Continue reading “അന്ധത കണ്ടാല്‍ എങ്ങനിരിക്കും?”

" /> Continue reading “അന്ധത കണ്ടാല്‍ എങ്ങനിരിക്കും?”

"> Continue reading “അന്ധത കണ്ടാല്‍ എങ്ങനിരിക്കും?”

">

UPDATES

ഓഫ് ബീറ്റ്

അന്ധത കണ്ടാല്‍ എങ്ങനിരിക്കും?

                       

ക്രിസ്റ്റീന ഹാര്‍റ്റ്മാന്‍
(സ്ലേറ്റ്)

 

ഞാന്‍ എന്നും കേള്‍ക്കുന്ന ഒരു ചോദ്യമാണിത്. അന്ധത, അത് എങ്ങനെയാണ്? റെറ്റിനൈറ്റിസ് പിഗ്മെന്‍ടോസ എന്ന അസുഖം കാരണം പതിയെ എന്റെ കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.

 

കാഴ്ചയില്‍ നിന്ന്, നിയമപരമായി അംഗീകരിക്കപ്പെട്ട അന്ധതയിലേയ്ക്ക് നീങ്ങിയ ഒരാളെന്ന നിലയ്ക്ക് എന്റെ ജീവിതചര്യയിലും ആളുകളുടെ പെരുമാറ്റത്തിലുമൊക്കെ ഞാന്‍ വലിയ മാറ്റങ്ങള്‍ കണ്ടിട്ടുണ്ട്. ഇത് അത്ര എളുപ്പം വിശദീകരിക്കാനാവുന്ന ഒരു വിഷയമല്ല.

 

അന്ധര്‍ എന്താണ് കാണുന്നത്?

ആളുകള്‍ അന്ധതയെ ഒരു ദ്വന്ദ്വമായാണ് മനസിലാക്കുന്നത്: ഒന്നുകില്‍ നിങ്ങള്‍ പൂര്‍ണ്ണമായി കാഴ്ചയുള്ളയാളാണ്, അല്ലെങ്കില്‍ നിങ്ങള്‍ക്ക് പൂര്‍ണ അന്ധതയാണ്. എന്നാല്‍ അന്ധതയ്ക്ക് പല രീതികളുണ്ട് എന്നതാണ് സത്യം.

 

അന്ധതയ്ക്കും കാഴ്ചയ്ക്കുമിടയില്‍ ഒരുപാട് കാഴ്ചകളുണ്ട്‌. ചില അന്ധര്‍ക്ക് കാഴ്ചക്ക് മങ്ങലാണുള്ളത്; മറ്റുചിലര്‍ക്ക് നല്ല കാഴ്ചയും ഇടയ്ക്കിടെ കയറിവരുന്ന ഇരുട്ടുമാണ്. പലരും ഇതിനൊക്കെ ഇടയില്‍ എവിടെയൊക്കെയോ ആണ്. ചിലര്‍ പരിപൂര്‍ണ്ണമായി അന്ധരാണ്.

 

അപ്പോള്‍ ഞാന്‍ പറയുന്നത് എന്റെ മാത്രം അവസ്ഥയെക്കുറിച്ചാണ്. കാഴ്ചയില്ലാത്ത മറ്റുള്ളവര്‍ ഇതേ രീതിയിലായിരിക്കില്ല കാണുന്നത്.

 

അസുഖത്തിന്റെ ഫലമായി എനിക്ക് നിശാന്ധതയുണ്ട്. അതോടൊപ്പം കാഴ്ച മെല്ലെ കുറഞ്ഞുവരുന്ന അവസ്ഥയുമുണ്ട്. പതിയെപ്പതിയെയാണ് കാഴ്ച കുറഞ്ഞുവരികയെങ്കിലും ഇത് ഓരോരുത്തര്‍ക്കും ഓരോ രീതിയിലാണ് സംഭവിക്കുക.

