UPDATES

തമിഴനെടുക്കുന്ന സിനിമകള്‍ (മലയാളിയും ശ്രമിക്കൂ)

                       

ജാതി മാത്രം പറയുന്നു എന്നു കുറ്റപ്പെടുത്തിയവരോട് പാ. രഞ്ജിത്ത് തിരിച്ചു പറഞ്ഞത്; ‘എനിക്ക് ലഭിക്കുന്ന എല്ലാ അവസരങ്ങളിലും ഇവിടുത്തെ ജാതി വ്യത്യാസങ്ങളെ കുറിച്ച് സംസാരിക്കും’ എന്നായിരുന്നു. രഞ്ജിത്ത് ഇതുവരെ ചെയ്തതെല്ലാം കൊമേഴ്‌സ്യല്‍ സിനിമകളാണ്. എന്നാല്‍ അയാള്‍ വേറിട്ട് അടയാളപ്പെടുന്നു. അധഃസ്ഥിതന്റെയും അടിയാളന്റെയും കൂടി ജീവിതം പറയാനുള്ള മാധ്യമമാക്കി അയാള്‍ സിനിമയെ മാറ്റി. മാരി സെല്‍വരാജും. കോടികള്‍ മുടക്കിയുള്ള കൊമേഴ്‌സ്യസല്‍ സിനിമകളാണ് മാരിയും എടുക്കുന്നത്. അയാള്‍ അതില്‍ വിജയിക്കുന്നു, നിര്‍മാതാവിനെ ലാഭത്തിലാക്കുന്നു. ജാതി മാത്രം പറയുന്നുവെന്ന കുറ്റം അയാളും കേള്‍ക്കുന്നു, പക്ഷേ ഗൗനിക്കുന്നില്ല.

ബോളിവുഡിനെ മാറ്റി നിര്‍ത്തിയാല്‍ വാണിജ്യ സിനിമകള്‍ പിന്നെയധികം ഉണ്ടാകുന്നത് തമിഴിലാണ്. വാണിജ്യ താത്പര്യമുള്ള സിനിമകളിലും കൃത്യമായ രാഷ്ട്രീയം പറയും തമിഴ് ഇന്‍ഡസ്ട്രി. ആ മാറ്റം സാധ്യമാക്കിയവരാണ് വെട്രിമാരനും, രഞ്ജിത്തും മാരിയും, ജ്ഞാനവേലുമൊക്കെ. തങ്ങള്‍ക്ക് പറയേണ്ട രാഷ്ട്രീയം കൂടുതല്‍ പേരിലേക്കെത്തിക്കാന്‍ ഇവര്‍ സൂപ്പര്‍ താരങ്ങളെ ഉപയോഗപ്പെടുത്തി.

1986-ല്‍ ഇറങ്ങിയ ജോണിയുടെ പരാജയത്തിനുശേഷം രജനി തന്റെ സൂപ്പര്‍സ്റ്റാര്‍ പരിവേഷത്തില്‍ വിട്ടുവീഴ്ച ചെയ്തിരുന്നില്ല. എന്നാല്‍ 2016 ല്‍ ആ നിലപാടിനു മാറ്റമുണ്ടായി. അത് പാ. രഞ്ജിത്തിനുവേണ്ടിയായിരുന്നു. ലിങ്കയുടെയും കൊച്ചടിയാന്റെയും പതനത്തിനുശേഷം രജനിക്കു മുന്നിലേക്ക് അവസാന റൗണ്ട് കടന്നെത്തിയവര്‍ രഞ്ജിത്തും ഹാര്‍ഡ്‌കോര്‍ രജനിയാരാധകന്‍ കൂടിയായ നടനും സംവിധായകനുമായ രാഘവ ലോറന്‍സും ആയിരുന്നു. ലോറന്‍സ് പറഞ്ഞത് ഒരു പക്കാ രജനി പടത്തിന്റെ കഥ. കേട്ടകഥയോട് താത്പര്യം തോന്നിയെങ്കിലും അടുത്ത തവണ നോക്കാം എന്നാശ്വസിപ്പിച്ച് ലോറന്‍സിനെ മടക്കിയശേഷം രഞ്ജിത്തിന് കൈകൊടുത്തു സൂപ്പര്‍സ്റ്റാര്‍. അട്ടക്കത്തി, മദ്രാസ് എന്നീ രണ്ടു ചിത്രങ്ങള്‍ കൊണ്ടു തന്നെ തമിഴ് സിനിമയിലെ നവോഥാനത്തിന്റെ വക്താക്കളില്‍ പ്രമുഖനാകാന്‍ രഞ്ജിത്തിനു സാധിച്ചിരുന്നു. മൂന്നാം നിര താരങ്ങളായിരുന്ന ദിനേഷിനെയും കാര്‍ത്തിയെയും ആദ്യ ചിത്രങ്ങളില്‍ കാസ്റ്റ് ചെയ്ത രഞ്ജിത്ത്, മൂന്നാമത്തെ സിനിമയ്ക്കു വേണ്ടി സൂപ്പര്‍ സ്റ്റാറിനെ തേടി പോയത് തനിക്ക് പറയാനുള്ള കാര്യങ്ങള്‍ കൂടുതല്‍ ഉച്ചത്തില്‍ മുഴങ്ങി കേള്‍ക്കാനായിരുന്നു.

