UPDATES

കച്ചോടം പൊളിഞ്ഞപ്പോള്‍ മക്‌ഡൊണാള്‍ഡ്‌സിന്‌ വീണ്ടുവിചാരം

ഇസ്രയേല്‍ സ്‌നേഹം തിരിച്ചടിച്ചു

                       

ഇസ്രയേലില്‍ പ്രവര്‍ത്തിച്ചുവരുന്ന തങ്ങളുടെ എല്ലാ റെസ്റ്ററന്റുകളും തിരികെ വാങ്ങിക്കാന്‍ അമേരിക്കന്‍ ഫാസ്റ്റ് ഫുഡ് ഭീമന്‍ മക്‌ഡൊണാള്‍ഡ്‌സ്‌. ഗാസയില്‍ കൂട്ടക്കൊല നടത്തിവരുന്ന ഇസ്രയേല്‍ സൈനികര്‍ക്ക് സൗജന്യഭക്ഷണം വിതരണം ചെയ്തുവെന്ന ആരോപണത്തെ തുടര്‍ന്ന് ലോകവ്യാപകമായി ബഹിഷ്‌കരണം നേരിടുകയാണ് മക്‌ഡൊണാള്‍ഡ്‌സ്‌. ഇതവരുടെ കച്ചവടത്തെ സാരമായി ബാധിച്ചതോടെയാണ്, ഇസ്രയേലില്‍ ഫ്രാഞ്ചൈസികള്‍ നടത്തി വന്നിരുന്ന അലോന്യല്‍ ഗ്രൂപ്പിനെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. അലോന്യല്‍ ആണ് ഇസ്രയേല്‍ സൈനികര്‍ക്ക് സൗജന്യ മക്‌ഡൊണാള്‍ഡ്‌സ്‌ വിഭവങ്ങള്‍ വിളമ്പിയതെന്ന ആരോപണം നേരിടുന്നത്. 5000 ജീവനക്കാരുമായി 225 മക്‌ഡൊണാള്‍ഡ്‌സ്‌ റസ്റ്ററന്റുകള്‍ അലോന്യല്‍ ഇസ്രയേലില്‍ ഉടനീളം പ്രവര്‍ത്തിപ്പിക്കുന്നുണ്ടായിരുന്നു.

മിഡില്‍ ഈസ്റ്റ്, ഇന്തോനേഷ്യ, മലേഷ്യ, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ ബഹിഷ്‌കരണം മക്‌ഡൊണാള്‍ഡ്‌സിനെ
സാരമായി ബാധിച്ചിരുന്നു. ജനുവരിയില്‍ കമ്പനി തന്നെ ഇക്കാര്യം സമ്മതിക്കുകയും ചെയ്തിരുന്നു. സംഘര്‍ഷം തങ്ങളുടെ ബിസിനസിനെ അക്ഷരാര്‍ത്ഥത്തില്‍ ബാധിച്ചു എന്നായിരുന്നു കമ്പനിയുടെ വാക്കുകള്‍. കഴിഞ്ഞ മുപ്പത് വര്‍ഷമായി അലോന്യല്‍ ആണ് ഇസ്രയേലില്‍  ഫ്രാഞ്ചൈസികള്‍ നടത്തി വരുന്നത്. ഒമ്രി പദാന്‍ ആണ് അലോന്യല്‍ ഉടമയും സിഇഒയും. മക്‌ഡൊണാള്‍ഡ്‌സ്‌ ലോകവ്യാപകമായി ഫ്രാഞ്ചൈസികള്‍ നല്‍കി വരുന്നുണ്ട്. ഫ്രാഞ്ചൈസികള്‍ വാങ്ങുന്നവര്‍ക്ക് അവരുടെതായ രീതിക്ക് ജീവനക്കാരെ വച്ച് സ്വകാര്യ ഓപ്പറേഷന്‍ നടത്താനുള്ള ലൈസന്‍സ് നല്‍കും.

