Continue reading “വെനസ്വേലയില്‍ ടോയ്ലറ്റുകള്‍ അടച്ചിടുമോ?”
" /> Continue reading “വെനസ്വേലയില്‍ ടോയ്ലറ്റുകള്‍ അടച്ചിടുമോ?” ">റൌള്‍ ഗാല്ലെഗോസ്
(ബ്ലൂംബര്‍ഗ്)
സകലതും സര്‍ക്കാര്‍ ഏറ്റെടുത്തു ചെയ്യണമെന്ന സിദ്ധാന്തക്കാരാണ് വെനസ്വേലയിലെ സര്‍ക്കാര്‍. അന്തരിച്ച പ്രസിഡണ്ട് ഹ്യൂഗോ ഷാവെസും ‘ഷാവിസ്റ്റാസ്’ എന്നറിയപ്പെടുന്ന ഷാവെസ് അനുയായികളുമാണ് ഈ സിദ്ധാന്ത പ്രയോഗത്തിന് വഴിമരുന്നിട്ടത്. പക്ഷേ കഴിഞ്ഞ വാരം കെടുകാര്യസ്ഥതയ്ക്ക് പേരുകേട്ട സര്‍ക്കാര്‍ എല്ലാ സീമകളും ലംഘിച്ചു; വെനസ്വേലക്കാരുടെ കുളിമുറികളിലേക്ക് സര്‍ക്കാര്‍ കടന്നുകയറി.
കഴിഞ്ഞ സെപ്റ്റംബര്‍ 20-നു വെനസ്വേലക്കാരുടെ ടോയ്ലറ്റ് പേപ്പറിന്റെ 40 ശതമാനവും വിതരണവും ചെയ്യുന്ന മാന്‍പ (Manpa) എന്ന കമ്പനിയുടെ നിര്‍മ്മാണശാലകളെ ‘താത്കാലികമായി’ ഏറ്റെടുക്കാന്‍ ദേശീയ വില നിയന്ത്രണ സമിതി, സന്‍ഡെകോപിനോട് പ്രസിഡണ്ട് നിക്കോളാസ് മഡുറോയും പുതിയ സാമ്പത്തിക സമിതിയും ആവശ്യപ്പെട്ടിരിക്കുന്നു. കാരണമോ? ഉപഭോക്താക്കള്‍ക്ക് ആവശ്യത്തിന് ടോയ്ലറ്റ് പേപ്പര്‍ കിട്ടാത്തതിനാല്‍ ഉത്പാദനത്തിന്റെ മേല്‍നോട്ടം നടത്താന്‍.
ക്ഷാമം കുളിമുറിയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. ഈയടുത്ത മാസങ്ങളില്‍ ഭക്ഷ്യ എണ്ണയും പാല്‍പ്പൊടിയും പോലുള്ള ഭക്ഷ്യ വസ്തുക്കള്‍ കടകളില്‍ നിന്നും ഏതാണ്ട് അപ്രത്യക്ഷമായി. എന്നാല്‍, വില നിയന്ത്രണവും, വിദേശ വിനിമയ നിയന്ത്രണവും, പണത്തിന്റെ മൂല്യം കുറക്കലും, പണപ്പെരുപ്പവും, ആയിരത്തിലേറെ കമ്പനികളെ സര്‍ക്കാര്‍ ഏറ്റെടുക്കലും എല്ലാം കഴിഞ്ഞിട്ടും ആവശ്യ വസ്തുക്കളുടെ ക്ഷാമത്തിന് സര്‍ക്കാര്‍ ഇപ്പോളും പഴി പറയുന്നതു സ്വകാര്യ കമ്പനികളെയാണ്. കരിഞ്ചന്തക്കും പൂഴ്ത്തിവെപ്പിനുമെതിരെ നടപടിയെടുക്കാനായി പ്രസിഡണ്ട് മഡുറോ പുതിയ നിയന്ത്രണ സമിതിക്ക് രൂപം കൊടുത്തത്തിന് തൊട്ടുപിന്നാലെയാണ് ഈ നടപടി.
