അഭിലാഷ് രാമചന്ദ്രന്‍
കേരളത്തിലെ മന്ത്രിസഭാ പുനഃസംഘടന നടത്തണോ വേണ്ടയോ എതിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്ക് എന്തായാലും ഇതുവരെ ഒരു പരിഹാരം കണ്ടെത്താനായിട്ടില്ല. പക്ഷേ തെരഞ്ഞെടുപ്പിലെ വിജയം പാര്‍ട്ടിയിലും സര്‍ക്കാരിലും തനിക്ക് നല്‍കിയ മേല്‍ക്കെയുടെ ബലത്തില്‍ ഉമ്മന്‍ചാണ്ടി സ്വന്തം മന്ത്രിസഭ അഴിച്ചുപണിയനൊരുങ്ങുമ്പോള്‍ സംസ്ഥാനത്തിനും ചിലത് ചോദിക്കാനുണ്ട്. അഴിച്ചുപണിയാന്‍ തുടങ്ങുന്ന മന്ത്രിസഭയിലെ ഏത് അംഗങ്ങളാണ് ശരാശരി നിലവാരത്തിനുമേല്‍ പ്രകടനം നടത്തിയിട്ടുള്ളത്?
കേരളം കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും കഴിവുകെട്ടമന്ത്രിസഭകളിലൊന്നാണ് ഉമ്മന്‍ചാണ്ടിയുടേതെന്ന് നമുക്ക് കാണാന്‍ കഴിയും. സംസ്ഥാനത്ത് നിര്‍ണായകമായ ഒരു മാറ്റവും നടപ്പാനാകാത്ത മുന്‍ സര്‍ക്കാരിന്റെ പദ്ധതികള്‍ പോലും പൂര്‍ത്തിയാക്കാനാവാത്ത വിവാദങ്ങള്‍ മാത്രം കൂടപ്പിറപ്പായ ഒരു സര്‍ക്കാരിന്റെ നാഥനാകാനാണ് ഉമ്മന്‍ചാണ്ടിയുടെ തലേവര എന്ന് നമുക്ക് കരുതേണ്ടി വരും. സംസ്ഥാനത്തിന്റെ സാമ്പത്തിക തലസ്ഥാനമായ കൊച്ചിയുടെ മുഖഛായ മാറ്റുന്ന മെട്രോ റെയില്‍ പദ്ധതിയെ അട്ടിമറിക്കാന്‍ സര്‍ക്കാരിനുള്ളില്‍നിന്നു തന്നെ നടന്ന ശ്രമം കണ്ട് സംസ്ഥാനം ഒട്ടാകെ ലജ്ജിച്ച് തലതാഴ്‌ത്തേണ്ടി വന്നു. ഇ. ശ്രീധരന്‍ എന്നപ്രതിഭയെ ഓടിക്കാന്‍ മന്ത്രിമാരുടേയും ഉദ്യോഗസഥരുടേയും സംഘം ഒരുമിച്ച് ശ്രമിക്കുന്നതും മലയാളി മറക്കാത്ത ഈ സര്‍ക്കാരിന്റെ തുടക്കക്കാഴ്ചകളില്‍ പെടുന്നു. അവിടെ നിന്നു തുടങ്ങി ഇതുവരെ കേരളം കണ്ടിട്ടില്ലാത്ത അഴിമതി ആരോപണങ്ങളും സ്വജനപക്ഷപാതവും കേട്ടസര്‍ക്കാരായി ഉമ്മന്‍ചാണ്ടിയും കൂട്ടരും മാറി. ലീഗിന്റെ അഞ്ചാംമന്ത്രി പദത്തില്‍ തുടങ്ങിയ ആരോപണ പ്രത്യാരോപണങ്ങളുടെ അലയൊലികള്‍ ഇന്നും അവസാനിച്ചിട്ടില്ല. അതിനിടയ്ക്കു മന്ത്രിസഭയില്‍ രണ്ട് അഴിച്ചുപണികളും. ഗണേഷിന്റെ രാജി, തിരുവഞ്ചൂരിന്റെ ആഭ്യന്തരമന്ത്രി പദവിയും ഒഴിയലും രമേശിന്റെ താക്കോല്‍ സ്ഥാനവും. അധികാരമേറ്റതു മുതല്‍ ഒരു അപസര്‍പ്പക കഥ പോലെയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെല്ലാം തന്നെയെന്ന് പറയാതെ വയ്യ.