മിഷേല്‍ ബൂര്‍സ്ടീന്‍, ഫറാ മുഹമ്മദ്
2001-ല്‍ സൌദി അറേബ്യയിലായിരുന്നപ്പോള്‍ പതിനാലുകാരനായിരുന്ന സാമി എല്‍സഹര്‍നക്ക് ഇസ്ലാമുമായി അത്ര വലിയ അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. നാല് വര്‍ഷത്തിനു ശേഷം മേരിലാന്‍ഡിലേയ്ക്ക് താമസം മാറ്റിയ ഉടന്‍ തന്നെ തന്റെ സ്വത്വത്തെയും വിശ്വാസങ്ങളെയും പറ്റിയുള്ള ചോദ്യങ്ങളുടെ നീണ്ട ഒരു നിരയാണ് അവനെ തേടിയെത്തിയത്.
യു എസ് വി.ഐ.ഡി.ഇ.എസ്.എ നയത്തെപ്പറ്റി ഒരുപാട് വിമര്‍ശനങ്ങള്‍ കേട്ടതിനു ശേഷം മോസ്ക്കുകള്‍ക്ക് മുന്നില്‍ പാറുന്ന യു എസ് പതാകകള്‍ കണ്ടാല്‍ അവന്‍ എന്താണ് മനസിലാക്കേണ്ടത്? അമേരിക്കന്‍ സംസ്കാരത്തോടുള്ള തന്റെ സ്നേഹത്തെ ടെലിവിഷന്‍ വാര്‍ത്തകളില്‍ നിറഞ്ഞുകണ്ട ഇസ്ലാം വാര്‍പ്പ് മാതൃകകളുമായി അവന്‍ എങ്ങനെയാണ് തുലനപ്പെടുത്തേണ്ടത്? അവന്‍ കണ്ടുവളര്‍ന്ന വേഷവും അനുഷ്ടാനങ്ങളും സത്യത്തില്‍ മതപരമാണോ അതോ സാംസ്കാരികമാണോ? ഇസ്ലാമിനെപ്പറ്റി അവന്‍ വിശ്വസിച്ചിരുന്നതോ അറിഞ്ഞിരുന്നതോ എന്താണ്?
“ഞാന്‍ പിന്നീടാണ് എല്ലാം കൂട്ടിച്ചേര്‍ത്തത്. ചെറുപ്രായത്തില്‍ ഇവിടെയെത്തുന്നവര്‍ തങ്ങളുടെ സ്വത്വത്തെ പതിയെ കൂട്ടിച്ചേര്‍ത്തു എടുക്കുകയാണ് പതിവ്. അവര്‍ എവിടെയായിരുന്നു എന്നതും അവര്‍ ഇപ്പോള്‍ എവിടെയാണ് എന്നതും തമ്മിലുള്ള കൂട്ടിച്ചേര്‍ക്കല്‍.,” വിഹാഹിതനും ഇസ്ലാം വിശ്വാസിയും സോഫ്റ്റ്‌വെയര്‍ ഡെവലപ്പറുമായ ഇരുപതിയാറുകാരന്‍ എല്‍സഹര്‍ന പറഞ്ഞു.
പരിഷ്കരണവാദത്തോടും ഹിംസയോടുമുള്ള നിലപാടുകള്‍ക്കിടയില്‍, ബോസ്റ്റണ്‍ ബോംബിങ്ങില്‍ കുറ്റാരോപിതരായ മുസ്ലിം സഹോദരന്മാരുടെ കഥ ഒരു വ്യതിചലനമാണ്. സെപ്റ്റംബര്‍ പതിനൊന്നിന് ശേഷമുള്ള അമേരിക്കയില്‍ കുടിയേറിപ്പാര്‍ക്കലും സ്വത്വാന്വേഷണവും എന്നത് പല യുവമുസ്ളിമുകള്‍ക്കും പരിചയമുള്ള ഒരു സംഗതിയാണ്.