 

 

കൌമാരകാലത്താണ് എന്റെ കാഴ്ചയില്‍ ഇരുള്‍ വീണുതുടങ്ങിയത്. കാഴ്ചയുടെ വശങ്ങളില്‍ ഇരുട്ട് ഉണ്ടെങ്കിലും ദൂരെയുള്ള വെളിച്ചവും ചലനങ്ങളും എനിക്ക് അറിയാന്‍ കഴിഞ്ഞിരുന്നു. ഒരു 180 ഡിഗ്രി കാഴ്ചയുള്ളത് പോലെയാണ് എനിക്ക് പലപ്പോഴും തോന്നിയിരുന്നത്. രണ്ടുവര്ഷം മുന്‍പ് അസുഖം എന്റെ കണ്ണിന്റെ മധ്യഭാഗമായ മാക്കുലയെ ബാധിക്കാന്‍ തുടങ്ങി. ഈ ഭാഗമാണ് നിറങ്ങള്‍ തിരിച്ചറിയാനും കാഴ്ചയ്ക്ക് തെളിച്ചമുണ്ടാകുവാനും സഹായിക്കുന്നത്. ഇപ്പോഴുള്ള എന്റെ കാഴ്ച ഇടതുകണ്ണില്‍ 20/150, വലതുകണ്ണില്‍ 20/300 എന്ന നിലയിലാണ്. ഇത് രണ്ടും കണ്ണടകൊണ്ട് നന്നാക്കാനാവില്ല.

 

എല്ലാം ഔട്ട്‌ ഓഫ് ഫോക്കസാണ്. ഒരാള്‍ എന്റെ അടുത്തുനിന്നും രണ്ടടി അകലെയാണ് നില്‍ക്കുന്നതെങ്കില്‍ അയാളുടെ മുഖം മോനേയുടെ ചിത്രങ്ങളിലെപ്പോലെ അവ്യക്തമാകും. പരിചയമുള്ള ഒരാളിനെ ഞാന്‍ അയാളുടെ രൂപം കൊണ്ടും നടക്കുന്ന രീതികൊണ്ടുമാണ് തിരിച്ചറിയുക. എനിക്ക് കേള്‍വിക്കും പ്രശ്നമുള്ളതുകൊണ്ട് ശബ്ദം കൊണ്ട് തിരിച്ചറിയലും ബുദ്ധിമുട്ടാണ്. തൊട്ടരികില്‍ വന്നാലും മുഖത്തെ പാടുകളോ പരുക്കന്‍ തൊലിയൊ ഒന്നും എനിക്ക് കാണാനാകില്ല. എന്റെ നോട്ടത്തില്‍ എല്ലാവര്ക്കും നല്ല മിനുത്ത ചര്‍മ്മമാണുള്ളത്.

 

വല്ലാതെ തെളിച്ചമുള്ള പ്രകാശം എന്റെ കാഴ്ചയെ ബാധിക്കും. ഒരു വെളുത്ത മൂടല്‍ എല്ലാത്തിന്റെയും മേല്‍ വന്നുവീഴുന്നതുപോലെയാണ് അത്. ഇളം നിറമുള്ള വസ്തുക്കള്‍ തിളങ്ങുന്നതുപോലെയൊക്കെ തൊന്നും. നേരിട്ടടിക്കുന്ന പ്രകാശം ഉണ്ടാക്കുന്ന നിഴലുകള്‍ എന്നെ ആശയക്കുഴപ്പത്തിലാക്കാറുണ്ട്. കാഴ്ചയുടെ ലോകത്തെ അത് വല്ലാതെ സങ്കീര്‍ണ്ണമാക്കും. എനിക്ക് ദൂരം മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്, അതുകൊണ്ട് ചില നിഴലുകള്‍ കണ്ടാല്‍ പടിക്കെട്ടുകളാണെന്നും തൊന്നും.

 

വെളിച്ചം കുറഞ്ഞ ഇടങ്ങളും ഇതേപോലെ പ്രശ്നം നിറഞ്ഞതാണ്‌. എല്ലാം ചാരനിറമോ കറുത്തനിറമോ ആയിമാറും. രാത്രി എനിക്ക് താഴ്ചയൊ നിഴലോ അറിയാനാകില്ല. രാത്രി എല്ലാം ഒരു കറുത്ത മതില്‍പോലെയാണ്.

