റെജു ജോര്‍ജ് മാത്യൂ
ആരാണ് അസുരന്മാര്‍? ദ്രാവിഡരുമായി അവര്‍ക്കുള്ള ബന്ധമെന്ത്? പുരാണത്തില്‍ നിന്നുമുള്ള കഥകളോ, ഭൂതകാലത്തില്‍ നിന്നുള്ള അനുമാനങ്ങളോ അല്ലേ ഇവ? താല്കാലികമായി നമുക്ക് ഇതൊക്കെ വിസ്മരിക്കാനാവുമെങ്കിലും, തീര്‍ത്തും എളുപ്പത്തില്‍ ഒഴിവാക്കാനാവുന്ന കാര്യങ്ങള്‍ അല്ലിത്. എന്തെന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളോ വര്‍ഷങ്ങളോ ആയി (മുന്‍പുണ്ടായിരുന്ന ദ്രാവിഡ പ്രസ്ഥാനത്തേയും മറ്റു സ്വത്വവാദങ്ങളെയും നമുക്ക് മറക്കാം) സോഷ്യല്‍ മീഡിയകളിലും പത്രമാധ്യമങ്ങളിലുമായി ഒരുകൂട്ടമാളുകള്‍ അവകാശവാദം മുഴക്കുന്നു; ദളിത്, ആദിവാസി, ബഹുജന്‍ തുടങ്ങി പ്രാന്തവത്കരിക്കപ്പെട്ട എല്ലാ
സമൂഹങ്ങളുടെയും പ്രതിനിധികളോ അല്ലെങ്കില്‍ ദൈവങ്ങള്‍ തന്നെയാണ് അസുരന്മാരും ദ്രാവിഡരും എന്ന്. അതുപോലെ തന്നെ ഗണേശ ചതുര്‍ഥിയോ, ദുര്‍ഗ്ഗാപൂജയോ പോലുള്ള രാജ്യത്തിന്റെ ദേശീയ ഉത്സവങ്ങളായി ഉയര്‍ത്തിപ്പിടിക്കുന്ന സവര്‍ണ്ണ ആഘോഷങ്ങള്‍ അക്രമത്തിന്റെയും, അടിച്ചമര്‍ത്തലിന്റെയും, കടന്നുകയറ്റത്തിന്റെയും ആഘോഷങ്ങളായി നിരാകരിക്കുക കൂടി ചെയ്യുമ്പോള്‍ ഇതിനു പിന്നിലെ രാഷ്ട്രീയം പരിശോധിക്കേണ്ടത് അത്യാവശ്യമായിത്തീരുന്നു.
ഈ മാസം ഒന്‍പതിന് ഗണേശ ചതുര്‍ഥി ആഘോഷത്തിന്റെ ഭാഗമായി ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാങ്വെജ് യൂണിവേഴ്സിറ്റിയിലെ (ഇഫ്‌ലു) ഒരു കൂട്ടം എ.ബി.വി.പി. വിദ്യാര്‍ഥികള്‍ ക്യാമ്പസിന്റെ ഉള്ളില്‍ യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രഷന്‍റെ അനുവാദത്തോടെ ഒരു പൂജാപന്തല്‍ ഒരുക്കിയിരുന്നു. ഇതു പിന്നീട് ചില ദളിത്, ആദിവാസി, ബഹുജന്‍ വിദ്യാര്‍ഥികളുടെയും സമാന ചിന്താഗതിക്കരായ മറ്റു വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ ‘അസുരവാരം’ എന്ന പേരില്‍ ഒരു ‘counter celebration’ സംഘടിപ്പിക്കുന്നതിന് കാരണമായി. ഒരു counter celebration ആയി സംഘടിപ്പിക്കപ്പെട്ട ഈ ചടങ്ങ് പിന്നീട് ‘അസുരാഭിമാനം’ ആയി ആഘോഷിക്കുന്ന ഒരു ചടങ്ങായി മാറുകയാണുണ്ടായത്. അവര്‍ണ്ണരെ നിന്ദിക്കുകയും എല്ലാവിധ സവര്‍ണ്ണ ആഘോഷങ്ങളില്‍ നിന്നും ഉത്സവങ്ങളില്‍ നിന്നും ഒഴിച്ചു നിര്‍ത്താന്‍ ശ്രമിക്കുകകയും ചെയ്യുന്ന സവര്‍ണ്ണ മനോഭാവത്തിനെതിരെയുള്ള ഒരു പ്രതികരണമായി വേണം ഇതിനെ കാണാന്‍. അവര്‍ണ്ണര്‍ സവര്‍ണ്ണരുടെ ഉത്സവങ്ങള്‍ ആഘോഷിക്കുമ്പോള്‍, അതൊരു ‘മാര്‍ഗഭ്രംശം’ ആകുന്നു, മിക്കപ്പോഴും അംഗീകരിക്കാനാവാത്ത ഒരു പ്രവര്‍ത്തിയാണത് (കഴിഞ്ഞ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത ബീഹാറിലെ ദളിതരെ ഈ സന്ദര്‍ഭത്തില്‍ ഓര്‍മിക്കേണ്ടതുണ്ട്).

