UPDATES

ഡോ. ബിജുവിന്റെ സിനിമകള്‍ നമ്മുടെയും സിനിമകളാണ്

വാണിജ്യ സമവാക്യങ്ങള്‍ക്കപ്പുറത്തേക്ക് നീളുന്ന സിനിമ ആഖ്യാന രീതികളോടുള്ള ആഭിമുഖ്യമാണ് ഡോ. ബിജുവിന്റെ പ്രത്യേകതകളിലൊന്ന്.

                       

ഡോ. ബിജുവിനെതിരെയുള്ള സംവിധയകന്‍ രഞ്ജിത്തിന്റെ പരാമര്‍ശങ്ങളും അതെ തുടര്‍ന്ന് രഞ്ജിത്തിനുള്ള ഡോ. ബിജുവിന്റെ മറുപടിയും കെ.എസ്.എഫ്.ഡി.സിയില്‍ നിന്നുമുള്ള അദ്ദേഹത്തിന്റെ രാജിയും മുഖ്യധാരാ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഡോ. ബിജുവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പല പ്രമുഖരും രംഗത്ത് വന്നിട്ടുണ്ട്. ഇതില്‍ ഏറ്റവും പ്രസക്തമായി തോന്നിയത് മാധ്യമപ്രവര്‍ത്തകയായ കെ കെ ഷാഹിനയുടെ വരികളാണ്. ഷാഹിന ഫേസ്ബുക്കില്‍ കുറിച്ചത് പോലെ, അക്ഷരാര്‍ത്ഥത്തില്‍ മലയാള സിനിമയില്‍ സ്വന്തമായി ഒരു കസേര വലിച്ചിട്ട് ഇരുന്ന ഫിലിം മേക്കറല്ലേ ഡോ. ബിജു?

സാമാന്യതയെ മറികടക്കുന്ന കഥ പറച്ചില്‍ രീതികള്‍ കൈകൊണ്ടുകൊണ്ടുള്ള സിനിമകള്‍ ഡോ. ബിജുവിന് സിനിമയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണ്. ഒരുപക്ഷെ സിനിമയോടുള്ള ഏറ്റവും സത്യസന്ധമായ ഈ സമീപനമായിരിക്കാം സിനിമയില്‍ സ്വന്തമായ ഒരു കസേര വലിച്ചിടാന്‍ ഡോ. ബിജുവിന് മുതല്‍കൂട്ടായതും. സംവിധായക മികവിനേക്കാള്‍, പ്രമേയത്തില്‍ കൊണ്ടുവരുന്ന പുതുമയും ആശയങ്ങളുടെ വ്യാപ്തിയും, തന്റെ സിനിമകളിലൂടെ അദ്ദേഹം മുന്നില്‍ കാണുന്ന സാമൂഹിക സ്വാധീനവും ഡോ. ബിജുവിന്റെ സിനിമകളെ ‘സൊ കാള്‍ഡ്’ തീയറ്ററില്‍ ആളുകള്‍ കയറുന്ന സിനിമകളില്‍ നിന്നും മാറ്റി നിര്‍ത്തുന്നു.

വാണിജ്യ സമവാക്യങ്ങള്‍ക്കപ്പുറത്തേക്ക് നീളുന്ന സിനിമ ആഖ്യാന രീതികളോടുള്ള ആഭിമുഖ്യമാണ് ഡോ. ബിജുവിന്റെ പ്രത്യേകതകളിലൊന്ന്. മനുഷ്യന്റെ അസ്തിത്വത്തിന്റെ സങ്കീര്‍ണ്ണതകള്‍ തുറന്നുകാണിക്കുന്ന സാമൂഹിക പ്രസക്തമായ വിഷയങ്ങളാണ് അദ്ദേഹം സിനിമയിലൂടെ പറയാന്‍ ശ്രമിച്ചത്.

സമൂഹത്തിന്റെ അരികിലേക്ക് ഒതുക്കപ്പെട്ട ഒരു വിഭാഗം തൂപ്പുകാരുടെ ജീവിതത്തെയാണ് ഡോ.ബിജു ‘പേരറിയാത്തവര്‍’ എന്ന സിനിമയിലൂടെ പരിചയപ്പെടുത്തിയത്. തൂപ്പുകാരുടെ ജീവിതം വെറുതെയങ്ങ് ഉപരിപ്ലവമായി പറഞ്ഞുപോകാതെ സാമൂഹിക ശ്രേണികളെക്കുറിച്ചും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ സമൂഹത്തില്‍ നേരിടുന്ന വിവേചനത്തെക്കുറിച്ചും ആഴത്തില്‍ പറഞ്ഞുവെക്കുന്നുണ്ട് ഈ സിനിമ.

