ടീം അഴിമുഖം
ഹിന്ദുമത വിശ്വാസവുമായി ബന്ധപ്പെട്ട ഏറ്റവും പുണ്യ നഗരങ്ങളിലൊന്നാണ് വാരാണസി. പുണ്യനദിയായി കണക്കാക്കുന്ന ഗംഗയുടെ തീരത്തുള്ള പുരാതന നഗരം. ഹിന്ദുമതത്തിന്റെ വൈവിധ്യം നദിയുടെ ഇരുവശങ്ങളിലുമായി ഒരു മ്യൂസിയം കണക്കെ ചിതറിക്കിടക്കുന്ന നഗരം. ഘാട്ടുകള്‍, പാണ്ഡകള്‍, “കത്തിത്തീര്‍ന്നതും കത്തിക്കൊണ്ടിരിക്കുന്നതും കത്താനുള്ള ഊഴവും കത്തിരിക്കുന്ന ശവങ്ങളും”, ആരുമില്ലാത്ത വിധവകളും അങ്ങനെ വിശ്വാസവുമായി ബന്ധപ്പെട്ട ചിഹ്‌നങ്ങള്‍ കൊണ്ടു മാത്രമൊരു നഗരം. ബനാറസ് സില്‍ക്കിന് പ്രശസ്തമായ, ലോകത്തിലെ തന്നെ ഏറ്റവും പുരാതന നഗരങ്ങളിലൊന്നായ കാശിയെന്ന വാരാണസി സന്ദര്‍ശിക്കാത്ത തീര്‍ഥാടകരോ ഇതിനെ കുറിച്ച് എഴുതാത്തവരോ അധികം കാണില്ല.
ഇതാണ് സാധാരണ ഒരു സന്ദര്‍ശകന്റെ കണ്ണില്‍ പെടുന്ന വാരാണസി. എന്നാല്‍ വാരണാസിയുടെ യഥാര്‍ഥ മുഖം ഇതൊന്നുമല്ലെന്ന് അല്‍പ്പം കണ്ണുതുറന്നു നോക്കിയാല്‍ മനസിലാകും. ദിവസത്തിന്റെ പകുതി മണിക്കൂറുകള്‍ വൈദ്യുതിയില്ലാത്ത, കുടിവെള്ളമില്ലാത്ത, മാലിന്യങ്ങള്‍ കുന്നുകൂടിക്കിടക്കുന്ന, കുന്നും കുഴിയും നിറഞ്ഞ ഇടുങ്ങിയ റോഡുകളുള്ള, മൃഗങ്ങളും മനുഷ്യരും നടക്കാനും അതിജീവിക്കാനും പൊരുതുന്ന, ജീര്‍ണിച്ചു കൊണ്ടിരിക്കുന്ന മറ്റേതൊരു ഇന്ത്യന്‍ നഗരം മാത്രമാണ് വാരാണസി. അവിടുത്തെ ഇടുങ്ങിയ ഗലികളിലൂടെ പോലീസ് ബാരിക്കേഡുകള്‍ക്കപ്പുറേത്തക്ക് എത്തി നോക്കിയാല്‍ മറ്റൊരു ഇന്ത്യന്‍ യാഥാര്‍ഥ്യവും കാണാം. ഇന്ത്യയിലെ ഹിന്ദു-മുസ്ലീം ബന്ധത്തിന്റെയും സംഘര്‍ഷത്തിന്റെയും പുകമറ പിടിച്ച ചരിത്രത്തിന്റെ മൂകസാക്ഷിയെന്നോണം കാശി വിശ്വനാഥ് ക്ഷേത്രവും ഗ്യാന്‍വാപി മോസ്‌കും തമ്മില്‍ ചേര്‍ന്നു നില്‍ക്കുന്നതും കാണാം.

കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുകളിലായി വാരാണസി എന്ന ലോക്‌സഭാ മണ്ഡലം ബി.ജെ.പിയുടെ പോക്കറ്റിലാണ്. ഇന്നത്തെ വാരാണസി എന്നാല്‍ വര്‍ഷങ്ങളായി അരങ്ങേറിക്കൊണ്ടിരിക്കുന്ന വര്‍ഗീയവത്ക്കരണവും അതുവഴിയുണ്ടാക്കിയ സാമുദായിക ധ്രുവീകരണവുമാണ്. അതുതന്നെയാണ് നരേന്ദ്ര മോദിയെന്ന പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും വാരാണസിയില്‍ കണ്ണുവച്ചിരിക്കുന്നതിന്റെ കാരണം. ജയം മാത്രം മതിയായിരുന്നെങ്കില്‍ മോദിക്ക് ഗുജറാത്തിലോ അല്ലെങ്കില്‍ യു.പിയിലെ മറ്റേതെങ്കിലും സീറ്റിലോ മത്സരിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ ‘ഹിന്ദു ഹൃദയ സാമ്രാട്ട്’ ഇന്ത്യ ഭരിക്കണമെങ്കില്‍ ഗുജറാത്ത് മാതൃകയിലുള്ള വികസനം മാത്രം മതിയാകില്ലെന്ന് വ്യക്തം. അവിടെ സാമുദായിക ധ്രുവീകരണം ഉണ്ടാകണമെന്നും ‘ഹിന്ദു ഉണരണ’മെന്നും മോദിക്കും സംഘപരിവാറിനും അറിയാം. ആ ഒരു സ്ട്രാറ്റജിയുടെ തുടക്കമായിരുന്നു മുസഫര്‍നഗറില്‍ നടന്ന വര്‍ഗീയ കലാപമെന്ന് വിശ്വസിക്കുന്ന രാഷ്ട്രീയ നിരീക്ഷകര്‍ ഏറെയുണ്ട്.
വാരാണസി ഒരു ഹിന്ദു നഗരം മാത്രമല്ല, 16 ലക്ഷം വോട്ടര്‍മാരില്‍ മൂന്നുലക്ഷം മുസ്ലീങ്ങളുണ്ട്. രണ്ടു ലക്ഷം ബ്രാഹ്മണരും രണ്ടര ലക്ഷം കുര്‍മി പട്ടേലുകളും ഒരുലക്ഷം വീതം ഭൂമിഹാറും പട്ടികജാതിക്കാരും ഇവിടെയുണ്ട്. ബി.ജെ.പി ഹിന്ദു വോട്ടുകള്‍ നേടി ഇവിടെ വിജയിക്കുമ്പോള്‍ തന്നെ മുസ്ലീം വോട്ടര്‍മാരില്‍ നല്ല ശതമാനവും രാഷ്ട്രീയപരമായി വോട്ടുചെയ്യുന്നവരാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി ടിക്കറ്റില്‍ മത്സരിച്ച മുഖ്താര്‍ അന്‍സാരിയെന്ന, റോബിന്‍ഹുഡ് പരിവേഷമുള്ള മാഫിയാ തലവന്‍ ബ.ജെ.പിയുടെ ബ്രാഹ്മണ സ്ഥാനാര്‍ഥി മുരളി മനോഹര്‍ ജോഷിയെ വിറപ്പിച്ചു വിട്ടിരുന്നു. വെറും 17,000 വോട്ടിന്റെ ഭൂരിപക്ഷമാണ് ജോഷിക്കുണ്ടായിരുന്നത്. ഇവിടെയാണ്, കുറച്ച് നാടകീയ പരിവേഷത്തോടെ തന്നെ അരവിന്ദ് കെജ്‌രിവാള്‍ മോദിയെന്ന ഗോലിയാത്തിനെ നേരിടാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഒരു തോര്‍ത്തുമുണ്ടുമുടുത്ത് ഗംഗയില്‍ മുങ്ങി നിവരാനോ മഷിയും മുട്ടയേറുമൊക്കെ ഏല്‍ക്കുമ്പോഴും ചിരിച്ചു കൊണ്ട് നില്‍ക്കാനോ തത്കാലം നരേന്ദ്ര മോദിക്ക് ആകുമെന്നൊട്ട് തോന്നുന്നുമില്ല.