2018 ലാണ് മാരി തന്റെ ആദ്യ സിനിമ ചെയ്യുന്നത്. വര്‍ഷാവസാനത്തില്‍ രണ്ട് തമിഴ് സിനിമകളാണ് കേരളത്തില്‍ ഹിറ്റായത്. 96 ഉം പരിയേറും പെരുമാളും. അന്ന് ചോദിച്ചൊരു ചോദ്യമുണ്ടായിരുന്നു; ഒരു 96 മലയാളത്തില്‍ ഉണ്ടായേക്കാം, എന്നാല്‍ പരിയേറും പെരുമാളോ?

അഞ്ചു വര്‍ഷത്തിനിപ്പുറം മാമന്നന്‍ കണ്ടിറങ്ങിയപ്പോഴും ഉണ്ടായ ചോദ്യം അതു തന്നെയാണ്; എന്തുകൊണ്ട് കാല പോലെ, കബാലി പോലെ, പരിയേറും പെരുമാളോ, അസുരനോ, കര്‍ണനോ പോലെ, ജയ് ഭീം, വിടുതലൈ പോലുള്ള സിനിമകള്‍ മലയാളത്തില്‍ ഉണ്ടാകുന്നില്ല? ഇത്തരം സിനിമകളുണ്ടാകുന്നത് തമിഴ്നാട്ടിലെ ജീവിതാവസ്ഥകളില്‍ നിന്നാണെന്നും കേരളത്തില്‍ അങ്ങനെയൊരു സാഹചര്യവുമില്ല, അതിനാല്‍ അത്തരം സിനിമകളുമില്ല എന്നൊക്കെയുള്ള വാദങ്ങള്‍ കേട്ടിരുന്നു.

അതിഭാവനകളുടെതുമാത്രമല്ല, യാഥാര്‍ത്ഥ്യങ്ങളുടെ കൂടെ ആവിഷ്‌കാരമാണ് സിനിമ. മാമന്നനോ, പരിയേറും പെരുമാളോ പോലുള്ള സിനിമകള്‍ ഉണ്ടാകാത്തത്, നമുക്ക് അത്തരം അനുഭവങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല. ജാതി-മത-വര്‍ഗ-രാഷ്ട്രീയ കാലൂഷ്യമാര്‍ന്ന അന്തരീക്ഷം കേരളത്തിനുമേല്‍ ഇല്ലെന്ന വാദത്തിന് ഒരു മുടിനാരിന്റെ ഉറപ്പ് പോലുമില്ല. പാ. രഞ്ജിത്ത്, മാരി സെല്‍വരാജ്, വെട്രിമാരന്‍ എന്നിവരൊക്കെ തങ്ങള്‍ കടന്നു വന്ന സാഹചര്യങ്ങളാണ് കഥാപശ്ചാത്തലമാക്കുന്നത്.

