UPDATES

സയന്‍സ്/ടെക്നോളജി

എ ഐ യെ നിയന്ത്രിക്കാന്‍ ഇ യു

ഫെയ്‌സ്ബുക്ക് അടക്കമുള്ള ഭീമന്‍മാരുടെ കാര്യത്തില്‍ പറ്റിയ പാളിച്ചകള്‍ എ ഐ യുടെ കാര്യത്തില്‍ ഉണ്ടാക്കാന്‍ ഇടവരുത്തില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍

                       

തുടക്കത്തില്‍ അത്ഭുതത്തിനും പിന്നീട് ആശങ്കയ്ക്കും വഴിമാറിയ സാങ്കേതിക വിദ്യായണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ്. വിവരസാങ്കേതികവിദ്യ വാനോളം വളര്‍ന്ന കാലത്ത് സത്യമേത് മിഥ്യയേതെന്ന് തിരിച്ചറിയാനാകുന്നില്ല. വീഡിയോ, ശബ്ദശകലങ്ങള്‍ എന്നിവ കൃത്രിമമായി നിര്‍മിച്ചെടുക്കാനും തെറ്റിദ്ധരിപ്പിക്കാനും, കബളിപ്പിക്കാനും അനായാസം കഴിയുന്ന തരത്തില്‍ സാങ്കേതിക വിദ്യ മനുഷ്യന്‍ സ്വായത്തമാക്കിയിരിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മനുഷ്യ ബുദ്ധിയും ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ലോകത്ത് എന്തും നടക്കുമെന്നായി. വ്യാപകമായി ദുരുപയോഗം ചെയ്യാന്‍ തുടങ്ങിയതോടെ പലരും എ ഐ ഉപയോഗിച്ചുകൊണ്ടുളള കുറ്റകൃത്യങ്ങള്‍ക്ക് ഇരകളായി. എ ഐയുടെ ഉപയോഗത്തെ സമഗ്രമായി നിയന്ത്രിക്കാന്‍ ഒരു നിയമ സംവിധാനം ഇല്ലെന്നതായിരുന്നു പല രാജ്യങ്ങളും നേരിട്ടിരുന്ന വെല്ലുവിളി. ഈ പ്രതിസന്ധിക്ക് വിരാമം ഇടുന്നതാണ് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പുതിയ നിയമ മാര്‍ഗ നിര്‍ദേശക കരാര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനോടൊപ്പം സോഷ്യല്‍ മീഡിയ, സെര്‍ച്ച് എഞ്ചിനുകള്‍ എന്നിവ കൂടി നിയന്ത്രിക്കാനുള്ള കരാറിലാണ് യൂറോപ്യന്‍ പാര്‍ലമെന്റും രാജ്യങ്ങളും ഒപ്പ് വച്ചിരിക്കുന്നത്. 2025 ന് ശേഷമായിരിക്കും നിയമം പ്രാബല്യത്തില്‍ വരുക.

