UPDATES

ഉത്തരകാലം

കളം മാറുമോ എറണാകുളം

മണ്ഡല പര്യടനം

                       

എറണാകുളം പാര്‍ലമെന്റ് നിയോജക മണ്ഡലം കേരളത്തിലെ വ്യവസായ നഗരത്തിന്റെ പ്രതിനിധിയെയാണ് തിരഞ്ഞെടുക്കുന്നത്. എറണാകുളത്തെ സ്ഥാനാര്‍ത്ഥികള്‍ ഏതു മുന്നണിയില്‍ ആയാലും അത് ലത്തീന്‍ സമുദായത്തിന് താത്പര്യമുള്ള വ്യക്തികള്‍ ആയിരിക്കുമെന്നുള്ള വിശേഷണം എടുത്തു പറയണം. ക്രൈസ്തവര്‍ക്ക് മേല്‍ക്കൈയുള്ള മണ്ഡലത്തില്‍ ലത്തീന്‍ സമുദായത്തിലുള്ളവര്‍ക്കാണ് ക്രിസ്തീയ സമൂഹത്തില്‍ ഭൂരിപക്ഷമുള്ളത്. മറ്റ് മതക്കാരും മണ്ഡലത്തില്‍ ധാരാളമായി ഉണ്ട്.

1967ല്‍ സിപിഎം സ്ഥാനാര്‍ത്ഥിയായ വി വിശ്വനാഥമേനോന്‍ എറണാകുളം ജില്ലയില്‍ നിന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജയിച്ചിട്ടുണ്ട്. എറണാകുളം മണ്ഡലം യുഡിഎഫിന്റെ കോട്ടയായിട്ടാണ് രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നതെങ്കിലും അഞ്ച് തവണ ഇവിടെ ഇടതുമുന്നണി ജയിച്ചിട്ടുണ്ട് എന്നുള്ളത് എടുത്തു പറയേണ്ടതാണ്. 67ല്‍ സിപിഎം സ്ഥാനാര്‍ത്ഥി പാര്‍ട്ടി ചിഹ്നത്തിലാണ് ജയിച്ചത്. എങ്കില്‍ പിന്നീട് ജയിച്ച നാല് തവണയും സ്വതന്ത്ര കുപ്പായമണിഞ്ഞ ഇടതു സ്ഥാനാര്‍ഥികളാണ് ജയിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് ടിക്കറ്റില്‍ 1980ല്‍ മത്സരിച്ച് ജയിച്ച സേവ്യാര്‍ അറയ്ക്കലിനെ മാറ്റി 1984ല്‍ ലീഡര്‍ കെ കരുണാകരന്‍ പ്രൊഫസര്‍ കെ. വി തോമസിനെ മത്സരിപ്പിച്ചു. ഇതില്‍ പിണങ്ങി കോണ്‍ഗ്രസ് വിട്ട സേവ്യാര്‍ അറയ്ക്കല്‍ 1996ല്‍ ഇടത് സ്വതന്ത്രനായി പ്രൊഫസര്‍ കെ. വി തോമസിനെ തന്നെ തോല്‍പ്പിച്ചു.

സേവ്യാര്‍ അറയ്ക്കലിന്റെ മരണത്തെ തുടര്‍ന്ന് 1997ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഡോക്ടര്‍ സെബാസ്റ്റിയന്‍ പോള്‍ ഇടത് സ്വതന്ത്രനായി ജയിച്ചു. 1998, 99 വര്‍ഷത്തില്‍ നടന്ന രണ്ട് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ജോര്‍ജ് ഈഡനാണ് ജയിച്ചത്. 2003ല്‍ ജോര്‍ജ് ഈഡന്റെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഡോക്ടര്‍ സെബാസ്റ്റിയന്‍ പോള്‍ ഇടത് സ്വതന്ത്രനായി വീണ്ടും ജയിച്ചു. രണ്ട് ഉപതിരഞ്ഞെടുപ്പുകളില്‍ ജയിച്ച ഡോക്ടര്‍ സെബാസ്റ്റിയന്‍ പോള്‍ ഇടത് സ്വതന്ത്രനായി 2004ലെ പൊതു തിരഞ്ഞെടുപ്പില്‍ ജയിച്ചു. 2009ലും 2014ലും കോണ്‍ഗ്രസ് മണ്ഡലം പ്രൊഫസര്‍ കെ. വി തോമസിലൂടെ പിടിച്ച് വാങ്ങി. 2019ല്‍ ജോര്‍ജ് ഈഡന്റെ മകനും യൂത്ത് കോണ്‍ഗ്രസ് നേതാവും എറണാകുളം എം.എല്‍എയുമായ ഹൈബി ഈഡന്‍ മണ്ഡലം സ്വന്തമാക്കി. 2019 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പി രാജീവിനെക്കാള്‍ ഒരു ലക്ഷത്തി അറുപത്തൊമ്പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഹൈബി ഈഡന്‍ ജയിച്ചത്.

എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും 1967ല്‍ ഒഴികെ മുന്നണി വ്യത്യാസമില്ലാതെ ലത്തീന്‍ സമുദായ അംഗങ്ങളാണ് ജയിച്ചിട്ടുള്ളത് എന്ന് കാണാം. മണ്ഡലത്തില്‍ ലത്തീന്‍ സമുദായത്തിന്റെ ശക്തമായ സ്വാധീനമാണ് ഇത് തെളിയിക്കുന്നത്. ഇത്തവണയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വന്നിരിക്കുന്നത് സിറ്റിംഗ് എംപി ഹൈബി ഈഡന്‍ തന്നെയാണ്. കഴിഞ്ഞതവണ സിപിഎമ്മിന്റെ ശക്തനായ വക്താവ് കൂടിയായ പി രാജീവ് ആണ് എതിര്‍ സ്ഥാനാര്‍ത്ഥിയെങ്കില്‍ ഇത്തവണ സിപിഎമ്മിന്റെ തന്നെ വനിത സ്ഥാനാര്‍ഥി കെ ജെ ഷൈന്‍ ആണ് മത്സരിക്കുന്നത്. കഴിഞ്ഞതവണ ബിജെപിക്ക് വേണ്ടി അല്‍ഫോണ്‍സ് കണ്ണന്താനം മത്സരിച്ചെങ്കില്‍ ഇത്തവണ പ്രൊഫസര്‍ കെ എസ് രാധാകൃഷ്ണനാണ് മത്സരിക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