UPDATES

സിനിമാ വാര്‍ത്തകള്‍

അക്ഷരങ്ങളില്‍കൊത്തിയെടുത്ത ശില്‍പമാണ് രണ്ടാമൂഴം, തിരശ്ശീലയില്‍ ഇതൊരു ക്ലാസിക് ആകും: മഞ്ജു വാര്യര്‍

‘രണ്ടാമൂഴം, എം.ടി.സാറെന്ന പ്രതിഭ ആത്മാവുകൊണ്ടെഴുതിയ രചന’-മഞ്ജു വാര്യര്‍

                       

എം.ടി.വാസുദേവന്‍നായരുടെ ‘രണ്ടാമൂഴം’ ആയിരം കോടി മുതല്‍മുടക്കില്‍ മോഹന്‍ലാലിനെ നായകനാക്കി ‘മഹാഭാരതം’ എന്ന പേരില്‍ സിനിമായാകുന്നുവെന്ന വാര്‍ത്ത ആവേശത്തോടെയാണ് ആരാധകരും മലയാള സിനിമാലോകവും കേട്ടത്. പല പ്രമുഖ താരങ്ങളും ആശംസകളും പ്രശംസകളുമായി ചിത്രത്തിന് തങ്ങളുടെ പിന്തുണ അറിയിക്കുകയും ചെയ്തു. മലായാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യരും ‘മഹാഭാരതം’തിന് ആശംസകളുമായി എത്തിയിട്ടുണ്ട്.

‘എം.ടി.സാറെന്ന പ്രതിഭ അക്ഷരങ്ങളില്‍കൊത്തിയെടുത്ത ശില്‍പമാണ് രണ്ടാമൂഴം. ആത്മാവുകൊണ്ടെഴുതിയ രചന. തിരരൂപവും അതേപോലൊരു ക്ലാസിക് ആകുമെന്ന് ഉറപ്പാണ്. ആത്മസംഘര്‍ഷങ്ങളുടെയും വൈകാരികതയുടെയും വനസ്ഥലികളിലൂടെയുള്ള ഭീമന്റെ യാത്രകളെ അനശ്വരമാക്കുക നമ്മുടെ പ്രിയപ്പെട്ട ലാലേട്ടനാണ്’ എന്നാണ് മഞ്ജു തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു.

മഞ്ജു വാര്യരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘മലയാളത്തിന്റെ സുകൃതമായ എഴുത്തുകാരന്‍ ശ്രീ.എം.ടി.വാസുദേവന്‍നായരുടെ ‘രണ്ടാമൂഴം’ ‘മഹാഭാരതം’ എന്ന പേരില്‍ സിനിമായാകുന്നുവെന്ന വാര്‍ത്ത ഏതൊരു മലയാളിയ്ക്കുമെന്നപോലെ എനിക്കും സന്തോഷവും അഭിമാനവും തരുന്നു. മുതല്‍മുടക്കിലും ദൃശ്യാവിഷ്‌കാരത്തിലും ഇന്ത്യ ലോകത്തിന് സമ്മാനിക്കുന്ന അദ്ഭുതമായി ഇത് മാറുമെന്ന പ്രഖ്യാപനം, സ്വപ്നം പോലും കാണാതിരുന്ന ഉയരങ്ങളിലേക്കാണ് നമ്മുടെ സിനിമയെ കൈപിടിച്ചുകൊണ്ടുപോകുന്നത്. വിവിധഭാഷകളിലെ ഏറ്റവും മികച്ച അഭിനേതാക്കളും സാങ്കേതികവിദഗ്ദ്ധരും ‘മഹാഭാരത’ത്തിനുവേണ്ടി ഒരുമിക്കുമ്പോള്‍ അത് മറ്റൊരു ഇതിഹാസമാകും രചിക്കുക. എം.ടി.സാറെന്ന പ്രതിഭ അക്ഷരങ്ങളില്‍കൊത്തിയെടുത്ത ശില്‍പമാണ് രണ്ടാമൂഴം. ആത്മാവുകൊണ്ടെഴുതിയ രചന. തിരരൂപവും അതേപോലൊരു ക്ലാസിക് ആകുമെന്ന് ഉറപ്പാണ്. ആത്മസംഘര്‍ഷങ്ങളുടെയും വൈകാരികതയുടെയും വനസ്ഥലികളിലൂടെയുള്ള ഭീമന്റെ യാത്രകളെ അനശ്വരമാക്കുക നമ്മുടെ പ്രിയപ്പെട്ട ലാലേട്ടനാണ്. അദ്ദേഹത്തിന്റെ അഭിനയജീവിതം ഈ കഥാപാത്രത്തിലൂടെ അനേകം സൗഗന്ധികമുഹൂര്‍ത്തങ്ങളെ അനായാസം നുള്ളിയെടുത്തുകൊണ്ട് ഐതിഹാസികമായ പരിവേഷത്തിലേക്ക് സഞ്ചരിക്കുന്നത് കാണാന്‍ നമുക്ക് കാത്തിരിക്കാം. ആയിരം കോടി നിര്‍മാണച്ചെലവുള്ള ഒരു സിനിമ സംഭവിക്കാന്‍ കാരണമായത് ബി.ആര്‍.ഷെട്ടി എന്ന വ്യവസായപ്രമുഖനാണ്. ഭാരതസംസ്‌കൃതിയുടെ ഏറ്റവും ഉജ്ജ്വലമായ ഒരു ഏടിനെ ലോകത്തിന് മുമ്പാകെ ആദ്യമായി ദൃശ്യരൂപത്തില്‍ അഭിമാനപൂര്‍വം അവതരിപ്പിക്കുകയെന്ന വലിയദൗത്യം ഏറ്റെടുത്തതിന് അദ്ദേഹത്തെ എത്രപ്രശംസിച്ചാലും അധികമാകില്ല. ‘മഹാഭാരത’ത്തിന്റെ എല്ലാ വിസ്തൃതിയെയും ക്യാമറയിലേക്ക് ചേര്‍ത്തുവയ്ക്കാന്‍ സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന് കഴിയട്ടെ. ഇനി ‘മഹാഭാരത’നാളുകള്‍ക്കായി കാത്തിരിക്കാം…’

Share on

മറ്റുവാര്‍ത്തകള്‍