കഴിക്കാനിരിക്കുമ്പോൾ മറ്റെല്ലാം മാറ്റി വെച്ച് ശ്രദ്ധ മുഴുവൻ ഭക്ഷണത്തിലായിരിക്കണം.
പുതുവർഷം ഒക്കെയല്ലേ, കുറെ അവധിയൊക്കെ കിട്ടിയില്ലേ എന്നൊക്കെ വിചാരിച്ച് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കൂടെ ഈ മാസം കണ്ണിൽ കണ്ടതെല്ലാം വാരി വലിച്ച് കഴിച്ചിട്ടുണ്ടോ? പഴയത് പോലെ ആരോഗ്യമുള്ള ഭക്ഷണ ക്രമത്തിലേക്കും ആകാരവടിവിലേക്കും മാസാവസാനമെങ്കിലും മടങ്ങി വരണമെന്ന് ആഗ്രഹിക്കുന്നുണ്ടോ എങ്കിൽ ഇതൊന്നു വായിക്കൂ.
തടി കുറയ്ക്കാൻ മറ്റൊന്നും ചെയ്യേണ്ട, വെറുതെ കഴിക്കുന്ന ഭക്ഷണത്തിൽ ഒന്ന് മനസ്സുവെച്ചാൽ മാത്രം മതി എന്നാണ് ഏറ്റവും പുതിയ പഠനങ്ങൾ പറയുന്നത്. നിങ്ങൾ എന്ത് കഴിക്കുന്നു, എത്ര അളവിൽ കഴിക്കുന്നു എന്ന് കൃത്യമായി ആസൂത്രണംചെയ്യുന്നതും അതിൽ മനസ്സ് വെക്കുന്നതും ശരീര ഭാരം കുറയ്ക്കുമെന്ന് മാത്രമല്ല, നിങ്ങളുടെ മാനസികനിലയെയും മെച്ചപ്പെടുത്തിയേക്കും എന്നാണ് ഈ പഠനങ്ങൾ തെളിയിക്കുന്നത്. ഉത്കണ്ഠകളും നിരാശയും ഇല്ലാതാക്കി രോഗ പ്രതിരോധ ശേഷിയെ ഉത്തേജിപ്പിക്കാൻ, കഴിക്കുന്ന ഭക്ഷണത്തിൽ ഒന്ന് മനസ്സുവെച്ചാൽ മാത്രം മതി എന്നത് അവിശ്വസനീയമായി തോന്നാം. നിങ്ങൾ ഇത്രയും മാത്രം ചെയ്താൽ മതി ഭക്ഷണം കഴിക്കുന്ന സമയത് നിങ്ങളുടെ ശ്രദ്ധ മുഴുവൻ ആ പ്രവർത്തിയിലായിരിക്കണം. എത്ര അളവാണ് നിങ്ങൾ വിളമ്പിയെടുത്തത്, ഏതു സമയത്താണ് അവസാനം ഭക്ഷണം കഴിച്ചത്, അധികമായോ എന്നൊക്കെ ഒന്ന് ചുമ്മാ മനസ്സിൽ കണക്കുകൂട്ടി നിയന്ത്രിക്കേണ്ടതാണെങ്കിൽ ഒന്ന് അളവ് കുറച്ചേക്കുക. ഭക്ഷണ സമയത്ത് അനാവശ്യ ചിന്തകളോ പ്രവർത്തികളോ ടെലിവിഷൻ, മൊബൈൽ ഫോൺ എന്നിവ പ്രവർത്തിപ്പിക്കുന്നതോ ഒഴിവാക്കുക .
തടി കൂടുന്നത് കൊണ്ടുള്ള ഏതാണ്ട് മുഴുവൻ പ്രശ്നനങ്ങളും തന്നെ ഇങ്ങനെ കഴിക്കുന്ന ഭക്ഷണത്തിൽ ശ്രദ്ധിക്കുന്നത് കൊണ്ട് ഇല്ലാതാകുമെന്നാണ് യുകെയിലെ നാഷണൽ ഹെൽത്ത് സർവീസ് ട്രസ്റ്റ് നടത്തിയ പഠനത്തിൽ തെളിയുന്നത്. പഠന ഫലങ്ങൾ മെഡിക്കൽ ന്യൂസ് ഡെയിലി പുറത്തു വിട്ടു. 53 മനുഷ്യരിൽ കുറച്ചു കാലങ്ങളായി നടത്തിവന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മനസിരുത്തി ഭക്ഷം കഴിക്കുന്നത് ഒരാളുടെ മാനസിക നിലയെ മെച്ചപ്പെടുത്തുമെന്നും, അമിത വണ്ണം കുറയ്ക്കുമെന്നും വിദഗ്ദർ സ്ഥിതീകരിച്ചത്. 6 മാസം ഈ 53 പേരെ പൂർണ്ണ ശ്രദ്ധയോടെ മാത്രം ഭക്ഷണം കഴിക്കാൻ പരിശീലിപ്പിച്ചു. ഇങ്ങനെ ചെയ്യാതെ ഭക്ഷണം കഴിക്കുന്നവരേക്കാളും ഇത്തരത്തിലുള്ള ആളുകൾക്ക് മെറ്റബോളിസം നിരക്ക് കൂടുന്നതായി പഠനത്തിൽ തെളിഞ്ഞു. ഇത്തരക്കാർക്ക് ഭക്ഷണവുമായുള്ള ബന്ധം മെച്ചപ്പെടുകയും, സമയം ക്രമീകരിക്കുന്നതു മൂലം ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾ കുറച്ചു കൂടി കാര്യക്ഷമമാകുകയും നടക്കുന്നതായും വിദഗ്ധ സംഘം നേരിട്ട് പേടിച്ച് മനസിലാക്കി. ഇത്തരക്കാർ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ ചുറുചുറുക്കുള്ളവരായി കാണപ്പെട്ടെന്നും പഠനം സാക്ഷ്യപ്പെടുത്തുന്നുണ്ട്.