തമിഴ് സംവിധായകന്‍ വെട്രിമാരന്‍ ചോദിച്ചിരുന്നു, മലയാളത്തില്‍ പഴശ്ശിരാജയെ പറ്റിയും മറ്റ് രാജവംശങ്ങളെ കുറിച്ചും സിനിമകളുണ്ട്. എപ്പോഴാണ് ദളിത് ജീവിതങ്ങള്‍ക്ക് സിനിമയില്‍ ഇടമുണ്ടാകുക? അവരുടെ പോരാട്ടങ്ങളെ, സന്തോഷങ്ങളെ, ആഘോഷങ്ങളെ, ജീവിതങ്ങളെ സിനിമയില്‍ കൊണ്ടുവരിക? നമ്മളതിന് ഇതുവരെ കൃത്യമായ മറുപടി കൊടുത്തിട്ടില്ല. മണ്ണാര്‍ത്തൊടി ജയകൃഷ്ണന്‍ എന്ന മാടമ്പിയുടെ കുടിയാനോട് നമുക്കിതുവരെ ഐക്യപ്പെടാന്‍ കഴിഞ്ഞിട്ടില്ല. നമ്മളിവിടെ കുടിയാനെ കോമഡിയാക്കിയപ്പോള്‍, അതേ കുടിയാന്റെ പ്രതിനിധികളായാണ് പരിയനെയും മാമന്നനെയുമൊക്കെ തമിഴ് സിനിമ നായകരാക്കിയത്.

മലയാളി സ്വാംശീകരിച്ചിരിക്കുന്നൊരു വരേണ്യ മനോഭാവമുണ്ട്. അതിനെ തൃപ്തിപ്പെടുത്താനാണ് നമ്മുടെ സിനിമകള്‍ ഇപ്പോഴും ശ്രമിക്കുന്നത്. തമിഴിലും ഇതുപോലെയുള്ള സവര്‍ണജാതി നായകരുടെ ഹീറോയിസം കാണിക്കുന്ന സിനിമകള്‍ ഉണ്ടായിട്ടില്ലെന്നോ ഉണ്ടാകുന്നില്ലെന്നോ അല്ല. പക്ഷേ അതിനു സമാന്തരമായി, അത്തരം സിനിമ സങ്കല്‍പ്പങ്ങളെ പൊളിച്ചാണ് മാമന്നനൊക്കെ ഉണ്ടാകുന്നത്. മലയാളത്തില്‍ ഇത്തരം സമാന്തര പോരാട്ടം ശക്തമല്ല. ലോഹിതദാസ് ആശാരിയേയും കൊല്ലനെയുമൊക്കെ കേന്ദ്രകഥാപാത്രങ്ങളാക്കിയപ്പോഴും സവര്‍ണത പ്രതിഫലിക്കാന്‍ വേണ്ടി അതിനുതകുന്ന നായക ശരീരങ്ങളെയാണ് ഉപയോഗിച്ചത്.

മലയാളത്തിലെ പുതു തലമുറ മാറി ചിന്തിക്കുന്നുണ്ട്. ചില സിനിമകളില്‍ അതിന്റെ പ്രതിഫലനം ഉണ്ടാകുന്നുമുണ്ട്. പക്ഷേ, സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും വരുന്ന വാര്‍ത്തകള്‍ കോപ്പി പേസ്റ്റ് ചെയ്തുണ്ടാക്കുന്ന സ്‌ക്രിപ്റ്റുകള്‍ക്ക് ശക്തിപോരാതെ വരുന്നുണ്ട്. സിനിമയില്‍ നില്‍ക്കുന്നവരാണ് ഇതേക്കുറിച്ചൊക്കെ ചിന്തിക്കേണ്ടത്. പ്രേക്ഷകരല്ല. പാ. രഞ്ജിത്തിന്റെയും മാരി സെല്‍വരാജിന്റെയുമൊക്കെ സിനിമകള്‍ കണ്ടു വിജയിപ്പിച്ച പ്രേക്ഷകര്‍ തന്നെയാണ് ഇവിടെയുള്ളത്…

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