ഒരു പുതിയ രാജ്യത്തേയ്ക്ക് മാറിത്താമസിക്കുക, വളരുക, പ്രസിഡെന്‍ഷ്യല്‍ ഡിബേറ്റുകള്‍ മുതല്‍ രാത്രികാല ടീവി ചര്‍ച്ചകള്‍ വരെ എല്ലായിടത്തും ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുന്ന ഒരു സംസ്കാരത്തില്‍ ഇസ്ലാമിനെ മനസിലാക്കുക എന്നിവയെല്ലാം ഇവര്‍ക്ക് ഒരേസമയമാണ് ചെയ്യേണ്ടിവരുന്നത്. മുസ്ലിം യുവാക്കളെ തങ്ങളുടെ സ്വത്വാന്വേഷണപാതയില്‍ സഹായിക്കുന്ന ഇമാമുകള്‍, സ്പോര്‍ട്സ് ലീഗുകള്‍, സ്കൌട്ടിംഗ് സംഘങ്ങള്‍, മറ്റു ഫോറങ്ങള്‍ എന്നിവ 2001ലെ ആക്രമണങ്ങള്‍ക്ക് ശേഷം രൂപപ്പെട്ടു എന്നതാണ് ഒരു നല്ല കാര്യം.
ഇതില്‍ പല മുസ്ലീമുകളും വരുന്നത് ഇസ്ലാം സംസ്കാരത്തിന്റെ ഭാഗമായ പലതരം നാടുകളില്‍ നിന്നാണ്. സ്വാഭാവികമായി തങ്ങളുടെ മതവിശ്വാസം വിശദീകരിക്കേണ്ടിവരുന്നത് അവരെ അമ്പരപ്പിക്കും. മുസ്ലിം വിരുദ്ധ ചിന്തയിലൂടെയാണ് തങ്ങളുടെ സ്വത്വം പൂര്‍ണ്ണമായി രൂപപ്പെട്ടിരിക്കുന്നതെന്ന് ചിലര്‍ കരുതും. മറ്റു ചിലരാവട്ടെ, മുസ്ലിമുകള്‍ ഉപരോധത്തിലാണെന്ന വാര്‍ത്തകള്‍ കേള്‍ക്കുകയും എന്നാല്‍ തങ്ങള്‍ക്കു ചുറ്റും മുസ്ലീമുകള്‍ നല്ലനിലയില്‍ ജീവിക്കുന്നത് കണ്ടു അതിന്റെ അര്‍ഥം മനസിലാക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയും ചെയ്യും. ഇതിനോടൊക്കെയുള്ള പ്രതികരണങ്ങളും വ്യത്യസ്തമാണ്. ചിലര്‍ വളരെയധികം യാഥാസ്തിതികരായി മാറുമ്പോള്‍ മറ്റു ചിലര്‍ മനുഷ്യാവകാശം പോലുള്ള സംഗതികള്‍ പരിഗണിച്ച് കൂടുതല്‍ മതേതരമായ ഒരു ഇസ്ലാമിക പരിസരം സൃഷ്ടിക്കാന്‍ പരിശ്രമിക്കും.
ഇതൊക്കെ എവിടേയ്ക്കാണ് നയിക്കുക? അത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. കൂടുതല്‍ ബഹുസ്വരമായ ഒരു ഇസ്ലാമിലെയ്ക്ക് എത്താന്‍ അമേരിക്ക സഹായിക്കുമെന്ന് കരുതുന്ന വിഷയവിദഗ്ധരുണ്ട്. മറ്റു പ്രായക്കാരെക്കാള്‍ തങ്ങളുടെ വിശ്വാസം ആധുനികജീവിതവുമായി ഒരു കലഹത്തിലാണ് എന്ന് തിരിച്ചറിഞ്ഞേക്കുക കുടിയേറിയവരും യു എസില്‍ ജനിച്ചവരുമായ മുസ്ലിം യുവാക്കളാണ് എന്ന് മറ്റുചിലര്‍ ചൂണ്ടിക്കാട്ടുന്നു.
