Continue reading “ടു എസ്കേപ് വെലോസിറ്റി; Letters acknowledged!”

" /> Continue reading “ടു എസ്കേപ് വെലോസിറ്റി; Letters acknowledged!”

"> Continue reading “ടു എസ്കേപ് വെലോസിറ്റി; Letters acknowledged!”

">

UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ടു എസ്കേപ് വെലോസിറ്റി; Letters acknowledged!

Avatar

                       

വീണ വിമല മണി

Love is freedom together- D H Lawrence (Women in Love)

ചിലര്‍ അങ്ങനെയാണ്. കുടുങ്ങിക്കിടക്കലുകളെ അവര്‍ ചെറുതെന്നോ വലുതെന്നോ കാണുകയില്ല. ചെറിയ വിലക്കുകള്‍ പോലും അവരെ അസ്വസ്ഥരാക്കും. ആകാശവും അതിനപ്പുറവും കാണുന്നവന് ചുവരുകള്‍ ചങ്ങലകളാണ്, അടയാളങ്ങള്‍ വിലങ്ങുകളാണ്, പിന്നെ പ്രഹസനങ്ങള്‍ മരണങ്ങളാണ്.

 

കൊച്ചി ദര്‍ബാര്‍ ഹാളില്‍ മെയ്‌ 19 മുതല്‍ ജൂണ്‍ ഒന്ന് വരെ നടന്ന വിമല്‍ ചന്ദ്രന്‍റെ Escape Velocity എന്ന ആര്‍ട്ട്‌ എക്സിബിഷന്‍ സ്നേഹത്തിന്റെയും സ്വാതത്ര്യത്തിന്റെയും സൌന്ദര്യത്തിന്റെയും ഹൃദ്യമായ ആഘോഷമായിരുന്നു. അക്ഷരങ്ങളും സംഗീതത്തിന്റെ ഭാഷയും ക്യാമറയും നിറങ്ങളുടെ ലോകത്തിന്റെ ഭാഗമായപ്പോള്‍ അനുഭവപ്പെട്ടത്, ആവിഷ്കാരത്തിന് ഒരു കലയുടെ മാത്രം ഭാഷ പോര എന്ന interart വാദമാണ്. അവിടെ ചിത്രത്തിലെ പൂമ്പാറ്റകള്‍ ഫ്രേമുകള്‍ പൊട്ടിച്ചു പുറത്തേക്കു പറക്കുമ്പോഴും, മ്യുസിക് നോട്സ് താഴേക്ക്‌ വീഴുമ്പോഴും, ആര്‍ട്ട്‌ ഇന്‍സ്റ്റലേഷന്‍ ഭൂമിയില്‍ ഒതുങ്ങാത്തപ്പോഴും, ചുവരില്‍, ഒരു ഫ്രേമില്‍ ഒതുങ്ങിക്കൂടാന്‍ ഇഷ്ടമില്ലാത്ത ഒരു കലയെയും കലാകാരനേയും കണ്ടു. ഒരു കൃത്യമായ വിലാസത്തില്‍ കണ്ടെത്തപ്പെടാതിരിക്കാനും, പുതു ഇടങ്ങളുടെ നിരന്തരമായ അന്വേഷണങ്ങളുമാണ് എനിക്കവിടെ കാണാന്‍ സാധിച്ചത്.

 

 

ഒന്നാം മുറിയില്‍ എന്നെ സ്വീകരിച്ചത് സമയവുമായി ഏറ്റുമുട്ടുന്ന ചിത്രങ്ങളാണ്. കടുംനിറങ്ങളോടുള്ള ചെറിയ പിണക്കങ്ങള്‍ ദൃശ്യമായിരുന്നു. സത്യത്തില്‍, മന:പൂര്‍വമെങ്കിലും, ഉദ്ദേശിച്ച ഒരു തരത്തിലുള്ള ഏകാത്മകത്വം എന്നെ കുറച്ചു ബോറടിപ്പിച്ചു. ചിലപ്പോള്‍ അവ വരച്ച തീയതികളിലെ അകല്‍ച്ചകുറവ് എന്നെ ഡെഡ് ലൈന്‍സ് എന്ന ബോറന്‍ സത്യത്തെ ഓര്‍മിപ്പിച്ചിട്ടുണ്ടാകാം. എങ്കിലും, തുടര്‍ന്നങ്ങോട്ടുള്ള അതിരുകളെ മായ്ക്കാനുള്ള കുറുമ്പിന്റെ തുടക്കം ആ ചിത്രങ്ങളില്‍ ഉണ്ടായിരുന്നു. കടലായി മാറുന്ന പെണ്‍കുട്ടിയും ഉള്ളിലെ പക്ഷികളെ സ്വതന്ത്രയാക്കുന്ന സ്വത്വത്തിന്‍റെ ഭാഷ്യവും അതിരുകളില്ലാത്ത മനുഷ്യന്‍റെ സൂചനകളായി വായിക്കാം.