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ തുടങ്ങിയ അഴിമതിക്കഥകള്‍ ചെന്നെത്താത്ത ഒരു മന്ത്രിയും വകുപ്പും ഇല്ലെന്നായിരിക്കുന്നു. സര്‍ക്കാരില്‍നിന്നു രാജിവച്ച് പുറത്തുപോയ കെ.ബി. ഗണേഷ് കുമാര്‍ മാത്രമാണു സ്വന്തം വകുപ്പില്‍ നിര്‍ണായകമായ ചില തീരുമാനങ്ങള്‍ നടപ്പാക്കിയത്. ടി.പി. വധക്കേസില്‍ ഉലയാതെ നിന്ന തിരുവഞ്ചൂര്‍ ഒടുക്കംവരെ ആഭ്യന്തരത്തില്‍ പിടിച്ചുനിന്നെങ്കിലും ഒടുവില്‍ താക്കോല്‍ സ്ഥാനത്തെത്തിയ രമേശിന്റെ വരവോടെ ഇടം നഷ്ടമായി. പറഞ്ഞുവന്നത് ഇതൊന്നുമല്ല. എന്തുകൊണ്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒരു അഴിച്ചുപണിക്ക് വിധേയമാകണം എന്നതിന്റെ കാരണമാണ്. അധികാരമേറ്റ് മൂന്നുവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ഒരു സര്‍ക്കാരിന് എന്തുകൊണ്ട് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനാവുന്നില്ല. അഴിമതിയേക്കാള്‍ കെടുകാര്യസ്ഥതയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മുഖമുദ്ര. അതോടൊപ്പം നിയമസഭയില്‍ കഴിവുള്ള ഏറെ സാമാജികര്‍ ഉണ്ടായിരുന്നിട്ടും സമ്മര്‍ദ്ദങ്ങള്‍ക്കുവഴങ്ങി കഴിവുകെട്ടവരെ ഉള്‍പ്പെടുത്തി മന്ത്രിസഭ രൂപീകരിക്കേണ്ടി വന്ന മുന്നണി രാഷ്ട്രീയത്തിന്റെ ഗതികേട്.
ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ പടക്കുതിരകളാകേണ്ടയിരുവരെല്ലാം വാര്‍ധക്യത്തിന്റെ അവശതകളിലാണ്. ആര്യാടനും, മാണിയും സി.എന്‍. ബാലകൃഷ്ണനും എല്ലാം പ്രതീക്ഷിച്ച വേഗത്തില്‍ ഓടിയെത്താവാനാവാത്ത ചാവാലിക്കുതിരകളായ് മാറിക്കഴിഞ്ഞു. ലീഗിന്റെ അഞ്ചാമന്‍ അലിയുള്‍പ്പെടെ എല്ലാവും കിതച്ചുനീങ്ങുകയാണ് മൂന്നുവര്‍ഷം പിന്നിട്ടിട്ടും നിക്ഷേപക സംഗമത്തിന്റെ ഞെട്ടല്‍ കുഞ്ഞാലിക്കുട്ടിയെ ഇന്നും വിട്ടുപോയിട്ടില്ല. എമര്‍ജിംഗ് കേരള എന്തുപെട്ടെന്നാണ് തകര്‍ന്നുവീണതെന്ന് അദ്ദേഹത്തിനും മുഖ്യമന്ത്രിക്കും പോലും മനസിലായിട്ടില്ല. സാമൂഹിക ക്ഷേമ വകുപ്പിനെ മുന്‍നിര്‍ത്തി സ്വസമുദായത്തിനായി മാത്രം പ്രവര്‍ത്തിക്കുന്ന ആളെന്ന ദുഷ്‌പേര് ഡോക്ടര്‍ മുനീറിനു നന്നായുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പത്താം ക്ലാസില്‍ ഒരു കുട്ടിയെപ്പോലും തോല്‍പ്പിക്കാതെ ഓള്‍ പാസ് നല്‍കി എന്ന നേട്ടമാണ് അബ്ദുറബ്ബിന് സ്വന്തമായുള്ളത്. കൂടുതല്‍ പ്ലസ്ടു സ്‌കൂളുകള്‍ അനുവദിച്ച് പാര്‍ട്ടിക്കും