ഗഗന്‍യാത്ര ദൗത്യസംഘത്തെ പ്രഖ്യാപിച്ചു
ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയായ ഗഗൻയാനിൽ ഭ്രമണപഥത്തിലേക്ക് പറക്കുന്ന നാല് ബഹിരാകാശ സഞ്ചാരികളില്‍ ഒരു മലയാളി തിളക്കം. ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ്റെ (ഐഎസ്ആർഒ) ആദ്യ ക്രൂഡ് ഇന്ത്യൻ ബഹിരാകാശ പദ്ധതിയാണ് ഗഗൻയാൻ ദൗത്യം. തിരുവനന്തപുരത്തുള്ള വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം സന്ദർശിച്ച വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ദൗത്യസംഘത്തെ പ്രഖ്യാപിച്ചത്.
മലയാളിയും ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായർ, അംഗദ് പ്രതാപ്, അജിത് കൃഷ്ണൻ, ശുഭാൻഷു ശുക്ല എന്നിവരെയാണ് ബഹിരാകാശ യാത്രികരായി ഇന്ത്യയുടെ ആദ്യത്തെ ക്രൂഡ് ദൗത്യത്തിൽ തെരഞ്ഞെടുത്തിട്ടുള്ളത്. നിലവിൽ ബംഗളൂരുവിലുളള ബഹിരാകാശയാത്രികരുടെ പരിശീലന കേന്ദ്രത്തിൽ നാൽവർ സംഘം പരിശീലനത്തിലാണ്. നാല് പേരും ഇന്ത്യൻ എയർഫോഴ്‌സിലെ (IAF) വിംഗ് കമാൻഡർമാരും ഗ്രൂപ്പ് ക്യാപ്റ്റൻമാരുമാണ്, കൂടാതെ ടെസ്റ്റ് പൈലറ്റുമാരായി പ്രവർത്തിച്ച് നൈപുണ്യം നേടിയിട്ടുമുണ്ട്. വെല്ലുവിളികൾ ഉണ്ടാകുമ്പോൾ കരുത്തോടെ നേരിടുന്നതിനാണ് ദൗത്യത്തിനു യുദ്ധവിമാന പൈലറ്റുമാരെ തെരഞ്ഞെടുത്തത്.
ഐഎസ്ആർഒയും ഗ്ലാവ്കോസ്മോസ് എന്ന സ്ഥാപനവും ചേർന്ന് (റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ് -ൻ്റെ അനുബന്ധ സ്ഥാപനം) 2019 ജൂണിലാണ് നാല് ബഹിരാകാശ സഞ്ചാരികളെ പരിശീലിപ്പിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവക്കുന്നത്.
മൂന്ന് ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശയാത്രികരെ ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കുകയും തിരികെ സുരക്ഷിതമായി ഭൂമിയിലേക്ക് എത്തിക്കുകയും ചെയ്യുന്നതാണ് ഗഗൻയാൻ ദൗത്യം. ദൗത്യത്തിലൂടെ ഇന്ത്യയുടെ മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ബഹിരാകാശ യാത്രാ ശേഷി ലോകത്തിന് മുമ്പിൽ തെളിയിക്കപ്പെടും. ഇന്ത്യൻ സമുദ്രത്തിലായിരിക്കും പേടകത്തിന്റെ ലാൻഡിംഗ്. 2025 അവസാനത്തോടെ പദ്ധതി വിജയകരമായി നടപ്പാക്കാൻ കഴിയുമെന്നാണ് ഐ എസ് ആർ ഒയുടെ കണക്ക് കൂട്ടൽ.