UPDATES

ഉത്തരകാലം

മനസ് മാറുമോ മലപ്പുറത്തിന്?

മണ്ഡല പര്യടനം

                       

ലോക്‌സഭാ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ കേരളത്തില്‍ നടന്ന ആദ്യ അഞ്ച് ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ ഇരുപത് മണ്ഡലങ്ങള്‍ ഉണ്ടായിരുന്നില്ല. കേരള സംസ്ഥാനം രൂപം കൊണ്ടശേഷം 1957ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പതിനാറ് മണ്ഡലങ്ങളായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത്. അമ്പലപ്പുഴ, വടകര, ചിറയന്‍കീഴ്, എറണാകുളം, കാസര്‍ഗോഡ്, കോട്ടയം, കോഴിക്കോട്, മഞ്ചേരി, മുകുന്ദപുരം, മുവാറ്റുപുഴ, പാലക്കാട്, കൊല്ലം, തലശ്ശേരി, തിരുവല്ല, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവയായിരുന്നു അത്. 1962ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലങ്ങളുടെ എണ്ണം 18 ആയി മാറി. അടിയന്തിരാവസ്ഥയ്ക്ക് ശേഷം നടന്ന 1977ലെ തെരഞ്ഞെടുപ്പിലാണ് കേരളത്തില്‍ ഇരുപത് മണ്ഡലങ്ങള്‍ രൂപംകൊണ്ടത്.

2009ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആറോളം മണ്ഡലങ്ങള്‍ പുനര്‍ നാമകരണം ചെയ്യപ്പെട്ടു. അതോടൊപ്പം മണ്ഡലത്തിന്റെ ഘടനയിലും മാറ്റം വന്നു. മഞ്ചേരി, ഒറ്റപ്പാലം, മുകുന്ദപുരം, മുവാറ്റുപുഴ, മാവേലിക്കര, ചിറയന്‍കീഴ് മണ്ഡലങ്ങള്‍ക്ക് പകരം വയനാട്, മലപ്പുറം, ആലത്തൂര്‍, ചാലക്കുടി, പത്തനംതിട്ട, ആറ്റിങ്ങല്‍ മണ്ഡലങ്ങള്‍ പുതിയതായി രൂപം കൊണ്ടു. മുന്‍പ് മഞ്ചേരി പാര്‍ലമെന്റ് മണ്ഡലമായിരുന്നതാണ് 2008ലെ മണ്ഡല പുനര്‍നിര്‍ണയത്തില്‍ മലപ്പുറം മണ്ഡലമായി മാറിയത്.

കേരളത്തിലെ മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് എന്നീ ഏഴ് നിയമസഭ നിയോജക മണ്ഡലങ്ങള്‍ ഉണ്ട്. ഇപ്പോള്‍ ഇവിടെ എല്ലായിടത്തും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗില്‍ നിന്നുള്ള എംഎല്‍എമാരാണ്. അതായത് മലപ്പുറം മണ്ഡലം ശക്തമായ മുസ്ലിം ലീഗിന്റെ കോട്ടയാണ്. കേരളത്തിലെ മറ്റ് പല മണ്ഡലങ്ങളില്‍ നിന്നും വ്യത്യസ്തമായി മലപ്പുറം നില്‍ക്കുന്നത് അതുകൊണ്ടാണ്. എന്നാല്‍ ഈ കോട്ട തകരുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട് എന്നുള്ളത് തള്ളിക്കളയുവാന്‍ ചരിത്രസത്യം അനുവദിക്കുന്നില്ല. 2004 ല്‍ മുസ്ലിം ലീഗിന്റെ കോട്ടയില്‍ ഒരു വിള്ളല്‍ വീഴ്ത്തിക്കൊണ്ട് സിപിഎം പ്രതിനിധിയായ ടി കെ ഹംസ പതിനാലാം പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജയിക്കുകയുണ്ടായി.

1952 ല്‍ ആദ്യത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പി പോക്കര്‍ ജയിക്കുന്നു. പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളില്‍ ബി പോക്കറും, എം മുഹമ്മദ് ഇസ്മായിലും, ഇബ്രാഹിം സുലൈമാന്‍ സേട്ടും, ഇ അഹമ്മദും മാറിമാറി സ്ഥാനാര്‍ത്ഥികളായി ജയിച്ചു. 2004ലെ തിരഞ്ഞെടുപ്പില്‍ സിപിഎം പ്രതിനിധി ജയിച്ചു. എന്നാല്‍ തുടര്‍ന്ന് നടന്ന 2009, 2014 തിരഞ്ഞെടുപ്പില്‍ ജയിച്ചത് ഇ അഹമ്മദായിരുന്നു. ഇ അഹമ്മദിന്റെ മരണശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടി 2017ല്‍ വിജയിച്ചു. 2019ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും കുഞ്ഞാലിക്കുട്ടി തന്നെ ജയിച്ചു. എന്നാല്‍ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റ് സ്ഥാനം രാജിവച്ചപ്പോള്‍ വീണ്ടും ഒരു ഉപതെരഞ്ഞെടുപ്പ് 2021ല്‍ നടക്കുകയും അവിടെ നിന്ന് അബ്ദുല്‍ സമദ് സമദാനി പാര്‍ലമെന്റ് അംഗമാവുകയും ചെയ്തു. ഇവരെല്ലാവരും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പ്രതിനിധികള്‍ ആയിരുന്നു എന്നുള്ളത് നമുക്ക് ഇവിടെ എടുത്തു പറയേണ്ടതുണ്ട്.

ഇപ്പോള്‍ ഇ. ടി മുഹമ്മദ് ബഷീറാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥിയായി ഇവിടെ മത്സരിക്കുന്നത്. സിപിഎമ്മിന്റെ പ്രതിനിധിയായി കോഴിക്കോട് സര്‍വ്വകലാശാല മുന്‍ യൂണിയന്‍ ചെയര്‍മാന്‍ വി വസീഫ് മത്സരിക്കുമ്പോള്‍, കോഴിക്കോട് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ആയിരുന്ന ഡോക്ടര്‍ അബ്ദുല്‍സലാം ആണ് ബിജെപിയുടെ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