UPDATES

ബ്ലോഗ്

ശരവണ ഭവന്‍ രാജഗോപാല്‍: ജ്യോതിഷത്തിന്റെ ഓരോ കളികള്‍

എല്ലാം ജ്യോതിഷത്തിന്റെ വരദാനമായി രാജഗോപാല്‍ കരുതി. ഇടയ്ക്ക് വിദേശ ബ്രാഞ്ചുകളുടെ മറവില്‍ മനുഷ്യക്കടത്ത് നടത്തി പണമുണ്ടാക്കിയതിന് ഒരു മകന്‍ അറസ്റ്റിലായി.

കെ.എ ഷാജി

കെ.എ ഷാജി

                       

ജീവനക്കാരന്റെ മകളെ വിവാഹം കഴിക്കാന്‍ അവരുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശരവണഭവന്‍ ഹോട്ടല്‍ ശൃംഖല ഉടമ പി രാജഗോപാല്‍(72) അന്തരിച്ചു. ദോശകളുടെ രാജാവ് എന്നാണ് രാജഗോപാല്‍ അറിയപ്പെട്ടിരുന്നത്. കൊലപാതക കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കുകയായിരുന്നു ഇയാള്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചൊവ്വാഴ്ച മദ്രാസ് ഹൈക്കോടതി ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ടെങ്കിലും രോഗം മൂര്‍ച്ഛിച്ചതിനാല്‍ അത് സാധിച്ചില്ല. 2019 മാര്‍ച്ച് 30നു പ്രസിദ്ധീകരിച്ച കുറിപ്പ് പുനഃപ്രസിദ്ധീകരിക്കുന്നു

വിജയം മാത്രമാഗ്രഹിച്ചവനായിരുന്നു ശരവണഭവൻ ഉടമ പി രാജഗോപാൽ. അതുകൊണ്ട് തന്നെയാണ് തന്റെ ആത്മകഥയ്ക്ക് വെട്രി മീത് ആസൈ വൈത്തേൻ എന്നയാൾ പേരിട്ടതും. ഒരു കാലത്ത് മൈലാപ്പൂർ ബ്രാഹ്മണർ മാത്രം കൈവച്ചിരുന്ന സസ്യാഹാര വിപണന മേഖലയിൽ ആ കീഴ്ജാതിക്കാരൻ ചെന്നൈ നഗരത്തിലെ രാജാവായി.

ആ വിജയങ്ങളിലെ പ്രധാന പ്രേരക ശക്തിയായിരുന്നു പലപ്പോഴും ജ്യോതിഷം. പ്രവചനക്കാർ വിധിച്ച വഴികളിൽ മാത്രം രാജഗോപാലും രണ്ടു മക്കളും നടന്നു. മിക്കയിടത്തും വിജയിച്ചു. ഒടുവിൽ കാലിടറി.

വർഷം 1981

ചെന്നൈ നഗരത്തിലെ കെ കെ നഗറിൽ അയാളൊരു പലചരക്ക് കട നടത്തുന്നു. തീ ഉപയോഗിക്കുന്ന മേഖലയിലേയ്ക്ക് ബിസിനസ്സ് മാറ്റാൻ അന്നയാളെ ഉപദേശിച്ചത് ജ്യോതിഷിയാണ്.

അങ്ങനെ ജ്യോതിഷിയെ മാത്രം വിശ്വസിച്ച്‌ സസ്യാഹാര ഹോട്ടൽ കച്ചവടത്തിനിറങ്ങി. കാമാച്ചി ഭവൻ എന്ന കൊച്ച് ഭക്ഷണശാല ഏറ്റെടുത്തു. അതിന് ശരവണ ഭവൻ എന്ന് പുനർനാമകരണം ചെയ്തു. രണ്ടാമത്തെ മകന്റെ പേരായിരുന്നു അത്. ആദ്യമൊക്കെ കച്ചവടം നഷ്ടമായിരുന്നു. ഉന്നത ഗുണനിലവാരവും കുറഞ്ഞ വിലയും ആയിരുന്നു അവിടെ. ഒപ്പം തന്നെ ജീവനക്കാർക്ക് മാന്യമായ വേതനവും. സ്ഥാപനം പതിയെ പിടിച്ചു കയറി.