ഈയടുത്ത് വൈസ് പ്രസിഡണ്ട് ജോര്‍ജ് അറേയ്സ തങ്ങളുടെ കക്ഷിയുടെ നിലപാട് വ്യക്തമാക്കിയിരുന്നു. മഡുറോയുടെ ശത്രുക്കള്‍ ആസൂത്രണം ചെയതു നടപ്പിലാക്കുന്ന ഒരു സാമ്പത്തിക യുദ്ധമാണിതെന്നാണ് അദ്ദേഹം പറഞ്ഞത്. ‘നിലവില്‍ ചില ഉത്പാദന പ്രശ്നങ്ങളുണ്ടെന്ന്’ പറഞ്ഞ ഭക്ഷ്യ മന്ത്രി ഫെലിക്സ് ഒസോരിയോ ‘ഒരു സാമ്പത്തിക അട്ടിമറി’ക്കുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്നും കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ വെനസ്വേലക്കാര്‍ ഈ വാദം അത്ര പെട്ടന്നു വിഴുങ്ങുന്നില്ല. മാന്‍പ ഏറ്റെടുക്കാനുള്ള തീരുമാനം വാണിജ്യ മന്ത്രി അലെജാന്ദ്രോ ഫ്ലമിങ് ട്വീറ്റ് ചെയ്തപ്പോള്‍ ‘നിങ്ങള്‍ ഏറ്റെടുത്ത മറ്റ് കമ്പനികള്‍ പോലെ ഇതിനെയും നിലംപരിശാക്കുമോ’ എന്നാണ് ഒരാള്‍ പ്രതികരിച്ചത്.
28.5 ദശലക്ഷം വരുന്ന വെനസ്വേലക്കാരുടെ പ്രതിമാസ ടോയ്ലറ്റ് പേപ്പര്‍ ഉപഭോഗം സാധാരണ ഗതിയില്‍ ഏതാണ്ട് 125 ദശലക്ഷം ടോയ്ലറ്റ് പേപ്പര്‍ ചുരുളുകളാണ്; എന്നാല്‍ വര്‍ധിച്ച ഉപഭോഗം ഇതിന്റെ ആവശ്യകത 40 ദശലക്ഷം കണ്ടു കൂട്ടിയിരിക്കുന്നു എന്നാണ് മെയ് മാസത്തില്‍ ഫ്ലമിങ് പറഞ്ഞത്. ഇതുകൊണ്ടാണ് സര്‍ക്കാര്‍ കഴിഞ്ഞ മാസം 50 ദശലക്ഷം ചുരുളുകള്‍ ഇറക്കുമതി ചെയ്തത്. ഒരാള്‍ക്ക് അനുവദിച്ച പരിമിതമായ 12 ചുരുളകള്‍ വാങ്ങാന്‍ വരി നില്‍ക്കുന്നവരെ തൃപ്തിപ്പെടുത്താനായിരുന്നു ഇത്. വിദേശ നാണയ ക്ഷാമം പുസ്തകങ്ങള്‍ക്കും പത്രങ്ങള്‍ക്കുമുള്ള കടലാസിനും ദൌര്‍ലഭ്യമുണ്ടാക്കുന്നുണ്ട്. അതിനിടെ ഉത്പാദകരില്‍ നിന്നും വിതരണക്കാരില്‍ നിന്നും പൂഴ്ത്തിവെച്ചതെന്ന് ആരോപിച്ച് സര്‍ക്കാര്‍ പിടിച്ചെടുത്ത 21,140 ചുരുളുകള്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ കഴിഞ്ഞ വാരം വിതരണം ചെയ്തു.
എന്നാല്‍ ഈ ക്ഷാമം ഒരു മോശപ്പെട്ട കാര്യമാണെന്ന് എല്ലാവരും കരുതുന്നില്ല. കടുത്ത മാര്‍ക്സിസ്റ്റായ ആസൂത്രണ മന്ത്രി ജോര്‍ജ് ഗിയോര്‍ദാനി പറയുന്നത് “സോഷ്യലിസം കെട്ടിപ്പടുക്കുന്നത് ക്ഷാമത്തിന്റെ അടിസ്ഥാനത്തിലാണ്” എന്നാണ്. ‘വെനെസ്വേലക്കാര്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നു എന്നാണ് ഈ ടോയ്ലറ്റ് പേപ്പര്‍ ക്ഷാമം തെളിയിക്കുന്നത്’ എന്ന് ദേശീയ സ്റ്റാറ്റിസ്റ്റിക്സ് കേന്ദ്രം തലവന്‍ ഏലിയാസ് എല്‍ജൂറി ഒരു നിരീക്ഷണം നടത്തി. “നിങ്ങള്‍ക്ക് പിതൃഭൂമി വേണോ ടോയ്ലറ്റ് പേപ്പര്‍ വേണോ’ എന്നാണ് വിദേശകാര്യ മന്ത്രി ഏലിയാസ് ജൌവ ചോദിച്ചത്. ‘ഷാവിസ്റ്റാസ് പൃഷ്ഠം തുടക്കുന്നത് പിതൃഭൂമി കൊണ്ടാണ്’ എന്ന് വിമര്‍ശകര്‍ പരിഹസിക്കുന്നു.