യൂറോപ്യന്‍ പാര്‍ലമെന്റ് 37 മണിക്കൂറുകള്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് ലോകത്തില്‍ തന്നെ ആദ്യമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ നിയന്ത്രിക്കുന്ന സമഗ്ര നിയമങ്ങളടങ്ങുന്ന കരാര്‍ അംഗീകരിച്ചത്. എക്‌സ്, ടിക്‌ടോക് , ഗൂഗിള്‍ തുടങ്ങിയ വന്‍കിട സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെയും സെര്‍ച്ച് എഞ്ചിനുകളെയും നിയന്ത്രിക്കുന്ന യൂറോപ്യന്‍ കമ്മീഷണറായ തിയറി ബ്രെട്ടന്‍ ഈ കരാറിനെ ചരിത്രപരമായത് എന്നാണ് വിശേഷിപ്പിച്ചത്. 100 ല്‍ അധികം പേര്‍ ഒരു മുറിയില്‍ ഇരുന്നു നടത്തിയ വലിയ ചര്‍ച്ചകളുടെ ആനന്തരഫലമാണ് ഈ കരാര്‍ എന്നും, ഇങ്ങനെ ഒരു വിഷയത്തില്‍ കുറച്ചധികം മണിക്കൂറുകള്‍ ചെലവിട്ടാലും അത് നഷ്ടമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഫ്രാന്‍സിലേയും ജര്‍മനിയിലെയും ചെറുകിട കമ്പനികള്‍ തങ്ങളുടെ വളര്‍ച്ചയെ തടസപ്പെടുത്താതിരിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുകളുടെ കാര്യത്തില്‍ മൃദു സമീപനം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫ്രാന്‍സിന്റെയും ജര്‍മനിയുടെയും വക്താക്കള്‍ കരാറിനെ നിര്‍ലോഭം പിന്തുണച്ചെന്നു സ്‌പെയിനിലെ എ ഐ സ്റ്റേറ്റ് സെക്രട്ടറി കാര്‍മെ ആര്‍റ്റിഗസ് പറയുകയുണ്ടായി. അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയായ എ ഐ യെ പലരും ഭയപ്പെടുന്ന കാലത്താണ് ഓരോരുത്തരും ജീവിച്ച് കൊണ്ടിരിക്കുന്നത്. ജീവന് വരെ ഭീഷണി ഉയര്‍ത്തുന്ന തരത്തില്‍ വളര്‍ന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന സാങ്കേതിക വിദ്യയില്‍ നിന്നു പൊതുജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ പശ്ചാത്തലത്തിലാണ് യൂറോപ്യന്‍ യൂണിയന്റെ ഈ കരാര്‍.

നിയന്ത്രണങ്ങളോടൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് എന്ന സാങ്കേതിക വിദ്യയെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നും ചര്‍ച്ചകള്‍ നടന്നതായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. പോലീസിനും, വ്യാപാരികള്‍ക്കും, സിനിമയിലും അതോടൊപ്പം പൊതുജനങ്ങള്‍ക്ക് തങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് വേണ്ടിയും എ ഐയെ ഉപയോഗിക്കാമെന്നും കരാറില്‍ നിര്‍ദേശിച്ചിരിക്കുന്നതായി സൂചനകളുണ്ട്.

അതോടൊപ്പം ബയോ മെട്രിക് സാങ്കേതികത ഉപയോഗിക്കുന്നതിനും മനുഷ്യവികാരങ്ങളെ തിരിച്ചറിഞ്ഞ് അവയോടു സാമ്യമുള്ളവ നിര്‍മിക്കുന്നതില്‍ നിന്ന് കരാര്‍ എ ഐയെ വിലക്കുന്നുണ്ട്. ഇത്തരത്തിലുള്ള വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നുണ്ടെങ്കിലും ഒരു അപ്രതീക്ഷിത ഭീകരാക്രമണ ഭീഷണിയുണ്ടാകുമ്പോഴോ, ആക്രമണത്തില്‍ ഉള്‍പ്പെട്ട വ്യക്തികളെ തിരിച്ചറിയേണ്ട ആവശ്യകത വന്നാലോ മാത്രമേ നിയമപാലകര്‍ക്കടകം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായം ഉപയോഗിക്കാന്‍ കഴിയു.

എ ഐ യെ നിയന്ത്രിക്കുന്നതിനായി നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനായി യൂറോപ്യന്‍ പാര്‍ലമെന്റിന്റെ നാലുവര്‍ഷത്തെ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ റൊമാനിയയിലെ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗം ഡ്രാഗോസ് ടുഡോറാഷുമായി ചര്‍ച്ചകള്‍ നടത്തിയെന്നും ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ എ ഐ യുടെ നിയന്ത്രണത്തില്‍ സ്വതന്ത്ര അധികാരം നല്‍കുമെന്നും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ ബ്രാന്‍ഡോ ബെനഫെയ് പറഞ്ഞു. മൗലികാവകാശങ്ങള്‍, മാനുഷിക മൂല്യങ്ങള്‍, വിശ്വാസം വളര്‍ത്തിയെടുക്കാന്‍ എ ഐ എങ്ങനെ കാര്യക്ഷമായി ഉപയോഗിക്കാമെന്നും, അതോടൊപ്പം മാനുഷികമായ സമീപനം അവലംബിച്ചു കൊണ്ട് എ ഐ യെ കാര്യക്ഷമയായി വളര്‍ത്തിയെടുക്കുമെന്നും ചര്‍ച്ചയില്‍ തീരുമാനിച്ചതായും ബ്രാന്‍ഡോ ബെനഫെയ് കൂട്ടിച്ചേര്‍ത്തു.

