Continue reading “ബാംഗ്ളൂര്‍ ഡെയ്സിനോട് സ്നേഹം!”

" /> Continue reading “ബാംഗ്ളൂര്‍ ഡെയ്സിനോട് സ്നേഹം!”

"> Continue reading “ബാംഗ്ളൂര്‍ ഡെയ്സിനോട് സ്നേഹം!”

">

UPDATES

സിനിമ

ബാംഗ്ളൂര്‍ ഡെയ്സിനോട് സ്നേഹം!

Avatar

                       

അമല്‍ ലാല്‍

ബാംഗ്ലൂര്‍ ഡേയ്‌സ് ഒരാഘോഷമാണ്. സൗഹൃദത്തിന്റെ ആഘോഷം, ബന്ധങ്ങളുടെ ആഘോഷം, പ്രണയത്തിന്റെ ആഘോഷം, സ്വാതന്ത്ര്യത്തിന്റെ ആഘോഷം. സര്‍വോപരി ടിക്കറ്റ് എടുത്ത് സിനിമ കാണുന്ന പ്രേക്ഷകന്റെ ആഘോഷം! 

 

അതിനെല്ലാം പുറമേ sense-ഉം sensibility-യും sensitivity-യും ഉള്ള കലാകാരന്മാര്‍ ഒരുകുടക്കീഴിയില്‍ അണിനിരന്നപ്പോള്‍ ഉണ്ടായ ക്രിയാത്മകതയുടെ ആഘോഷം. അഞ്ജലി മേനോന്‍, അന്‍വര്‍ റഷീദ്, സമീര്‍ താഹിര്‍ തുടങ്ങിയവര്‍ ക്യാമറയ്ക്ക് പുറകിലും ഫഹദ് ഫാസില്‍, നിവിന്‍ പോളി, ദുല്‍ക്കര്‍ സല്‍മാന്‍, പാര്‍വതി, നസ്രിയ തുടങ്ങിയവര്‍ ക്യാമറയ്ക്ക് മുന്‍പിലും കൈകോര്‍ത്തപ്പോള്‍ ഉണ്ടായ അത്ഭുതം. സൗഹൃദത്തിന്റെ ആഘോഷം സൃഷിപരതയിലും ക്രിയാത്മകതയിലും ആണെന്ന് അടിവരയിടുന്നു അഞ്ജലി മേനോന്‍, അന്‍വര്‍ റഷീദ് തുടങ്ങിയവരുടെ കൂട്ടായ്മ.

 
ഈ കൂട്ടായ്മ ഇനിയും കായ്ക്കും, ഇനിയും പൂക്കും എന്നും നമ്മളെല്ലാം ആ പൂവ് കണ്ടും മണത്തും അതിനെപ്പറ്റി ഇതു പോലെ വാ തോരാതെ സംസാരിക്കും എന്നും കൊതിക്കട്ടെ. നവനിര സിനിമാക്കാര്‍ എല്ലാം നിരയായി കൂടെ നിന്നപ്പോള്‍ അഞ്ജലി മേനോന്‍ ന്യൂജനറേഷന്‍ നിര്‍വചനങ്ങള്‍ക്ക് തിരുത്താവശ്യപ്പെടുന്നു. അതിനൊപ്പം പൃഥ്വിരാജ് കൂടി പങ്കാളിയായ ഒരു കമ്പനി വിതരണത്തിനായി കൈകോര്‍ക്കുമ്പോള്‍ നാളെയുടെ സിനിമാ കൂട്ടായ്മകളില്‍ വന്‍ പ്രതീക്ഷ! 

