ബിജെപി വക്താവ് ജിവിഎല്‍ നരസിംഹ റാവു എഴുതിയ പുസ്തകത്തിന്റെ പേര് ‘ജനാധിപത്യം അപകടത്തില്‍’ എന്നാണ്. എല്‍കെ അദ്വാനി അവതാരിക എഴുതിയിരിക്കുന്ന പുസ്തകത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവും ഒരു ചെറിയ കുറിപ്പ് എഴുതിയിട്ടുണ്ട്. ഇന്ത്യയിലെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ നൂറു ശതമാനം വിശ്വാസ്യത എന്ന അവകാശവാദത്തെ വെല്ലുവിളിക്കുന്ന ആദ്യത്തെ രേഖയൊന്നുമല്ല 2010-ല്‍ പുറത്തിറങ്ങിയ ഈ പുസ്തകം.
അതേ സമയത്ത് തന്നെ സിപിഎം തുടങ്ങി ലാലു പ്രസാദ് യാദവ് വരെയുള്ള നിരവധി രാഷ്ട്രീയ പ്രസ്ഥാനങ്ങളും നേതാക്കളും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം കേടുവരുത്താന്‍ സാധ്യതയുണ്ടെന്ന തങ്ങളുടെ ആശങ്കകളെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു.
എന്നാല്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ പോരായ്മകളെയും ചൂഷണം ചെയ്യപ്പെടാനുള്ള ആശങ്കകളെയും കുറിച്ച് ഏറ്റവും വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തിയത് ഒരു മൂന്നംഗ സംഘമായിരുന്നു. ഹൈദരാബദില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധന്‍ ഹരി പ്രസാദ്, മിഷിഗണ്‍ സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനായ ഡോ. ജെ അലക്‌സാണ്ടര്‍ ഹാല്‍ഡെര്‍മാന്‍, സാങ്കേതിക സന്നദ്ധപ്രവര്‍ത്തകനായ ഹോളണ്ട് റോപ് ഗോണ്‍ഗ്രിജിപ്പ് എന്നിവരാണവര്‍.
ഹാല്‍ഡര്‍മാനും ഗോണ്‍ഗ്രിജിപ്പിനും ഇക്കാര്യത്തില്‍ പ്രശംസനീയമായ അന്വേഷണങ്ങള്‍ നടത്തിയിട്ടുള്ളവരാണ്: വോട്ടിംഗ് യന്ത്രത്തിലെ പിഴവ് കണ്ടുപിടിക്കുകയും അങ്ങനെ കാലിഫോര്‍ണിയയില്‍ നടന്ന തിരഞ്ഞെടുപ്പ് പുനഃപരിശോധിക്കാന്‍ കാരണക്കാരനാകുകയും ചെയ്ത ആളാണ് ഹാല്‍ഡെര്‍മാന്‍. ഗോണ്‍ഗ്രിജിപ്പിന്റെ പ്രവര്‍ത്തനഫലമായി നെതര്‍ലണ്ടില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം എന്ന സങ്കല്‍പം തന്നെ നിരോധിക്കപ്പെട്ടു.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ബോധപൂര്‍വം കേടുവരുത്താവുന്ന നിരവധി വഴികളെ കുറിച്ച് മൂവരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്: ഡിസ്പ്‌ളേ മാറ്റിമറിക്കുന്നതും സംവിധാനത്തെ പ്രവര്‍ത്തിപ്പിക്കുന്ന സോഫ്‌റ്റ്വെയറുകള്‍ നിയന്ത്രിക്കുന്നതും ഉള്‍പ്പെടെ നിരവധി മാറ്റിമറിക്കലുകള്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ സംഭവിക്കാം എന്ന് അവര്‍ തെളിവു സഹിതം ചൂണ്ടിക്കാട്ടി.
എന്നാല്‍ ഇത്തരം ആരോപണങ്ങളെ ഏകപക്ഷീയമായി തള്ളിക്കളയാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായത്. ഇത്തരം ആരോപണങ്ങള്‍ക്കൊന്നും പ്രസക്തിയില്ലെന്നാണ് 2009ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച് ഒരു പ്രസ്താവനയില്‍ പറഞ്ഞത്.