ആധുനിക പഠനങ്ങള്‍ വെളിപ്പെടുത്തുന്നത് ആര്യദ്രാവിഡ സിദ്ധാന്തം വിശ്വാസയോഗ്യമല്ല എന്നാണ്; അഥവാ അസുരന്മാര്‍ പുരാണത്തില്‍ മാത്രമായിരിക്കെ, ഒരു കൂട്ടം ദളിത്, ബഹുജന്‍, ആദിവാസി (മറ്റു ചില ക്രിസ്ത്യന്‍, മുസ്ലിം, നിരീശ്വരവാദികളും) വിദ്യാര്‍ഥികള്‍ അസുര, ദ്രാവിഡ സാംസ്‌കാരവും, സ്വത്വപ്രതീകങ്ങളും ഉയര്‍ത്തിപ്പിടിക്കുകയും താനൊരു അസുരനാണെന്നതില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നത് വിഡ്ഢിത്തമായോ അറിവില്ലയ്മയായോ കണക്കാന്‍ പറ്റില്ല എന്നുമാണ്. ഇവിടെ നമ്മള്‍ മനസ്സിലാക്കേണ്ട മറ്റൊരു വാസ്തവം എന്താണെന്നുവെച്ചാല്‍, മറ്റു പല യൂണിവേര്‍സിറ്റികളെയും അപേക്ഷിച്ചു ജാതിയും മറ്റു വിവേചനങ്ങളും സംബന്ധിച്ച അക്കാദമിക് ചര്‍ച്ചകള്‍ ഏറെ അരങ്ങേറുകയും അത് ക്യാമ്പസിന്റെ രാഷ്ട്രീയ അന്തരീക്ഷത്തെ സ്വാധീനിക്കുകയും ചെയ്യുന്ന ഇടമാണ് ഇഫ്‌ലു. മണ്ഡല്‍ കാലഘട്ടത്തിനുശേഷം, പ്രത്യേകിച്ച് രണ്ടായിരത്തിനു ശേഷം, ഇഫ്‌ലുവിലെ വിദ്യാര്‍ഥികളുടെയും ആധ്യാപകരുടേയും ഇടയില്‍ ദളിത്, ആദിവാസി, ബഹുജന്‍ തുടങ്ങിയ പിന്നോക്ക വിഭാഗക്കാരുടെ എണ്ണം താരതമ്യേന വര്‍ദ്ധിച്ചിരിക്കുന്നതായി കാണാം. വിമര്‍ശനാത്മകമായ ഇടപെടലുകള്‍ സാധ്യമായതിനാല്‍ വിദ്യാര്‍ഥി സമൂഹങ്ങള്‍ രാജ്യത്തെ മത, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക പ്രതിസന്ധികളെയും രാഷ്ട്രീയാവസ്ഥയേയും വാര്‍പ്പ്മാതൃകകളെയും പറ്റി കൂടുതല്‍ ബോധവാന്മാരായിരിക്കുന്നു. രാഷ്ട്രീയപരമായി സജീവമായ ഉസ്മാനിയ യൂണിവേര്‍സിറ്റിയുമായുള്ള സാമീപ്യം, വിമര്‍ശാനാത്മക സമീപനം സ്വീകരിക്കുന്നതിലും അതിനു പിന്തുണ ഉറപ്പിക്കുന്നതിലും ഇവിടുത്തെ വിദ്യാര്‍ഥികളെ സഹായിച്ചിട്ടുണ്ട്. ഉസ്മാനിയായിലെയും ഇഫ്‌ലുവിലെയും ചില വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ ഒരുമിച്ചു നടത്തിയ ബീഫ്‌ഫെസ്റ്റിവലും അതേത്തുടര്‍ന്നുണ്ടായ ആക്രമങ്ങളും – കായികപരമായും അക്കാദമിക് തലത്തിലും – ഇവിടെ ഓര്‍മ്മിക്കുക.