കുറ്റകൃത്യങ്ങള്‍ക്കെതിരേ പോരാടാനും ആക്രമണങ്ങള്‍ കണ്ടെത്തുന്നതിനും, അതോടപ്പം ജനങ്ങളുടെ സുരക്ഷിത്വത്തിന് എതിര് നില്‍ക്കുന്നവര്‍ക്കെതിരേ പോരാടാനും എ ഐ യുടെ സഹായം തേടുന്നതിന് ഞങ്ങള്‍ തടസം നിന്നിട്ടില്ല. എന്നാല്‍ അപകടകരമായ ഉപയോഗത്തിനെതിരെ മാത്രമാണ് നിയന്ത്രണങ്ങള്‍ കൊണ്ട് വരുന്നതെന്നും ഡ്രാഗോസ് ടുഡോറാഷെ പറയുന്നു. ആരോഗ്യം, സുരക്ഷ, മനുഷ്യാവകാശം എന്നിവയുടെ ലംഘനം പോലുളള അപകട സാധ്യതകളെ എതിരിടുന്ന തരത്തിലുള്ളതാണ് കരാറിന്റെ അടിസ്ഥാനം.

അതായത് ക്യാന്‍സര്‍ രോഗനിര്‍ണയത്തെ പറ്റി ഒരു ലേഖനം എഴുതുന്നതിനാവശ്യമായ വിവരങ്ങള്‍ എ ഐക്ക് നല്‍കുന്നത് മുതലുള്ള അടിസ്ഥാന ഉപയോഗങ്ങള്‍ വരെ ഉള്‍പ്പെടുത്തിയിട്ടുള്ള നിയമം ആണ് പ്രാവര്‍ത്തികമാക്കാന്‍ പോകുന്നത്. എ ഐക്കും ഭാവിയില്‍ എ ഐ നയിക്കുന്ന ലോകത്തിനും വേണ്ടി ഒരു നിയന്ത്രണം കൊണ്ടുവരുന്ന ലോകത്തിലെ തന്നെ ആദ്യത്തെ വ്യക്തികള്‍ ഞങ്ങള്‍ ആണെന്നാണ് ഡ്രാഗോസ് അവകാശപ്പെടുന്നത്.

പൊതു തെരെഞ്ഞെടുപ്പുകളിലെ ഇടപെടലുകളും കുട്ടികളെ ഉപയോഗിച്ച് കൊണ്ടുള്ള ലൈംഗികതയടക്കം നിര്‍ലോഭം പ്രോത്സാഹിപ്പിക്കുന്ന ഫെയ്‌സ്ബുക്ക് അടക്കമുള്ള ഭീമന്‍മാരുടെ കാര്യത്തില്‍ പറ്റിയ പാളിച്ചകള്‍ എ ഐ യുടെ കാര്യത്തില്‍ ഉണ്ടാക്കാന്‍ ഇടവരുത്തില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചതായി ഡ്രാഗോസ് പറയുന്നു. യൂറോപ്യന്‍ യൂണിയന്റെ ശക്തവും സമഗ്രവുമായ നിയന്ത്രണങ്ങളില്‍ നിന്ന് ലോകത്തെ പല സര്‍ക്കാരുകള്‍ക്കും പലതും ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കാനും പ്രാവര്‍ത്തികമാക്കാനും കഴിയും. കരാറിലെ എല്ലാ വ്യവസ്ഥകളും എല്ലാ രാജ്യങ്ങളും അംഗീകരിക്കാന്‍ സാധ്യതയില്ലെങ്കിലും വലിയൊരു ശതമാനം വ്യസ്ഥകളും കാര്യക്ഷമമായി ഉപയോഗിക്കുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം പറയുന്നു.

Share on

മറ്റുവാര്‍ത്തകള്‍