 

 

സൗഹൃദം , പ്രണയം, സ്വപ്‌നങ്ങള്‍

ഒരു റിവ്യൂ എന്ന രീതിയില്‍ അല്ല, കാഴ്ചാനുഭവം എന്ന രീതിയില്‍ മാത്രം ഈ എഴുത്തിനെ മുന്നോട്ട് വയ്ക്കാനാണ് ഇഷ്ടം.  ഈ സിനിമ പറയുന്നത് സൗഹൃദം, പ്രണയം, സ്വപ്നം എന്നിവരുടെ കഥയാണ്. ഈ മൂന്നുപേരും നടത്തുന്ന ഒളിച്ചു കളിയാണ് സിനിമ. അതായത് ഇത് കുട്ടുവിന്റെയും കുഞ്ചുവിന്റെയും അര്‍ജുന്റെയും അവരെ ചേര്‍ന്ന് കിടക്കുന്നവരുടെയും സിനിമയാണ്. മൂന്നുപേരും മൂന്നാവുകയും എന്നാല്‍ വ്യത്യസ്തകളിലും ഒന്നാവുകയും ചെയ്യുന്ന സൗഹൃദമാണ് ഈ മൂവര്‍സംഘത്തിനുള്ളത്.

 

ഒരേ കുടുംബത്തില്‍ തന്നെ വിവിധങ്ങളായി വളരുകയും ഏതോ ഒരു കണ്ണിയാല്‍ തലതെറിച്ച കുടുംബക്കാര്‍ക്കിടയില്‍ എന്തോ ഒന്ന് ഇവരെ കൂട്ടിനിര്‍ത്തുകയും ചെയ്യുന്നു. കിസ്മത് എന്നു പറഞ്ഞ ഒന്നുണ്ട് എന്നെഴുതിയത് ഇതേ അഞ്ജലി മേനോന്‍ തന്നെ. എവിടെയോ ജനിച്ച്, എങ്ങനെയോ വളര്‍ന്ന്, ഇന്ന് തണലും വളവും വെളിച്ചവും നല്‍കുന്ന കൂട്ടുകാരെ പറ്റി ആലോചിക്കുമ്പോള്‍ നമുക്കെല്ലാം ആ കിസ്മതിനോട് മുഹബതാണ്. 

 

സിനിമയിലേക്ക് തിരിച്ചു വന്നാല്‍ പരസ്പരം ജീവിതത്തില്‍ വെളിച്ചമായും താങ്ങായും തണലായും നില്കുന്നു ഈ കൂട്ടുകാര്‍. സൗഹൃദത്തിന്റെ വിശാലത തന്നെയാണ് സിനിമയുടെ ശുഭാന്ത്യമാവുന്നതും.

 

 

പ്രണയമാണ് മറ്റൊരു കഥാപാത്രം. പ്രണയത്തിന്റെ രുചിഭേദങ്ങള്‍, ഇഷ്ടാനിഷ്ടങ്ങള്‍ തുടങ്ങി ഒളിച്ചിരിക്കുന്ന ഭാവങ്ങളെ വരെ കണ്ടെത്തി കണ്ണ് നിറയ്ക്കാനും പുഞ്ചിരിവിടര്‍ത്താനും ഉള്ള സംവിധായികയുടെ കൈയടക്കം കൂടിയാണ് സിനിമയ്ക്ക് കയ്യടികള്‍ ബാക്കിയാക്കുന്നത്. നിന്റെ പിന്നാലെ നടക്കാനല്ല, നിന്നോടൊപ്പം നടക്കുന്നതാണ് എന്റെ പ്രണയം എന്ന് പറയുമ്പോള്‍ അത് പുറകെ നടക്കുന്ന പൂവാലന്മാര്‍ക്കും കൈയും വീശി മുന്നേ നടക്കുന്ന ആണ്‍കോയ്മ്ക്കുമുള്ള ഉത്തരമാണ്.  