 

കൃത്യമായ സാഹചര്യങ്ങളില്‍ എനിക്ക് അത്യാവശ്യം നന്നായി കാണാം. മീഡിയം തീവ്രതയില്‍ എല്ലായിടത്തും ഒരേപോലെ പ്രസരിക്കുന്ന വെളിച്ചം, ഉയര്‍ന്ന കോണ്‍ട്രാസ്റ്റ് ഉള്ള വസ്തുക്കള്‍, വലിയ ചലനങ്ങള്‍ ഇല്ലാതെ നില്‍ക്കുന്ന ആളുകളും വസ്തുക്കളും. എന്നാല്‍ ജീവിതം വളരെ അപൂര്‍വമായേ കൃത്യമായ സാഹചര്യങ്ങള്‍ ഒരുക്കിത്തരാരുള്ളൂ.

 

 

മങ്ങിയ കാഴ്ചയും ലോകവും

കാഴ്ചക്കുറവോ അന്ധതയോ ഉള്ളവര്‍ മൂന്നുരീതിയിലാണ് പ്രധാനമായും സഞ്ചരിക്കാന്‍ ശ്രമിക്കുക: ഒരു വടി ഉപയോഗിച്ച്, കാഴ്ചയുള്ള ഒരു മൃഗത്തിന്റെ സഹായത്തോടെ, അല്ലെങ്കില്‍ ഇതൊന്നുമില്ലാതെ. ഓരോരുത്തരുടെയും തീരുമാനത്തില്‍ രാഷ്ട്രീയ-സ്വകാര്യതാല്‍പ്പര്യങ്ങളുണ്ട്.

 

കാഴ്ചക്കുറവ് ഇല്ലാത്ത പലരും എന്നോട് ഒരു നായയെ കൂടെക്കൂട്ടാന്‍ പറയാറുണ്ട്‌. കാഴ്ചയുള്ള പരിശീലനം ലഭിച്ച ഒരു നായ എന്നത് ഒരു നല്ല കാര്യമായി അവര്‍ക്ക് തോന്നുന്നു. എന്നാല്‍ കാര്യങ്ങള്‍ അത്ര ലളിതമല്ല.

 

ഒരു വടി എപ്പോള്‍ വേണമെങ്കിലും മാറ്റിവയ്ക്കാം. ഒരു വടിയുടെ രോമം കൊഴിയില്ല, അത് മലവിസര്‍ജനം നടത്തില്ല, അതിനെ ഡോക്ടറെ കാണിക്കേണ്ട, അതിനു സ്വന്തമായി ചിന്തിക്കാന്‍ കഴിയുകയുമില്ല. ആര്‍ക്കും ഒരു വടിയെ ഓമനിക്കാന്‍ തോന്നുകയുമില്ല. പരിശീലനം നേടിയ നായകള്‍ വളരെ നല്ലതാണ്, പക്ഷെ അതോടൊപ്പം കൂടുതല്‍ ജോലികളും അത് കൊണ്ടുവരുന്നു. അത് വേണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും ജീവിതശൈലിയും ആവശ്യങ്ങളും അനുസരിച്ചാണ് തീരുമാനിക്കുക.

 

ഒരു വടി വളരെ ലളിതമാണെന്നു തോന്നുമെങ്കിലും അതിനും പരിശീലനം ആവശ്യമാണ്‌. പല തരത്തില്‍ വടി ഉപയോഗിക്കാം. അത് പല രീതിയില്‍ ചലിപ്പിക്കാന്‍ കഴിയും. എങ്ങനെ അത് ഉപയോഗിക്കണം എന്നത് നിങ്ങളുടെ സ്ഥലപരിചയവും കൂടെ എത്ര ആളുകളുണ്ട് എന്നതും ഒക്കെ ആശ്രയിച്ചിരിക്കും. ഒരു വടി നിങ്ങള്‍ക്ക് പല തരം കാര്യങ്ങള്‍ പറഞ്ഞുതരും. എന്നാല്‍ പ്രശ്നക്കാരായ ചില സംഗതികളുണ്ട്. കസേരകള്‍, മേശകള്‍ എന്നിവയുടെ അടിയിലേയ്ക്ക് വടി തെന്നിപ്പോകാം, നിലത്തെ വിടവുകളില്‍ തട്ടി വഴുതാം.