സമുദായത്തിനും ആദായമുണ്ടാക്കാന്‍ പതിനെട്ടടവും പയറ്റുന്നതാണ് അദ്ദേഹം ആകെപ്പാടെ വകുപ്പില്‍ നടത്തുന്ന ഇടപെടലുകള്‍. തദ്ദേശ സ്വയംഭരണ വകുപ്പില്‍ അഞ്ചാമനായി വൈകിയെത്തിയ അലിക്ക് ഇതുവരെ ഒന്നും ചെയ്യാനായിട്ടില്ല എന്നതാണ് സത്യം. തലസ്ഥാനത്തെ മാലിന്യ സംസ്‌കരണത്തില്‍ പോലും ഫലപ്രദമായി ഇടപെടാന്‍ അദ്ദേഹത്തിനായിട്ടില്ല. ദേശീയ പാതാ വികസനം പോയിട്ട് എം.സി. റോഡിന്റെ രണ്ടാം ഘട്ടവികസനം പോലും ഫലപ്രദമായി നടത്താന്‍ കഴിയാത്ത മന്ത്രിയാണ് ഇബ്രാഹിം കുഞ്ഞ്. മന്ത്രിയെന്ന നിലയില്‍ സംസ്ഥാനത്തിന്റെ മുഖഛായ മാറ്റുന്ന ഒരു പദ്ധതിപോലും ആവിഷ്‌കരിക്കാനോ നടപ്പിലാക്കാനോ അദ്ദേഹത്തിനു സാധിച്ചിട്ടില്ല. കോടിക്കണക്കിനു രൂപ പൊതുമരാമത്ത് വകുപ്പ് ചെലവഴിച്ചു എന്നുകാണിച്ച് മികച്ച രീതിയില്‍ അദ്ദേഹം ഭരണം കൊണ്ടുപോകുന്നു എന്ന പ്രചാരണം വ്യാപകമാണെങ്കിലും ഇത് പൊള്ളത്തരമാണെന്ന് സൂക്ഷ്മ പരിശോധനയില്‍ നമുക്ക് കാണാം. കെ.എം. മാണി എന്ന പഴയ കേ. കോ രാഷ്ട്രീയത്തിന്റെ ആവേശത്തെ പ്രായം തളര്‍ത്തിയിരിക്കുന്നു. മകനെ ഒന്നു വളര്‍ത്തി ഒരു കരപറ്റിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ ഇന്നും ഫലവത്തായിട്ടില്ല. കഴിഞ്ഞ വി.എസ് സര്‍ക്കാരിന്റെ നേട്ടങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കാവുന്ന ധനകാര്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളായിരുന്നു. തോമസ് ഐസക് എന്ന ധനകാര്യ വിദഗ്ധന്‍ സംസ്ഥാനത്തിന്റെ ധനകാര്യ മാനേജ്‌മെന്റ് വഴക്കത്തോടെ കൈകാര്യം ചെയ്തു. പക്ഷേ മാണി സാറിനു എല്ലാം പിഴയ്ക്കുന്നു. സംസ്ഥാനം അദ്ദേഹം എന്തുതന്നെ പറഞ്ഞാലും കനത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്നുവെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. അപ്രഖ്യാപിത നിയമനനിരോധനം പോലും സംസ്ഥാനത്ത് ഇപ്പോള്‍ നിലവിലുണ്ടെന്ന് പി.എസ്.സി വൃത്തങ്ങള്‍ തന്നെ പറയുന്നു. ജലവിഭവം കൈകാര്യം ചെയ്യുന്ന പി.ജെ. ജോസഫിന്റെ പിഴവുകളാണ് മുല്ലപ്പെരിയാര്‍ കൈവിട്ടുപോകുന്നതിലേക്ക് നയിച്ചത്. സംസ്ഥാനത്തെ ഒരു ഭാഗത്ത് വരള്‍ച്ചയും മറുഭാഗത്ത് വെള്ളപ്പൊക്കവും വലയ്ക്കുമ്പോള്‍ അദ്ദേഹം മിക്കപ്പോഴും ഉറക്കത്തിലാണെന്ന് സ്വന്തം പാര്‍ട്ടിക്കുള്ളിലുള്ളവര്‍ തന്നെ പറയുന്നു.
