Continue reading “അഴിമതിയുടെ തെമ്മാടിക്കൂട്ടം”

" /> Continue reading “അഴിമതിയുടെ തെമ്മാടിക്കൂട്ടം”

"> Continue reading “അഴിമതിയുടെ തെമ്മാടിക്കൂട്ടം”

">

UPDATES

കേരളം

അഴിമതിയുടെ തെമ്മാടിക്കൂട്ടം

                       
എം.ബി രാജേഷ് 
 
 
‘സൂര്യനുകീഴിലുള്ള എല്ലാം’ എന്ന പ്രയോഗത്തെ സാധാരണ ആശ്രയിക്കുന്നത് വൈപുല്യത്തേയും സമഗ്രതയേയും ദ്യോതിപ്പിക്കാനാണ്. എന്നാല്‍ അഴിമതിയുടെയും തട്ടിപ്പിന്റെയും വൈപുല്യത്തെക്കുറിച്ച് സൂചിപ്പിക്കാന്‍ ‘സൂര്യനടക്കമുള്ള എല്ലാം’ എന്ന ഭേദഗതി ഭാഷാപ്രയോഗത്തില്‍ വരുത്തേണ്ടി വരും.
ആഗോളവല്‍ക്കരണത്തിന്റെ കാലത്ത് മൂലധന ചൂഷണത്തിന്റെ പ്രധാന മേഖല പ്രകൃതിവിഭവങ്ങളാണ്. സ്‌പെക്ട്രം, കല്‍ക്കരി, പ്രകൃതിവാതകം, ധാതുവിഭവങ്ങള്‍ തുടങ്ങിയ പൊതുവായി അവകാശപ്പെട്ട എല്ലാ പ്രകൃതിവിഭങ്ങളിലും കുത്തക സ്ഥാപിച്ച് സ്വന്തമാക്കിയ മൂലധനം അവ ഭീമമായ തോതില്‍ ചൂഷണം ചെയ്ത് കൊള്ളലാഭം കൊയ്യുകയാണ്. ടു ജി, കല്‍ക്കരി അഴിമതി, കെ.ജി ബേസിന്‍, ധാതുഖനന അഴിമതികള്‍ എന്നിവയെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്. ഈ കേസുകളെല്ലാം പരിശോധിച്ചാല്‍ അതില്‍, ഭരിക്കുന്ന രാഷ്ട്രീയക്കാര്‍, വന്‍കിട ബിസിനസ്സുകാര്‍, ഉദ്യോഗസ്ഥ മേധാവികള്‍ എന്നിവര്‍ ചേര്‍ന്ന ഒരു കൂട്ടുകെട്ട് പ്രവര്‍ത്തിച്ചതായി കാണാം. ‘ചങ്ങാത്ത മുതലാളിത്ത’ത്തിന്റെ അഴിമതി രാക്ഷസീയ രൂപം പ്രാപിക്കുക മാത്രമല്ല പുതിയ പുതിയ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയുമാണ്.
 