 

പ്രണയം കൂടെ നടക്കല്‍ ആണെന്നും അത് ഒരേ കാഴ്ച്ചപ്പാടുള്ളവരുടെ കൂടിച്ചേരല്‍ ആണെന്നും എന്നാല്‍ വ്യത്യസ്തതയിലും സ്വയം തിരുത്തി, പരസ്പരം തിരുത്തിയൊരു യാത്രയാണെന്നും സിനിമ ചെവിയില്‍ പറയുമ്പോള്‍, കണ്ണില്‍ കാണിക്കുമ്പോള്‍ കയ്യടികള്‍ മതിയാവുന്നില്ല അംഗീകാരമായി. 
അതിവൈകാരികത മലയാളികള്‍ക്ക് അത്ര പഥ്യമല്ല, എങ്കില്‍ പോലും. എന്നാല്‍ വികാരതീവ്രമായ നിമിഷങ്ങളില്‍ പോലും കൂടെയിരുത്താനും കൂടെ നടക്കാനും എഴുത്തുകാരി കൂടിയായ സംവിധായക കൈനീട്ടുമ്പോള്‍ നമ്മള്‍ അറിയാതെ കൈ കൊടുത്തു പോവും. 

 

വിജയരാഘവന്റെയും കല്പനയുടെയും കഥാപാത്രങ്ങള്‍ വഴിപോക്കര്‍ മാത്രമാവുന്നില്ല. വ്യക്തമായ വ്യക്തിത്വവും സ്വപ്നവും അവര്‍ക്കുണ്ട്. ഈ സിനിമ അവരുടെ സ്വാതന്ത്ര്യത്തിന്റെ കൂടിയാണ്. 

 

ബംഗ്ലൂര്‍ ഡേയ്‌സ് സ്വപ്നങ്ങളുടെ കൂടി ആഘോഷമാണ്. വഴികളുടെ വിളികളെ കേള്‍ക്കാനും നെഞ്ചിലുറങ്ങുന്ന ഉള്‍വിളി കേള്‍ക്കാനും അത് തേടാനും നേടാനും കൂടി സിനിമ കരുത്താകുന്നു. രക്ഷിതാക്കളുടെ പ്രതീക്ഷകള്‍ തകര്‍ക്കുന്ന സ്വപ്നങ്ങളെക്കുറിച്ചും ആകുലതകള്‍ ഉണ്ട് ഈ സിനിമയ്ക്ക്. എല്ലാവരും എഞ്ചിനിയറും ഡോക്ടറും ആവുമ്പോള്‍ വ്യത്യസ്തകള്‍ നഷ്ടപ്പെടുന്ന ഒരു സമൂഹത്തിനു നേരെയും ചെറുതായി വിരലുയര്‍ത്തും ഈ സിനിമ.  

 

 

സ്വപ്നങ്ങളുടെ ആഘോഷമാവുക മാത്രമല്ല, ഉള്ളിലെവിടെയോ സ്വപ്നത്തിന്റെ ഒരു വിത്ത് മുളപ്പിക്കാനും അതിനു നേരാനേരം വെള്ളമൊഴിക്കാനും പറയുന്നുണ്ട് ഈ അഞ്ജലി മേനോന്‍ സൃഷ്ടി!
സിനിമ കണ്ടു പുറത്തിറങ്ങുമ്പോള്‍ ഉള്ളില്‍ നൂറു നൂറു സ്വപ്‌നങ്ങള്‍. അതെല്ലാം തന്നെ ജീവിച്ചു കാണിക്കണമെന്നും ബംഗ്ലൂര്‍ ഡേയ്‌സിന്റെ അലകള്‍ മനസ്സില്‍ പറഞ്ഞു കൊണ്ടേ ഇരിക്കുന്നു. ഈ അലയടങ്ങും വരെയെങ്കിലും അതവിടെ കിടക്കും എന്നുള്ളത് കൊണ്ട് തന്നെ സംവിധായികയ്ക്കും കൂട്ടുകാര്‍ക്കും തൊപ്പിയൂരി സലാം പറയുന്നു. 

 

നമ്മുടെ കുഞ്ഞു കുഞ്ഞു സ്വപ്‌നങ്ങളുടെ കുഞ്ഞുടുപ്പുകള്‍ തേടുമ്പോള്‍ കൂടെ നടക്കുന്നവന് നമ്മള്‍ ഒരു വലിയ ഉടുപ്പ് തന്നെ കരുതി വയ്ക്കണം എന്നും പറയുമ്പോള്‍ അര്‍ഥങ്ങള്‍ പലതാവുന്നു ഈ സൃഷ്ടിക്ക്. 