2004-ല്‍ ബോസ്റ്റണില്‍ എത്തുന്നതിനുമുന്‍പ് റഷ്യയിലെ മുസ്ലീമുകള്‍ ഡിന അബ്കൈറോവയെ താക്കീതുചെയ്തിരുന്നു: നീ ഒരു മുസ്ലിം ആണെന്ന് വെളിപ്പെടുത്തരുത്. എന്നാല്‍ 22 വയസില്‍ ഇവിടെ എത്തിയ അബ്കൈറോവ പല അമേരിക്കക്കാരും സൌഹൃദത്തോടെയും കൌതുകത്തോടെയും പെരുമാറുന്നതാണ് കണ്ടത്. അവള്‍ കുറച്ചു മാത്രമേ പ്രാര്‍ഥിക്കാറുള്ളൂ എന്ന് പറഞ്ഞു കൂടെയുള്ള മുസ്ലീമുകളാണ് അവളെ മോശമായി വിലയിരുത്തിയത്.
എന്നെ ഒരു മുസ്ലിം എന്ന് വിശേഷിപ്പിക്കാന്‍ എനിക്ക് അവകാശമുണ്ടോ എന്ന് ഞാന്‍ ചിന്തിച്ചുതുടങ്ങി, അവള്‍ പറഞ്ഞു.
പിന്നീട് അവള്‍ പുരോഗമനചിന്താഗതിക്കാരായ ഒരു സംഘം മുസ്ളിമുകളെ കണ്ടുമുട്ടി. അവരുടെ രീതി ഇങ്ങനെയായിരുന്നു: “നിങ്ങള്‍ ഒരു മുസ്ലിം ആണെങ്കില്‍ മുസ്ലിം ആണെന്ന് പറയുക… തുറന്ന മനസ് ഉണ്ടാവുകയും മറ്റുള്ളവരുടെ തീരുമാനങ്ങളെ തുറന്ന ചിന്താഗതിയോടെ സമീപിക്കുകയുമാന് വേണ്ടത്. അത് എന്നെ ഏറെ സഹായിച്ചു. ഒടുവില്‍ ഞാന്‍ ആശ്വസിച്ചു, “ഹോ, ശരി, അപ്പോള്‍ എനിക്ക് കുഴപ്പമൊന്നുമില്ല’.
എഡിന സ്കാല്‍ജിക്ക് രണ്ടായിരത്തില്‍ ബോസ്റ്റണിലെത്തിയത് ബോസ്നിയന്‍ അഭയാര്‍ഥിയായാണ്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ യുഗോസ്ലാവിയ വിഭജിക്കപ്പെട്ടപോള്‍ ഉണ്ടായ കലാപങ്ങളില്‍ വളരെയധികം മുസ്ലീമുകള്‍ കൊല്ലപ്പെടുകയോ നാടുവിടുകയോ ചെയ്തിട്ടുണ്ട്. 9/11 നു മുന്‍പ് സമാധാനകരമായ ഒരു അന്തരീക്ഷത്തില്‍ എത്ത്തിപ്പെട്ടതില്‍ ജീവിതത്തിലാദ്യമായി സ്കാല്‍ജിക്ക് ആശ്വസിച്ചു.
എന്നാല്‍ ആക്രമണമുണ്ടായി ദിവസങ്ങള്‍ക്കുള്ളില്‍ സ്കൂള്‍ ലോക്കറിന് മുന്‍പില്‍ ഒരു വെള്ള അമേരിക്കന്‍ എത്തി.
“എഡിന, നീ എന്നെ കൊല്ലുമോ? നീ ബോസ്നിയയില്‍ നിന്നല്ലേ? അത് അഫ്ഗാനിസ്ഥാന്റെ തൊട്ടരികെയല്ലേ?” അവള്‍ തന്നോട് പറഞ്ഞത് എഡിന ഓര്‍ത്തെടുത്തു. “ഒരു കൂട്ടക്കുരുതിയില്‍ നിന്ന് ഞാന്‍ എത്തിയിട്ട് ഒന്‍പതുമാസമേ ആയിരുന്നുള്ളൂ, ഇപ്പോള്‍ ആളുകള്‍ ഒരു കുറ്റവാളിയോടെന്നപോലെ എന്നോട് സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു.”
