June 14, 2025 |
സഹന ബിജു
സഹന ബിജു
Share on

ചോക്ലേറ്റ് കഴിക്കൂ പ്രമേഹം തടയൂ!

ചോക്ലേറ്റിലെ പ്രധാന ചേരുവയായ കൊക്കോയില്‍ കാണുന്ന ചില സംയുക്തങ്ങള്‍ പ്രമേഹം തടയാനും പ്രമേഹ ചികിത്സക്കും സഹായിക്കും

ചോക്ലേറ്റ് കഴിക്കുന്നത് പ്രമേഹം തടയാന്‍ സഹായിക്കും. ഇത് കേട്ടാല്‍ ആര്‍ക്കാണ് ചിരി വരാത്തത്. എന്നാല്‍ ചിരിക്കാതെ കേട്ടോളൂ. സംഗതി സത്യമാണ്. ചോക്ലേറ്റിലെ പ്രധാന ചേരുവയായ കൊക്കോയില്‍ കാണുന്ന ചില സംയുക്തങ്ങള്‍ പ്രമേഹം തടയാനും പ്രമേഹ ചികിത്സക്കും സഹായിക്കും എന്ന് പഠനത്തില്‍ തെളിഞ്ഞു.

ഗ്ലൂക്കോസ് നില നിയന്ത്രിക്കുന്ന ഹോര്‍മോണ്‍ ആണ് ഇന്‍സുലിന്‍. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കൂടുതല്‍ ഇന്‍സുലിന്‍ പുറപ്പെടുവിക്കാന്‍ കൊക്കോയില്‍ അടങ്ങിയ എപികറ്റെച്ചിന്‍ മോണോമിയറുകള്‍ എന്ന സംയുക്തം സഹായിക്കുന്നു. എപികറ്റെച്ചിന്‍ മോണോമിയറുകളുടെ വര്‍ധിച്ച സാന്നിധ്യം ബീറ്റ കോശങ്ങളെ ശക്തിയോടെ നിലനിര്‍ത്തുകയും ഇന്‍സുലിന്‍ പുറപ്പെടുവിക്കാന്‍ ഉള്ള കഴിവ് വര്‍ധിപ്പിക്കുകയും ചെയ്യും.

ഒരാള്‍ക്ക് പ്രമേഹം ഉള്ളപ്പോള്‍ അയാളുടെ ശരീരം വേണ്ടത്ര ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാതെ വരും. അതുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് ശരിയായി നിയന്ത്രിക്കാനും ആകില്ല. ഇന്‍സുലിന്‍ ഉല്പാദിപ്പിക്കുന്ന ബീറ്റ കോശങ്ങളുടെ പ്രവര്‍ത്തന തകരാറുമൂലമാണിത്. ഓക്‌സീകരണ സമ്മര്‍ദം നേരിടാനുള്ള കഴിവ് വര്‍ധിപ്പിക്കുക വഴി എപികറ്റെച്ചിന്‍ മോണോമിയറുകള്‍ കോശങ്ങളെ സംരക്ഷിക്കുന്നു. ബ്രിഘം യങ് സര്‍വകലാശാല ഗവേഷകര്‍ പറയുന്നു.

ബീറ്റ കോശങ്ങളിലെ മൈറ്റോകോണ്‍ട്രിയയെ എപിക റ്റെച്ചിന്‍ മോണോമിയറുകള്‍ ശക്തി യുള്ളതാക്കുന്നു. കോശങ്ങളിലെ ഊര്‍ജത്തിന്റെ ഉറവിടമായ എ ടി പി യെ കൂടുതല്‍ അളവില്‍ ഉല്‍പ്പാദിപ്പിക്കുന്നത് മൈറ്റോ കോണ്‍ട്രിയ ആണ്. അത് വഴി കൂടുതല്‍ ഇന്‍സുലിന്‍ പുറപ്പെടുവിക്കുന്നു.

ഉയര്‍ന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണത്തോടൊപ്പം കൊക്കോ യും നല്‍കി മൃഗങ്ങളില്‍ ആണ് ആദ്യം പരീക്ഷണം നടത്തിയത്. കൊഴുപ്പ് കൂടിയ ഭക്ഷണത്തില്‍ കൊക്കോ ചേര്‍ക്കുമ്പോള്‍ മൃഗങ്ങളില്‍ പൊണ്ണത്തടി കുറയുന്നതായും രക്തത്തിലെ ഉയര്‍ന്ന ഗ്ലൂക്കോസ് നില നിയന്ത്രിക്കാനുള്ള കഴിവ് വര്‍ധിക്കുന്നതായും കണ്ടു എന്ന് ന്യൂട്രിഷണല്‍ ബയോ കെമിസ്ട്രി എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ഭക്ഷണത്തിലും സപ്ലിമെന്റുകളിലും ഈ സംയുക്തം ഫലപ്രദമായി ഉപയോഗിച്ച് രക്തത്തിലെ ഗ്ലൂക്കോസ് നില നിയന്ത്രിക്കാനും ടൈപ്പ് 2 പ്രമേഹം വരുന്നത് വൈകിപ്പിക്കാനും തടയാനും കഴിയുമെന്ന് ഈ പഠന ഫലം തെളിയിച്ചു.

സഹന ബിജു

സഹന ബിജു

ജേണലിസത്തിൽ ബിരുദാനന്തര ബിരുദം, എം ഫിൽ. മനോരമ ഓൺലൈനിൽ വെബ്‌ അസോസിയേറ്റ് ആയിരുന്നു. ഇപ്പോൾ സ്വതന്ത്ര മാധ്യമപ്രവർത്തക.

More Posts

Leave a Reply

Your email address will not be published. Required fields are marked *

×