അധികാരികളും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ക്കായി പോരാടുന്നവരും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ കഥ പറയുന്ന സിനിമയാണ് ഡോ. ബിജുവിന്റെ ‘കാടു പൂക്കുന്ന നേരം’. പേരുകളില്ലാത്ത മനുഷ്യരെ, അവരുടെ ചെറുത്ത് നിൽപ്പുകളിലൂടെ രേഖപെടുത്താനാണ് ഡോ. ബിജു ഇവിടെ ശ്രമിച്ചത്.

സൈറയില്‍ തുടങ്ങി അദൃശ്യ ജാലകങ്ങളില്‍ എത്തിനില്‍ക്കുന്ന ഡോ. ബിജുവിന്റെ സിനിമാ ജീവിതത്തിലെ ഓരോ സിനിമയിലും പ്രമേയങ്ങളുടെ തെരഞ്ഞെടുപ്പില്‍ പുലര്‍ത്തുന്ന ഈ സാമൂഹിക ബോധം ദൃശ്യമാണ്. അതുകൊണ്ട് തന്നെ സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്താനുള്ള ഒരു മാധ്യമമായി സിനിമയെ ഉപയോഗിക്കുന്ന മനഃസാക്ഷിയുള്ള ഒരു ഫിലിം മേക്കറായി അദ്ദേഹം മാറുന്നു. കലയും ആക്ടിവിസവും തമ്മിലുള്ള വിടവ് നികത്തിക്കൊണ്ട്, കല ആക്ടിവിസമാക്കാനും ഡോ. ബിജുവിന് സാധിക്കുന്നു.

പ്രമേയപരമായ തെരഞ്ഞെടുപ്പുകള്‍ കൂടാതെ, സൂക്ഷ്മതയും ആധികാരികതയും കൊണ്ട് ഡോ.ബിജുവിന്റെ സംവിധാന ശൈലി വേറിട്ടുനില്‍ക്കുന്നു. അതിവൈകാരിതയെ ബോധപൂര്‍വം ഒഴിവാക്കികൊണ്ട് സൂക്ഷ്മമായ ആഖ്യാന രീതിയിലൂടെയും ദൃശ്യപരതയിലൂടെയും കഥകള്‍ പറയാന്‍ ശ്രമിക്കുന്ന സംവിധായകനാണ് ഡോ. ബിജു. ഈ ശ്രമത്തില്‍ ചിലപ്പൊഴെങ്കിലും അദ്ദേഹത്തിന് കാലിടറിയിട്ടുണ്ടെങ്കിലും സിനിമയിലെ റിയലിസത്തെ കൈവിടാതെ, സാമൂഹിക ആത്മപരിശോധനക്കുള്ള ശക്തമായ ഉപകരണമായി കഥപറച്ചിലിനെ മാറ്റിയെടുക്കുന്നതിലൂടെ ഡോ. ബിജുവിന്റെ പ്രസക്തി കേരളവും ഇന്ത്യയും കടന്ന് ആഗോള തലത്തിലേക്ക് വ്യാപിക്കുന്നു. മുഖ്യധാര വാണിജ്യ സിനിമകള്‍ എത്തിനോക്കാന്‍ കൂട്ടാക്കാത്ത സമൂഹത്തിന്റെ കാണാത്ത വശങ്ങളെ ലോകത്തിന് മുമ്പിലേക്ക് തുറന്നു കാണിക്കുകയാണ് ഡോ. ബിജുവിന്റെ സിനിമകളെന്ന് പറയാം.

സംഗീത സുബ്രമണ്യൻ

സംഗീത സുബ്രമണ്യൻ

കോളേജ് അദ്ധ്യാപിക. ഫിലിം സ്റ്റഡീസിൽ ഗവേഷണം ചെയ്യുന്നു

More Posts

Share on

മറ്റുവാര്‍ത്തകള്‍