കാര്‍ഷിക മേഖല അനുദിനം വെല്ലുവിളികളെ നേരിടുമ്പോഴും സര്‍ക്കാര്‍ നിര്‍ജീവമാണ്. ശേഷിക്കുന്ന നെല്‍വയലുകളെക്കൂടി ഇല്ലാതാക്കുന്നതിനായി 2008ലെ തണ്ണീര്‍തട സംരക്ഷണ നിയമംപോലും സര്‍ക്കാര്‍ തന്നെ അട്ടിമറിക്കാന്‍ ശ്രമിക്കുമ്പോള്‍ കൃഷി വകുപ്പ് ഭരിക്കുന്ന മോഹനന്‍ മന്ത്രി എന്തുചെയ്യണമെറിയാതെ ഉഴലുകയാണ്. ഭക്ഷ്യസുരക്ഷ അനുദിനം അപകടത്തിലേക്കു പോകുമ്പോള്‍ പഴയ കൃഷിമന്ത്രി മുല്ലക്കര എന്താണ് വകുപ്പില്‍ ചെയ്തിരുന്നത് എന്നു പഠിക്കുന്നത് നന്നായിരിക്കും എന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. ടി.എം. ജേക്കബ് എന്ന അച്ഛന്റെ പേരില്‍ മന്ത്രിയായ അനൂപ് ജേക്കബിന്റെ പിടിപ്പുകേട് കാണണമെങ്കില്‍ നമ്മുടെ റേഷന്‍ കടകളിലേക്കു നോക്കിയാല്‍ മതി. മന്ത്രിയും പാര്‍ട്ടിയും പലവഴി, അഴിമതി ആരോപണങ്ങള്‍, വിലക്കയറ്റം, ന്യായവില കമ്പോളങ്ങളുടെ അഭാവം എന്നു തുടങ്ങി സര്‍വ്വത്ര പ്രശ്‌നങ്ങള്‍. ഷിബു ബേബി ജോണ്‍ മോഡിയെ ഗുജറാത്തില്‍ പോയിക്കണ്ട് വിവാദത്തില്‍പ്പെട്ടതാണ് ഭരണത്തിന്റെ ബാക്കിപത്രം. ലക്ഷക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികള്‍ വന്നുചേക്കേറുന്ന കേരളത്തില്‍ അവര്‍ക്ക് വേണ്ട ഒരു തൊഴില്‍നയം രൂപീകരിക്കാന്‍ പോലും അദ്ദേഹത്തിന്റെ തൊഴില്‍ വകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
കോണ്‍ഗ്രസ് മന്ത്രിമാരുടെ കാര്യം പറയുകയാണെങ്കില്‍ സഹകരണ വകുപ്പ് കൈയാളുന്ന സി.എന്‍. ബാലകൃഷ്ണന്‍ ഇന്നും താന്‍ മന്ത്രിയാണെന്നത് അറിഞ്ഞിട്ടില്ല എന്നു തോന്നുന്നു. സഹകരണ മേഖല കേന്ദ്രസര്‍ക്കാരിന്റെ പുതിയ ബാങ്കിംഗ് നയങ്ങളെത്തുടര്‍ന്ന് വലിയ വെല്ലുവിളികള്‍ നേരിടുമ്പോള്‍ അദ്ദേഹം യാതൊരു ഇടപെടലുകളും നടത്താനാകാതെ നിരായുധനായി നില്‍ക്കുകയാണ്. വൈദ്യുതി മന്ത്രി ആര്യാടനെ വലയ്ക്കുന്നത് പ്രായത്തിന്റെ പ്രശ്‌നങ്ങളാണ്. അതോടൊപ്പം നിലമ്പൂര്‍ കോഗ്രസ് ഓഫീസിലെ കൊലപാതകത്തെ തുടര്‍ന്നുള്ള ആരോപണങ്ങളും ആര്യാടനെ പിന്‍വലിയ്ക്കുന്നു. വി.