രുചിയും വൃത്തിയും വലിയ ജനപ്രീതിയുണ്ടാക്കി. വെളിച്ചെണ്ണയാണ് പ്രധാന പാചക എണ്ണ. ഫ്രിഡ്ജ് ഇല്ല. പഴകിയ ഭക്ഷണം ഇല്ല. ഇഡ്ഡലിയിലും മസാല ദോശയിലും ശരവണ ഭവൻ ചരിത്രം രചിച്ചു. രാജ്യത്താകമാനം മുപ്പത് ബ്രാഞ്ചുകൾ. അവയിൽ രണ്ടെണ്ണം ഡൽഹിയിൽ. ഇരുപതെണ്ണം ചെന്നൈയിൽ. മാൻഹാട്ടനിലടക്കം രാജ്യത്തിന് പുറത്ത് 47 എണ്ണം.

എല്ലാം ജ്യോതിഷത്തിന്റെ വരദാനമായി രാജഗോപാൽ കരുതി. ഇടയ്ക്ക് വിദേശ ബ്രാഞ്ചുകളുടെ മറവിൽ മനുഷ്യക്കടത്ത് നടത്തി പണമുണ്ടാക്കിയതിന് ഒരു മകൻ അറസ്റ്റിലായി. പുല്ലുപോലെ രാജഗോപാൽ അയാളെ പുറത്തിറക്കി.

കേരളത്തിൽ പലയിടത്തും കാണുന്ന ശരവണ ഭവനുകൾ രാജഗോപാലിന്റെ സ്ഥാപനത്തിന്റെ വ്യാജരാണെന്ന് കൂടി കൂട്ടത്തിൽ പറയേണ്ടതുണ്ട്. ഏത് കൂതറ സസ്യാഹാരശാലയും ശരവണ ഭവൻ എന്ന് പേരിട്ടാൽ വിജയമാകുന്ന സ്ഥിതി ഇപ്പോൾ വന്നിട്ടുണ്ട്.

ജീവനക്കാർക്ക് അയാളെന്നും നല്ല പ്രതിഫലം നല്കി. ആരോഗ്യ ഇൻഷുറൻസും വീട് നിർമ്മാണ സഹായവും ഏർപ്പെടുത്തി. പെൺമക്കളുടെ വിവാഹത്തിന് മുതലാളി വലിയ കൈത്താങ്ങായി. ജീവനക്കാരുടെ പ്രിയപ്പെട്ട അണ്ണാച്ചിയായി.

1972ലായിരുന്നു രാജഗോപാലിന്റെ ആദ്യ വിവാഹം. അതിലാണ് രണ്ടാൺമക്കളുള്ളത്.
1994 ൽ രണ്ടാം വട്ടം വിവാഹിതനായി. അതും ജ്യോതിഷിയുടെ ഉപദേശപ്രകാരം ഒരു ജീവനക്കാരന്റെ മകളെ…

ജ്യോതിഷി പറഞ്ഞതു പോലെ ലാഭം കൂടി. കമ്പനി വലുതായി. മൂന്നാം വിവാഹത്തെക്കുറിച്ച് രാജഗോപാൽ ചിന്തിച്ചത് 1999 ലാണ്. അതും ജ്യോതിഷിയുടെ ഉപദേശം. മറ്റൊരു ജീവനക്കാരന്റെ മകൾ ജീവജ്യോതിയെ കെട്ടണം.

അന്നവൾ സ്ക്കൂൾ വിദ്യാർത്ഥിനി. തന്റെ സഹോദരന്റെ ട്യൂഷൻ മാസ്റ്റർ പ്രിൻസ് ശാന്തകുമാറുമായി അവൾ പ്രേമത്തിലായിരുന്നു. രാജഗോപാലിന്റെ ശല്യം സഹിക്കാനാകാതെ അവർ ഇരുവരും ഒളിച്ചോടി.

രാജഗോപാൽ വിട്ടില്ല. അവരെ പോയി കണ്ടു. പണവും സ്വർണ്ണവും വസ്ത്രങ്ങളും നല്കി പ്രലോഭിപ്പിച്ചു. എന്നാൽ അവൾ ഭർത്താവിനെ ഉപേക്ഷിച്ചു അയാളുടെ കൂടെ പോയില്ല.
വീണ്ടും അനുനയമായി. ഒരു ലക്ഷം രൂപ ചെറിയ കടയിടാൻ നവദമ്പതികൾക്ക് കൊടുത്തു. അവർ വാങ്ങി. പക്ഷെ ജീവജ്യോതി രാജഗോപാലിന്റെ ഭാര്യ ആകാനുള്ള പ്രലോഭനങ്ങളെ അതിജീവിച്ചു.

