സാധാരണ ഗതിയില്‍ ഒരിക്കല്‍ രോഗം ബാധിച്ചാല്‍ ജീവിതകാലം മുഴുവന്‍ ഈ രോഗം വരാതെയിരിക്കാം. എന്നാല്‍, പൊതു പ്രതിരോധം തകരാറിലായാല്‍ വീണ്ടും വരാന്‍ സാധ്യതയുമുണ്ട്.
ചൂടേറുന്നതോടെ പകരുന്ന ഒരു രോഗമാണ് ചിക്കന്‍പോക്‌സ്. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ചു ഫെബ്രുവരി 1 മുതല്‍ ഇതു വരെ 4185 പേര്‍ക്കാണു രോഗം പിടിപെട്ടത്. ജനങ്ങള്‍ ഏറെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ‘വേരിസെല്ലസോസ്റ്റര്‍’ എന്ന വൈറസാണ് ചിക്കന്‍പോക്സ് പടര്‍ത്തുന്നത്. ഗര്‍ഭിണികള്‍, പ്രമേഹ രോഗികള്‍, നവജാത ശിശുക്കള്‍, തുടങ്ങിയവര്‍ക്കു പ്രതിരോധ ശക്തി കുറവായതിനാല്‍ കൂടുതല്‍ ശ്രദ്ധിക്കണം.
ശരീരവേദന, കഠിനമായ ക്ഷീണം, വിശപ്പില്ലായ്മ, നടുവേദന എന്നിവയാണ് ചിക്കന്‍പോക്‌സിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. ശരീരത്തില്‍ ചെറിയ കുമിളകള്‍ പ്രത്യക്ഷപ്പെടുന്നതോടെയാണു പലരും ചിക്കന്‍പോക്‌സാണു ബാധിച്ചതെന്നു അറിയുന്നത്. ആദ്യം നെഞ്ചിലും ഉദരത്തിലും വായിലും പ്രത്യക്ഷപ്പെടുന്ന കുമിളകള്‍ പിന്നീട് ശരീരത്തില്‍ പലയിടത്തും കണ്ടു തുടങ്ങും. കുരുക്കളുള്ള ഭാഗത്ത് മാത്രമായോ ശരീരം മുഴുവനുമായോ ചൊറിച്ചില്‍ അനുഭവപ്പെടാം
ചിക്കന്‍പോക്‌സിനെ പ്രതിരോധിക്കാന്‍ വാക്‌സിനേഷന്‍ എടുക്കുന്നതാണ് ഉത്തമം. രോഗം ബാധിച്ചാല്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം ആന്റിവൈറല്‍ മരുന്ന് ഉപയോഗിക്കാം. ശരീരത്തിലുണ്ടാകുന്ന കുമിളകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ താഴ്ന്നു തുടങ്ങും. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാണ്.
രോഗിയുടെ ചുമ, തുമ്മല്‍ എന്നിവയിലൂടെ ചിക്കന്‍പോക്‌സ് മറ്റൊരാള്‍ക്കു ബാധിക്കാം. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ ചികിത്സ തേടുകയും പ്രത്യേക മുറിയില്‍ രോഗിയെ താമസിപ്പിക്കുകയും വേണം.കുമിളകള്‍ പ്രത്യക്ഷപ്പെടുന്നതിന് 2 ദിവസം മുന്‍പ് മുതല്‍ കുമിള പൊന്തി 6-10 ദിവസം വരെയും രോഗം പകരും. സാധാരണ ഗതിയില്‍ ഒരിക്കല്‍ രോഗം ബാധിച്ചാല്‍ ജീവിതകാലം മുഴുവന്‍ ഈ രോഗം വരാതെയിരിക്കാം. എന്നാല്‍, പൊതു പ്രതിരോധം തകരാറിലായാല്‍ വീണ്ടും വരാന്‍ സാധ്യതയുമുണ്ട്.
ശരീര ശുചിത്വം, ചിക്കന്‍പോക്സ് ബാധിച്ചവര്‍ കുമിളകള്‍ പൊട്ടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം,വായു സഞ്ചാരമുള്ള മുറിയില്‍ വിശ്രമിക്കണം. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതു മുതല്‍ മതിയായ വിശ്രമം ആവശ്യമാണ്.തിളപ്പിച്ചാറിയ വെള്ളം ധാരാളം കുടിക്കണം. ഇളനീര്‍, പഴച്ചാറുകള്‍ എന്നിവയും കുടിക്കാം.. (ഓറഞ്ച്, മൂസംബി എന്നിങ്ങനെ പുളിപ്പുള്ള പഴങ്ങള്‍ ഒഴിവാക്കണം.).ഇവ ശ്രദ്ധിച്ചാല്‍ ചിക്കന്‍പോക്സ് കരുതലോടെ നേരിടാം