എസ്. ശിവകുമാറിന്റെ വകുപ്പിലെ കാര്യങ്ങളും തഥൈവ. ആരോഗ്യ ദേവസ്വം വകുപ്പുകളില്‍ സര്‍ക്കാരിന്റേതെു പറയാവുന്ന തനതായ ഒരു പദ്ധതികളും അദ്ദേഹത്തിനു നടപ്പാക്കാനായിട്ടില്ല. മന്ത്രിസഭയിലെ ഏക വനിതാ അംഗം ജയലക്ഷ്മിയുടെ പട്ടികവര്‍ഗ വകുപ്പിനെക്കുറിച്ച് പറയാതിരിക്കുകയാണ് നല്ലത്. അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ തന്നെ മന്ത്രിയുടെ പിടിപ്പുകേടിന്റെ ഉദാഹരണം. റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് സരിതക്കേസില്‍ ആരോപണ വിധേയനായതിനെത്തുടര്‍ന്ന് നിര്‍ജീവമായി തുടരുന്നു. അനധികൃത കൈയേറ്റങ്ങളും പഴയപ്രശ്‌നങ്ങളും ഇതുവരെ പരിഹരിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. പശ്മിഘട്ടത്തെ ഒട്ടാകെ ബാധിക്കുന്ന ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെപ്പറ്റി ആധികാരികമായി പ്രതികരിക്കേണ്ട റവന്യൂമന്ത്രി കാര്യമായി ഒന്നും പറഞ്ഞിട്ടില്ല. ആഭ്യന്തരമന്ത്രിയായി നല്ല പ്രവര്‍ത്തനം കാഴ്ചവച്ചില്ലെങ്കിലും ടി.പി. വധക്കേസില്‍ തനിക്ക് കഴിയുന്ന രീതിയില്‍ ഇടപെടലുകള്‍ നടത്തിയ തിരുവഞ്ചൂര്‍ പുനസംഘടനയില്‍ ഗതാഗത വനം വകുപ്പിലെത്തിയതോടെ നിരാശനായ അവസ്ഥയിലാണ്. അതോടൊപ്പം വകുപ്പ് മുന്‍പ് ഭരിച്ചിരു ഗണേഷ്‌കുമാര്‍ വനം കൈയേറ്റങ്ങള്‍ക്കെതിരേയുള്ള കര്‍ശന നിലാപടില്‍നിന്ന് അദ്ദേഹം പിന്നാക്കം പോയെന്ന്കോണ്‍ഗ്രസില്‍ തന്നെ അഭിപ്രായമുണ്ട്. ഗതാഗത വകുപ്പിനു കീഴില്‍ വരുന്ന കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാനുള്ള ഒരു നീക്കവും മന്ത്രി നടത്തുന്നുമില്ല. സ്വകാര്യ ബസുടമകളുടെ ആവശ്യപ്രകാരം ഇഷ്ടംപോലെ ബസ് ചാര്‍ജ് കൂട്ടിനല്‍കി ജനത്തിനെ വലയ്ക്കുകയും ചെയ്തു. ടൂറിസം മന്ത്രി എ.