June 17, 2025 |
Share on

മതിഭ്രമിപ്പിക്കുന്ന വില്ലന്‍

രൗദ്ര ഭാവത്തിന്റെ മൂര്‍ത്തീഭാവമായി മമ്മൂട്ടി നിറഞ്ഞാടുകയാണ്

‘കാലം പോലെ കലങ്ങി മറിഞ്ഞൊരു പുഴ വേറെയില്ല’. കഴിഞ്ഞു പോയ കാലം കാണുന്ന ഓരോ പ്രേക്ഷകന്റെയും കണ്‍മുന്നില്‍ പതഞ്ഞു പൊങ്ങുകയാണ്. വന്യമായ കാട്ടില്‍ വിശപ്പിന്റെ അവശതയും കൊണ്ട് പാതി വഴില്‍ കൈ വിട്ടു പോയ സുഹൃത്തിനെയും ഉപേക്ഷിച്ച് ജീവനും കൈയില്‍ പിടിച്ചു തേവന്‍ എന്ന യുവാവ് ചവിട്ടി കയറിയ വരുന്ന പൊട്ടിപ്പൊളിഞ്ഞ കൊടുമണ്‍ ഇല്ലം ദുരൂഹതകളുടെയും നിഗൂഢതകളുടെ ഈറ്റില്ലമാണെന്ന് ഒരിക്കലും വിചാരിച്ച് കാണില്ല. കൊടുങ്കാട്ടില്‍ തനിക്ക് ആശ്വാസമാകുമെന്ന് കരുതിയ മനയുടെ രഹസ്യങ്ങളിലേക്കായിരുന്നു അയാള്‍ കയറിച്ചെന്നത്.

അര്‍ജുന്‍ അശോകന്‍ അവതരിപ്പിച്ച തേവന്‍ എന്ന കഥാപാത്രം നിഗൂഢതകള്‍ നിറഞ്ഞ മനയില്‍ നിന്ന് പുറത്ത് കടക്കാന്‍ ശ്രമിക്കുന്നതിലൂടെയാണ് ചിത്രത്തിന്റെ ചുരുളുകള്‍ ഓരോന്നായി അഴിഞ്ഞു വീഴുന്നത്. തന്ത്രവും മായയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്ന 17-ാം നൂറ്റാണ്ടിലാണ് ഭ്രമയുഗത്തിന്റെ കഥ നടക്കുന്നത്. കാടിന്റെ വന്യതയും ഭയവും പ്രേക്ഷകനുള്ളിലേക്ക് ഊട്ടിയുറപ്പിച്ചു കൊണ്ടാണ് ചിത്രത്തിന്റെ തുടക്കം.

മുന്നേ മൂന്നു പ്രധാന കഥാപാത്രങ്ങള്‍, കണ്ടിരിക്കുന്ന പ്രേക്ഷകന് മടുപ്പെന്ന വാക്ക് ഓര്‍മിക്കാന്‍ പോലുമാകാത്ത വിധത്തില്‍ മൂന്ന് കഥാപാത്രങ്ങളും മത്സരിച്ച് അഭിനയിച്ചിരിക്കുന്നു. ക്രൂരതയുടെയും അധികാരഭ്രമത്തിന്റെയും മൂര്‍ത്തീഭാവമായ കൊടുമണ്‍ പോറ്റിയുടെ മുന്നില്‍ നിസ്സഹായരായ കളിപ്പാവകളായി മാറുകയാണ് മറ്റ് രണ്ടു കഥാപാത്രങ്ങളും. കൊടുമണ്‍ പോറ്റിയെന്ന വിചിത്ര മനുഷ്യന്‍ കളിക്കുന്ന പകിടകളിയിലെ കരുക്കളാണ് അവരിരുവരും. കൊടുമണ്‍ മനയിലേക്ക് ഒരു കാറ്റ് വീശണമെങ്കില്‍ പോലും പോറ്റി വിചാരിക്കണം. മന്ത്രവും തന്ത്രവും മായയും കൂടി കലര്‍ന്ന കൊടുമണ്‍ മനയുടെ ദുരൂഹതയില്‍ കിടന്നുഴലുന്ന തേവന്‍. കാലമേതെന്നോ ഋതുവെതെന്നോ അറിയാതെ തന്റെ ഊരും പേരും വരെ മറന്ന് പോറ്റിയുടെ മായിക വലയത്തില്‍ അകപ്പെട്ട് പോകുന്നു. പഴുതുകളില്ലാത്ത സമസ്യയില്‍ നിന്നും രക്ഷപെടാന്‍ പല തവണ തേവന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. ഇനിയെന്ത് എന്ന ചോദ്യം ഓരോ നിമിഷവും പ്രേക്ഷന്റെ ഉള്ളില്‍ നിറച്ച് കൊണ്ടാണ് ഭ്രമയുഗത്തിലെ ഓരോ രംഗവും കാണികള്‍ക്ക് മുന്നിലൂടെ മിന്നി മായുന്നത്. കഥാപാത്രങ്ങളുടെ ഓരോ നോട്ടത്തിലും ഭാവത്തിലും ചിരിയിലും വരെ ഭയത്തിന്റെ നാമ്പുകള്‍ പ്രേക്ഷകന്റെ മനസ്സില്‍ മുളപൊന്തുകയാണ്.