പല യുവമുസ്ലിം കുടിയേറ്റക്കാരും കര്‍ക്കശമായി മതം അനുഷ്ടിക്കപ്പെടുന്ന ഇടങ്ങളില്‍ നിന്ന് അമേരിക്കയുടെ മതസ്വാതന്ത്ര്യത്തില്‍ എത്തുമ്പോള്‍ സ്വയം മാറുന്നതായാണ് അമേരിക്കന്‍ സര്‍വകലാശാലയിലെ ഇസ്ലാമികപഠനങ്ങളില്‍ പ്രൊഫസറായ അക്ബര്‍ അഹമ്മദ് പറയുന്നത്. അദ്ദേഹം ഈ അടുത്താണ് അമേരിക്കന്‍ മുസ്ലിം സ്വത്വത്തേപ്പറ്റി ഒരു പുസ്തകം എഴുതിയത്.
“അവര്‍ ഒരു സ്വതന്ത്രസമൂഹത്തിലായതുകൊണ്ട് അവര്‍ക്ക് ഖുറാന്‍ നേരിട്ട് വായിച്ചു മനസിലാക്കാന്‍ കഴിയുന്നു,” അത് അവരുടെ വിശ്വാസങ്ങളെ രൂപപ്പെടുത്താന്‍ സഹായിക്കുന്നു, അദ്ദേഹം പറഞ്ഞു.
9/11നു ശേഷം തങ്ങളുടെ വിശ്വാസം തുടരെ ചോദ്യം ചെയ്യപ്പെട്ടപ്പോഴും എതിര്‍ക്കപ്പെട്ടപ്പോഴും വിശ്വാസം കൂടുതല്‍ ദൃഡമായതായി പല മുസ്ലിം കുടിയേറ്റക്കാരും മറ്റു മുസ്ലിം അമേരിക്കക്കാരും പറയാറുണ്ട്. ഉദാഹരണമായി ഹിജാബ് ധരിക്കുകയോ തല മൂടുകയോ ചെയ്യുന്ന സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. മറ്റു ചിലര്‍ക്ക് മതേതരമായ രീതിയിലാണ് ഈ സ്വത്വാന്വേഷണം സംഭവിച്ചത്, സോക്കര്‍ ക്ളബ്ബുകള്‍ ഉണ്ടാക്കുന്നതിലൂടെയോ ബോളിവുഡ് സിനിമകാണല്‍ പാര്‍ട്ടികളിലൂടെയോ ഒക്കെ.
റാസ നജമുദീന്‍ പന്ത്രണ്ടാം വയസിലാണ് ഇന്ത്യയില്‍ നിന്ന് കുടിയേറിയത്. എന്നാല്‍ രണ്ടായിരത്തിനുശേഷം നടന്ന ആധ്യാത്മിക ഉണര്‍ച്ചക്ക് ശേഷമാണ് അയാള്‍ മതാനുഷ്ടാനങ്ങള്‍ ആരംഭിച്ചത്.
ട്വിന്‍ ടവറുകള്‍ വീഴുന്നത് വീണ്ടും വീണ്ടും കണ്ടതും അതിനു ശേഷമുണ്ടായ ഇറാക്ക് അധിനിവേശവും ഞാന്‍ ഓര്‍ക്കുന്നുണ്ട്. ലോകം അവസാനിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്.” അലക്സാണ്ട്രിയയില്‍ താമസിക്കുന്ന മുപതിയോന്നുകാരന്‍ ഗവന്മേന്റ്റ് പേറ്റന്റ് എക്സാമിനറായ നജമുദീന്‍ പറഞ്ഞു. “സമൂഹവുമായി കൂടുതല്‍ നന്നായി ഇടപഴകാനായി എനിക്ക് എന്റെ ജീവിതവും മതവും മുറുകെപ്പിടിക്കേണ്ടതുണ്ടെന്നു തോന്നി. ആളുകള്‍ പറയുന്നതില്‍ നിന്ന് വ്യത്യസ്തമാണ് ഇസ്ലാം എന്ന് ആളുകള്‍ അറിയണമെന്നായിരുന്നു എനിക്ക്.”
