Continue reading “ഗുഡ് ബൈ ടെലഗ്രാം : ഇനി ചരിത്രത്തിന്റെ ഭാഗം”

" /> Continue reading “ഗുഡ് ബൈ ടെലഗ്രാം : ഇനി ചരിത്രത്തിന്റെ ഭാഗം”

"> Continue reading “ഗുഡ് ബൈ ടെലഗ്രാം : ഇനി ചരിത്രത്തിന്റെ ഭാഗം”

">

UPDATES

ഓഫ് ബീറ്റ്

ഗുഡ് ബൈ ടെലഗ്രാം : ഇനി ചരിത്രത്തിന്റെ ഭാഗം

                       
അജയ് എസ് കുമാര്‍ 
 
2013 ജൂലൈ 14 ഒമ്പത് മണി. ഇന്ത്യന്‍ ടെലഗ്രാം സേവനം അവസാനിപ്പിച്ചു, കഴിഞ്ഞ 163 വര്‍ഷത്തെ ജീവിതം ഇനി പാഠപുസ്തക താളുകളിലും ചരിത്ര രേഖകളിലും മാത്രമായി ഇടം പിടിക്കും. 
 
”കഴിഞ്ഞ13 വര്‍ഷമായി ഞാന്‍ ടെലഗ്രാഫ് മേഖലയില്‍ മെസ്സഞ്ചര്‍ പണി ചെയുന്നു. എല്ലാ ദിവസവും രാവിലെ സ്‌കൂളില്‍ പോകുന്നത് പോലെ ഉച്ചയൂണുമായി ഞാന്‍ ഓഫീസില്‍ എത്തും. പിന്നെ ഉച്ച വരെ തിരക്ക് പിടിച്ച ജോലി. എന്നാല്‍ ഇന്നെന്റെ സ്‌കൂള്‍ അടച്ചു പൂട്ടുകയാണ്. എന്നന്നേക്കുമായി.’ ഇത് തിരുവനന്തപുരം നഗരത്തിലെ കമ്പി ഓഫീസ് എന്നറിയപെടുന്ന ടെലഗ്രാഫ് ഓഫീസിലെ ഗോപകുമാര്‍ എന്ന മെസ്സഞ്ചറിന്റെ വാക്കുകള്‍.
 
ടെലഗ്രാം സേവനം ജൂലൈ 14നു അവസാനിക്കുന്നു എന്നറിഞ്ഞ ഒട്ടനവധി പേരാണ് കഴിഞ്ഞ രണ്ട് ദിവസമായി ടെലഗ്രാം ഓഫീസുകളില്‍ എത്തുന്നത്. ടെലഗ്രാം എന്താണെന്നറിയാത്ത കൊച്ചുകുട്ടികള്‍ മുതല്‍ പണ്ട് കിട്ടിയ കമ്പി സന്ദേശത്തിന്റെ ഓര്‍മ്മയില്‍ എത്തിയ വൃദ്ധന്‍മാര്‍ വരെയുണ്ട് കൂട്ടത്തില്‍. 
 
”കമ്പി വന്നു എന്നറിഞ്ഞാല്‍ ആകെയൊരു വെപ്രാളമായിരുന്നു പണ്ട്. എന്തോ അപകടം സംഭവിച്ചിരിക്കുന്നു എന്ന മട്ട്. ചിലപ്പോള്‍ സന്തോഷ വാര്‍ത്തയായിരിക്കും അതില്‍’ – നാരായണന്‍ നായര്‍ പഴയ ടെലിഗ്രാം അനുഭവങ്ങള്‍ ഓര്‍ക്കാന്‍ ശ്രമിച്ചു. ഇന്ന് പേരക്കുട്ടിക്ക് ഒരു ജന്മദിന സന്ദേശം മുന്‍കൂറായി അയച്ചുകളയാം എന്ന ഉദ്ദേശ്യത്തില്‍ എത്തിയിരിക്കയാണ് അദ്ദേഹം.
 

ടെലഗ്രാം സേവനം അവസാനിപ്പിക്കുന്നതായി അറിയിച്ച് തിരുവനന്തപുരത്തെ കമ്പി ഓഫീസിലെ ബോര്‍ഡ്
 
ആദ്യമായി ടെലഗ്രാം അയക്കുന്നതിന്റെ സന്തോഷത്തിലാണ്13 വയസുകാരി സ്‌നേഹ. തന്റെ അച്ഛനോടോപ്പം കൗതുകത്തോടെ നില്ക്കുകയാണ് അവള്‍. ‘അച്ഛന്‍ ടെലഗ്രാമിനെപ്പറ്റി പറഞ്ഞു തന്ന അറിവേ എനിക്കുള്ളൂ’ ചെറു പുഞ്ചിരിയോടെ സ്‌നേഹ പറഞ്ഞു.
 