പി. അനില്‍കുമാറും സരിതപ്പേടിയുള്ള മന്ത്രിമാരില്‍പ്പെടുന്നു. പട്ടികജാതി വകുപ്പില്‍ അദ്ദേഹം എന്തെങ്കിലും ചെയ്‌തെന്ന്ആരെങ്കിലും ആക്ഷേപിക്കുക പോലും ഇല്ല. അത്ര നിശബ്ദനാണ് മന്ത്രിയെന്ന് തന്നെ പറയാം. പിന്നെ ടൂറിസം, അത് സ്വകാര്യമേഖലയുടെ കരുത്തില്‍ പിടിച്ചുനില്‍ക്കുന്നു എുമാത്രം. സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫിനെപ്പറ്റി പറയാതിരിക്കുകയാണ് ഭേദം. ഉമ്മന്‍ചാണ്ടിയുടെ ആശ്രിതനായി അദ്ദേഹത്തിശന്റ നാവായി ജീവിക്കുന്നു. അത്രമാത്രം. പിന്നെ വകുപ്പിന്റെ ചുമതലയിലുള്ള അവാര്‍ഡ് പ്രഖ്യാപനവും. ഏറ്റവും ഒടുവിലായി പറയേണ്ടത് മദ്യവകുപ്പ് കൈകാര്യം ചെയ്യുന്ന കെ. ബാബുവിനെപ്പറ്റിയാണ്. എന്തായാലും ബാറുകളുടെ പൂട്ടലും തുറക്കലും ഒക്കെയായി മന്ത്രി ലൈവാണ്. പക്ഷേ സംസ്ഥാനത്ത് ഒരു മദ്യനയത്തിനു രൂപം നല്‍കാന്‍ അദ്ദേഹത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
കേരളത്തിലെ മുഖ്യമന്ത്രിയും 20 മന്ത്രിമാരും ഉള്‍പ്പെടു കാബിനറ്റിനെപ്പറ്റി ഒരു സാധാരണ മലയാളി ഒറ്റവാക്കില്‍ പറയാവുന്നവ മാത്രമാണ് മുകളില്‍ പരാമര്‍ശിച്ചത്. ഇതിനിടയില്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയും കാരുണ്യ ലോട്ടറിയുമാണ് ഏക അപവാദമായി പറയാന്‍ കഴിയുന്നത്. തെരഞ്ഞെടുപ്പില്‍ നേടിയ നേരിയ മേല്‍ക്കെ ഉമ്മന്‍ചാണ്ടിക്ക് ആശ്വാസം നല്‍കുന്നുണ്ടാകും. മാധ്യമങ്ങള്‍ പ്രചരിപ്പിച്ച മോഡിപ്പേടിയില്‍ കോണ്‍ഗ്രസിലേക്ക് ഉറച്ചുകൂടിയ ന്യൂനപക്ഷ വോട്ടുകള്‍ തനിക്ക് നിയമസഭയിലേക്ക് കിട്ടില്ലെന്നും അദ്ദേഹത്തിനറിയാം. ആഭ്യന്തരം കൈയാളുന്ന രമേശ് ചെന്നിത്തല കരുത്തനാകുന്നതും കെ.പി.സി.സി. പ്രസിഡന്റ് സുധീരന്റെ സുധീര നിലപാടുകളും ഏറെ വൈഷമ്യങ്ങളുണ്ടാക്കുന്നത് ചാണ്ടിക്കു തന്നെയാണ്. എന്തിലും ഏതിലുമുള്ള അദ്ദേഹത്തിന്റെ അഴകകൊഴമ്പന്‍ സമീപനങ്ങള്‍ മാറേണ്ട കാലം കഴിഞ്ഞുവെന്നും അതുവഴി താന്‍ അപ്രസക്തനായിക്കൊണ്ടിരിക്കുകയാണെന്നുമുള്ള നല്ല തിരിച്ചറിവും