പാക്കിസ്ഥാനില്‍ നിന്ന് കുടുംബത്തോടെ ആഷ്ബമില്‍ എത്തിയപ്പോള്‍ അലി സലാര്‍ ഖ്വാജക്ക് പത്തുവയസായിരുന്നു പ്രായം. അവിടെ വളരുമ്പോഴോ പെന്‍ സ്റ്റേറ്റ് സര്‍വകലാശാലയില്‍ പഠിക്കുമ്പോഴോ ഇപ്പോള്‍ ഈയടുത്തു വിവാഹിതനായി തിരിച്ചെത്തിയപ്പോഴോ തനിക്ക് യാതൊരു വേര്‍തിരിവും തോന്നിയിട്ടില്ലെന്നു ഖ്വാജ പറഞ്ഞു. സെപ്റ്റെംബര്‍ പതിനൊന്നിന് ശേഷമുള്ള ജീവിതം കൂടുതല്‍ വായനയും ചോദ്യങ്ങളും നിരീക്ഷണങ്ങളും നടത്താനാണ് പ്രേരണയായതെന്നു അയാള്‍ പറഞ്ഞു. യഥാര്‍ത്ഥ ഇസ്ലാമിനെപ്പറ്റി മുസ്ലീമാല്ലാത്ത സുഹൃത്തുക്കളുമായി കൂടുതല്‍ ചര്‍ച്ചകള്‍ക്കും ഇത് വഴിയൊരുക്കിയതായി അയാള്‍ പറഞ്ഞു.
എന്നാല്‍ അവരുടെ വിശ്വാസത്തെപ്പറ്റി പൊതുവില്‍ കേള്‍ക്കുന്ന അഭ്പ്രായങ്ങള്‍ എങ്ങനെ യുവമുസ്ലീമുകളുടെ സ്വത്വബോധത്തെ ബാധിക്കുമെന്ന് അയാള്‍ക്ക ആശങ്കയുണ്ട്.
അത്തരം ആശങ്കകളാണ് തന്റെ മോസ്ക്കിലെ യുവാക്കള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ അയാളെ പ്രേരിപ്പിച്ചത്. ബോസ്റ്റണ്‍ ആക്രമണങ്ങള്‍ക്ക് പ്രചോദനം ഇസ്ലാമാണ് എന്ന് ഇതിലുള്‍പ്പെട്ടവര്‍ പറഞ്ഞത് ഒരു തിരിച്ചടിയായതായി തോന്നി, അയാള്‍ പറഞ്ഞു.
“എല്ലാവരും വിഷമത്തിലാണ്. ഞങ്ങള്‍ രണ്ടടി മുന്നോട്ടു വയ്ക്കും, അപ്പോള്‍ തന്നെ പിന്നോട്ട് പോകേണ്ടിയും വരുന്നു.” ഖ്വാജ പറഞ്ഞു.
മോസ്കുകളുമായി ബന്ധം സ്ഥാപിക്കാന്‍ കഴിയാത്ത യുവമുസ്ലീമുകള്‍ക്ക് വേണ്ടി നോര്‍ത്ത് വിര്‍ജീനിയയില്‍ മേക്‌സ്പേസ് എന്ന സംഘം തുടങ്ങിയ ആളാണ് മഖ്ദൂം സിയ. അഫ്ഗാനിസ്ഥാനില്‍ നിന്ന് 1998ല്‍ വന്ന മുപ്പത്താറുകാരനായ സിയ അന്ന് താന്‍ അഭിമുഖീകരിച്ച ഗുണകരമായ സാംസ്കാരിക നടുക്കത്തെപ്പറ്റി പറയുന്നു. എല്ലാ തരം മനുഷ്യരും പൊതുസ്ഥലങ്ങളില്‍ വെച്ച് പ്രാര്‍ഥിച്ചിരുന്നു, ദൃഡമായ ഒരു നീതിസംവിധാനം അവിടെ ഉണ്ടായിരുന്നു, പണം സമ്പാദിക്കാനുള്ള സാഹഹര്യങ്ങള്‍ ഏറെ ഉണ്ടായിരുന്നു.