 

ലോകത്തെ നിങ്ങള്‍ വേറൊരു രീതിയിലാണ് അളക്കുക. സ്ട്രീറ്റ് സൈനുകള്‍ വായിക്കുന്നതിനുപകരം നിങ്ങള്‍ എത്ര തവണ വഴി മുറിച്ചുകടക്കുന്നു എന്നതിന്റെ എണ്ണമെടുക്കും. എവിടെ വഴിമുറിച്ചുകടക്കണം എന്ന് തീരുമാനിക്കാന്‍ നിങ്ങള്‍ ട്രാഫിക് സിഗ്നലുകള്‍ക്ക് പകരം വഴിയിലെ തിരക്ക് കുറയുന്നതിന് കാതോര്‍ക്കും. (പലരും ഇപ്പോള്‍ ജിപിഎസ് ഉപയോഗിക്കാറുണ്ട്, എന്നാല്‍ ജിപിഎസിന്റെ ശബ്ദം വലിയ തിരക്കുകള്‍ക്കിടയില്‍ മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ട് ഞാന്‍ പലപ്പോഴും അത് ഉപയോഗിക്കാറില്ല.) പ്രത്യേകതരത്തിലുള്ള ഒരു കെട്ടിടമോ ഒക്കെയാണ് നിങ്ങളുടെ ലോകത്തെ അടയാളപ്പെടുത്തുന്നത്. ഓര്‍മ്മ വളരെയേറെ പ്രധാനമാകുന്നു.

 

ചിലപ്പോഴൊക്കെ ഞാന്‍ ആളുകളുടെ സഹായം തേടാറുണ്ട്. എനിക്കത് ഇഷ്ടമല്ല. അത് എന്റെ സ്വാതന്ത്ര്യത്തെ ബാധിക്കുന്നുണ്ട്. മാത്രമല്ല സഹായിക്കുന്ന കാര്യത്തില്‍ ആളുകള്‍ പൊതുവേ മോശവുമാണ്. അവര്‍ നിങ്ങളെ പിടിച്ചു വേഗം വലിച്ചുകൊണ്ട് പോകാന്‍ തുടങ്ങും. നിങ്ങള്‍ തട്ടിവീഴുകയും നിങ്ങളുടെ ശ്രദ്ധ മാറുകയും ചെയ്യും. ഒരു നട എത്തുന്നതിനുമുന്പ് നിറുത്താന്‍ അവര്‍ മറന്നുപോകും, അപ്പോള്‍ നിങ്ങള്‍ തട്ടിവീഴും. പരിശീലനം കിട്ടിയാല്‍ പോലും ഒരാളെ വഴി കാണിച്ചുനടത്തുക എന്നത് വലിയ ഉള്‍കാഴ്ച വേണ്ട ജോലിയാണ്. എല്ലാവരെക്കൊണ്ടും അത് ചെയ്യാന്‍ സാധിക്കില്ല.

 

 

അന്ധര്‍ വായിക്കുന്നതെങ്ങനെ?

കാഴ്ചയോടൊപ്പം എനിക്ക് കേള്‍വിതകരാറും ഉള്ളതുകൊണ്ട് സാധാരണ അന്ധരേക്കാള്‍ എന്റെ അനുഭവം വ്യത്യസ്തമാണ്.