പുതുതായി അധികാരമേറ്റ അഡ്മിനിസ്ട്രഷന്‍റെ പിന്തുണയോടെയാണ് കഴിഞ്ഞ വര്‍ഷം എബിവിപി ഇവിടെ (ഇഫ്‌ലു) ഗണേശ ചതുര്‍ഥി ആഘോഷിച്ചത്. ഇത് ഒടുവില്‍ ദളിത്, ആദിവാസി, ബഹുജന്‍ അധ്യാപകരുടെ വീട്ടുപടിക്കല്‍ പൂജാവിഗ്രഹങ്ങള്‍ വഹിച്ച ലോറികള്‍ നിര്‍ത്തിയിടുന്നതിനും അതുവഴി ആഘോഷങ്ങള്‍ക്ക് അസഭ്യത്തിന്റെയും ഭീഷണിയുടേയും നിറം പകരുന്നതിനും ഇടയായി. ദളിത്, ആദിവാസി, ബഹുജന്‍ വിഭാഗങ്ങളില്‍പെട്ട വിദ്യാര്‍ഥികളുടെ പ്രതിഷേധങ്ങള്‍ ഇവിടെ അഭിസംബോധന ചെയ്യപ്പെട്ടില്ല. ശ്രദ്ധിക്കപെടേണ്ട മറ്റൊരു വസ്തുത, യൂണിവേര്‍സിറ്റിയിലെ ഈ പുതിയ അഡ്മിനിസ്ട്രേഷന്‍ ഇത്തരം സവര്‍ണ്ണ ആഘോഷങ്ങളെ പിന്തുണച്ചപ്പോള്‍ അംബേദ്കര്‍ ജയന്തി പോലുള്ള പിന്നോക്ക വിഭാഗങ്ങളുടെ ആഘോഷങ്ങള്‍ തിരസ്‌കരിക്കുകയും ഫണ്ടുകള്‍ അനുവദിക്കാതിരിക്കുകയും ആണ് ചെയ്തത്.

പല വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും സവര്‍ണ്ണ ആഘോഷങ്ങളിലും അവയുടെ രാഷ്ട്രീയത്തിലും സജീവമായി ഇടപെട്ടിരുന്ന കാലം യൂണിവേര്‍സിറ്റിക്കുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ദളിത്, ആദിവാസി, ബഹുജന്‍, ന്യൂനപക്ഷ വിദ്യാര്‍ഥി അസോസിയേഷന്‍ (ഡി.എ.ബി.എം.എസ്.എ) ഈ വിഷയത്തില്‍ ഒരു സെമിനാര്‍ സംഘടിപ്പിക്കുകയും അവിടെ വച്ച് അക്കാഡമിക്കുകളും, വിമര്‍ശകരും വിദ്യാര്‍ഥികളുമായി സംവദിക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷം ഡി.എ.ബി.എം.എസ്.എ ‘സെക്യുലറിസവും സവര്‍ണ്ണ ആഘോഷങ്ങളുടെ രാഷ്ട്രീയവും’ എന്ന വിഷയത്തില്‍ സാംസ്‌കാരികാധിപത്യത്തെ വിമര്‍ശിക്കുന്ന ഒരു സെമിനാര്‍ കൂടി സംഘടിപ്പിച്ചു. അങ്ങനെ ക്യാമ്പസിലെ വിദ്യാര്‍ഥികള്‍ ‘പ്രബല’ ഉത്സവങ്ങളായ ഓണം, ഗണേശ ചതുര്‍ഥി, ദുര്‍ഗ്ഗാപൂജ തുടങ്ങിയവയുടെ രാഷ്ട്രീയത്തെ ചോദ്യം ചെയ്യാന്‍ പ്രാപ്തരായി. മതപരമായ ചില ആഘോഷങ്ങളെങ്ങനെ ദേശീയോത്സവങ്ങളായി മാറി എന്നതിനെ പറ്റി ചൂടേറിയ ചര്‍ച്ചകളും വാഗ്വാദങ്ങളും അവര്‍ക്കിടയില്‍ നടക്കുന്നു.