 

ക്യാമറയ്ക്ക് പിറകിലെ സമീര്‍ താഹിറിനും എഡിറ്റര്‍ക്കും പാശ്ചാത്തലത്തില്‍ സംഗീതം കൊണ്ട് നട്ടെല്ല് കൊടുത്ത സംഗീതസംവിധായകനും മാര്‍ക്കിടാനും എടുത്തു പറഞ്ഞു കയ്യടിക്കാനും അത്രയ്ക്ക് സാങ്കേതികപരിജ്ഞാനം എനിക്കില്ല. എന്റെ മുന്നില്‍ ബാംഗ്ലൂര്‍ഡേയ്‌സ് ജീവിക്കുകയായിരുന്നു. ഒരു സിനിമ എന്ന നിലയില്‍ ഹൃദയം കൊടുത്ത് കാണുകയായിരുന്നു. അത് കൊണ്ട് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരോടുമുണ്ട് സ്‌നേഹം.  

 

മലയാളത്തില്‍ ഇനിയൊരു തിളക്കമുള്ള നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആവും. അത്രയ്ക്കും ഉണ്ട് ദുല്‍ക്കറിന്റെ സ്‌റ്റൈല്‍. ജനപ്രിയ നായകന്‍ നിവിന്‍ പോളിയും. സിനിമകള്‍ തിരഞ്ഞെടുക്കാന്‍ മിടുക്കനാണ് നിവിന്‍. എന്നാല്‍ എനിക്ക് ഏറ്റവും ഇഷ്ടം അപ്പോഴും ഫഹദിനെ തന്നെയാവും. കാരണം അയാളുടെ കണ്ണുകള്‍ കഥ പറയുന്നു!

 

ഇപ്പോള്‍ ഒരു പാട് സ്വപ്‌നങ്ങള്‍ കാണുന്നുണ്ട്. എന്നെ പറ്റി, ഞങ്ങളെ പറ്റി; ഒരു പുള്ളിക്കുടക്ക് കീഴില്‍ എല്ലാവരും ചേര്‍ന്ന്, വാതിലുകള്‍ ഇല്ലാത്ത ഒരു വീട്ടില്‍. അവിടെ രണ്ടായി കഴിയുന്നവര്‍ ഒന്നാവുന്നതും ഒറ്റക്കൂട്ടക്ഷരമായി പിന്നീടങ്ങോട്ട് ഒരുമിച്ച് ജീവിച്ച് നീങ്ങുന്നതും ആ കൂട്ടക്ഷരങ്ങള്‍ക്ക് പിന്നീട് അര്‍ത്ഥമുണ്ടാവുന്നതും. അങ്ങനെ അങ്ങനെ… ബാംഗ്ലൂര്‍ ഡേയ്‌സിന് നന്ദി, സ്‌നേഹം! 

 

(അമല്‍ ലാല്‍ – പാലക്കാട് ജില്ലയില്‍ ചാലിശേരിയാണ് വീട്. തൃശൂര്‍ കേരളവര്‍മ്മയില്‍ ബി.എ ഇംഗ്ലീഷ് മൂന്നാം വര്‍ഷ വിദ്യാര്‍ഥി. Godot Films എന്ന സ്വതന്ത്ര ഷോര്‍ട്ട് ഫിലിം പ്രൊഡക്ഷന്‍ കമ്പനിയില്‍ Creative head ആയി പ്രവര്‍ത്തിക്കുന്നു. ”അക്വേറിയം മീനുകള്‍ക്ക് പറയാനുള്ളത്” എന്ന ഷോര്‍ട്ട് ഡോക്യു-ഫിക്ഷന്‍റെ സംവിധായകരില്‍ ഒരാള്‍ കൂടി ആയിരുന്നു.)

 

ആഴങ്ങളിലെ തങ്കമീനുകള്‍ – നിലപാടുറപ്പുകളുടെ സിനിമ

Share on

മറ്റുവാര്‍ത്തകള്‍