 

ഒരു സ്പെഷ്യലിസ്റ്റിനെ കണ്ടത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. അവര്‍ എന്നോട് വാക്കുകളെ ശബ്ദമാക്കുന്ന സോഫ്റ്റ്‌വെയര്‍ കമ്പ്യൂട്ടറില്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടു. “പക്ഷെ എനിക്ക് കേള്‍വിക്ക് പ്രശ്നമുണ്ട്… അപ്പോള്‍ ബ്രെയിലല്ലേ നല്ലത്?” ഞാന്‍ അവരോടു ചോദിച്ചു. “നിങ്ങള്‍ക്ക് ഞാന്‍ പറയുന്നത് കേള്‍ക്കാമല്ലോ, അപ്പോള്‍ കമ്പ്യൂട്ടര്‍ പറയുന്നതും കേള്‍ക്കാം.” (എനിക്ക് കൊക്ക്ളിയര്‍ ഇമ്പ്ലാന്റ് നടത്തിയിട്ടുണ്ട്, എനിക്ക് ആളുകളോട് സംസാരിക്കാന്‍ കഴിയും, എന്നാല്‍ എന്റെ കേള്‍വി അത്ര മികച്ചതല്ല.) അത് എളുപ്പമല്ല എന്ന് അവരോടു വിശദീകരിക്കാന്‍ ഞാന്‍ ശ്രമിച്ചു. വാക്കുകള്‍ തെറ്റിക്കേട്ടു ഒടുവില്‍ ഞാന്‍ മടുത്തുപോകുമെന്ന് പറഞ്ഞു. എന്നാല്‍ അത് തന്നെയാണ് ഏറ്റവും മികച്ചത് എന്ന് അവര്‍ വാശിപിടിച്ചു.

 

ഞാന്‍ അവരെ അവഗണിച്ചുകൊണ്ട് ബ്രെയില്‍ പഠിച്ചു. ഇപ്പോള്‍ ഞാന്‍ എന്റെ വായനാവേഗത്തിന്റെ ഏതാണ്ട് 60-70 ശതമാനത്തിലെത്തി. അതില്‍ എനിക്ക് വലിയ അഭിമാനമുണ്ട്.

 

വായനയുടെ കാര്യത്തില്‍ പലര്‍ക്കും പല അഭിപ്രായവുമുണ്ടാകും. ഇതിലെല്ലാം ഒരു രാഷ്ട്രീയമുണ്ട്. എന്നാല്‍ ഓരോ വ്യക്തിയും അവനവന്‍റെ ആവശ്യങ്ങള്‍ക്ക് ഏറ്റവും ചേരുന്ന ഒരു രീതിയാണ് അവലംബിക്കേണ്ടത്.

 

ആളുകള്‍ എങ്ങനെയാണ് പെരുമാറുന്നത്?

വടി ഉപയോഗിക്കാന്‍ തുടങ്ങിയ ശേഷം ഉണ്ടായ ഏറ്റവും വലിയ മാറ്റം ഞാന്‍ അജ്ഞാതയല്ലാതായി എന്നതാണ്. ഒരു വടിയോ ഒരു നായയോ ഒക്കെ കൂടെയുണ്ടെങ്കില്‍ നിങ്ങളുടെ വ്യത്യസ്തത നിമിത്തം ആളുകള്‍ നിങ്ങളെ കൂടുതല്‍ ശ്രദ്ധിക്കും. ഇത് നല്ലതുമാണ് ചീത്തയുമാണ്‌.

 

ഭക്ഷണശാലകളിലും കടകളിലും ഓഫീസുകളിലും എല്ലാം എനിക്ക് മികച്ച പ്രതികരണം ലഭിക്കാറുണ്ട്. ജീവനക്കാര്‍ പരിധി വിട്ടു എന്നെ സഹായിക്കാറുണ്ട്. അതിനു എനിക്കവരോടൊക്കെ നന്ദിയുണ്ട്. എനിക്ക് വഴി പറഞ്ഞുതരാന്‍ എപ്പോഴും ആളുകളുണ്ട്. ഫ്ലൈറ്റുകളില്‍ ഞാന്‍ ആദ്യം കയറും, എനിക്ക് മുന്‍നിരയിലുള്ള സീറ്റും ലഭികാറുണ്ട്. ഞാന്‍ അടുത്തെത്തുമ്പോള്‍ ആളുകള്‍ ചെങ്കടല്‍ വകഞ്ഞുമാറിയതുപോലെയാണ് വഴിമാറുക. ദയ ഒരു സാധാരണ നിയമമാണ്.