 

രണ്ടാമത്തെ മുറിയിലെ ഫോട്ടോകള്‍ക്ക് ചലനങ്ങളുടെയും സ്ഥിരതയുടെയും വിരോധാഭാസം നിറഞ്ഞ കഥകളായിരുന്നു പറയാനുണ്ടായിരുന്നത്. എന്തുകൊണ്ടോ ആദ്യത്തെ കുറെ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ ‘Workers’ എന്ന് വിളിച്ചത് ഇഷ്ടപ്പെട്ടു. എന്നാല്‍ അവയിലെ പലരും ആ നിമിഷത്തില്‍ പ്രത്യേകിച്ച് ഒരു ക്രിയയിലും ഏര്‍പ്പെടാതെ ഇരിക്കുന്നവരായിരുന്നു. അവര്‍ വിശ്രമിക്കുന്നവരായിരുന്നു. അവരില്‍ കുട്ടികളുമുണ്ടായിരുന്നു. ആ ചിത്രങ്ങള്‍ നമ്മുടെ പൊതുവിലെ വര്‍ക്ക്‌ – നോണ്‍ വര്‍ക്ക് എന്ന ബൈനറിയെ പൊളിച്ചെഴുതാന്‍ കെല്‍പ്പുള്ളവയാണ്. ഒരു കലാകാരന് ഇത്തരം പ്രത്യക്ഷ തരംതിരിക്കല്‍ ഇല്ല എന്ന് തോന്നിയിട്ടുണ്ട്. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ഇത്തരം മണിക്കൂറുകളുടെ എണ്ണം പറയേണ്ട ആവശ്യം വരുന്നില്ലല്ലോ! എന്നാല്‍, മറ്റു ചോയിസ് ഇല്ലാത്തവരുടെ തരംതിരിക്കലിനെ റൊമാന്‍റിസൈസ് ചെയ്തു തള്ളിക്കളയാനും ഉദ്ദേശിക്കുന്നില്ല.

 

 

എക്സിബിഷന്‍റെ ഹൈലൈറ്റായി പലരും പറഞ്ഞു കണ്ടത് അണ്‍പോസ്റ്റഡ് ലെറ്റര്‍ സീരീസ് ആണ്. സാമാന്യത്വത്തില്‍ നിന്നും ഫാന്‍റ്സിയിലൂടെയും സ്നേഹത്തിലൂടെയും ഉള്ള പൂര്‍ണമായ സ്വാതന്ത്ര്യത്തിന്റെ കണ്ടെത്തലാണ് എനിക്ക് ആ ലെറ്റേഴ്സ്. ബന്ധങ്ങള്‍ ബന്ധനങ്ങളാകാതെ, ഡി എച്ച് ലോറെന്‍സ് പറഞ്ഞതുപോലെ, ഒരുമിച്ചുള്ള, കൂട്ടായ മോചനമാണ്‌ സ്നേഹം എന്ന് തോന്നിപ്പോയി. സ്നേഹം, particular-നെയും universal-നെയും ബന്ധിപ്പിച്ച്, പിന്നീട് അത്തരം ലേബലുകളെ പൊട്ടിച്ച്, വീണ്ടും പേരില്ലാത്ത ഇടങ്ങളിലേക്ക് യാത്രയാകുന്ന ചങ്ങാത്തമാണെന്നുമാണ് അവിടെ ആ ചുവന്ന കുടക്കീഴില്‍ എനിക്ക് കാണാന്‍ സാധിച്ചത്. മരച്ചോട്ടില്‍ പുസ്തകങ്ങള്‍ അടുക്കുമ്പോഴും, ഊഞ്ഞാലില്‍ പറന്നു തിരികെ വരാതിരിക്കാന്‍ ശ്രമിക്കുമ്പോഴും, ഒരു ടാങ്കറിനു മുന്നില്‍ നിന്ന് “Just her ആന്‍ഡ്‌ Revolution” എന്നു പറയുമ്പോഴും വലിയ വലിയ കാര്യങ്ങള്‍ ചെറിയ ശബ്ദത്തില്‍ പറയപ്പെടുകയാണ്. സ്വാതന്ത്ര്യം എന്ന വലിയ കാന്‍വാസില്‍ വരച്ചിട്ടിരിക്കുന്നത് പക്ഷെ സ്നേഹത്തിലൂടെയുള്ള ഒരു തരം കീഴടങ്ങലാണ്. അങ്ങനെ മോചനവും കീഴടങ്ങലും ഒരേ നിറങ്ങളാണെന്നു പറയുമ്പോള്‍ അസ്വസ്ഥമാകുന്നത് നമ്മുടെയൊക്കെ ഉള്ളിലെ  ഒരു തരം ഇന്‍സ്ട്രുമെന്ടല്‍ സ്നേഹമാണ്. ദ്വന്ദങ്ങളുടെ വയലന്റ് ആയ ഏകീകരണത്തില്‍ പുത്തന്‍ ലോകങ്ങള്‍  സൃഷ്ടിക്കപ്പെടുന്നു.

