്ങുമ്പോള്‍ സ്‌കൈ ബ്‌ളൂ യൂണിഫോമില്‍ കുറച്ച് വനിതകള്‍ നീങ്ങുന്നു. ഒപ്പമുണ്ടായിരുന്ന പ്രദേശവാസിയോട് അടുത്ത് ഹെലിപാഡുണ്ടോ, ആരാണ്  ഈ സ്ത്രീകള്‍  എന്നു ചോദിച്ചപ്പോള്‍, അയാള്‍ പറഞ്ഞ മറുപടി കേള്‍ക്കുക. ‘അതല്ല, ഇവിടെ ഭൂഗര്‍ഭത്തിലൂടെ 12 കിലോമീറ്റര്‍ നീളത്തില്‍ ഒരു ടണല്‍ പോകുന്നുണ്ട്. ടണല്‍ പോകുന്നതിന്റെ മുകളിലുള്ള ഗ്രാമീണ സ്ത്രീകള്‍ തങ്ങളുടെ കൃഷിയിടങ്ങള്‍ ടണല്‍ നിര്‍മ്മാണം മൂലം ഇടിഞ്ഞു പോകുന്നതിനെതിരെ കൂട്ടമായ് വന്ന് വഴക്കുണ്ടാക്കുന്നതും കൈയ്യേറ്റം ചെയ്യുന്നതും പതിവായതിനാല്‍ ലാന്‍കോ കമ്പനി നിയമിച്ചതാണ് ഈ സ്ത്രീകളെ’ എന്ന്. ലാന്‍കോ കമ്പനി പ്രദേശവാസികളെ ഭിന്നിപ്പിക്കുവാനായ് ഓരോ സ്ഥലത്തും റോഡുകളും ജോലിയും താല്ക്കാലിക പ്രലോഭനങ്ങളും നല്കി അവരെ പലതട്ടിലാക്കി നിര്‍ത്തിയിട്ടുണ്ടെങ്കിലും സ്വന്തം കൃഷിയിടങ്ങളും അന്നവും മുട്ടുമ്പോള്‍ അലറിയെത്തുന്ന സ്ത്രീകളുടെ പ്രതിഷേധത്തെ വല്ലാതെ ഭയക്കുന്നു. പക്ഷേ ഈ വാര്‍ത്ത ഒരിക്കലും പുറം ലോകം അറിയാറില്ല.
മെഡിക്കല്‍ ക്യാമ്പിനായ് ബാഡാസുവില്‍ എത്തുമ്പോള്‍ അവിടെ പതിവിലധികം ആണ്‍ കൂട്ടങ്ങള്‍. സംസാരം ഡാമിനെതിരെ തിരിച്ചു വിട്ടപ്പോള്‍ കഴിഞ്ഞ യാത്രയില്‍ നമുക്കൊപ്പം ഉണ്ടായ ഒരാള്‍ സംസാരം തുടരാന്‍ പ്രോത്സാഹിപ്പിച്ചു. നശിച്ചു പോയ സ്ഥലങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ സാമഗ്രികളുമായ് വരുമ്പോള്‍ അതിനെ എതിര്‍ത്തില്ലെങ്കില്‍ ഉണ്ടാവുന്ന ഭവിഷ്യത്തുകളെ അരമണിക്കൂര്‍ സംസാരത്തിലൂടെ വിശദീകരിച്ചത് ഡോക്ടര്‍ രാഘവനും നന്നായ് ഇഷ്ടമായി. മെഡിക്കല്‍ ക്യാമ്പ് നടന്ന എല്ലായിടത്തും ഡാം വരുത്തുന്ന വിനകളെപറ്റി സംസാരിക്കേണ്ടിവന്നു. എന്തായാലും പണ്ട് ഞങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ വികസന വിരോധികള്‍ എന്നാണ് പാര്‍ട്ടി ഗുണ്ടകളടങ്ങിയ എതിരാളികള്‍ എതിര്‍ത്ത് ശബ്ദിച്ചിരുന്നത്. ഞങ്ങളുടെ മുദ്രാവാക്യം ‘വികാസമല്ലിത് വിനാശമത്രെ’ എന്നായിരുന്നു. അറം പറ്റിയ പോലെയായെങ്കിലും പഴയ പോലെ ഗ്രാമീണര്‍ എതിര്‍ക്കുവാനില്ലാതായിരുന്നു. കാരണം നഷ്ടപെട്ടത് അവര്‍ക്കായിരുന്നു. അത് പുറം ലോകത്തെത്താന്‍ സാദ്ധ്യതയില്ലെങ്കില്‍ കൂടി.
ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും വികസനം എന്ന പേരില്‍ എടുത്തു കാട്ടുന്നത് ജലവൈദ്യുത പദ്ധതികളാണ്. ഓരോ പ്രദേശത്തെയും ഗ്രാമീണര്‍ക്കു മുന്നില്‍ വികസനം എന്നതിന് പകരം വെയ്ക്കുന്ന പദമാണ് ഡാം പ്രൊജക്ട്. വെളിച്ചം, റോഡ്, ജോലി എന്നതാണ് മുദ്രാവാക്യങ്ങള്‍ എങ്കിലും കിടപ്പാടം നഷ്ടമാകല്‍, ഭൂമി നഷ്ടം, ജോലി നഷ്ടം എന്നിങ്ങനെ നിരവധി തുടര്‍ ദുരന്തങ്ങളാണ് ഓരോ അധിനിവേശവും കൊണ്ടുവരുന്നത്. ഡാമുകള്‍ കെട്ടുന്നത് ജെ.പി അസോസിയേറ്റ്‌സ്, ലാന്‍കോ, എല്‍ ആന്‍ഡ് ടി എന്നിങ്ങനെ കുത്തക കമ്പനിക്കാരും ചില രാഷ്ട്രീയ നേതാക്കളും ബന്ധുക്കളും ചേര്‍ന്നാണ്. 420 പ്രൊജക്ടുകള്‍ ഹിമാലയത്തില്‍ നടക്കുന്നുണ്ട്. 40ല്‍ അധികം ജല വൈദ്യത പദ്ധതികളെ ഹൈക്കോടതി തന്നെ നിരോധിച്ചു. നിരോധനങ്ങളെയൊക്കെ അടിച്ചമര്‍ത്തി പുതിയ റിപ്പോര്‍ട്ടുകളുമായ് അവരെത്തും; എല്ലാവരെയും അവനവനെയും വഞ്ചിച്ചു കൊണ്ട്.
നമ്മളെപ്പോഴും മറന്നു പോകുന്നത് രാജ്യം സ്വന്തമാണെന്ന സത്യമാണ്. പകരം നമ്മുടെ പേരിലുള്ള സര്‍ക്കാര്‍ രേഖകളിലെ ഇടപാടുകള്‍ ഒഴിച്ചാല്‍ ബാക്കിയെല്ലാം ആര്‍ക്കും കട്ടെടുക്കാവുന്ന മുതലാണെന്ന വിചാരം. പ്രകൃതിയും പ്രപഞ്ചവും നമ്മുടെതാണെന്നും നാം ഒരേസമയം പ്രകൃതിയുടെ മടിത്തട്ടിലെ ശിശുവായും നമ്മളാല്‍ സംരക്ഷിക്കപേടേണ്ടതാണ് അമ്മയായ ഈ പ്രകൃതിയെന്നത് ഒരു പ്രപഞ്ച സത്യവുമാണ്. പ്രപഞ്ചത്തിലെ സത്യങ്ങളെ മറന്നാല്‍ നാളെയ്ക്ക് നമ്മുടെ കൊച്ചുമക്കള്‍ക്കായ് ബാക്കിയെന്തുണ്ടാവും? നിലവിളികളല്ലാതെ….

Share on

മറ്റുവാര്‍ത്തകള്‍