 

എന്നാല്‍ എല്ലാ നിയമങ്ങളിലുമെന്ന പോലെ ഇവിടെയും ചില പ്രശ്നങ്ങളുണ്ട്. എനിക്ക് പകര്‍ച്ചവ്യാധിയുള്ളത് പോലെ അകന്നുമാറുന്ന മനുഷ്യരുമുണ്ട്. എനിക്ക് അവരെ കാണാനാകില്ല എന്നാണ് അവര്‍ കരുതുന്നത്, എന്നാല്‍ എനിക്കത് കാണാം. ദയാവായ്പ്പ് കൊണ്ട് ശ്വാസം മുട്ടിക്കുന്ന മനുഷ്യരുമുണ്ട്. ഒരിക്കല്‍ ഞാന്‍ ഒരു സ്ത്രീയോടു വഴി ചോദിച്ചപ്പോള്‍ എനിക്ക് പോകേണ്ടയിടം വരെ അവര്‍ എന്നെ കൈപിടിച്ച് കൊണ്ടെത്തിച്ചു. അവിടെനിന്നും അവര്‍ സഹായം തുടരാന്‍ നിന്നപ്പോള്‍ ഇനി ഞാന്‍ പൊയ്ക്കോളാം എന്ന് കണിശമായി പറയേണ്ടിവന്നു. നല്ല ഉദ്ദേശത്തോടെയാണ് അവരത് ചെയ്തത്. എന്നാല്‍ അനുകമ്പ കൂടിയാല്‍ അത് അപമാനകരമാകും.

 

ഞാന്‍ അജ്ഞാതയല്ലാത്തത് കൊണ്ട് ആളുകള്‍ എന്നെ ശ്രദ്ധിക്കും. വീഴാതെയിരിക്കാനുള്ള വലിയ സമ്മര്‍ദ്ദം അപ്പോളുണ്ട്‌. ആളുകള്‍ നോക്കിനില്‍ക്കുമ്പോള്‍ തട്ടിവീഴാന്‍ പാടില്ല എന്നത് വലിയൊരു സമ്മര്‍ദ്ദം തന്നെയാണ്. അജ്ഞാതയായിരിക്കാന്‍ കഴിയാത്തതാണ് നഷ്ടപ്പെട്ടതായി എനിക്ക് തോന്നുന്നത്. എന്നാല്‍ ക്യൂ നില്‍ക്കേണ്ട എന്നത് വലിയ ഒരു സൌകര്യമാണ്!

 

 

കാഴ്ച നഷ്ടപ്പെടുന്നതിന്റെ വൈകാരികതലം.

കാഴ്ച നഷ്ടപ്പെടുന്നതിനേക്കാള്‍ അതിനോടൊപ്പം സംഭവിക്കുന്ന മറ്റുമാറ്റങ്ങളാണ് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. ജന്മനാ അന്ധരായവര്‍ക്ക് ഇങ്ങനെ ഒരു പ്രശ്നമുണ്ടായെന്നുവരില്ല. എന്നെപ്പോലെ മുതിര്‍ന്നതിനുശേഷം കാഴ്ച നഷ്ടപ്പെടുന്നവര്‍ക്കാണ് അതുണ്ടാവുക.

 

പെട്ടെന്ന് കഴിവുകള്‍ നഷ്ടപ്പെടുന്നതാണ് ഏറ്റവും അസഹനീയം. ഒരാള്‍ സ്വാഭാവികമായി അടുക്കം ചിട്ടയും ഇല്ലാത്ത ഒരാളാണെങ്കില്‍ ഈ പുതിയ ലോകവുമായി പൊരുത്തപ്പെടല്‍ ഏറെ ശ്രമകരമായിത്തീരും. ഞാന്‍ ശ്രദ്ധക്കുറവുകൊണ്ട് എത്ര ഗ്ലാസുകള്‍ പൊട്ടിച്ചിരിക്കുന്നു. അബദ്ധത്തില്‍ നടന്നുചെന്ന് ആളുകളെ ഇടിച്ചിരിക്കുന്നു. എന്റെ പൂച്ചകളുടെ മേല്‍ പല തവണ ചവിട്ടിയിരിക്കുന്നു. അതിലൊരു പൂച്ചക്ക് എന്നോട് ദേഷ്യമുണ്ടെന്നും എനിക്ക് ഉറപ്പാണ്.