രണ്ടായിരത്തൊന്നായപ്പോഴേക്കും രാജഗോപാലിന് പക വളർന്നു. ജീവജ്യോതിയെ ഉപേക്ഷിക്കാൻ പറഞ്ഞ് ശാന്തകുമാറിനെ ഭീഷണിപ്പെടുത്തി. ദമ്പതികൾ വീണ്ടും ഒളിച്ചോടി. രാജഗോപാലിന്റെ ഗുണ്ടകൾ അവരെ പിന്തുടർന്നു.

ബ്രാഞ്ച് മാനേജർ ദാനിയേൽ നയിച്ച അഞ്ച് അംഗ സംഘം അവരെ പിടികൂടി. ഇരുവരെയും ശരവണ ഭവന്റെ വെയർ ഹൗസിലടച്ചു. അവിടെ രാജഗോപാൽ ശാന്തകുമാറിനെ മർദ്ദിച്ചു. ജീവജ്യോതി അയാളുടെ കാലിൽ വീണ് കെഞ്ചി. നുണ പറഞ്ഞു തടവിൽ നിന്ന് രക്ഷപ്പെട്ട അവരെ വീണ്ടും പിടികൂടി.

ശാന്തകുമാറിനെ കൊല്ലാൻ രാജഗോപാൽ അഞ്ച് ലക്ഷം രൂപ ദാനിയേലിന് നല്കി. എന്നാൽ അതിൽ നിന്ന് അയ്യായിരം ശാന്തകുമാറിന് നല്കി ബോംബെയിലേക്ക് രക്ഷപ്പെടാൻ ദാനിയേൽ പറഞ്ഞു. എന്നാൽ ജീവജ്യോതി ശാന്തകുമാറിനെ മടക്കി വിളിച്ചു. സമാധാനമായി ജീവിക്കാൻ രാജഗോപാലിന്റെ കാല് പിടിച്ചു യാചിക്കാമെന്ന് പറഞ്ഞു.

ജീവജ്യോതിയും കുടുംബവും വീണ്ടും ശാന്തകുമാറിനെ രാജഗോപാലിന് മുന്നിൽ കൊണ്ടുവന്നപ്പോൾ ദാനിയേലിന്റെ ‘ചതി’ വെളിപ്പെട്ടു. അവരെ എല്ലാവരേയും ദൂരെ ഒരു ഗ്രാമത്തിൽ കൊണ്ടുപോയി. അവരെ ബാധിച്ച ദുർഭൂതങ്ങളെ ഒഴിപ്പിക്കാൻ മന്ത്രവാദത്തിന് എന്നായിരുന്നു കാരണം പറഞ്ഞത്. രണ്ട് ദിവസം കഴിഞ്ഞ് ദാനിയേൽ ശാന്തകുമാറിനെ കാറിൽ കയറ്റി എവിടേക്കോ കൊണ്ടുപോയി. അങ്ങനെ രണ്ടായിരത്തിയൊന്ന് ഒക്ടോബർ 3-ന് കൊടൈക്കനാലിൽ ശാന്തകുമാറിന്റെ മൃതദേഹം കണ്ടെത്തി. കഴുത്ത് ഞെരിച്ചുള്ള കൊലപാതകമായിരുന്നു.

ശാന്തകുമാർ പണം വാങ്ങി മുങ്ങിയതായി ജീവജ്യോതിയെ ധരിപ്പിച്ചിരുന്നു. എന്നാൽ ജ്യോതിഷിയുടെ ഉപദേശപ്രകാരം ജീവജ്യോതിയിൽ വിധവാ പൂജ നടത്തിയത് അവളിൽ സംശയമുണ്ടാക്കി. അവൾ പോലീസിൽ പരാതി കൊടുത്തു. കൊടൈക്കനാലിലെ അജ്ഞാഞാത ജഡം ആരുടേതെന്ന് പോലീസ് ഉടൻ തീർച്ചയാക്കി. ദാനിയേലും സംഘവും ആദ്യവും രാജഗോപാൽ പിന്നീടും കീഴടങ്ങി. കോടതികൾ ശിക്ഷിച്ചെങ്കിലും ഏതാനും മാസങ്ങളിലെ ജയിൽ ജീവിതം കഴിഞ്ഞു ജാമ്യത്തിലിറങ്ങി. ജയിലിൽ സ്വന്തം ഹോട്ടലിലെ ഭക്ഷണം കിട്ടാൻ മാസം ഒരു ലക്ഷം രൂപ കൈക്കൂലി കൊടുത്തിരുന്നതായി രാജഗോപാൽ തന്നെ പറഞ്ഞിട്ടുണ്ട്.

