UPDATES

എജ്യുക്കേഷന്‍ ഫീച്ചേഴ്‌സ്

നൈപുണീ വികസനവും സോഫ്റ്റ് സ്‌കില്‍ ശേഷിയും ; കൂടുതലറിയാം

പഠനത്തിന്റെയും പ്രഫഷണല്‍ അനുഭവങ്ങളുടേയും ഭാഗമായിട്ടാണ് സാങ്കേതിക നൈപുണി പ്രധാനമായും രൂപപ്പെടുന്നത്.

                       

കൃത്യമായ ഫലം ലഭിക്കുന്ന തരത്തില്‍ നിശ്ചിത സമയത്തിനുള്ളില്‍ ഒരു പ്രവൃത്തി ചെയ്യാനുള്ള ശേഷിയെയാണ് നൈപുണി എന്നതുകൊണ്ടു പൊതുവില്‍ അര്‍ഥമാക്കുന്നത്. ഒരു പ്രഫഷണലിന്റെ വിജയത്തിന് രണ്ട് തരം നൈപുണികളാണ് അനിവാര്യമായിട്ടുള്ളത്. ഹാര്‍ഡ് സ്‌കില്‍സ് അഥവാ ടെക്നിക്കല്‍ സ്‌കില്‍സ്(സാങ്കേതിക നൈപുണി)യും സോഫ്റ്റ് സ്‌കില്ലുകള്‍ എന്നറിയപ്പെടുന്ന സാങ്കേതികരമായ നൈപുണികളും. ഇവയുമായി ചേര്‍ന്ന് വരുന്ന ലേബര്‍ സ്‌കില്‍സ്(തൊഴില്‍ നൈപുണി), ലൈഫ് സ്‌കില്‍സ്(ജീവിത നൈപുണി), പീപ്പിള്‍സ് സ്‌കില്‍സ്( വൈയക്തിക നൈപുണി), സോഷ്യല്‍ സ്‌കില്‍(സമൂഹത്തില്‍ ഇടപെടുന്നതിനുള്ള നൈപുണി) തുടങ്ങിയവയെ കുറിച്ചും ഇത് സംബന്ധിച്ച പഠനങ്ങള്‍ പ്രതിപാദിച്ച് വരുന്നു.

പുതിയ കാലത്തില്‍ നൈപുണി വികസനം അഥവാ സ്‌കില്‍ അക്വിസിഷന് ഏറെ പ്രാധാന്യമാണ് കൈവന്നിരിക്കുന്നത്. പഠനത്തിന്റെയും പ്രഫഷണല്‍ അനുഭവങ്ങളുടേയും ഭാഗമായിട്ടാണ് സാങ്കേതിക നൈപുണി പ്രധാനമായും രൂപപ്പെടുന്നത്. എന്നാല്‍ സോഫ്റ്റ് സ്‌കില്ലുകള്‍ സാങ്കേതികേതരവും അതുകൊണ്ടുതന്നെ അത്തരം പഠനങ്ങളുടെ ഭാഗമല്ലാതെ തന്നെ കൈമാറ്റം ചെയ്യപ്പെടാവുന്നതുമാണ്. പലരും ഇതിനെ transferable skills അധവാ professional skills എന്നും വിശേഷിപ്പിക്കാറുണ്ട്. ഈ നൈപുണികളൊക്കെ തന്നെ വിദ്യാഭ്യാസത്തിന്റേയും വ്യക്തിത്വ വികസനത്തിന്റേയും വിവിധ ഘട്ടങ്ങളില്‍ നേടിയെടുക്കുന്നതാണ്.

സാങ്കേതിക നൈപുണിക്കൊപ്പം മതിയായ സോഫ്റ്റ് സ്‌കില്ലുകളും സ്വായത്തമാക്കുന്ന പ്രഫഷണലുകളെയാണ് സ്ഥാപനങ്ങള്‍ നേതൃസ്ഥാനങ്ങളിലേക്ക് അവരോധിക്കുന്നത്. ഹാര്‍വാര്‍ഡ് സര്‍വകലാശാല പ്രഫഷണലുകള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ നിന്നും തെളിഞ്ഞത് ഏത് കരിയറിലും വിജയം കൈവരിക്കുന്നത് അതുമായി ബന്ധപ്പെട്ട സോഫ്റ്റ് സ്്കില്ലുകള്‍ സ്വായത്തമാക്കുന്നതിനുള്ള ശേഷിയുമായി ബന്ധപ്പെട്ടാണെന്നാണ്. അതായത് പ്രത്യുത കരിയറിലെ സാങ്കേതിക നൈപുണി പ്രവര്‍ത്തന മികവിന്റെ 20 ശതമാനത്തിനു മാത്രമേ നിമിത്തമാകുന്നുള്ളു. ബാക്കി 80 ശതമാനവും അതുമായി ബന്ധപ്പെട്ട സോഫ്്റ്റുസ്‌കില്ലുകളിലെ പ്രാവീണ്യവുമായി ബന്ധപ്പെട്ട് ഇരിക്കുന്നു. ഒരു പ്രഫഷണലിന്റേയും അയാള്‍ പ്രവര്‍ത്തിയ്ക്കുന്ന സ്ഥാപനത്തിന്റേയും വിജയത്തിന്റെ പ്രധാന ആധാരങ്ങളൊലൊന്ന് സോഫ്റ്റ് സ്‌കില്‍ പ്രാവീണ്യം തന്നെയെന്നാണ് പുത്തന്‍ കാലത്തെ മാനേജ്മെന്റ് വിദഗ്ദധരെല്ലാം ചൂണ്ടിക്കാട്ടുന്നത്.

