March 24, 2025 |
Praveen Vattapparambath
Praveen Vattapparambath
Share on

ഷര്‍മിള റെഗെ (1964-2013)

പ്രഭാ സക്കറിയാസ്     ഇന്ത്യയില്‍ ജാതിവ്യവസ്ഥയോട് പൊരുതാതെ ഒരു യഥാര്‍ത്ഥ ഫെമിനിസ്റ്റ് ആകാനാകില്ലെന്നും പുരുഷാധിപത്യ വ്യവസ്ഥയോട് പൊരുതാതെ ഒരു യഥാര്‍ത്ഥ അംബേദ്കറൈറ്റ് ആകാനാകില്ലെന്നും പഠിപ്പിച്ചത് ഷര്‍മിള റെഗെയാണ്. രണ്ടു പുസ്തകങ്ങളും ഒട്ടേറെ ലേഖനങ്ങളും അനേകം വിദ്യാര്‍ഥികളെയും അവരുടെയുള്ളില്‍ അസംഖ്യം ചോദ്യങ്ങളും അവശേഷിപ്പിച്ചാണ് ഷര്‍മിള റെഗെ വിടപറയുന്നത്. ഒരു വിദ്യാര്‍ഥി എന്ന നിലയില്‍ ഞാന്‍ അനുഭവിക്കുന്ന നഷ്ടം പറഞ്ഞറിയിക്കാനാകാത്തതാണ്. എനിക്ക് നഷ്ടമാകുന്നത് ഷര്‍മിള റെഗെയുടെ മനസാണ്, ഇനിയും മൂര്‍ച്ചപ്പെടുമായിരുന്ന ആശയങ്ങളാണ്. ഒരു അക്കാദമിക്കിന് തന്റെ നാല്പതുകള്‍ മികച്ച […]

പ്രഭാ സക്കറിയാസ്
 
 
ഇന്ത്യയില്‍ ജാതിവ്യവസ്ഥയോട് പൊരുതാതെ ഒരു യഥാര്‍ത്ഥ ഫെമിനിസ്റ്റ് ആകാനാകില്ലെന്നും പുരുഷാധിപത്യ വ്യവസ്ഥയോട് പൊരുതാതെ ഒരു യഥാര്‍ത്ഥ അംബേദ്കറൈറ്റ് ആകാനാകില്ലെന്നും പഠിപ്പിച്ചത് ഷര്‍മിള റെഗെയാണ്. രണ്ടു പുസ്തകങ്ങളും ഒട്ടേറെ ലേഖനങ്ങളും അനേകം വിദ്യാര്‍ഥികളെയും അവരുടെയുള്ളില്‍ അസംഖ്യം ചോദ്യങ്ങളും അവശേഷിപ്പിച്ചാണ് ഷര്‍മിള റെഗെ വിടപറയുന്നത്. ഒരു വിദ്യാര്‍ഥി എന്ന നിലയില്‍ ഞാന്‍ അനുഭവിക്കുന്ന നഷ്ടം പറഞ്ഞറിയിക്കാനാകാത്തതാണ്. എനിക്ക് നഷ്ടമാകുന്നത് ഷര്‍മിള റെഗെയുടെ മനസാണ്, ഇനിയും മൂര്‍ച്ചപ്പെടുമായിരുന്ന ആശയങ്ങളാണ്. ഒരു അക്കാദമിക്കിന് തന്റെ നാല്പതുകള്‍ മികച്ച കൃതികള്‍ എഴുതിത്തുടങ്ങുന്ന പ്രായമാണ്, വായനയുടെയും ചിന്തയുടെയും നീണ്ട വര്‍ഷങ്ങളുടെ പ്രകാശനങ്ങളായി പുസ്തകങ്ങള്‍ എഴുതപ്പെടുന്ന കാലം. വേര്‍പാട് എത്രയോ നേരത്തെയായിപ്പോയി എന്ന് തോന്നിപ്പോകുന്നു.   
 
ഷര്‍മിള റെഗെയുടെ രണ്ടു പുസ്തകങ്ങളും സ്ത്രീപക്ഷചിന്തയില്‍ വലിയമാറ്റങ്ങള്‍ സൃഷ്ടിച്ചവയാണ്. ജാതി – ലിംഗ അടിച്ചമര്‍ത്തലുകളെ പരസ്പരം കണ്ണിചേര്‍ന്ന അവസ്ഥയില്‍ മാത്രമേ മനസിലാക്കാനാകൂ. ഇന്ത്യന്‍ ഫെമിനിസ്റ്റ് ചിന്തയില്‍ ജാതിയെ ഉയര്‍ത്തിക്കാണിച്ചതില്‍ ഷര്‍മിള റെഗെയുടെ പങ്ക് വളരെ വലുതാണ്. 
 