അദ്ദേഹത്തിനുണ്ട്. കൂടാതെ തന്റെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സോളാര്‍ തട്ടിപ്പ്, സലിം രാജ് ബന്ധം തുടങ്ങി കുഴപ്പത്തിലാക്കുന്ന നിരവധി കേസുകള്‍. നഷ്ടമായ പ്രതിഛായ തുടങ്ങി ഉമ്മന്‍ചാണ്ടി എന്ന രാഷ്ട്രീയ നേതാവിനു കടുത്ത പരീക്ഷണങ്ങളെ ഇനിയും അതിജീവിക്കേണ്ടിയുമിരിക്കുന്നു. അതിനാലാണ് തെരഞ്ഞെടുപ്പ് വിജയത്തിന്റെ കരുത്തില്‍ അഴിച്ചുപണിക്ക് ചാണ്ടി ഒരുങ്ങുന്നത്. മൊത്തത്തിലുള്ള ഒരു മാറ്റത്തിലൂടെ സര്‍ക്കാരിനെ പിടിച്ചുനിര്‍ത്താനാകും എന്ന് അദ്ദേഹം കരുതുന്നു. പക്ഷേ രമേശിനെയും സുധീരനെയും അവഗണിച്ച് ഉമ്മന്‍ചാണ്ടിക്ക് അതു നടത്താനാകുമോ. എങ്കില്‍ കോണ്‍ഗ്രസിനു പിടിച്ചുനില്‍ക്കാനാകും എന്ന ചാണ്ടിയുടെ പ്രതീക്ഷ അദ്ദേഹത്തെ രക്ഷിക്കട്ടെ. കഴിവുകെട്ട മന്ത്രിമാരെ ചുമക്കുന്ന ജനത്തിന് ആരായാലും കോരനു കഞ്ഞി കുമ്പിളില്‍തന്നെ എന്ന മാനസികാവസ്ഥയാണ് ഇപ്പോഴുള്ളത്. മൂന്നുവര്‍ഷം പൂര്‍ത്തിയാക്കി യു.ഡി.എഫ്. സര്‍ക്കാര്‍ ബാക്കിയുള്ള ദിവസങ്ങള്‍ പ്രത്യേക കര്‍മപരിപാടിയില്‍പ്പെടുത്തി അതിവേഗം മുന്നോട്ടുപോകും എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ഒന്‍പത് സ്വപ്‌നപദ്ധതികളും ഒപ്പം നടപ്പാക്കുമെന്ന വാഗദാനവും. സ്മാര്‍ട്‌സിറ്റിയും വിഴിഞ്ഞവും ഒക്കെ ഇപ്പോഴും എവിടെ നില്‍ക്കുന്നുഎന്ന് ജനം കാണുന്നുണ്ട്. ബാക്കിയുള്ള 700 ദിനങ്ങള്‍ കൊണ്ട് കേരളത്തെ മാറ്റിമറിക്കാമെന്ന് ഉമ്മന്‍ചാണ്ടി സ്വപ്‌നം കാണുന്നുണ്ടെങ്കിലും ജനത്തിനു പ്രതീക്ഷയില്ല. കഴിവുകെട്ടവരെ ഒഴിവാക്കി യുവാക്കളെ ഉള്‍പ്പെടുത്തി ഒരു മികച്ച ടീമിനെ കൊണ്ടുവരാനായാല്‍ യു.ഡി.എഫിന് ധൈര്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിടാനെങ്കിലും കഴിയും. അതാണ് അദ്ദേഹം ലക്ഷ്യമിടുന്നതും. കോണ്‍ഗ്രസിന് കേന്ദ്രത്തില്‍ പിണഞ്ഞ കനത്ത തോല്‍വി കുറഞ്ഞപക്ഷം അദ്ദേഹത്തിനു പാഠമായി മുന്നിലുണ്ടുതാനും.