ഒരാള്‍ സമ്പര്‍ക്കത്തിലായിരിക്കുന്ന സാമൂഹിക സാഹചര്യങ്ങളുമായും ചുറ്റുപാടുകളുമായും ഇടപെടുന്നതിനാവശ്യമായ ഒരു കൂട്ടം ഗുണാത്മകമായ വ്യക്തി സവിശേഷതകളുടെ സംഘാതമാണ് സോഫ്റ്റ് സ്‌കില്ലുകളെന്ന് പൊതുവില്‍ പറയാം. ഒരു കൂട്ടം നൈപുണികളെ ഒറ്റ കുടക്കീഴില്‍ കൊണ്ടുവന്നുവെയ്ക്കകയാണിതില്‍. ഇത് ഒരാളുടെ വിദ്യാഭ്യാസ യോഗ്യതകളെക്കാളേറെ അയാളുടെ വ്യക്തിത്വ സവിശേഷതകളുമായും ശീലങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. മറ്റുള്ളവരുമായി അര്‍ഥപൂര്‍ണമായും കാര്യക്ഷമമായും ഇടപെടുന്നതിന് ഒരാള്‍ക്ക് ആവശ്യമായ നൈപുണികളേയും വ്യക്തിത്വ സവിശേഷതകളുമൊക്കെ ഇതിലടങ്ങുന്നു. സാമൂഹികവും മനശാസ്ത്രപരവുമായ വിവിധ ഘടകങ്ങള്‍ ഇതിന്റെ ഭാഗമാണ്.

വ്യക്തി നിഷ്ഠമായ നൈപുണി, ഉള്‍ക്കാഴ്ച, സമൂഹത്തില്‍ ഇടപെടുന്നതിലുള്ള നൈപുണി, വ്യവഹാര നൈപുണി, സ്വഭാവ സവിശേഷതകള്‍, സമീപനങ്ങള്‍, സാമൂഹികവും വൈകാരികവുമായ ബുദ്ധിശക്തി തുടങ്ങിയ നിരവധി ഗുണങ്ങളുടെ സവിശേഷ മിശ്രണമാണ് സോഫ്റ്റ് സ്‌കില്ലുകളെ ത്വരിതപ്പെടുത്തുന്നത്.ആര്‍ജ്ജവത്തോടെ ഇടപെടാനുള്ള ശേഷി, പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള കഴിവ്, ഉത്തരവാദിത്ത ബോധം, ഭാഷയിലെ പ്രാവിണ്യവും ആശയവിനിമയത്തിലെ മികവും, ഉത്തമമായ വ്യക്തിത്വവും അനുകരണീയമായ ശീലങ്ങളും, സഹജാതരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി അവയില്‍ ഇടപെടാനുള്ള സന്നദ്ധത, നേതൃപാടവം, ടിം മാനേജ്മെന്റ്, സമയക്രമീകരണം തുടങ്ങിയവയൊക്കെ സോഫ്റ്റുസ്‌കില്ലുകളുടെ ഭാഗമായി നാം നേടിയെടുക്കുന്ന നൈപുണികളാണ്. സാങ്കേതിക നൈപുണിയോടെ ഒരു പ്രവൃത്തി കൃത്യമായ ലക്ഷ്യം മുന്‍നിര്‍ത്തി സമയബന്ധിതമായി ചുറ്റുപാടുമുള്ളവര്‍ക്കൊപ്പം നിന്ന് ചെയ്തു തീര്‍ക്കുന്നതിന് മതിയായ സോഫ്റ്റ് സ്‌കില്ലുകള്‍ സ്വായത്തമാക്കേണ്ടത് അനിവാര്യമാണ്. സാമാന്യ ബോധമാണ് ഇതിന് ആവശ്യമായ പ്രധാന ഘടകം. അതുപോലെ തന്നെ മനോനിഷ്ടവും സാമൂഹിക നിഷ്ടവുമായ നിരവധി ഘടകങ്ങളുമുണ്ട്. മതിയായ സോഫ്റ്റ് സ്‌കില്ലുകള്‍ സ്വായത്തമാക്കുകയെന്നത് ഇക്കാലത്ത് ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന കാര്യമാണ്. സ്‌കൂള്‍ കാലഘട്ടം മുതല്‍ തന്നെ അതിനുള്ള പരിശീലനം നല്‍കിത്തുടങ്ങുന്നു. ഉന്നത വിദ്യാഭ്യാസത്തിന്റേയും പ്രഫഷല്‍ പഠനങ്ങളുടേയും ഭാഗമായും ഇതിനുള്ള പരിശീലനം നല്‍കുന്നുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