UPDATES

റിലയന്‍സിന് കീഴടങ്ങി ഡിസ്‌നി

ഇന്ത്യന്‍ വിനോദവ്യവസായ മേഖലയിലെ കുത്തക നേടി അംബാനി

                       

വിനോദ വ്യവസായത്തിലെ വമ്പന്മാരായ വാള്‍ട്ട് ഡിസ്നിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും (ആര്‍ഐഎല്‍) തമ്മില്‍ കൈകോര്‍ത്തുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. ബ്ലൂംബര്‍ഗാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മീഡിയ ബിസിനസ് വിഭാഗവും വാള്‍ട്ട് ഡിസ്നിയുടെ ഇന്ത്യയിലെ മീഡിയ കമ്പനികളും യോജിച്ചുള്ള പ്രവര്‍ത്തനങ്ങളായിരിക്കും ഇനി മുതല്‍ ഇന്ത്യയില്‍ ഉണ്ടാകുക. ഇരു കൂട്ടരും ഒപ്പ് വച്ച കരാര്‍ പ്രകാരം റിലയന്‍സിന്റെ മീഡിയ യൂണിറ്റിനും അതിന്റെ അനുബന്ധ സ്ഥാപനങ്ങള്‍ക്കും കുറഞ്ഞത് 60 % ശതമാനമെങ്കിലും ഓഹരി ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷ, ബാക്കിയായിരിക്കും ഡിസ്നിയുടെ പക്കലുണ്ടാവുക.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള വയാകോം18- ന് ഡിസ്‌നി തങ്ങളുടെ ഇന്ത്യയിലെ ബിസിനസ്സിന്റെ 60% ശതമാനമാണ് വില്‍ക്കുന്നത്. ഏകദേശം 3.9 ബില്യണ്‍ ഡോളറാണ് (ഏകദേശം 33,000 കോടി ഇന്ത്യന്‍ രൂപ) കരാറിന്റെ മൂല്യം.

2024 ഫെബ്രുവരി ആദ്യ ആഴ്ചകളില്‍ ഡിസ്നി തങ്ങളുടെ ഇന്ത്യയിലെ ബിസിനസ്സിന്റെ 60 ശതമാനവും വയാകോം 18-ന് വില്‍ക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇന്ത്യന്‍ മാധ്യമ മേഖലയിലും വിനോദ വ്യവസായത്തിലും ഡിസ്‌നിയും റിലയന്‍സും തമ്മിലുളള ഈ കരാര്‍ ഒരു സുപ്രധാന നീക്കമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സമാനമായ രീതിയില്‍ 2024 ജനുവരിയില്‍ ജപ്പാനിലെ സോണി പിക്‌ചേഴ്‌സ് നെറ്റ്വര്‍ക്കും സീ എന്റര്‍ടെയ്ന്‍മെന്റുമായുള്ള ലയനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ഡിസ്നി നടത്തിയെങ്കിലും, ലയനത്തിന് ശേഷമുളള കമ്പനി നേതൃത്വത്തെ പറ്റി ഇരു വിഭാഗങ്ങളും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുക്കുകയും തുടര്‍ന്ന് വിഷയത്തില്‍ ധാരണയാകാത്തത് മൂലം കരാര്‍ ശ്രമങ്ങള്‍ ഉപേക്ഷിക്കുകയുമായിരുന്നു.

സമീപകാലത്ത്, ഡിസ്‌നിയുടെ നേതൃത്വം ഏറ്റെടുക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ ശരിയായ രീതിയില്‍ പരിഹരിക്കാത്തതിന് ഷെയര്‍ ഹോള്‍ഡറായ നെല്‍സണ്‍ പെല്‍റ്റ്‌സില്‍ നിന്നും ഡിസ്‌നിക്ക് വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ നേരിടേണ്ടതായി വന്നിരുന്നു. പ്രശ്‌ന പരിഹാരത്തിനായി 2023 നവംബര്‍ അവസാനത്തോടെ ഡിസ്‌നി പുതിയ രണ്ട് ഡയറക്ടര്‍മാരെ നിയമിക്കുകയും ചെയ്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡുമായുള്ള കരാറിലൂടെ ഇന്ത്യയിലുള്ള വാള്‍ട്ട് ഡിസ്‌നിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലമായി തുടര്‍ന്നു പോകാനും കൂടുതല്‍ ശക്തിപ്രാപിക്കാനും അതോടൊപ്പം ലാഭം ഉയര്‍ത്താനും സാധിക്കുമെന്നാണ് കരുതുന്നത് എന്ന് വാള്‍ട്ട് ഡിസ്‌നിയുടെ സിഇഒ ഐഗര്‍ പറഞ്ഞിരുന്നു. കൂടാതെ കമ്പനി കൂടുതല്‍ ശക്തമാക്കുന്നതിനായുള്ള മറ്റ് മാര്‍ഗ്ഗങ്ങളെ പറ്റി ചിന്തിക്കുന്നുണ്ടെന്നും തന്റെ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

ഡയറക്ടര്‍ ബോര്‍ഡില്‍ ഡിസ്നിക്കും റിലയന്‍സിനും തുല്യ പങ്കാളിത്തമാണ് ഉണ്ടായിരിക്കുക. 150 കോടി ഡോളര്‍ വരെ മൂലധന നിക്ഷേപം പ്രതീക്ഷിക്കുന്ന ഒരു ബിസിനസ് പ്ലാനും ഇരുപക്ഷവും ചര്‍ച്ച ചെയ്യുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സംപ്രേഷണാവകാശം, റിലയന്‍സിന്റെ നേതൃത്വത്തിലുള്ള സംയുക്ത സംരംഭമായ വയാകോം18 മീഡിയ പ്രൈവറ്റ് ലിമിറ്റഡ് നേടിയതോടെയാണ് വാള്‍ട്ട് ഡിസ്നി ഇന്ത്യയുടെ ബിസിനസില്‍ കളം മാറിച്ചവിട്ടുന്നതിനെ പറ്റി ചിന്തിക്കുന്നത്.

ജിയോ സിനിമ, ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ തുടങ്ങിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളാണ് ഇരു കമ്പനികള്‍ക്കുമുള്ളത്. ഇത് കൂടാതെ റിലയന്‍സിന് വയാകോം 18ന് കീഴില്‍ 38 ചാനലുകളുണ്ട്. ഡിസ്നിയുടെ ഹോട്ട്സ്റ്റാര്‍ സ്ട്രീമിംഗ് ആപ്പ് നഷ്ടത്തിലായതിനാല്‍ ഈ കരാര്‍ വളരെ പ്രയോജനകരമായിരിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഡിസ്‌നിയുടെ ടെലിവിഷന്‍ ചാനലുകള്‍ ഇന്ത്യയില്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, ബിസിനസിന്റെ മറ്റ് വിഭാഗങ്ങള്‍ നഷ്ടത്തിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാകുന്നത്.

വാള്‍ട്ട് ഡിസ്നിയും റിലയന്‍സ് ഇന്‍ഡസ്ട്രീസും ലയിക്കുന്നതോടെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാധ്യമ വിനോദ കമ്പനിയാണ് രൂപമെടുക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