തമാശകള്‍ മാറ്റി നിര്‍ത്തിയാല്‍, വെനസ്വേലക്കാര്‍ തികഞ്ഞ കുഴപ്പത്തിലാണ്. പൊതുതാല്‍പര്യം സംരക്ഷിക്കാന്‍ ഷാവിസ്റ്റാസ് ഒരു കമ്പനി ഏറ്റെടുത്താല്‍ അത് അത്യപൂര്‍വമായേ താത്കാലികമാകാറുള്ളൂ. മാത്രമല്ല, ഉടമകള്‍ക്ക് സര്‍ക്കാര്‍ ആസ്തികളുടെ കുറഞ്ഞ വില മാത്രമാണു നല്‍കുക. സര്‍ക്കാരിന്റെ നോട്ടക്കുറവ് മിക്കപ്പോളും അഴിമതിയിലും, കെടുകാര്യസ്ഥതയിലുമാണ് കലാശിക്കാറ്.
ഇപ്പോളത്തെ ഈ ഏറ്റെടുക്കല്‍ എങ്ങനെ കലാശിക്കും എന്നറിയാന്‍ കൌതുകമുണ്ടെങ്കില്‍ എട്ട് വര്‍ഷം മുമ്പ് ഹ്യൂഗോ ഷാവെസ് ഏറ്റെടുത്ത വെനെപാല്‍ (Venepal) എന്ന പേപ്പര്‍ കമ്പനിയുടെ ഗതിയറിഞ്ഞാല്‍ മതി. ഷാവെസ് ഏറ്റെടുത്ത ആദ്യ കമ്പനികളിലൊന്നായിരുന്നു അത്. എന്നാല്‍ ഇപ്പോള്‍ ഇതിന്റെ തുടര്‍ച്ചയായ നഷ്ടം നികത്തുന്നത് സര്‍ക്കാരാണ്. വെനസ്വേലയിലെ പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ ജോസ് ടോറോ ഹാര്‍ഡി സെപ്റ്റംബര്‍ 25-നു ട്വീറ്റ് ചെയ്ത പോലെ “കെടുകാര്യസ്ഥതയെ പ്രത്യയശാസ്ത്രവുമായി കൂട്ടിക്കുഴക്കും പോലെ അപകടകരമായ മറ്റൊന്നില്ല”.
എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടന (OPEC)സ്ഥാപകരിലൊരാളും വെനസ്വേലയിലെ പ്രഗ്ത്ഭനായ എണ്ണ മന്ത്രിയുമായിരുന്ന ജുവാന്‍ പാബ്ലോ പെരസ് അല്‍ഫോണ്‍സോ 1970-കളില്‍ നല്കിയ മുന്നറിയിപ്പ്,‘എണ്ണ നമ്മെ നശിപ്പിക്കും’ എന്നാണ്. എണ്ണയെ (crude oil) അദ്ദേഹം വിശേഷിപ്പച്ചത് ‘ചെകുത്താന്റെ വിസര്‍ജ്യം’ എന്നാണ്. ചെകുത്താന്റെ വിസര്‍ജ്യം ധാരാളം ഉണ്ടെങ്കിലും ടോയ്ലറ്റ് പേപ്പര്‍ കിട്ടാനില്ല എന്നതാണു വെനസ്വേലയുടെ പുതിയ നരക ഭാഷ്യം.
(വേള്‍ഡ് വ്യൂ ബ്ലോഗിന്‍റെ ലാറ്റിന്‍ അമേരിക്കന്‍ ലേഖകനാണ് റൌള്‍ ഗാല്ലെഗോസ്)