UPDATES

കേരളം

പാലിലും എച്ച്5 എൻ1 വൈറസ് എന്ന് ലോകാരോഗ്യ സംഘടന

ആലപ്പുഴയിലെ പക്ഷിപനി കേരളം ഭയക്കണോ ?

                       

യു എസിൽ പാലിൽ പക്ഷിപ്പനി വൈറസുകളെ കണ്ടെത്തിയതായി സ്ഥിതീകരിച്ച് ലോകാരോഗ്യ സംഘടന. യു എസിന്‌ പുറമെ കേരളത്തിൽ ആലപ്പുഴ ജില്ലയിലും പക്ഷിപ്പനി സ്ഥിതീകരണങ്ങൾ വന്നിരുന്നു. താറാവ്, കോഴി, മുട്ടയും കഴിക്കുന്നതിൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് യു എസിൽ പാലിലും വൈറസ് കണ്ടെത്തിയത്. യുഎസിൽ ശുദ്ധീകരിക്കാത്ത പശുവിൻ പാലിലാണ് വൈറസുകളെ കണ്ടെത്തിയത്.

ആലപ്പുഴ ജില്ലയിൽ താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി കണ്ടെത്തിയ സാഹചര്യത്തിൽ രോഗ ബാധിത പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം നൽകിയിരിക്കുയാണ്. രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനിബാധയും മറ്റ് രോഗലക്ഷണങ്ങളും രണ്ടാഴ്ച പ്രത്യേകം നിരീക്ഷണത്തിലായിരിക്കും. ഏവിയൻ ഇൻഫ്ളുവൻസ -എച്ച്5 എൻ1 വൈറസ് ആണ് രോഗം പരത്തുന്നത്. കൂടാതെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ പനി സർവേയും നടത്തി പക്ഷിപ്പനി ബാധയില്ലെന്ന് ഉറപ്പുവരുത്താനുമാണ് തീരുമാനം. പക്ഷിപ്പനി ബാധിത പ്രദേശങ്ങളുമായി ഇടപെട്ടവർ ക്വാറന്റൈൻ കൃത്യമായി പാലിക്കണം. ഈ പ്രദേശത്തിന് 10 കിലോ മീറ്റർ ചുറ്റളവിൽ വരുന്ന പ്രദേശങ്ങളിൽ നിരീക്ഷണം ശക്തിപ്പെടുത്തും. ഏതെങ്കിലും തരത്തിലുള്ള പക്ഷി മരണങ്ങൾ കണ്ടെത്തുന്ന സാഹചര്യത്തിൽ അപ്പോൾ തന്നെ റിപ്പോർട്ട് ചെയ്യണം. തുടങ്ങിയ മാർഗ നിർദേശങ്ങളാണ് ആരോഗ്യ വകുപ്പ് നൽകിയിരിക്കുന്നത്.

ചുമ, ശ്വസന ബുദ്ധിമുട്ടുകൾ, പനി, തലവേദന, പേശി വേദന, തൊണ്ടവേദന തുടങ്ങിയവയാണ് മനുഷ്യരിൽ പക്ഷിപ്പനിയുടെ ലക്ഷണങ്ങൾ. രോഗം ബാധിച്ച പക്ഷികളുടെ വിസർജ്യങ്ങൾ, സ്രവങ്ങൾ, എന്നിവയിലൂടെയാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്.

ദോഷകരമായ ബാക്ടീരിയകളെ നശിപ്പിച്ച ശുദ്ധീകരിച്ച പാൽ ഉപയോഗിക്കാനാണ് ലോകാരോഗ്യ സംഘടനയും ആരോഗ്യ വിദഗ്ധരും ശുപാർശ ചെയ്തിരിക്കുന്നത്. പക്ഷികളെയും മനുഷ്യരെയും മറ്റ് മൃഗങ്ങളെയും ബാധിക്കുന്ന വൈറൽ അണുബാധയാണ് പക്ഷിപ്പനി അല്ലെങ്കിൽ ഏവിയൻ ഇൻഫ്ലുവൻസ. ഇത് പക്ഷികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിന് കാരണമാകുന്നു.

ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം 1997 ലാണ് ആദ്യമായി എച്ച്5എൻ1 കണ്ടെത്തുന്നത്. അന്ന് പക്ഷിപ്പനി ബാധിച്ചവരിൽ 60 ശതമാനം പേരും മരണമടഞ്ഞിരുന്നു. അക്കാലത്ത് മനുഷ്യരിലും പൂച്ച, കരടി തുടങ്ങിയ അനേകം മൃഗങ്ങളിലും അണുബാധ കണ്ടെത്തിയിരുന്നു.
ലോകാരോഗ്യ സംഘടനയുടെ ഉദ്യോഗസ്ഥർ പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഏപ്രിൽ ആദ്യവാരമാണ് പശുക്കളെ പട്ടികയിൽ ഉൾപ്പെടുത്തിയത്.

ക്ഷീര ഫാമുകളിലെ അണുബാധകൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നു, കൂടാതെ യുഎസിലെ പല സംസ്ഥാനങ്ങളിലും അമേരിക്കൻ സംസ്ഥാനമായ ടെക്സസിലെ ഡയറി ഫാമിൽ ജോലി ചെയ്യുന്ന വ്യക്തി പക്ഷിപ്പനിയിൽ നിന്ന് സുഖം പ്രാപിക്കുന്നതായി അധികൃതർ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. രോഗബാധിതരായ പശുക്കളിൽ നിന്നുള്ള അസംസ്കൃത പാലിലും വളരെ ഉയർന്ന വൈറസ് സാന്ദ്രതയുണ്ട്, പാലിൽ വൈറസ് എത്രത്തോളം നിലനിൽക്കും എന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങൾ നടന്നുവരികയാണ്.

 

English summary: Bird flu outbreaks reported simultaneously in Alappuzha, and the US

Share on

മറ്റുവാര്‍ത്തകള്‍