 
അഴിമതിയുടെ അനന്തവും അക്ഷയവുമായ പുതിയ മേച്ചില്‍പ്പുറമായി സൂര്യപ്രകാശത്തെ കണ്ടെത്തിയത് കേരളത്തിന്റെ സംഭാവനയായിരിക്കും. സൗരോര്‍ജ്ജം എന്നാല്‍ പ്രകൃതിക്ക് പരിക്കേല്‍പ്പിക്കാത്ത, ലോകത്തിന്റെ ഭാവി പ്രതീക്ഷയായ വറ്റാത്ത ഊര്‍ജ്ജത്തിന്റെ ഉറവ എന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ കേരളത്തിലെങ്കിലും സോളാര്‍ എന്ന പദം സകല തട്ടിപ്പിന്റെയും അഴിമതിയുടെയും പര്യായവും അതിനുമപ്പുറം അശ്ളീലച്ചുവയുള്ള ഒരു പ്രയോഗവുമായി മാറിയിരിക്കുന്നു. ഇത് പ്രാഥമികമായും ഒരു അഴിമതിക്കേസാണ്. എന്നാല്‍ ടെലിഫോണ്‍ കോള്‍ വിശദാംശങ്ങള്‍, എസ്.എം.എസ്. വിവരണങ്ങള്‍, അര്‍ദ്ധരാത്രിക്ക് ശേഷവും നീളുന്ന ഫോണ്‍ സല്ലാപങ്ങളുടെ കഥകള്‍, ഉന്നത രാഷ്ട്രീയ നേതാക്കളുടെ കിടപ്പറ ബന്ധങ്ങളെക്കുറിച്ചുള്ള അടക്കം പറച്ചിലുകള്‍ എന്നീ മസാലക്കൂട്ടുകളെല്ലാം ചേര്‍ത്ത് ഇതിനെയൊരു ലൈംഗിക അപവാദമാക്കി വഴി തിരിച്ചു വിടാനുള്ള ഗൂഢ നീക്കം തുടക്കം മുതല്‍ ഉണ്ടായിട്ടുണ്ട്. കിടപ്പറക്കഥകള്‍ നല്‍കുന്ന ഇക്കിളി അവസാനിക്കുമ്പോഴേക്ക് അഴിമതിക്കേസ് ആവിയായിപ്പോകും. അഴിമതി മറച്ചു വെക്കാനും ജനശ്രദ്ധ വഴിതിരിച്ചു വിടാനും കുറ്റവാളികളെ രക്ഷിക്കാനുമുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ഒരു ജനതയെ മുഴുവന്‍ ഇക്കിളിപ്പെടുത്തി വശംകെടുത്തുക എന്നത്.  ലൈംഗികാപവാദത്തിന്റെ ആവരണം നീക്കം ചെയ്ത് അതിനുള്ളിലുള്ള അഴിമതിയുടെ യാഥാര്‍ത്ഥ്യങ്ങള്‍ നമുക്ക് ഇവിടെ വിശകലനം ചെയ്യാം. 
 
 
സോളാര്‍ പാനല്‍ സ്ഥാപിച്ചു നല്‍കാമെന്ന് പറഞ്ഞും സൗരോര്‍ജ്ജം ഉത്പാദിപ്പിക്കുന്ന പദ്ധതികളിലൂടെ സ്വന്തമാക്കാവുന്ന ദ്രുതലാഭത്തിന്റെ പ്രലോഭനങ്ങള്‍ ചൊരിഞ്ഞും അനേകം പേരില്‍ നിന്ന് ടീം സോളാര്‍ എന്ന തട്ടിപ്പുസംഘം പണം തട്ടിയെടുത്തതാണ് കേസ്. സര്‍ക്കാര്‍ വക്താവിന്റെ തന്നെ വെളിപ്പെടുത്തലനുസരിച്ച് പതിനായിരം കോടി രൂപയുടെ തട്ടിപ്പായിരുന്നു ലക്ഷ്യം.  ഇതിന് സംസ്ഥാനത്തെ ഏറ്റവും ഉന്നതമായ രാഷ്ട്രീയാധികാര കേന്ദ്രമായ മുഖ്യമന്ത്രിയുടെ ഓഫീസിനെ തന്നെ ഉപയോഗിച്ചു എന്നതാണ് കേസ്. ഇതിനു മുമ്പും ചില മുഖ്യമന്ത്രിമാര്‍ ആരോപണ വിധേയരായിട്ടുണ്ടെങ്കിലും ഒരു വലിയ അഴിമതിയുടെ ആസൂത്രണത്തിന്റെയും നിര്‍വ്വഹണത്തിന്റെയും നേരിട്ടുള്ള കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയത് മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ല.  മുമ്പൊരിക്കലും പയറ്റിത്തെളിഞ്ഞ ക്രിമിനലുകള്‍ക്കും തട്ടിപ്പുകാര്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസില്‍ സൈ്വര്യവിഹാരം നടത്താനും ആ അധികാര കേന്ദ്രത്തെ മുഴുവന്‍ കരതലാമലകം പോലെ അമ്മാനമാടാനും കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും മാത്രമല്ല കേന്ദ്ര – സംസ്ഥാനമന്ത്രിമാര്‍, ഭരണകക്ഷി എം.എല്‍.എ മാര്‍ എന്നിങ്ങനെ ഒരു വലിയ അധികാരവൃന്ദം തന്നെ ഇതിലുള്‍പ്പെട്ട അസാധാരണ സ്ഥിതി വിശേഷവുമുണ്ടായി.
 