“ഞാന്‍ കുറെക്കൂടെ തുറന്ന മനസുള്ളയാളായി. ഇസ്ലാമിനെപ്പറ്റിയുള്ള പലതരം വീക്ഷണങ്ങള്‍ അംഗീകരിക്കാന്‍ എനിക്കിപ്പോള്‍ കഴിയാറുണ്ട്. കാര്യങ്ങള്‍ കറുപ്പിലും വെളുപ്പിലും മാത്രം കാണാന്‍ ഇസ്ലാം സയന്‍സോ കണക്കോ ഒന്നുമല്ല.” സിയ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച അലക്സാന്‍ഡ്രിയയിലെ ഒരു റസ്ട്ടോറന്റില്‍ സിയ ഉച്ചക്ക് പ്രാര്‍ത്ഥന നയിച്ചിരുന്നു. മുസ്ലിം പരിഷ്കരണത്തെ പെരുപ്പിച്ചുകാട്ടുന്ന മാധ്യമങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ടാണ് തുടങ്ങിയതെങ്കിലും വേഗം തന്നെ പ്രശ്നങ്ങളെ അവഗണിക്കുന്ന മുസ്ലിമുകള്‍ യുവാക്കളോട് വലിയ അപരാധമാണ് ചെയ്യുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
“യുവാക്കളെ കൂടുതല്‍ വേദനിപ്പിക്കുന്നത് ബോസ്റ്റണ്‍ ആക്രമണത്തില്‍ മുസ്ലിമുകള്‍ക്ക് പങ്കില്ലെന്നും ആക്രമണങ്ങള്‍ സംഭവിച്ചില്ലെന്നും ഒക്കെയുള്ള തരം പറഞ്ഞുവിശ്വസിപ്പിക്കലുകലാണ്. ഒന്നും ചെയ്യാതിരിക്കാനുള്ള നല്ല ഒരു ഒഴികഴിവാണ് അത്.” ദുനിയ റെസ്റ്റോറന്റില്‍ ഒത്തുകൂടിയ സംഘത്തോട് അയാള്‍ പറഞ്ഞു. ‘എന്നാല്‍ സേവനതല്‍പ്പരരായ ഒരു സമൂഹമായി നമ്മള്‍ മാറേണ്ടതുണ്ട്. അതാണ് ഇസ്ലാം- ദയ, സ്നേഹം. നമ്മള്‍ കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്.”
എല്‍സഹാര്‍നയും ലാന്‍ഹാമിലെ ഒരു മോസ്ക്കില്‍ യുവാക്കളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നു. അംഗങ്ങളില്‍ പലരും ആഫ്രിക്കയില്‍ നിന്ന് കുടിയേറിയവരാണ്. പല തരം ഇസ്ലാമികരീതികള്‍ മനസിലാക്കാനും ഒപ്പം അവര്‍ ഉള്‍പ്പെടുന്ന വലിയൊരു മതേതര സംസ്കാരത്തെ ഉള്‍ക്കൊള്ളാനും പരിശീലിപ്പിക്കുന്നു അവിടെ.
സ്വന്തം സ്വത്വത്തിന്റെ തന്നെ വിവിധ മാനങ്ങളെ ചേര്‍ത്തുവയ്ക്കാന്‍ സഹായിച്ച ഒരു ഇമാമിന്റെ വാക്കുകള്‍ അയാള്‍ ഓര്‍ത്തെടുത്തു.
“അദ്ദേഹം പറഞ്ഞു: ഇസ്ലാം ഒരു സംസ്കാരത്തെ മോടിപിടിപ്പിക്കാനാണ് വരുന്നത്, അല്ലാതെ അതിനെ ഇല്ലായ്മ ചെയ്യാനല്ല.” എല്‍സഹാര്‍ന പറഞ്ഞു.
(വാഷിംഗ്ടണ്‍ പോസ്റ്റ്)