ദളിത്, ആദിവാസി, തുടങ്ങിയ പിന്നോക്ക വിഭാഗങ്ങളുടെ സ്വത്വവും സാംസ്‌കാരവും ആഘോഷിക്കുന്ന, ഓരോ ദിവസത്തിനും പ്രത്യേക ‘തീം’ നല്‍കുകയും വ്യത്യസ്തമായ പരിപാടികള്‍ സങ്കടിപ്പിക്കുകയും ചെയ്യുന്ന, ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടിയായാണ് ‘അസുരവാരം’ ആരംഭിച്ചത്. ആദ്യ ദിവസമായ സെപ്റ്റംബര്‍ ഒന്‍പതാം തിയതിയുടെ തീം രാവണന്‍ ആയിരുന്നു. അന്ന് നടന്ന മുഖത്ത് ചായമിടുന്ന മത്സരത്തില്‍ കുറേയധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ചായംതേച്ച മുഖങ്ങളില്‍ അധികവും അസുര സങ്കല്‍പങ്ങളായിരുന്നു പ്രതിഫലിച്ചത്; എന്നാല്‍ അസുരനെ അവര്‍ അപമാനമായല്ല, അഭിമാനമായാണ് ചിത്രീകരിച്ചത്. അസുരന്മാരുടെ ക്രൂരതയും തിന്മയും സൂചിപ്പിക്കാനായി ഉപയോഗിക്കപെട്ട ചുരുട്ടിവച്ച മീശയും കട്ടി നീളന്‍ കൃതാവും ആഘോഷിക്കപ്പെടുകയും പ്രതാപത്തോടെ തന്നെ അവ അണിയപ്പെടുകയുമാണ് ഉണ്ടായത്. കലാകാരന്മാര്‍ അസുരന്മാര്‍ക്ക് ജീവന്‍ നല്‍കിയപ്പോള്‍ അന്തരീക്ഷമാകെ സംതൃപ്തിയും അഭിമാനവും ഉണര്‍വ്വുംകൊണ്ട് നിറഞ്ഞു. ശേഷം ചായമടിച്ച മുഖങ്ങളുമായി വിദ്യാര്‍ത്ഥികള്‍ അസുരന്മാരെ പ്രകീര്‍ത്തിച്ച് ക്യാമ്പസില്‍ ജാഥ നടത്തി. രാക്ഷസന്മാരും കൊലപാതകികളുമായി ചിത്രീകരിക്കപ്പെട്ടിരുന്ന പല അസുരന്മാരും തദ്ദേശീയമായ പല ഉത്സവങ്ങളിലേയും പോലെ കൊണ്ടാടപ്പെട്ടു. അങ്ങനെ ആദ്യ ദിനം, നാം അസുരന്മാരാണെന്നും അതില്‍ നാം അഭിമാനിക്കുന്നുവെന്നും വിളംബരം ചെയ്തുകൊണ്ടുള്ളതായിരുന്നു. കറുപ്പിച്ച മുഖങ്ങളും വര്‍ണ്ണാഭമായ താടിയും, ശ്രേഷ്ഠതയേയും നന്മയേയും കുറിച്ചുള്ള സവര്‍ണ്ണ ചിന്തയ്‌ക്കെതിരായ പ്രതീകങ്ങളായിരുന്നു. രണ്ടാം ദിനം ശൂര്‍പ്പണഖയ്ക്കു വേണ്ടിയായിരുന്നു. അന്നേ ദിവസം വിദ്യാര്‍ഥികള്‍ ഒരുമിച്ചു വ്യത്യസ്തങ്ങളായ ആര്‍ട്ട് ഇന്‍സ്റ്റാലേഷനുകള്‍ തയ്യാറാക്കി. അവര്‍ സൃഷ്ടിച്ച ഭീമാകാരമായ കറുത്ത മൂക്കും അതിലെ മൂക്കുത്തിയും ശൂര്‍പ്പണഖയുടെ അരിഞ്ഞു വീഴ്ത്തപെട്ട മൂക്കിനെ പ്രതീകവത്കരിച്ചു. അസുരദ്രാവിഡ അഭിമാനത്തെ ആവാഹിച്ചു കൊണ്ട്, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ ചില വീട്ടുപകരണങ്ങളുടെ മാതൃകകള്‍ മുളയിലും ചണത്തിലും കടലാസിലുമായി നിര്‍മ്മിച്ചു. സെപ്റ്റംബര്‍ 11, മൂന്നാം ദിനം, മഹിഷാസുരന്റെ ദിനം പബ്ലിക് കാന്‍വാസ് പെയിന്‍റിങ്ങിനു വേണ്ടിയാണ് മാറ്റിവയ്ക്കപ്പെട്ടത്. യൂണിവേഴ്സിറ്റി ലൈബ്രറിക്ക് അടുത്തു വലിയൊരു ക്യാന്‍വാസ് സ്ഥാപിച്ചതില്‍ മനോഹരങ്ങളും രാഷ്ട്രീയപരമായി സംവദിക്കുന്നതുമായ നിരവധി ചിത്രങ്ങള്‍ വിരിഞ്ഞു. ‘അടിച്ചമര്‍ത്തപ്പെടലിന്റെ ഓര്‍മ്മകള്‍,’ എന്നതായിരുന്നു വിഷയം. അതുകൊണ്ടുതന്നെ അസുരന്മാര്‍ സുരന്മാരാല്‍ വേട്ടയാടപ്പെട്ടതിന്റെയും, ദ്വേഷത്തിന്റെയും, പ്രതിഷേധത്തിന്റെയും അഭിമാനത്തിന്റെയും ചിത്രങ്ങളായിരുന്നു കൂടുതലും. ജാതീയയുടെ പേരില്‍ അരങ്ങേറിയിട്ടുള്ള നാനാതരം അടിച്ചമര്‍ത്തലിന്റെയും അക്രമത്തിന്റെയും ചിത്രങ്ങളും അവിടെ വരച്ചു ചേര്‍ക്കപ്പെട്ടു. വൈകുന്നേരം ആയപ്പോളേക്കും ‘ഹിന്ദു’ക്കളെന്നു സ്വയം വിശേഷിപ്പിച്ച് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ വന്ന് സമൂഹചിത്രരചനയുടെ ഭാരവാഹികളോട് ചിത്രങ്ങള്‍ തങ്ങള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും അതിനാല്‍ അവ എടുത്തുമാറ്റണമെന്നും ആവശ്യപ്പെട്ടു. അതോടെ സ്ഥിതിവിശേഷം മോശമായി തുടങ്ങി. പിന്നീട് രണ്ടു വാഹനങ്ങള്‍ നിറയെ പോലീസ് ക്യാമ്പസിലെത്തി ഈ സംഭവത്തെ കുറിച്ച് വിദ്യാര്‍ഥികളോട് സംസാരിക്കാനും ഉപദേശിക്കാനും ‘പ്രശനത്തില്‍’ തീര്‍പ്പാക്കുണ്ടാക്കാനും തുടങ്ങി. അക്കൂട്ടത്തില്‍ പോലീസിലെ ഉന്നതാധികാരികള്‍ ഉണ്ടായിരുന്നു; അസുരവാരം പോലെ ഒന്നിന്റെ ആവശ്യം എന്താണെന്ന് അവര്‍ ആരാഞ്ഞു. അവരെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു പരിപാടി പൊതുസ്ഥലത്ത് അരങ്ങേറണ്ടതല്ല, കള്‍ച്ചറല്‍ ക്ലാസ്സ് മുറികളില്‍ മാത്രമായി ഒതുങ്ങേണ്ടതാണ്. ഇത്തരത്തിലുള്ളൊരു രാഷ്ട്രീയ ആവിഷ്‌കരണങ്ങള്‍ മൂലം പ്രശനങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു അവരുടെ ആശങ്ക. ഇത്തരമൊരു രാഷ്ട്രീയ ഇടപെടല്‍ സാമുദായിക പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം എന്നതിനാല്‍ അവര്‍ വിദ്യാര്‍ഥികള്‍ക്ക് സംരക്ഷണവും വാഗ്ദാനം ചെയ്തു.