 
ചരിത്രത്തിലെ ജാതിയും ലിംഗവും 
 
റെഗെയുടെ ‘Writing Caste / Writing Gender’ എന്ന പുസ്തകം എട്ട് ദളിത് സ്ത്രീകളുടെ ജീവിതാഖ്യാനങ്ങളാണ്. ഫെമിനിസത്തെപ്പറ്റിയും ജീവചരിത്ര രചനയെപ്പറ്റിയുമുള്ള സാമാന്യധാരണകളെയെല്ലാം ഈ പുസ്തകം ചോദ്യംചെയ്തു. ജാതീയതയുടെ ചരിത്രത്തെ എട്ട് ദളിത്‌ സ്ത്രീകളുടെ ജീവിതങ്ങളില്‍ കൂടി പറയാനാണ് റെഗെയുടെ ശ്രമം. സോഷ്യോളജി പുസ്തകങ്ങള്‍ ജാതിയെ മനസിലാക്കുന്നതിലെ പിഴവുകള്‍ പരിഹരിക്കാന്‍ ശ്രമിച്ചുവെന്നു മാത്രമല്ല മഹാരാഷ്ട്രയിലെ ലിംഗ – ജാതി – വര്‍ഗ വേര്‍തിരിവുകളെപ്പറ്റിയുള്ള ഒരു മികച്ച പഠനവും കൂടിയായി ഈ പുസ്തകം മാറുന്നുണ്ട്. ദളിത് ഫെമിനിസത്തിന്റെ വളര്‍ച്ച ചര്‍ച്ച ചെയ്യാന്‍ റെഗെ ഈ ചെറുജീവചരിത്രരേഖകളെ ഉപയോഗിക്കുന്നു. അംബേദ്കറിനു മുന്‍പുള്ള ദളിത് സ്ത്രീജീവിതവും അംബേദ്കര്‍ മൂവ്‌മെന്റിന്റെ വളര്‍ച്ചയും ദളിത്‌ സമൂഹങ്ങള്‍ക്കിടയില്‍ തന്നെ സ്ത്രീകള്‍ നടത്തുന്ന ജീവിതസമരങ്ങളും റെഗെയുടെ പ്രതിപാദ്യവിഷയമായി മാറുന്നുണ്ട്.
 
മനുസ്മൃതിയിലെ ഭ്രാന്തുകള്‍ 
 
ഏറ്റവും പുതിയ പുസ്തകമായ ‘Madness of Manu : BR Ambdedkar’s Writing on Brahmanical Patriarchy’ യിലൂടെ അംബേദ്ക്കാരെ ഏറെ പ്രാധാന്യത്തോടെ സ്ത്രീമുന്നേറ്റങ്ങളുടെ ചരിത്രത്തില്‍ ചേര്‍ത്തു വയ്ക്കുന്നുണ്ട് ഷര്‍മിള റെഗെ. സ്ത്രീ അനുഭവിക്കുന്ന അടിച്ചമര്‍ത്തലുകള്‍ ജാതിവ്യവസ്ഥയുടെ തന്നെ സൃഷ്ടിയാണെന്ന അംബേദ്കര്‍ കാഴ്ചപ്പാടാണ് റെഗെ ഈ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നത്. തെരഞ്ഞെടുത്ത അംബേദ്കര്‍ കൃതികളുടെ സൂക്ഷ്മവായനയിലൂടെ ജാതീയതയുടെയും പുരുഷാധിപത്യത്തിന്റെയും പാരസ്പര്യത്തെ റെഗെ എടുത്തുകാട്ടുന്നു. അംബേദ്കര്‍ രചനകളെ അക്കാദമികമായും അല്ലാതെയും സൂക്ഷ്മതയോടെ പഠിക്കേണ്ടതിന്റെ ആവശ്യത്തിലേയ്ക്കു കൂടിയാണ് റെഗെ വിരല്‍ ചൂണ്ടുന്നത്.
 
സര്‍വകലാശാലകളിലെ ജാതിയെപ്പറ്റിയുടെ പഠനങ്ങളിലായിരുന്നു റെഗെ. ചിന്തയുടെയും എഴുത്തിന്റെയും വര്‍ഷങ്ങള്‍ ബാക്കിവെച്ചിട്ടാണ് നാല്‍പ്പത്തിനാലാം വയസില്‍ ഷര്‍മിള റെഗെയുടെ മരണം. ഷര്‍മിള എന്ന അധ്യാപിക ചെത്തിക്കൂര്‍പ്പിച്ചുക്കൊണ്ടുവന്ന മനസുകള്‍ ജാതിവ്യവസ്ഥയോടുള്ള പോരാട്ടം തുടരുന്നതായിരിക്കും ഈ അധ്യാപികയ്ക്കും ഗവേഷകക്കും ലഭിക്കുന്ന ഏറ്റവും ഉചിതമായ ആദരാഞ്ജലി.  
 
×