ജീവജ്യോതിക്ക് ആറ് ലക്ഷം രൂപ കൊടുത്ത് കേസൊതുക്കാനായിരുന്നു ജാമ്യത്തിലിറങ്ങി ആദ്യ ശ്രമം. പിന്നെ തുക കൂട്ടി. പണവും ഭീഷണിയും അനുനയവുമെല്ലാമുണ്ടായി. ഒന്നിനും ജീവജ്യോതി വഴങ്ങിയില്ല. രാജഗോപാൽ ജീവപര്യന്തമനുഭവിച്ചേ പറ്റൂയെന്ന സുപ്രീം കോടതി വിധി ജീവജ്യോതിയുടെ നിശ്ചയ ദാർഢ്യത്തിന്റെ ഫലമാണ്. അവർ പൊരുതി നേടിയ വിജയം.

രാജഗോപാൽ കൊലക്കേസിലും ഒരു മകൻ മനുഷ്യക്കടത്ത് കേസിലും അകത്ത് കിടക്കുമ്പോൾ നാട്ടിൽ ശരവണ ഭവൻ മാനം മുട്ടെ വളർന്നു. വലിയ സ്ഥാപനമായി. അച്ഛനും മകനും ജയിലിലെ ഗോതമ്പുണ്ട തിന്നാൻ വിധിക്കപ്പെട്ടപ്പോൾ നാട്ടുകാർ ശരവണ ഭവനിൽ സ്വാദുള്ള മസാല ദോശ തിന്നു. ഇപ്പോൾ ഇടവേളയ്ക്ക് ശേഷം രാജഗോപാലിന് പുഴൽ സെൻട്രൽ ജയിലിലെ ഉണക്ക ചപ്പാത്തി തിന്നാം. ജ്യോതിഷത്തിന്റെ ഓരോരോ കളികൾ.

എന്തായാലും രണ്ട് കാര്യങ്ങളുറപ്പാണ്. ശരവണ ഭവൻ എന്ന രുചി സാമ്രാജ്യം ഒരു കാരണവശാലും തകരില്ല. രണ്ടാമതായി അയാളെ കൊലപാതകിയാക്കിയ ജ്യോതിഷത്തെക്കുറിച്ച് വലിയ പരാമർശങ്ങളൊന്നും മാധ്യമങ്ങൾ നടത്തില്ല.

ഒന്നുകൂടി പറഞ്ഞു അവസാനിപ്പിക്കാം. ഇഷ്ടമുള്ള നേതാവ് ആരെന്നു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ രാജഗോപാലിനോട് ചോദിച്ചു. ഗാന്ധിജി എന്നായിരുന്നു ഉത്തരം. എന്ത് കൊണ്ടെന്ന ചോദ്യത്തിന് ഗാന്ധിജിയുടെ ഇരുവശത്തും രണ്ടു സുന്ദരികളെ കണ്ടിട്ടുണ്ടോ എന്നായിരുന്നു മറുചോദ്യം. സുന്ദരികളുടെ സാമീപ്യത്തിൽ വാർദ്ധക്യം അകന്നു നിൽക്കുമെന്ന് അയാൾ പറഞ്ഞു.

(ഷാജി ഫേസ്ബുക്കില്‍ എഴുതിയത്)

കെ.എ ഷാജി

കെ.എ ഷാജി

മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റും. ദി ഹിന്ദു, ദി ടൈംസ്‌ ഓഫ് ഇന്ത്യ, ദി ഇന്ത്യന്‍ എക്സ്സ്പ്രസ്സ്, തെഹല്‍ക്ക, ഓപ്പണ്‍ വാരിക തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചു. ദി ടെലഗ്രാഫ്, ഹഫിംഗ്ടന്‍ പോസ്റ്റ്‌, മോംഗാബെ ഇന്ത്യ, ന്യൂസ്‌മിനിറ്റ് എന്നിവയില്‍ കോളമിസ്റ്റ് ആണ്. അഴിമുഖത്തിന്‍റെ എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റ് ആയി പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