UPDATES

ഐറണി തൂങ്ങിമരിച്ചു

അദാനി സ്‌പോണ്‍സേര്‍ഡ് ഗോയങ്ക പുരസ്‌കാരം

                       

മാധ്യമപ്രവര്‍ത്തകര്‍ അവര്‍ക്ക് ലഭിക്കുന്ന പുരസ്‌കാരങ്ങളില്‍ അഭിമാനകരമായ ഒന്ന് എന്നു കരുതുന്നതാണ് രാംനാഥ് ഗോയങ്ക എക്‌സലന്‍സ് ഇന്‍ ജേര്‍ണലിസം അവാര്‍ഡ്. ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് നല്‍കുന്ന ഈ പുരസ്‌കാരത്തിന് രാജ്യത്തെ എല്ലാ മേഖലകളിലുമുള്ള മാധ്യമപ്രവര്‍ത്തകരെ പരിഗണിക്കാറുണ്ട്. 25 വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങള്‍. 2006 മുതല്‍ ഏര്‍പ്പെടുത്തിയ ഗോയങ്ക പുരസ്‌കാരം, ഇത്രനാളും അതിന്റെ മഹത്വം കൊണ്ടാണ് അടയാളപ്പെടുത്തപ്പെട്ടിരുന്നതെങ്കില്‍, ഇത്തവണയതിന് വിവാദത്തിന്റെ ഛായയാണ്.

വിവാദത്തിനും വിമര്‍ശനത്തിനും കാരണം, ഇത്തവണ അദാനി ഗ്രൂപ്പ് ആണ് പുരസ്‌കാരത്തിന്റെ സഹ പ്രായോജകര്‍ ആകുന്നതിലൂടെയാണ്. അദാനി ഗ്രൂപ്പ് എന്ന കോര്‍പ്പറേറ്റ് സ്ഥാപനം ഇന്ത്യന്‍ മാധ്യമരംഗത്ത് വലിയതോതിലുള്ള കൈകടത്തല്‍ നടത്തിക്കഴിഞ്ഞിരിക്കുന്നു. മാധ്യമങ്ങളെ കോര്‍പ്പറേറ്റ് അനുകൂലികളാക്കുകയും, തങ്ങളെ പിന്തുണയ്ക്കുന്ന ഭരണകൂടങ്ങളുടെ ചൊല്‍പ്പടിക്കാരാക്കുകയും ചെയ്തിരിക്കുന്നുവെന്നത് അദാനി ഗ്രൂപ്പിനെതിരെയുള്ള പ്രധാനാരോപണമാണ്. അങ്ങനെയൊരു സാഹചര്യത്തില്‍ മികച്ച മാധ്യമപ്രവര്‍ത്തനം നടത്തുന്നവര്‍ക്കുള്ള അംഗീകാരത്തിനും അദാനിയുടെ സഹായം തേടിയതിലാണ് പ്രതിഷേധം.

ഇന്ത്യയുടെ പ്രധാന വാര്‍ത്ത സ്രോതസ്സും കൈക്കലാക്കി അദാനി ഗ്രൂപ്പ്

2022 മാര്‍ച്ചില്‍ ബിസിനസ്-ഫിനാന്‍ഷ്യല്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്ഫോമായ ബിക്യു പ്രൈം (BQPrime) ഭൂരിഭാഗം ഓഹരികളും അദാനി ഏറ്റെടുത്തിരുന്നു. ഇതിലൂടെയാണ് രാജ്യത്തെ മാധ്യമ മേഖലയിലേക്ക് അദാനി ഗ്രൂപ്പ് കടന്നു വരുന്നത്. പിന്നീടാണ് എന്‍ഡിടിവിയുടെ നിയന്ത്രണവും ഏറ്റെടുക്കുന്നത്. പ്രണോയ് റോയ് യുടെ എന്‍ഡിടിവിയുടെ ഓഹരികള്‍ ഏറ്റെടുത്ത് കൃത്യം ഒരു വര്‍ഷം തികയുമ്പോഴേക്കും ഹിന്ദി-ഇംഗ്ലീഷ് വാര്‍ത്ത ഏജന്‍സിയായ ഐഎഎന്‍എസിലും ആധിപത്യം സ്ഥാപിച്ചു അദാനി ഗ്രൂപ്പിന്റെ എഎംജി മീഡിയ നെറ്റ്വര്‍ക്ക് ലിമിറ്റഡ്.