നടപ്പിലും ഇരുപ്പിലും ചുണ്ടുകളുടെ ചലനത്തിലും വരെ കൊടുമണ്‍ പോറ്റിയാണ് മമ്മൂട്ടി. മതിഭ്രമിപ്പിക്കുന്ന വില്ലന്‍ എന്ന് മാത്രമേ കൊടുമണ്‍ പോറ്റിയെ വിശേഷിപ്പിക്കാനാകു. ശിഥിലമായ മനയുടെ അകവും പുറവും പോലെ തന്നെയാണ് അവിടെ താമസിക്കുന്നവരുടെ മനസും. രൗദ്ര ഭാവത്തിന്റെ മൂര്‍ത്തീഭാവമായി മമ്മൂട്ടി നിറഞ്ഞാടുകയാണ്. ആടി തീര്‍ക്കാന്‍ ഇനിയേത് കഥാപാത്രമുണ്ടെന്ന വെല്ലുവിളിയുയര്‍ത്തുന്ന അഭിനയ മികവാണ് ചിത്രത്തില്‍ അദ്ദേഹം കാഴ്ച വച്ചിരിക്കുന്നത്. കൊടുമണ്‍ പോറ്റിയെന്ന കഥാപത്രത്തിന്റെ ചെറു ചലനങ്ങള്‍ പോലും തെറ്റ് പറയാന്‍ ഒരു പഴുതുപോലുമില്ലാതെ മമ്മൂട്ടി അവിസ്മരണീയമാക്കി തീര്‍ത്തിരിക്കുന്നു. അര്‍ജുന്‍ അശോകനും, സിദ്ധാര്‍ത്ഥ് ഭരതനും ഒപ്പം തന്നെ കയ്യടി നേടുന്നുണ്ട്. ചിത്രത്തിലെ ഏക സ്ത്രീ കഥാപാത്രം അവതരിപ്പിച്ച അമാല്‍ഡ ലിസ് -ന്റെ വേഷവും നിഗൂഢതകള്‍ നിറഞ്ഞതാണ്.

ഒരിക്കലും ചിന്തിക്കാത്ത ദിശയിലൂടെയാണ് ചിത്രം പ്രേക്ഷക മനസുമായി ഒഴുകുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് മൂഡിനൊപ്പം യാതൊരു അതിഭാവുകത്വവും കലരാത്ത പശ്ചാത്തല സംഗീതം കൂടി ഒരുമിക്കുമ്പോള്‍ പൂര്‍ണമായും പ്രേക്ഷകന്‍ ഭ്രമയുഗത്തിലാണ്ട് പോകുന്നു. ആദ്യമായി പുറത്ത് വന്ന പോസ്റ്റര്‍ മുതല്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയ സിനിമയായിരുന്നു ഭ്രമയുഗം. പേരുപോലെ തന്നെ മതിഭ്രമത്തിലാഴ്ന്നു പോകും കാണികളും. കേട്ട് തഴമ്പിച്ച യക്ഷിക്കഥ കണ്‍മുമ്പില്‍ നിലാവ് വിരിക്കുന്ന അനുഭവമാണ് രാഹുല്‍ സദാശിവന്‍ പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×