എന്നാല്‍ യുപി തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതോടെ ഇത്തരം ആരോപണങ്ങള്‍ തിരിച്ചുവരികയാണ്. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനു പുറമേ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സംശയം പ്രകടിപ്പിച്ച ബിഎസ്പി നേതാവ് മായാവതി മുസ്ലീം ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ ബിജെപി ജയിച്ചതിന്റെ ഉദാഹരണങ്ങളും ചൂണ്ടിക്കാണിച്ചു. അവരുടെ ആരോപണങ്ങള്‍ തള്ളിക്കളയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാണിച്ച വ്യഗ്രതയും ശ്രദ്ധേയമാണ്. (http://eci.nic.in/eci_main/press/current/pn080809.pdf)
കണക്കുകള്‍ പ്രകാരമുള്ള വിശദീകരണങ്ങള്‍ എളുപ്പമാണ്. എസ്പിയുടെയും ബിഎസ്പിയുടെയും വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ത്രികോണ മത്സരം സഹായിച്ചു എന്ന് ആര്‍ക്കും വ്യാഖ്യാനിക്കാം. അങ്ങനെ സംസ്ഥാനം തൂത്തുവാരാന്‍ ബിജെപിയെ സഹായിച്ചുവെന്നും. ഭൂരിപക്ഷം മണ്ഡലങ്ങളിലും എസ്പിയുടെയും ബിഎസ്പിയുടെയും വോട്ടുകള്‍ കൂട്ടി നോക്കിയാല്‍ അത് ബിജെപിക്ക് ലഭിച്ച വോട്ടുകളെക്കാള്‍ എത്രയോ മുന്നിലാണെന്നതും യാഥാര്‍ത്ഥ്യമാണ്.
പക്ഷെ അത്തരം വിശദീകരണങ്ങള്‍ കൊണ്ടുമാത്രം കാര്യങ്ങള്‍ പൂരിപ്പിക്കപ്പെടുന്നില്ല.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയില്‍ ഇലക്ട്രോണിക് വോട്ടിംഗ് പ്രവര്‍ത്തനത്തെ സംബന്ധിച്ച നിരവധി സംശയങ്ങള്‍ നിരവധി രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഉന്നയിച്ചിട്ടുണ്ട്. പക്ഷെ പലപ്പോഴും അത്തരം ആരോപണങ്ങള്‍ ഉയരുന്നത് സ്വന്തം പാര്‍ട്ടി ദയനീയമായി തോല്‍ക്കുമ്പോഴാണെന്ന് മാത്രം.
പക്ഷെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ പ്രശ്‌നങ്ങള്‍ ആഗോളമായി ഉന്നയിക്കപ്പെടുന്നതാണ്. നെതര്‍ലന്റ്, അയര്‍ലന്റ്, ജര്‍മ്മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും കാലിഫോര്‍ണിയ പോലുള്ള സംസ്ഥാനങ്ങളും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം നിരോധിക്കുകയോ അതിന്റെ കുഴപ്പങ്ങള്‍ക്ക് പകരമായി പേപ്പര്‍ ബാലറ്റുകള്‍ പുനഃസ്ഥാപിക്കുകയോ ചെയ്തിട്ടുണ്ട്.
അവശ്യമായ സുതാര്യത പുലര്‍ത്താന്‍ ശ്രമിക്കാത്തിടത്തോളം കാലം, മാതൃകാപരമായ ജനാധിപത്യ മൂല്യങ്ങള്‍ വോട്ടര്‍മാരും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പിന്തുടരാതിരിക്കുന്ന സാഹചര്യങ്ങളില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകള്‍ ഏറെയാണ്.
സാമുദായിക വിഭാഗീയത മുതല്‍ കള്ളപ്പണം ഉപയോഗിക്കുന്നത് വരെയുള്ള ഏത് സീമയിലേക്കും നേതാക്കള്‍ക്ക് സഞ്ചരിക്കാന്‍ മടിയില്ലാത്ത ഒരു രാഷ്ട്രീയ സംവിധാനത്തില്‍, അത്തരം നേതാക്കളെയും അവരുടെ കൂട്ടാളികളെയും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ വിധി നിശ്ചയിക്കാന്‍ വിട്ടുകൊടുക്കുന്നതില്‍ അര്‍ത്ഥമില്ല.
അതുകൊണ്ടുതന്നെ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെ പരിശുദ്ധി നിലനിര്‍ത്തുക എന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ നിര്‍ണായകമാണ്. ലോകത്തിലെ ഏറ്റവും ജനാധിപത്യപരമായ ആഘോഷം രേഖപ്പെടുത്തുന്നതില്‍ കുറച്ചുകൂടി സുതാര്യമായ ഒരു സംവിധാനം ഇന്ത്യ കണ്ടെത്തേണ്ടിയിരിക്കുന്നു.