പക്ഷേ ഇതു മാത്രമല്ല, ഇവര്‍ തമ്മിലുള്ള വ്യത്യാസം. ഇന്ത്യയിലെ പ്രധാന കോര്‍പറ്റേുകള്‍ സ്‌പോണ്‍സര്‍ ചെയ്ത ‘ഹൈ ഡെസിബല്‍’ പ്രചരണം നടത്തുന്ന മോദിയോട് കെജ്‌രിവാള്‍ ചോദിക്കുന്ന കാര്യങ്ങള്‍ വളരെ പ്രസക്തമാണ്. മുകേഷ് അംബാനിയുടെ റിലയന്‍സിനു വേണ്ടി വാതക വില കൂട്ടണമോ, പണം വാരിയെറിഞ്ഞുകൊണ്ടുള്ള ഇത്രയും വലിയ പ്രചരണം നടത്താന്‍ ബി.ജെ.പിക്ക് എവിടെ നിന്നാണ് പണം? ഇന്ത്യന്‍ മാധ്യമ ലോകത്തെ ഇത്രയ്ക്ക് തങ്ങള്‍ക്ക് അനുകൂലവും മറ്റുള്ളവര്‍ക്ക് എതിരെ ആക്കാനും മോദിയും പിണിയാളുകളും ചേര്‍ന്ന് എന്തൊക്കെ ചെയ്തിട്ടുണ്ടാകും? – ഇങ്ങനെ കെജ്‌രിവാള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാത്തിടത്തോളം കാലം ഇന്ത്യന്‍ ജനാധിപത്യത്തെ ‘സെറ്റ്’ ചെയ്യുക വളരെ എളുപ്പമാണ്.
അമ്പലങ്ങള്‍ക്കും പള്ളികള്‍ക്കും അപ്പുറം വാരാണസിയില്‍ നിത്യച്ചെലവിന് ബുദ്ധിമുട്ടുന്ന ജനങ്ങളും അവരുടെ ജീവിതവുമുണ്ട്. വാഗ്ദാനങ്ങള്‍ പലതും മുന്നോട്ട് വയ്ക്കുമ്പോഴും സാമുദായിക ധ്രുവീകരണത്തിനപ്പുറം വാരാണസിയിലെ യാഥാര്‍ഥ്യങ്ങള്‍ മാറുന്നില്ല. നമ്മുടെയൊക്കെ ആഡംബര ശരീരങ്ങളെ പൊതിഞ്ഞു സൂക്ഷിക്കുന്ന ബനാറസ് സില്‍ക്ക് നിര്‍മിക്കുന്ന വ്യവസായ ശാലകളും കുടുംബങ്ങളുമൊക്കെ പട്ടിണിയിലാണെന്ന യാഥാര്‍ഥ്യത്തിന് ഇത്തവണയും വലിയ വ്യത്യാസമൊന്നും ഇല്ല. അതുകൊണ്ടു തന്നെ നരേന്ദ്ര മോദി വാരാണസിയില്‍ വിജയിക്കുമെന്ന കാര്യത്തിലും വലിയ സംശയങ്ങളൊന്നുമില്ല. എന്നാല്‍ വരുന്ന ഏതാനും ആഴ്ചകളില്‍ വാരാണസിയില്‍ കെജ്‌രിവാള്‍ എന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ‘തലവേദന’ ഉയര്‍ത്തുന്ന വിഷയങ്ങള്‍ ദേശീയ രാഷ്ട്രീയത്തിന് അത്രയെളുപ്പത്തില്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിഞ്ഞേക്കില്ല. ആം ആദ്മി പാര്‍ട്ടി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് അപ്രത്യക്ഷമായാലും വാരാണസിയില്‍ കെജ്‌രിവാള്‍ മോദിക്കെതിരെ ഉയര്‍ത്തുന്ന കാര്യങ്ങള്‍ തന്നെയായിരിക്കും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വരുംനാളുകളൂടെ ദിശ തീരുമാനിക്കുക.