രാജ്യത്തിന്റെ രാഷ്ട്രീയാവസ്ഥയില്‍ ദ്രുതഗതിയില്‍ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത്, ഇഫ്‌ലു പോലെയുള്ള ഒരു യൂണിവേര്‍റ്റിയിലെ വിദ്യാര്‍ഥികള്‍ മാറ്റത്തിനു പ്രാരംഭം കുറിക്കുന്നവരും അതിന്റെ പരിണിതഫലത്തില്‍ ജീവിക്കേണ്ടിവരുന്നവരുമാണ് എന്ന വസ്തുത ഇവിടെ നിലനില്‍ക്കുന്നു. ദലിത്, ആദിവാസി, ബഹുജന്‍, മുസ്ലിം അത്‌പോലെ സമാന ചിന്താഗതിക്കാരായ മറ്റു വിദ്യാര്‍ഥികളും ചേര്‍ന്ന് സവര്‍ണ്ണ സംസ്‌കാരത്തെയും, അതിന്റെ യോഗ്യതയേയും, പ്രത്യക്ഷാവിഷ്ക്കാരങ്ങളെയും ശക്തമായി നിരാകരിച്ചുകൊണ്ടൊരു രാഷ്ട്രീയ പ്രസ്താവന പുറപ്പെടുവിക്കുകയാണ്. അവരുടെ പരിശ്രമങ്ങള്‍ വെറും നിലവിളികളല്ല; സവര്‍ണ്ണ പ്രത്യയശാസ്ത്രങ്ങളോട് പൊരുത്തപ്പെടാന്‍ പഠിപ്പിക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്യുന്ന സാമൂഹിക മാതൃകകള്‍ക്കെതിരെ മനപൂര്‍വ്വമുള്ള പ്രതികരണമാണത്. ഇഫ്‌ലുവിലെ വിദ്യാര്‍ഥികള്‍ തങ്ങള്‍ക്കിടയിലെ സാമൂഹികസാംസ്‌കാരിക, സ്വത്വ വ്യത്യാസങ്ങള്‍ അഭിമാനത്തോടെ ആഘോഷിക്കുന്നവരാണ്. രാഷ്ട്രീയമായ ഐക്യപ്പെടല്‍ ഉണ്ടായികഴിഞ്ഞിരിക്കുന്നു; ഇനി അടിച്ചമര്‍ത്തലിന്റെയും പക്ഷപാതത്തിന്റെയും അന്തരീക്ഷത്തിന് ഒരു മാറ്റം ഉണ്ടാവണം.
അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടത്തിന്റെ എന്‍ട്രന്‍സിനു മുകളിലെ ‘ഓം’, ഹോസ്റ്റലുകള്‍ നിര്‍മ്മിക്കുമ്പോള്‍ നടത്തുന്ന ഭൂമി പൂജ വിദ്യാര്‍ഥികള്‍ എതിര്‍ത്തിരുന്നു; ലൈബ്രേറിയന്റെ ഓഫീസിനുള്ളിലുള്ള സരസ്വതിയുടെ വലിയൊരു പ്രതിമ; യൂണിവേഴ്സിറ്റിയിലെ പബ്ലിഷിങ് യൂണിറ്റിന്റെ മുന്‍വശത്ത് ഗണപതിയുടെ ചിത്രമുള്ള ഒരു ടൈല്‍സുണ്ട്; പബ്ലിഷിങ് യൂണിറ്റ് മിക്കപ്പോഴും പൂജകള്‍ നടത്തുകയും പ്രസാദം വിതരണം ചെയ്യുകയും ചെയ്യുന്നു; ഹോസ്റ്റല്‍ മുറികള്‍ കുട്ടികള്‍ക്ക് വീതം വയ്ക്കുന്നത് ജാതിയുടെ അടിസ്ഥാനത്തിലാണ്; ജാതി പറഞ്ഞ് അധിക്ഷേപിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥികളും അധ്യാപകരും അകപ്പെട്ടിട്ടുള്ള നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു; എല്ലാതരത്തിലുമുള്ള ന്യൂനപക്ഷങ്ങളും പ്രതിസന്ധിയിലാണ്; കാശ്മീരില്‍ നിന്നും തമിള്‍നാട്ടില്‍ നിന്നും ഉള്ള രണ്ടു മുസ്ലീം വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തത് ഈ അടുത്താണ്; പല ഡിപ്പാര്‍ട്ടുമെന്റുകളും, പ്രത്യേകിച്ച് പിഎച്ച്ഡി വിഭാഗം, വിദ്യാര്‍ഥികളോട് ആവശ്യപ്പെടുന്നത് രാഷ്ട്രീയപരമായി നിക്ഷ്പക്ഷരായിരിക്കാനാണ്.
ദളിത്, ആദിവാസി, ബഹുജന്‍, തുടങ്ങിയ പിന്നോക്ക വിഭാഗക്കാര്‍ അവരുടെ സ്വത്വത്തേക്കുറിച്ചും, ഉത്കണ്ഠകളെക്കുറിച്ചും, പ്രയാസങ്ങളെക്കുറിച്ചും ശബ്ദം ഉയര്‍ത്തുമ്പോള്‍ അവിടെ നിയമം ഇടപെടുന്നു. വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ പോലും നില്‍ക്കാതെ യൂണിവേര്‍സിറ്റി ഭരണാധികാരികള്‍ കാര്യങ്ങള്‍ പോലീസിന് കൈമാറുന്നു. വിദ്യാര്‍ഥികളുടെ ചോദ്യങ്ങളെ ഭയപ്പെടുന്ന അധികാരികള്‍ ഉത്തരം പറയുന്നതിന് പോലീസിനെ രംഗത്ത് കൊണ്ടുവരുന്നു. ഞാന്‍ ഒരു അസുരനാണെങ്കില്‍, ഒരു ദ്രാവിഡനാണെങ്കില്‍, ഭരണാധികാരികള്‍ക്കും സവര്‍ണര്‍ക്കുമൊന്നും കുഴപ്പമുണ്ടാകില്ല. എന്നാല്‍ ഞാന്‍ എന്താണോ അതില്‍ ഞാന്‍ അഭിമാനം കൊള്ളുബോള്‍ അവര്‍ നടുങ്ങുന്നു. അവര്‍ക്ക് വ്യത്യസ്തതകള്‍ ആഘോഷിക്കപ്പെടാനുള്ളതല്ല മറിച്ച് ലജ്ജിക്കപെടേണ്ടവയാണ്. ഞാന്‍ വ്യത്യസ്തനാണ്, അവരുടെ ‘തീര്‍പ്പുകളില്‍’ അടങ്ങിയിരിക്കാന്‍ എനിക്കു താല്‍പര്യവുമില്ല. അസുരനായതില്‍ ഞാന്‍ അഭിമാനിക്കുന്നു; ആ അഭിമാനം നിശബ്ദനായിരിക്കാന്‍ എന്നെ അനുവദിക്കുന്നുമില്ല.
(ഇഫ്ളുവില്‍ പി.എച്ച്.ഡി വിദ്യാര്‍ഥിയാണ് റെജു)