നിഷ്പക്ഷതയും സ്വതന്ത്രമാധ്യ മപ്രവര്‍ത്തനവും അവകാശപ്പെട്ടിരുന്ന എന്‍ഡിവിയുടെ 50 ശതമാനം ഓഹരികളും അദാനി ഗ്രൂപ്പ് സ്വന്തമാക്കിയതോടെ ചാനല്‍ സ്ഥാപകരായ പ്രണോയ്-രാധികമാര്‍ പടിയിറങ്ങി. പിന്നാലെ ഇന്ത്യയിലെ മുന്‍നിര ജേര്‍ണലിസ്റ്റുകളും എന്‍ഡിടിവി വിട്ടു. ഇന്ത്യന്‍ മാധ്യമ ചരിത്രത്തിലെ കറുത്ത ഏട്. ഇന്ത്യയില്‍ ഇന്ന് സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമപ്രവര്‍ത്തനം കനത്ത വെല്ലുവിളി നേരിടുകയാണ്. ഭരണകൂടത്തില്‍ നിന്നും കോര്‍പ്പറേറ്റുകളിലും നിന്നും. മീഡിയയെ നിശബ്ദരും, വിധേയന്മാരുമാക്കുകയാണ്. നീതിപൂര്‍വം പ്രവര്‍ത്തിക്കുന്ന ജേര്‍ണലിസ്റ്റുകളെ അറസ്റ്റ് ചെയ്യിക്കുന്നതും ഇവര്‍ തന്നെയാണ്. അദാനി ഗ്രൂപ്പ് വേട്ടയാടുന്ന നിരവധി ജേര്‍ണലിസ്റ്റുകളുണ്ട്. ഒസിസിആര്‍പി ജേര്‍ണലിസ്റ്റ് രവി നായര്‍, പരഞ്ചോയ് ഗുഹ തകൂര്‍ത്ത തുടങ്ങി പലപേര്‍. അവരെ പേടിപ്പിക്കാനും നിശബ്ദരാക്കാനും നോക്കുകയാണ്. തങ്ങളെ പൊളിച്ചെഴുതുന്ന മാധ്യമപ്രവര്‍ത്തകരെല്ലാം അവരുടെ ശത്രുക്കളാണ്. മാധ്യമപ്രവര്‍ത്തകരെ എതിരാളികളായി കാണുന്ന ഒരാള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന നിലയിലേക്ക്, മാധ്യമപ്രവര്‍ത്തകര്‍ ബഹുമതിയായി കണ്ടിരുന്ന ഒരു പുരസ്‌കാരം എത്തിച്ചേര്‍ന്നതില്‍ ഇന്ത്യയിലെ സ്വതന്ത്രമാധ്യമപ്രവര്‍ത്തകര്‍ നിരാശയിലാണ്. പരിഹാസങ്ങളും വിമര്‍ശനങ്ങളും നിറഞ്ഞ പ്രതികരണമാണ് മാധ്യമപ്രവര്‍ത്തകര്‍ അദാനി സ്‌പോണ്‍സേര്‍ഡ് ഗോയങ്ക അവാര്‍ഡിനെതിരേ നടത്തുന്നത്. മാധ്യമപ്രവര്‍ത്തനം ദല്ലാള്‍ പണിയായി മാറിയെന്നാണ് ഒരു വിമര്‍ശനം. ഐറണി മരിച്ചു എന്ന് മറ്റൊരു പരിഹാസം.

Share on

മറ്റുവാര്‍ത്തകള്‍