 
മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ തുടങ്ങി തുടര്‍ന്നിങ്ങോട്ട് ഓരോ ദിവസവും മുഖ്യമന്ത്രി സ്വയം പ്രതിരോധത്തിനായി ഉയര്‍ത്തിയ വാദങ്ങള്‍ ദുര്‍ബ്ബലവും ദുരൂഹവും പരസ്പരവിരുദ്ധവും വിശ്വാസ്യതയില്ലാത്തതുമായിരുന്നു. സര്‍ക്കാര്‍ നല്‍കുന്ന എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളും പിശുക്കില്ലാതെ ഉപയോഗിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വന്തമായി മൊബൈല്‍ ഫോണ്‍ മാത്രം ഉപയോഗിക്കില്ലെന്ന് ശഠിക്കുന്നതിന് എന്ത് ന്യായമാണുള്ളത്? മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയേ ചെയ്യില്ലെന്ന് ശപഥം ചെയ്തതാണെങ്കില്‍ മനസ്സിലാക്കാം. മറ്റുള്ളവരുടെ മൊബൈല്‍ സദാസമയം ഉപയോഗിക്കുകയും സ്വന്തം പേരില്‍ മൊബൈല്‍ കണക്ഷന്‍ സ്വീകരിക്കാതിരിക്കാന്‍ ജാഗ്രത കാണിക്കുകയും ചെയ്യുന്നതിന് പിന്നില്‍ കുടില ബുദ്ധിയാണെന്ന് കരുതിയാല്‍ കുറ്റപ്പെടുത്താനാവുമോ?
 
സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതിയെ കൊലക്കേസ് പ്രതിയായിരിക്കേ എറണാകുളം ഗസ്റ്റ് ഹൗസില്‍ വെച്ചു കണ്ട് ഒരു മണിക്കൂര്‍ ചര്‍ച്ച നടത്തിയ കാര്യം മാധ്യമ വാര്‍ത്തയാകുന്നതു വരെ മുഖ്യമന്ത്രി മറച്ചുവെച്ചത് എന്തിനായിരുന്നു? ഇയാളുമായി സംസാരിച്ചെന്ന് ഗത്യന്തരമില്ലാതെ സമ്മതിച്ച ശേഷവും ചര്‍ച്ചയുടെ ഉള്ളടക്കം വെളിപ്പെടുത്തില്ലെന്ന് വാശിപിടിക്കുന്നത് എന്തിനാണ്? മുഖ്യമന്ത്രിക്ക് കൊലക്കേസ് പ്രതിയും തട്ടിപ്പുകാരനായ ക്രിമിനലുമായി പുറത്തു പറയാനാവാത്ത എന്തുകാര്യമാണ് ചര്‍ച്ച ചെയ്യാനുണ്ടാവുക? കൂട്ടുപ്രതിയായ സ്ത്രീയെ അതീവസുരക്ഷാ മേഖലയായ വിജ്ഞാന്‍ഭവനില്‍ വെച്ച് കണ്ടകാര്യം നിഷേധിക്കുകയും മാധ്യമങ്ങളിലെ ചിത്രങ്ങളിലുള്ളത് സുപ്രീംകോടതിയിലെ കേരള സര്‍ക്കാര്‍ അഭിഭാഷകയാണെന്ന് തെറ്റിദ്ധരിപ്പിച്ചതും എന്തിനായിരുന്നു? അഭിഭാഷക അത് താനല്ലെന്നും താന്‍ അവിടെ വച്ച് മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്നും പറഞ്ഞതിനെക്കുറിച്ചെന്തേ മുഖ്യമന്ത്രിക്ക് മൗനം? 
 