ഗാസ യുദ്ധത്തില്‍ ഇസ്രയേലിനെതിരേ രോഷം പുകയുന്നതിനിടയിലാണ് മക്‌ഡൊണാള്‍ഡ്‌സ്‌  ഇസ്രയേല്‍ സേനയ്ക്ക് ആഹാരം നല്‍കി പിന്തുണയ്ക്കുന്നുവെന്ന വാര്‍ത്ത പരന്നത്. ഇതോടെ മുസ്ലിം രാജ്യങ്ങള്‍ മക്‌ഡൊണാള്‍ഡ്‌സിനെതിരേ തിരിഞ്ഞു. കുവൈറ്റ്, മലേഷ്യ, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങള്‍, ഇസ്രയേലിനെ പിന്തുണയ്ക്കുന്ന മക്‌ഡൊണാള്‍ഡ്‌സിനെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തു. പ്രതിഷേധം ലോകവ്യാപകമായി. ആളുകള്‍ റസ്റ്ററന്റുകള്‍ ബഹിഷ്‌കരിച്ചു. മിഡില്‍ ഈസ്റ്റില്‍ മാത്രമല്ല, ഫ്രാന്‍സ്, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയയിടങ്ങളിലെല്ലാം കച്ചവടം ഇടിഞ്ഞു. വര്‍ഷാദ്യത്തില്‍ മക്‌ഡൊണാള്‍ഡ്‌സ്‌ ഇത്തരം ബഹിഷ്‌കരണങ്ങള്‍ക്ക് വലിയ ശ്രദ്ധ കൊടുത്തിരുന്നില്ല. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബഹിഷ്‌കരണം എന്നായിരുന്നു ചീഫ് എക്‌സിക്യൂട്ടീവ് ക്രിസ് കെംപ്‌സിന്‍സ്‌കി വിമര്‍ശിച്ചത്. പക്ഷേ, അവര്‍ കരുതിയതുപോലെ നിസ്സാരമായിരുന്നില്ല കാര്യങ്ങള്‍. ബഹിഷ്‌കരണം അവരുടെ സാമ്പത്തികാടിത്തറ ഉലച്ചു. ഏകദേശം നാല് വര്‍ഷത്തിനുള്ളില്‍ ആദ്യമായി അവരുടെ ത്രൈമാസ വില്‍പ്പന കുത്തനെ ഇടിഞ്ഞു. ഉണ്ടായിക്കൊണ്ടിരിക്കുന്ന തിരിച്ചടി വലുതാണെന്നു മനസിലായതോടെയാണ് വീണ്ടുവിചാരത്തിന് കമ്പനി തയ്യാറായത്. ലോകത്താകമാനമുള്ള 40,000 ല്‍ അധികം റസ്റ്ററന്റുകളില്‍ ഭൂരിഭാഗവും സ്വകാര്യ ഫ്രാഞ്ചൈസികള്‍ക്കാണ് നടത്താന്‍ നല്‍കിയിരിക്കുന്നത്. റസ്റ്ററന്റുകളില്‍ ഏകദേശം അഞ്ചു ശതമാനവും മിഡില്‍ ഈസ്റ്റിലാണ് പ്രവര്‍ത്തിക്കുന്നത്.

ഇസ്രയേല്‍ വിപണിയെക്കുറിച്ച് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ജീവനക്കാരും ഉപഭോക്താക്കളും തമ്മിലുള്ള ഊഷ്മളമായ ബന്ധം തുടര്‍ന്നുകൊണ്ടുപോകുമെന്നും മക്‌ഡൊണാള്‍ഡ്‌സ്‌ മാനേജ്‌മെന്റ് വ്യാഴാഴ്ച്ച ഇറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്. ഇസ്രയേലില്‍ തങ്ങളുടെ ബ്രാന്‍ഡ് കെട്ടിപ്പടുക്കാന്‍ പരിശ്രമിച്ച അലോന്യലിന് പ്രത്യേകം നന്ദിയും പറയുന്നുണ്ട്. ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങള്‍ തങ്ങളെ കൂടുതല്‍ പ്രചോദിപ്പിക്കുമെന്നായിരുന്നു അലോന്യലിന്റെ പ്രതികരണം.

Share on

മറ്റുവാര്‍ത്തകള്‍