 

ഒന്നും ചെയ്യാന്‍ കഴിയാതിരിക്കുന്നത് വെറുക്കുന്ന ഒരാളാണ് ഞാന്‍. എന്തുചെയ്താലും അത് നന്നായി ചെയ്യാനാണ് എനിക്കിഷ്ടം. ഞാന്‍ പല കാര്യങ്ങളും വളരെ നന്നായി ചെയ്തിട്ടുമുണ്ട്. ചില സമയത്ത് കാര്യങ്ങളോട് പൊരുത്തപ്പെടുന്നതില്‍ ഞാന്‍ പരാജയപ്പെടുന്നു. എന്തെങ്കിലുമൊക്കെ എവിടെയെങ്കിലും വെച്ച് മറക്കുമ്പോള്‍ നല്ല ഒരു അന്ധയായിരിക്കാന്‍ പറ്റാത്തതില്‍ എനിക്ക് ദേഷ്യം വരും.

 

എന്നാല്‍ ഞാന്‍ മെച്ചപ്പെടുന്നുണ്ട്‌. ഇപ്പോള്‍ കുറെ മാസങ്ങളായി ഞാന്‍ ഒരു ഗ്ലാസ് പൊട്ടിച്ചിട്ട്. ഞാന്‍ വേഗം നടക്കുമ്പോള്‍ എന്നെ ഒഴിവാക്കി നടക്കാന്‍ ഇപ്പോള്‍ എന്റെ പൂച്ചകള്‍ക്ക് അറിയാം. ഞാന്‍ പ്രതീക്ഷിച്ചതിനെക്കാള്‍ പതിയെയാണ് ഞാന്‍ ഈ അവസ്ഥയോട് പൊരുത്തപ്പെടുന്നത്. എങ്കിലും ഞാന്‍ ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നത്.

 

കാഴ്ച നഷ്ടപ്പെട്ടതിന്റെ ഒരു പ്രധാനമാറ്റം എന്നെപ്പറ്റി തന്നെയുള്ള എന്റെ ധാരണകള്‍ മാറിയെന്നതാണ്. ചെറുപ്പം മുതല്‍ എനിക്ക് ഈ അസുഖം ഉണ്ടായിരുന്നുവെങ്കിലും എന്നെ ഞാന്‍ ഒരു അന്ധയായി കണ്ടിരുന്നില്ല. ഇപ്പോള്‍ ഞാന്‍ അങ്ങനെ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. ഒന്നുകൂടി സൂക്ഷിച്ചുനോക്കിയാല്‍ എനിക്ക് കാണാന്‍ കഴിയും എന്ന് ചിന്തിക്കല്‍ ഞാന്‍ അവസാനിപ്പിച്ചു. വടി ഉപയോഗിക്കുന്നതിലെ ബുദ്ധിമുട്ട് കുറഞ്ഞു. എന്നെപ്പറ്റി ഞാന്‍ തന്നെ സ്വപ്നം കാണുന്നത് ഇങ്ങനെയാണ്: അടുക്കും ചിട്ടയുമില്ലാത്ത ഒരു അന്ധ.

 

സത്യം അന്ഗീകരിക്കല്‍ പതിയെയാണ് നടക്കുക. അതിനിടെ ഒരുപാട് പൊട്ടിയ ഗ്ലാസുകളും ദേഷ്യം പിടിച്ച പൂച്ചകളും ഉണ്ടാകും. പക്ഷെ ഞാന്‍ അവിടെയെത്തുകയാണ്.

 

Share on

മറ്റുവാര്‍ത്തകള്‍