 
മുഖ്യപ്രതികളിലൊരാളായ സ്ത്രീയില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ചെക്ക് വാങ്ങിയതും പിന്നീട് ചെക്ക് മടങ്ങിയപ്പോള്‍ നിയമനടപടി സ്വീകരിക്കാത്തതും എന്തുകൊണ്ട്? പ്രതിസ്ഥാനത്തുള്ള ഈ സ്ത്രീ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വൈര്യവിഹാരം നടത്തുന്നതും ഇപ്പോള്‍ ജയിലിലുള്ളയാളടക്കം അദ്ദേഹത്തിന്റെ സ്റ്റാഫംഗങ്ങള്‍ ഇവരുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നതും സംബന്ധിച്ച് ഒന്നിലധികം ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടായിട്ടും അത് അവഗണിച്ചതും എല്ലാം തുടരാന്‍ അനുവദിച്ചതും എന്തുകൊണ്ട്?  ആരോപണ വിധേയനായ ഗണ്‍മാന്റെ ക്രിമിനല്‍ പശ്ചാത്തലവും ഗുരുതരമായ സ്വഭാവദൂഷ്യവും കാണിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ട് അവഗണിച്ച് അയാളെ സ്റ്റാഫില്‍ എടുത്തതിന് എന്തായിരുന്നു കാരണം?
 
ഡല്‍ഹിയില്‍ എന്തിനാണ് ഒരു അനധികൃത സഹായിയെ നിയോഗിച്ചത്? ആ സഹായിക്ക് കേരളഹൗസില്‍ മന്ത്രിമാര്‍ക്ക് പോലും കിട്ടാത്ത പരിഗണനയും സൗകര്യങ്ങളും കിട്ടിയത് എങ്ങനെ? മുഖ്യമന്ത്രിക്ക് ചുറ്റുമുള്ള ഈ ഉപജാപക സംഘം ഒന്നുമില്ലായ്മയില്‍ നിന്ന് പൊടുന്നനെ കുബേരന്മാരായി മാറിയത് എങ്ങിനെ?  അവരുടെ വരുമാന സ്രോതസ്സ് എന്തെല്ലാമാണ്? അവരില്‍ ഒരാളെ ഒഴികെ മറ്റുള്ളവരെയെല്ലാം നിയമത്തിന്റെ പിടിയില്‍പ്പെടാതെ സ്വന്തം ചിറകിനുള്ളിലാക്കി സംരക്ഷിക്കാന്‍ മുഖ്യമന്ത്രി എന്തിന് ബദ്ധപ്പെടുന്നു? മുഖ്യമന്ത്രിയുടെ ബന്ധു വഞ്ചിച്ചെന്ന് പരാതി നല്‍കിയ വ്യക്തിയെ ആ പരാതി നല്‍കിയ ശേഷം കേസില്‍പ്പെടുത്തി ജയിലിലടച്ച ഞെട്ടിപ്പിക്കുന്ന നടപടിക്ക് എന്താണ് ന്യായം? ഈ ചോദ്യങ്ങളെല്ലാം മുഖ്യമന്ത്രിയെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതും അദ്ദേഹത്തിന്റെ കപടനാട്യങ്ങളുടെ തൊലിയുരിക്കുന്നതുമാണ്.  (ഇതിന് പുറമേയാണ് ആഭ്യന്തരമന്ത്രിയുടെ ഇവരുമായുള്ള ബന്ധവും പരസ്പര വിരുദ്ധമായ വിശദീകരണങ്ങളും വിശ്വാസ്യത ഒട്ടുമേയില്ലാത്ത ന്യായവാദങ്ങളും ദുരൂഹമായ നടപടികളും. വിസ്താരഭയത്താല്‍ അതിലേക്ക് ഇവിടെ കടക്കുന്നില്ല.)  
 
 
ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. പ്രതിപക്ഷം മാത്രമല്ല സര്‍ക്കാര്‍ ചീഫ് വിപ്പ് തന്നെയും ഒരു ഘട്ടത്തില്‍ താനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ രാജിവച്ചു പോയേനേ എന്നു പറഞ്ഞില്ലേ? കെ. മുരളീധരന്‍ മുതല്‍ വി.എം. സൂധീരന്‍ വരെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശത്തിന്റെ അന്ത:സത്ത മുഖ്യമന്ത്രി തുടരുന്നത് ഉചിതമല്ല എന്നു തന്നെയല്ലേ? സോളാര്‍ മുഖ്യമന്ത്രിയുടെ വ്യക്തിപരമായ വിഷയമാണെന്നും അദ്ദേഹം തന്നെ വിശദീകരിക്കണമെന്നും കെ.എം മാണി പറഞ്ഞതിനും ഉമ്മന്‍ചാണ്ടിയെ മാത്രമേ പിന്തുണക്കൂവെന്ന നിലപാട് തങ്ങള്‍ക്കില്ലെന്ന് ചാനല്‍ അഭിമുഖത്തില്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞതിലും ഒരു സന്ദേശവും ഇല്ലെന്നാണോ?
 
രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം എന്ന ആവശ്യത്തെ മുഖ്യമന്ത്രി പാടെ നിരാകരിക്കുകയാണ്. അദ്ദേഹം ഒട്ടും ലജ്ജിക്കാതെ പറഞ്ഞത് എന്ത് അപമാനം സഹിച്ചും അധികാരത്തില്‍ തുടരും എന്നാണ്! അധികാരത്തില്‍ നിന്ന് മാറിയാല്‍ ഇപ്പോള്‍ പുറത്തു വന്നതിനേക്കാള്‍ സംഭ്രമിപ്പിക്കുന്ന വസ്തുതകള്‍ പുറത്തുവരുമെന്ന് അദ്ദേഹം ഭയപ്പെടുന്നോ? അത് തന്റെ രാഷ്ട്രീയ അന്ത്യത്തിന് കാരണമാകുമെന്ന ഭീതി അദ്ദേഹത്തിന്റെ രാവുകളെ നിദ്രാവിഹീനമാക്കുന്നുണ്ടോ? നിലനില്‍പ്പിനു വേണ്ടിയുള്ള കൈവിട്ട കളിയില്‍ അധികാരം മാത്രമാണ് പിടിവള്ളി എന്ന് മുഖ്യമന്ത്രി മനസ്സിലാക്കുന്നുണ്ട്. ആ അധികാരം ഉപയോഗിച്ച് കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ തകൃതിയായി അരങ്ങേറുകയാണ്. പ്രതിയായ സ്ത്രീ അന്വേഷണ സംഘത്തിനും രാഷ്ട്രീയ ഉന്നതര്‍ക്കും എതിരായി കോടതിയില്‍ നല്‍കിയ രഹസ്യമൊഴി രേഖാമൂലം നല്‍കുന്നത് തടയാന്‍ നടത്തിയ ശ്രമങ്ങള്‍ ഇപ്പോള്‍ അത്ര രഹസ്യമൊന്നുമല്ലല്ലോ. കോടതിക്കു മുമ്പില്‍ മൊഴി എഴുതി നല്‍കാന്‍ സമയം നല്‍കാതെ നിരന്തരം കസ്റ്റഡിയില്‍ വാങ്ങിയതിനെക്കുറിച്ച് ഹൈക്കോടതി തന്നെ സംശയം ഉന്നയിച്ചുവല്ലോ? പോലീസിനെ ഉപയോഗിച്ച് ഒരാഴ്ചയോളം മൊഴി നല്‍കുന്നതിന്റെ സമയം നീട്ടിയെടുക്കുകയും ആ സമയം ഉപയോഗിച്ച് എല്ലാം ഒതുക്കുകയും ചെയ്യുക എന്ന തന്ത്രമാണ് നടപ്പാക്കിക്കൊണ്ടിരുന്നത്. ഇതിനിടയില്‍ വിലപേശലുകളും കോടികളുടെ കൈമാറ്റവും നടന്നതായാണ് വാര്‍ത്തകള്‍. എന്നാല്‍ ഇപ്പോള്‍ നാം കണ്ട തലങ്ങളില്‍ മാത്രമല്ല അതിനേക്കാള്‍ ഉയര്‍ന്ന തലത്തില്‍, വിശ്വസിക്കാനും സങ്കല്‍പ്പിക്കാനും പ്രയാസമുള്ള ചില തലങ്ങളില്‍ സ്വാധീനം ചെലുത്തലും അട്ടിമറിയും നടന്നു എന്ന് അനുമാനിക്കാന്‍ എല്ലാ ന്യായവുമുണ്ട്. ഇടനിലക്കാരന്‍ എന്ന് മുദ്രകുത്തപ്പെട്ട് പ്രതിയുടെ അഭിഭാഷകന്‍ പുറത്തുനിര്‍ത്തപ്പെടുമ്പോള്‍ എല്ലാ കണ്ണുകളും അങ്ങോട്ട് തിരിയുന്ന തക്കത്തില്‍ കാര്യം നടന്നു കിട്ടിയാല്‍ മതിയല്ലോ.
 