 

രണ്ടാം നിലയിലെ ആര്‍ട്ട്‌ ഇന്‍സ്റ്റലേഷന്‍ ദേശീയത എന്ന വികാരത്തെ അതിജീവിച്ചാണ് ഉയര്‍ന്നു നില്‍ക്കുന്നത്. ഒന്നാം മുറിയില്‍ തൊട്ടു നാം കാണുന്ന “From the mind of an antinationalist” എന്ന ടൈറ്റിലിന്റെ തുറന്നപ്രകടനം, ലോകഭൂപടതിന്റെ മുകളില്‍, രാജ്യാതിര്‍ത്തികളെ മായിച്ച്, ഭൂമി വിട്ട് ഒരേ സ്പേസില്‍ വിഹരിക്കുന്ന ആസ്ട്രോനോട്സിന്റെ മഞ്ഞ കുടക്കീഴില്‍ വ്യക്തമാണ്‌. ദേശീയത അവിടെ അഭിമാനത്തിന്റെയോ കുലീനതയുടെയോ അടയാളമല്ല, മറിച്ചു മറ്റു ലോകങ്ങളുടെയും, സംസ്കാരങ്ങളുടെയും, വ്യത്യസ്തമായ ജീവിതകഥകളുടെയും ഒഴിവാക്കലാണ്. ദേശീയത മറ്റൊരു അടച്ചുപൂട്ടലാണ്.

 

 

എന്താണ് ഇവിടെ പറയുന്ന മോചനം? അത് ലോകത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണോ? പരിചിതമായവയെ ആകെ തഴയുന്നതാണോ? മനുഷ്യരുടെ ഇടയില്‍ സ്വാതന്ത്ര്യം സാധ്യമല്ലേ? എക്സിബിഷന്‍ കണ്ടുകഴിഞ്ഞപ്പോള്‍ മനസിലുണ്ടായ ഇത്തരം ചെറുകുഴപ്പങ്ങള്‍ മാറിയത് വീണ്ടും തിരികെ എന്‍റെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിയപ്പോഴാണ്. ‘സിനിമ പാരഡൈസോ’-യില്‍ ആല്‍ഫ്രെഡോ പറയുന്നത് പോലെ, പലതും മനസിലാകുന്നത് പല സ്ഥലങ്ങളും കണ്ടുതിരികെ വരുമ്പോഴാണ്. അങ്ങനെ എന്റെ സാധാരണ ദിവസത്തിലേക്ക് തിരികെ വന്ന്‍, കാമ്പസിലെ ചെറു സ്റ്റാളുകളുടെ മധ്യത്തില്‍, ആള്‍ക്കൂട്ടത്തിന്‍റെ നടുവില്‍ നിന്ന്, ഒരിക്കല്‍ക്കൂടി ആ graffiti-യില്‍ നോക്കിയപ്പോഴാണ്. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് IIT മദ്രാസ്‌ ഫൈന്‍ ആര്‍ട്സ് ക്ലബിലെ കൂട്ടുകാരും വിമല്‍ ചന്ദ്രനും  കൂടി വരച്ച graffiti ആണത്. ഒരു പെണ്‍കുട്ടി, ചുവന്ന സ്കാര്‍ഫ് കെട്ടി, നീലയും മഞ്ഞയും പശ്ചാത്തലത്തില്‍, കുറെ കിളികളെ കൂട്ടില്‍ നിന്നും മോചിപ്പിക്കുന്നതാണ് ചിത്രം. അതില്‍ me-lio-rismഎന്ന് എഴുതിയിരുന്നു. Meliorism എന്ന വാക്കിനെ oxford dictionary ഇങ്ങനെ വിശദീകരിക്കുന്നു. The belief that the world can be made better by human effort.

 

Share on

മറ്റുവാര്‍ത്തകള്‍