എന്നാല്‍ 73കാരന്‍ ജോയിക്ക് ഇതുവരെ ടെലഗ്രാം ഒന്നും ലഭിച്ചിട്ടില്ല, എങ്കിലും ഇങ്ങനെ ഒരവസരം ഇനി കിട്ടില്ല എന്ന് മനസിലാക്കിയത് കൊണ്ടു തന്നെ ആണ് അദ്ദേഹവും കമ്പി ഓഫിസില്‍ എത്തിയിരിക്കുന്നത്. ജീവിതത്തില്‍ ആദ്യമായി ടെലഗ്രാം അയച്ചതിന്റെ സന്തോഷത്തിലായിരുന്നു മിക്കവരും . ചിലര്‍ക്ക് ഇനി ഇത് ഉപയോഗിക്കാന്‍ അവസരം ലഭിക്കില്ല എന്നതിന്റെ വിഷമവും ഉണ്ടായിരുന്നു. ആദിത്യയും രാഹുലും തങ്ങളുടെ സുഹൃത്തുക്കള്‍ക്കാണ് ടെലഗ്രാം അയച്ചത്. തന്റെ കല്യാണത്തിന് കൂട്ടുകാര്‍ അയച്ച ടെലഗ്രാം ഇപ്പോഴും സുക്ഷിച്ചു വെച്ചിട്ടുണ്ടെന്നു തിരുവനന്തപുരം സ്വദേശി വിനോദ് പറഞ്ഞു. ‘മൈ ലാസ്റ്റ് മെസേജ് ബൈ ടെലഗ്രാഫ് ‘ഒരാളുടെ സന്ദേശ വാചകം ഇങ്ങെനെയായിരുന്നു.
 
1854ല്‍ ബ്രിട്ടീഷുകാരാണ് ടെലഗ്രാം സേവനം ഇന്ത്യയില്‍ തുടങ്ങിയത്. ജനനം, മരണം, ജന്മദിന ആശംസകള്‍ അയക്കാനുമൊക്കെയായിരുന്നു പണ്ട് ടെലഗ്രാം ഉപയോഗിച്ച് വന്നിരുന്നത്. ആര്‍മിയുമായി ബന്ധപ്പെട്ട അടിയന്തിര പ്രാധാന്യമുള്ള ആശയവിനിമയങ്ങള്‍ നടത്താന്‍ പ്രധാനമായും ആശ്രയിച്ചിരുന്നത് ടെലഗ്രാമിനെയാണ്.
 
എന്തായാലും163 വര്‍ഷത്തെ സേവനം ബി എസ് എന്‍ എല്‍ അവസാനിപ്പിച്ചു. മൊബൈല്‍ ഫോണ്‍, ഇമെയില്‍ തുടങ്ങി പുതിയ സങ്കേതിക വിദ്യകള്‍ വളര്‍ന്നതോടെ ടെലഗ്രാമിന്  പ്രസക്തിയില്ലാതായതായി അവര്‍ പറയുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി രാജ്യത്തെ ടെലഗ്രാം മേഖല നഷ്ടത്തിലായിരുന്നു എന്നാണ് ബിഎസ്എന്‍എളിന്റെ അവകാശവാദം. നഷ്ടത്തിന്റെ കണക്കു പറഞ്ഞു ഒരു സാങ്കേതിക വിദ്യ അവസാനിക്കുമ്പോള്‍ ഇല്ലാതാകുന്നത് ഒരു ചരിത്രം തന്നെയാണ്. ഒപ്പം തിരുവനന്തപുരത്തെ ദിവസ വേതന മെസ്സഞ്ചറായ ഗോപകുമാറിനെപോലുള്ളവര്‍ക്ക് നഷ്ടപ്പെടുന്നത് ഏക ഉപജീവന മാര്‍ഗം കൂടിയാണ്.
 
ഇനി കുട്ടികളുടെ പാഠപുസ്തകങ്ങളില്‍ വായിക്കാം നമുക്ക് ടെലഗ്രാമിനെ പറ്റി. ഗുഡ് ബൈ ടെലഗ്രാം!
 
 

Share on

മറ്റുവാര്‍ത്തകള്‍