 
ഇപ്പോള്‍ നടക്കുന്ന അന്വേഷണം എത്ര വലിയ പ്രഹസനമാണെന്ന് ഈ സംഭവങ്ങളെല്ലാം തെളിയിക്കുന്നു. തന്റെ ഭാവി നിര്‍ണ്ണയിക്കാന്‍ അധികാരമുള്ള മുഖ്യമന്ത്രിക്കെതിരെ അന്വേഷിച്ച് സത്യം കണ്ടെത്താന്‍ ഒരു എ.ഡി.ജി.പി.ക്കും അദ്ദേഹത്തിന്റെ സംഘത്തിനും ധൈര്യം വരുമോ? അതിന് ഇത് സിനിമയോ സുരേഷ്‌ഗോപിയുടെ ഐ.പി.എസ്. കഥാപാത്രമോ അല്ലല്ലോ. വെറും ഏ.ഡി.ജി.പി. ഹേമചന്ദ്രന്‍ ഐ.പി.എസ്. തന്നെയല്ലേ? ആരോപണ വിധേയര്‍ അധികാരത്തില്‍ തുടരുമ്പോള്‍ അന്വേഷണം നേര്‍വഴിക്കാവില്ല എന്നതു കൊണ്ടാണ് രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണം എന്ന് പറയുന്നത്. മുമ്പ് ശ്രീ. കെ.കരുണാകരനും കെ.കെ. രാമചന്ദ്രന്‍ മാസ്റ്ററും, കെ.പി വിശ്വനാഥനും അടുത്തകാലത്ത് ബന്‍സാലും അശ്വനികുമാറുമെല്ലാം രാജിവെച്ച ന്യായം ശ്രീ ഉമ്മന്‍ചാണ്ടിക്കും ബാധകമല്ലെന്നോ? ധാര്‍മ്മികത ഓരോരുത്തര്‍ക്കും സൗകര്യം പോലെയാണെന്നും കരുണാകരന്‍ രാജിവെക്കാന്‍ താന്‍ പറഞ്ഞ ന്യായങ്ങളൊന്നും തനിക്ക് ഇപ്പോള്‍ സ്വീകാര്യമല്ലെന്നുമുള്ള അവസരവാദം കൊണ്ട് എത്രനാള്‍ രക്ഷപ്പെടാം?
 
കേരളത്തിലെ പ്രതിപക്ഷം ഒന്നടങ്കവും രഹസ്യമായി ഭരണപക്ഷത്തിലെ തന്നെ ഒരു വിഭാഗവും മാധ്യമങ്ങളില്‍ വലിയൊരു പങ്കും പൊതുജനങ്ങളില്‍ മഹാഭൂരിപക്ഷവും മുഖ്യമന്ത്രിയുടെ ന്യായീകരണങ്ങള്‍ വിശ്വസിക്കുന്നില്ല. ഈ ബഹുജനാഭിപ്രായം കണക്കിലെടുത്ത് മാറിനിന്ന് സത്യം തന്റെ ഭാഗത്താണെങ്കില്‍ തിളക്കത്തോടെ തിരിച്ചു വരാനുള്ള അവസരം എന്തിനാണ് അദ്ദേഹം നഷ്ടപ്പെടുത്തുന്നത്? എന്താണ് അദ്ദേഹത്തെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്ന ഭയം? അതൊഴിവാക്കാന്‍ നാറിയാലും സാരമില്ല അധികാരത്തില്‍ തുടരും എന്നതാണോ അദ്ദേഹത്തിന്റെ ഉള്ളിലിരിപ്പ്?
 
 

Share on

മറ്റുവാര്‍ത്തകള്‍